പെണ്ണുകാണൽ – 3

The Tragedy.

“നീ ഇനി എന്നാ നാട്ടിലേക്ക് വരണേ?”
ചോദ്യം കേട്ടാൽ അറിയാം അടുത്ത പെണ്ണുകാണൽ സെറ്റാക്കിയിട്ടുള്ള വിളിയാണെന്ന്.
“എന്താണാവോ കാര്യം? എവിടെയാ പെണ്ണുകാണൽ?”
“തൃശ്ശൂരുള്ള കുട്ടിയാണെടാ. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽക്കാണ്”.
‘Civil engineering is the mother engineering’ എന്നൊക്കെ പറയുമെങ്കിലും ഞങ്ങൾ റോയൽ മെക്കാനിക്കൽ പഠിച്ചവർക്ക് സിവിലുകാരെ പണ്ടേ ഇഷ്ടല്ല. എന്നാലും വീട്ടുകാര് പെൺകുട്ടിയുടെ വീട്ടിലൊക്കെ വിളിച്ചു സംസാരിച്ചതല്ലേ, ഒന്ന് പോയി കണ്ടേക്കാം.
“അറിയില്ല അമ്മേ, ഇപ്പോ ഇവിടെ ഫീൽഡ് ട്രയൽസിനു വന്നേക്കാണ്,  ഈ മാസം അവസാനം വരാൻ നോക്കാം, അവസാനത്തെ ശനിയോ ഞായറോ ചെല്ലാമെന്നു പറയ്‌”
അമ്മ ഹാപ്പി.
എല്ലാ തവണത്തേയും പോലെ ചെന്നൈയിൽ നിന്ന് ബസ്സ് പിടിച്ചു നാട്ടിൽചെന്നു.
പെൺകുട്ടിയുടെ പേരും പഠിച്ച കോളേജിന്റെ പേരും നേരത്തെ ചോദിച്ചതുകൊണ്ട് ഫേസ്ബുക്കിൽ കുട്ടിയെ തപ്പിയെടുക്കാൻ എളുപ്പമായിരുന്നു.
തൃശ്ശൂർ ടൗണിൽ തന്നെയാണ് വീട്. ബ്രോക്കർ ചേച്ചിയും അവരുടെ കൂടെ വേറൊരാളും വഴി കാണിക്കാൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.
അവിടെ ഒരുപാടു ബഹളങ്ങളൊന്നും ഉണ്ടായിരുന്നില്ല. അച്ഛൻ, അമ്മ,  പെൺകുട്ടി. അത്രേം ഉള്ളൂ. ഇവരെ കൂടാതെ ഒരു ആങ്ങളചെക്കൻ കൂടിയുണ്ട്. മൂപ്പരാൻ ജോലി ആവശ്യത്തിന് വേണ്ടി പുറത്ത് പോയേക്കാണ്. പുറത്ത്ന്ന് വെച്ചാൽ വിദേശത്തൊന്നും അല്ലാട്ടാ. തൃശൂർ തന്നെ എവിടെയോ ആണ്‌. അല്ലെങ്കിലും പെണ്ണുകാണാൻ പോവുമ്പോൾ ഒരുപാടു ആളുകൾ ഉള്ളത് വെറും വെറുപ്പിക്കൽ ആണ്‌.

കുട്ടിയുടെ അച്ഛൻ എന്റെ അച്ഛനെപോലെ തന്നെ ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥൻ ആണ്‌. അവർ രണ്ടുപേരും മച്ചാ മച്ചാ ആവാൻ വേറെ എന്തെങ്കിലും കാരണം വേണോ. സർക്കാരുകളുടെ ഉദ്യോഗസ്ഥവിരുദ്ധ നിലപാടുകളും ശമ്പളകമ്മീഷനെ സമയത്ത് നിയമിക്കാത്തതും അങ്ങനെ എന്തൊക്കെയോ സംസാരങ്ങൾ.
‘അല്ല ഭായ്, നമ്മളിപ്പോ പെണ്ണ് കാണാൻ വന്നതോ അതോ?’
എന്റെ മനസ്സിൽ മാത്രമാണോ ഈ സംശയമുദിച്ചത് എന്നറിയാൻ എട്ടന്റേം ഏട്ടത്തിടേം മുഖത്തോട്ട് നോക്കി. അവരും ആകെ അന്തം വിട്ടിരിക്ക്യാണ്. പെൺകുട്ടീടെ അമ്മയാണ് ഈ സംസാരം മുറിച്ചത്.
“എഞ്ചിനീയറിംഗ് ആണ് പഠിച്ചത് എന്ന് ചേച്ചി(ബ്രോക്കർ)പറഞ്ഞു, മോൻ എവിടെയാ പഠിച്ചത്?”
“ഡിപ്ലോമ പഠിച്ചത് ഇവിടെ തൃപ്രയാർ ശ്രീരാമയിലാണ്, അത് കഴിഞ്ഞു ചെന്നൈയിൽ ഒരു വർഷം ജോലി ചെയ്തു, അതുകഴിഞ്ഞു കോതമംഗലത്താണ് എഞ്ചിനീയറിംഗ് പഠിച്ചത്. അവിടന്ന് ക്യാമ്പസ്‌ സെലക്ഷനിലാണ് മഹീന്ദ്രയിൽ കേറിയത്‌”.
“ഡിപ്ലോമ കഴിഞ്ഞപ്പോളും ക്യാമ്പസ്‌ സെലക്ഷനിലാണ് ചെന്നൈയിൽ ജോലി കിട്ടിയത്”
അമ്മയും വിട്ടില്ല, മോൻ വല്ല്യേ സംഭവമാണെന്ന് പെൺകുട്ടീടെ വീട്ടുകാർക്ക് തോന്നണ്ടേ.
“ആഹാ. മോൻ ശ്രീരാമയിൽ ഏതു കൊല്ലാണ്‌ പഠിച്ചേ? എന്റെ കസിൻ എവിടെയാ പഠിപ്പിച്ചിരുന്നേ,  മെക്കാനിക്കൽ ഡിപ്പാർട്മെന്റിൽ”
പെൺകുട്ടീടെ അച്ഛൻ excited ആയി.
“ഞാൻ 2008ഇൽ ഡിപ്ലോമ കഴിഞ്ഞു അങ്കിളേ”.
“ആണോ. അപ്പൊ എന്തായാലും അവനെ അറിയുമായിരിക്കുമല്ലോ. രാംദാസ് ന്നാ പേര്”.
“അയ്യോ. രാംദാസ് സാറായിരുന്നു എന്റെ ക്ലാസ് ട്യൂട്ടർ. സാറിന് എന്നെ നന്നായി അറിയാം”
“അച്ചൂ. നമ്മ്‌ടെ താടിവെച്ച സാറാണോടാ?” അച്ഛന് സംശയം.
“അതേ അച്ഛാ”
“ആഹാ. രാംദാസ് സാറിനോട് എന്റെ പേര് പറഞ്ഞാലും മതി, എന്നെയും നന്നായിട്ടു അറിയാം”
കുറ്റം പറയാൻ പാടില്ലല്ലോ പോളിയിലെ എസ് എഫ് ഐ കാർക്കും എ ബി വി പി കാർക്കും കെ എസ് യു കാർക്കും സാറുമാർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു പി ടി എ മെമ്പറായിരുന്നു അച്ഛൻ.
“ആഹാ. അതിപ്പോ എളുപ്പായില്ലോ. പയ്യനെ പറ്റി അന്വേഷിക്കാൻ വേറെ എവിടെയും പോവണ്ടാല്ലോ” പെൺകുട്ടീടെ അച്ഛന്റെ കമന്റ്‌.

പെണ്ണുകാണാൻ വന്നിട്ട് പെണ്ണുകാണൽ മാത്രം നടക്കുന്നില്ലെന്ന് കണ്ടിട്ട് ഞാൻ ഏട്ടനെ ഒന്നുനോക്കി. അവനു കാര്യം പിടികിട്ടി.
“കുട്ടിയെ വിളിക്ക്യാല്ലേ”
“മോളെ വിളിക്കു രമേ” (ശരിക്കുമുള്ള പേര് മറന്നുപോയി)
പിന്നെ കുറേ ക്ളീഷേ പരിപാടികൾ.
കുട്ടി വരുന്നു, ബേസിക് വിവരങ്ങൾ  ചോദിച്ചറിയുന്നു, ഏട്ടന്റെ വക ഡയലോഗ്.
“അവർക്കു എന്തെങ്കിലുമൊക്കെ സംസാരിക്കണമെങ്കിൽ ആയിക്കോട്ടെ ല്ലേ”
“എന്നാ നമുക്കു പുറത്തേക്കു നിൽക്കാം”
സാധാരണ നമ്മൾ ആണ് പുറത്തേക്കു നിൽക്കാറ്. ഇത്തവണ ഒരു ചേഞ്ച്‌ ആയി.
“ഹായ്. എന്താ ചെയ്യുന്നേ ഇപ്പൊ?”
“ഞാനിവിടെ പി എസ് സി കോച്ചിംഗിന് പോവാ.”
“ആഹാ.. കൊള്ളാമല്ലോ,  ചെന്നൈക്ക് വരാൻ ഓക്കേയാണോ?”
“ഇവിടെ ഒരു സർക്കാർ ജോലിയൊക്കെ കിട്ടിയാൽ നല്ലതല്ലേ”
ഓഹ്.. അങ്ങനെയാണല്ലേ. സംസാരിക്കാനുള്ള മുഴുവൻ interest ഉം പോയി.
പിന്നേം എന്തൊക്കെയോ സംസാരിച്ചിരുന്നപ്പോളേക്കും പുറത്ത് പോയവരൊക്കെ തിരിച്ചുവന്നു.
അച്ഛൻ സ്വകാര്യമായി എന്നോട്
“കുട്ടി എങ്ങനെയുണ്ട്?”
“കുഴപ്പില്ല്യ, വീട്ടിൽ ചെന്നിട്ടു പറയാം”.

ഞാൻ പറഞ്ഞത് അച്ഛന് ശരിക്കും മനസ്സിലായില്ലെന്ന് പിന്നീടുള്ള നിമിഷങ്ങളിലാണ് എനിക്ക് മനസ്സിലായത്. ശരിക്കും ഒരു ബോംബ് സ്ഫോടനം പോലെയായിരുന്നു പിന്നീട്. അച്ഛൻ സ്വതസിദ്ധമായ ശൈലിയിൽ തുടങ്ങി.
“ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടായി. നിങ്ങൾക്കു താല്പര്യമുണ്ടെങ്കിൽ നമുക്കു ഇതങ്ങു നടത്താം, വരുന്ന ചിങ്ങത്തിലാണെങ്കിൽ നന്നാവും”
ഞാനൊന്നു ഞെട്ടി. അച്ഛനെ ഞാനൊന്നു നോക്കി. അച്ഛൻ ഭയങ്കര സീരിയസായിട്ട് സംസാരിച്ചോണ്ടിരിക്കയാണ്.
പിന്നേം അവിടെയിരുന്നാൽ ഇവര് കല്യാണത്തിന്റെ മുഹൂർത്തവും എന്തിനു ഏതൊക്കെ തരം കറികൾ വേണമെന്നും എത്രതരം പായസം വരെ വേണമെന്നുമൊക്കെ തീരുമാനിക്കും ന്ന് തോന്നിയപ്പോൾ ഏട്ടൻ തന്നെ ഇടപെട്ടു.
“അച്ഛാ, നമുക്കെന്നാ ഇറങ്ങിയാലോ?  ബാക്കി കാര്യങ്ങൾ നമുക്ക് വീട്ടിൽ പോയി ആലോചിച്ചു ഇവരോട് വിളിച്ചുപറയാം”
ഒരു കണക്കിനാണ് അവിടന്ന് രക്ഷപെട്ടത്.

കാറിൽ കേറിയ ഉടനെ ഞാൻ അച്ഛനോട് ചോദിച്ചു
“അച്ഛാ, ഞാൻ എന്താ പറഞ്ഞേന്ന് ശരിക്കും കേട്ടോ?”
“ആ. നിനക്ക് കുട്ടിയെ ഇഷ്ടായി ന്നല്ലേ”.
‘അച്ഛാ’
പിന്നെ കുറേ നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല.
“അച്ചൂ, നിനക്ക് ആ കുട്ടിയെ ഇഷ്ടായോടാ?”
ഏടത്തിയുടെ ആണ്‌ ചോദ്യം.
“ഓക്കേ ഓക്കേ ആണ്‌ എട്ടത്തീ. പക്ഷേ ആ ഒരു ഫീൽ ഫുള്ളായിട്ട് വന്നില്ല, അതുമാത്രോല്ല ആ കൊച്ചിന്  കേരളത്തിൽ നിന്ന് പുറത്തോട്ടു പോവാൻ വല്ല്യേ താല്പര്യമൊന്നും ഇല്ല്യാന്നേ”
“അപ്പോ പ്രശ്നം തീർന്നില്ല്യേ,  അവരോടു നമുക്കു താല്പര്യമില്ല്യാന്ന് പറയാം”
എല്ലാരും ഏടത്തിയുടെ അഭിപ്രായത്തോട് യോജിച്ചെങ്കിലും പെൺകുട്ടീടെ വീട്ടുകാരോട് പറഞ്ഞ കാര്യങ്ങളോർത്തു അച്ഛന് ഒരു വിഷമം. അത് മനസ്സിലാക്കിയിട്ടെന്നപോലെ ഏട്ടൻ 
“അച്ഛൻ വിഷമിക്കണ്ട, ബ്രോക്കറെ വിളിച്ചു ഞാൻ കാര്യങ്ങൾ പറഞ്ഞോളാം”
ഏട്ടൻ ബ്രോക്കറെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

അതിന്റെ ഇടയിലാണ് പെൺകുട്ടീടെ ആങ്ങള അച്ഛന്റെ ഫോണിൽ വിളിക്കുന്നത്‌
“ഹായ്. നിങ്ങൾ വന്നപ്പോ ഞാൻ വീട്ടിൽ ഇല്ലാരുന്നു, വീട്ടിലെല്ലാവർക്കും ഇഷ്ട്ടായിട്ട്ണ്ട് ശരണിനെ. നാളെയല്ലേ ചെന്നൈക്ക് തിരിച്ചുപോവുന്നേ, അതിനുമുന്നൊന്നു കാണാൻ പറ്റോ?”
“അതിനെന്താ. ഞാൻ മോനോട് അങ്ങോട്ട്‌ വിളിക്കാൻ പറയാം ട്ടോ”
‘ഈശ്വരാ. കാര്യങ്ങൾ ഏതു വഴിക്കാണ് പോവുന്നേ’
കാര്യങ്ങൾ കൈവിട്ടു പോയിതുടങ്ങിയിരുന്നു.
ബ്രോക്കർ അവരുടെ വീട്ടിൽ വിളിച്ചു കുട്ടിക്ക് ചെന്നൈക്ക് വരാൻ താല്പര്യമില്ലാത്ത കാരണം പയ്യന്റെ വീട്ടുകാർക്ക് താത്പര്യമില്ലെന്ന് പറയുന്നു, 
കുട്ടീടെ അച്ഛൻ എന്റെ അച്ഛനെ വിളിച്ചു സംസാരിക്കുന്നു.
ഞാൻ ശരിക്കും ഞെട്ടി.
‘ഇനി ഈ കൊച്ചിനെ എങ്ങാനും ഞാൻ കെട്ടേണ്ടിവരോ?’
“പെട്ടെന്നാണ് അച്ഛൻ ഫോണും പിടിച്ചു എന്റെ നേർക്കു വന്നത്
“അച്ചൂ, അവർക്കു നിന്നോടെന്തോ സംസാരിക്കണമെന്ന്”
“എന്നോടെന്തു സംസാരിക്കാനാണ്?”
ഞാൻ എന്നോട് തന്നെ പറഞ്ഞു.
“ആ മോനെ, മോൾക്ക് മോനോട് എന്തോ പറയണമെന്ന്, ഫോൺ ഞാൻ മോൾക്ക് കൊടുക്കാട്ടോ”
ഈശ്വരാ. ഇതിനുമാത്രം എന്ത് അപരാധം ആണ് ഞാൻ ചെയ്തത്.
“ഹലോ, ഏട്ടാ ചെന്നൈക്ക് വരാൻ എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല്യാട്ടോ, അങ്ങനെ ഇഷ്ടല്ല്യാച്ചാ ഞാൻ പെണ്ണുകാണാൻ നിന്ന് തരോ ഏട്ടാ? എന്റെ ഭാഗത്തു നിന്ന് വന്ന തെറ്റിദ്ധാരണ ഞാൻ തന്നെ മാറ്റാമെന്ന് കരുതിയാണ് സംസാരിക്കണമെന്ന് പറഞ്ഞത് ട്ടോ. ഏട്ടനോക്കെ പോയതിനു ശേഷം അച്ഛൻ ഇഷ്ടായോ ന്ന് ചോദിച്ചപ്പോ ഞാൻ ഇഷ്ടായി ന്നാ പറഞ്ഞേ, സാധാരണ ഞാനങ്ങനെ പറയാത്തതാണ്”
ഇടയ്ക്കുകേറി ഞാൻ പറഞ്ഞു
“കുട്ടി പറയുന്നത് ശരിയായിരിക്കാം,  പക്ഷേ കണ്ട ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവലും അത് മാറ്റാൻ കുട്ടി എന്നെ വിളിക്കേണ്ടിവരുന്നതും എല്ലാം കൂടി ഒരു നെഗറ്റീവ് ഫീൽ ആണ്‌ വരുന്നേ. തുറന്നുപറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് കുട്ടി, ഇതുമായി മുന്നോട്ടു പോവാൻ എനിക്കെന്തോ ഒരു പേടി. I am sorry.”
എങ്ങനെയാണെന്നറിയില്ല ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.
“പിന്നെ കുട്ടീടെ ഏട്ടൻ എന്നെ കാണണമെന്ന് പറഞ്ഞിരുന്നു, ഇനിയിപ്പോ അതിന്റെ ആവശ്യമില്ലല്ലോ ല്ലേ?”
“ഇല്ല, ഞാനിവിടെ പറഞ്ഞോളാം”
അതും പറഞ്ഞു കാൾ കട്ടാക്കി കുട്ടി പോയി.
ഒരു അഞ്ചു മിനിറ്റായിക്കാണും വാട്സാപ്പിൽ മെസ്സേജ് വന്നു.
‘ഹായ്, ഇത് ഞാനാണ്, ഇന്ന് നിങ്ങൾ എന്നെ കാണാൻ വന്നിരുന്നു’.
‘ഹായ്.’
‘ഇന്നെന്റെ പിറന്നാൾ ആണ്,  and you just spoiled my birthday’
‘Oh god.. I am extremely sorry, i dint mean to hurt you, but it just happened in that way’
‘അത് സാരില്ല്യ, bye’
ആകെപ്പാടെ നെഗറ്റീവ് അടിച്ചു വട്ടായി. വീട്ടിലും ആകെ ഒരു മൂകത. എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും ചെന്നൈക്ക് തിരിച്ചുപോയാൽ മതിയെന്നായി.

ഞായറാഴ്ച രാവിലെ തന്നെ മാനേജരുടെ വിളി.
“ശരണേ, നീ വിജയവാഡയിൽ പോയി ചെയ്ത ട്രയൽ ശരിയായില്ല, ഒന്നൂടെ ചെയ്യേണ്ടി വരും, തിങ്കളോ ചൊവ്വയോ പോവാൻ റെഡി ആയിക്കോളു”
“ഓക്കേ സാർ”

ഞായറാഴ്ച രാത്രി ബസ് കേറി ചെന്നൈക്കും അവിടന്ന് തിങ്കളാഴ്ച രാത്രി ട്രെയിനിൽ വിജയവാഡക്കും.
യാത്ര മുഴുവനും ഞാൻ കാരണം പിറന്നാൾ കുളമായ ആ കുട്ടീടെ മുഖം ആയിരുന്നു മനസ്സിൽ.

പെണ്ണുകാണൽ – 2

The Banglore girl..

ആദ്യത്തെ പെണ്ണുകാണൽ കഴിഞ്ഞപ്പോൾ സംഭവം ഫുൾ പോസിറ്റീവ് ആയിരുന്നു. ആ സന്തോഷത്തിൽ ഞാൻ ബസ് പിടിച്ചു ചെന്നൈയ്ക്ക് പോന്നു.

ഞങ്ങളുടേത് ഒരു ചെറിയ വീടാണ്. വീടിനോടു ചേർന്നുള്ള സ്ഥലവും കുറവ്. അച്ഛനും അമ്മയും ഇല്ലാത്ത 3പെങ്ങമ്മാരുടെ ഒറ്റ ആങ്ങളായ എന്റെ അച്ഛനെ കൊണ്ടു അത്രയേ പറ്റുമായിരുന്നുള്ളൂ. എന്നെയും ഏട്ടനേയും പഠിപ്പിക്കണം, ഉണ്ടായിരുന്ന കുറച്ചു സ്ഥലത്തു ചെറുതാണെങ്കിലും നല്ലൊരു വീടുണ്ടാക്കി, അച്ഛന്റെ പെങ്ങമ്മാരുടെ വീടുകളിലെ ഓരോ കാര്യങ്ങളും ഭംഗിയായി ചെയ്തു. ഇതിന്റെയൊക്കെ ഇടയിൽ അച്ഛന് കുറേ സ്ഥലമൊന്നും വാങ്ങിയിടാൻ സാധിക്കുമായിരുന്നില്ല. ഫുൾ പോസിറ്റീവ് ആയിരുന്ന പെണ്ണുകാണൽ കഴിഞ്ഞു അവരുടെ വീട്ടുകാർ ഞങ്ങളുടെ വീട്ടിൽ വന്നപ്പോ ഫുൾ നെഗറ്റീവ്. ഞങ്ങളുടെ സ്ഥലപരിമിതി കാരണം സംഭവം നൈസ് ആയിട്ടു ഒഴിവായി. അച്ഛനാണെങ്കിൽ ഫുൾ ഡൗൺ ആയി. ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞു
“എന്നെയും ഏട്ടനേയും പഠിപ്പിച്ചു നല്ല നിലക്ക് എത്തിച്ചില്ലേ അച്ഛാ, അത് തന്നെയല്ലേ അച്ഛന്റെ ഏറ്റവും വല്ല്യേ സമ്പാദ്യം. പിന്നെ സ്ഥലം. അത് നമുക്ക് വേറെ വാങ്ങാന്നേ. ഇവരോട് പോയി പണി നോക്കാൻ പറയ്‌. അവരുടെ മോളെ നമ്മ്‌ടെ വീട്ടിൽ കൊണ്ടുവന്നു കൃഷിപ്പണി എടുപ്പിക്കാനൊന്നും അല്ലല്ലോ. പോവാൻ പറ അച്ഛാ”
ആദ്യത്തെ പെണ്ണുകാണൽ ഫ്ലോപ്പ് ആയതിന്റെ വിഷമം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അച്ഛന്റെ സങ്കടം. അത് കാണാതിരിക്കാൻ പറ്റില്ലല്ലോ.

വീണ്ടും ജാതകകുറിപ്പുകൾ, ജ്യോത്സ്യൻ, പൊരുത്തം, മാട്രിമോണി ആപ്പിലെ പ്രൊഫൈലുകൾ. അങ്ങനെ കാര്യങ്ങൾ വെടിപ്പായിട്ടു നടന്നോണ്ടിരിക്ക്യാണ്. ദിവസേനെ രാവിലെ എണീക്കുമ്പോൾ തന്നെ എത്ര പേര് എന്റെ പ്രൊഫൈൽ നോക്കി, എത്ര പേര് interest അയച്ചിട്ടുണ്ട് എന്നൊക്കെയാ നോക്കുന്നത്.
അങ്ങനെയിരിക്കെയാണ് ഒരു പ്രൊഫൈലിൽ നിന്ന് വന്ന interest കണ്ണിൽ പെട്ടത്. പേര് പറയുന്നില്ല, എന്താന്ന് വെച്ചാൽ ആ കുട്ടി ഇപ്പോഴും എന്റെ നല്ലൊരു സുഹൃത്താണ്.
നമ്മ്‌ടെ ക്രൈറ്റീരിയകൾ ഒക്കെ വെച്ചു നോക്കിയപ്പോ എല്ലാം സെറ്റ്. കണ്ണും പൂട്ടി interest accept ചെയ്തു.
ഞാൻ ബൈക്ക് റൈഡൊക്കെ ചെയ്യുന്ന കാര്യം കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നല്ലോ. ബൈക്ക് റൈഡ് ഒരുപാടു ഇഷ്ടമുള്ളത്കൊണ്ടു തന്നെ മാട്രിമോണിയിലെ എന്റെ പ്രൊഫൈലിലെ അവസാനവാചകം ഇങ്ങനെ ആയിരുന്നു
“if I could find a girl who can be a pillion rider for my rides, I will be more than happy”.
ഈ ഒരു വാചകം കണ്ടിട്ടാണ്‌ ആ കുട്ടി എനിക്ക് interest അയച്ചത്.
ഇപ്പോ നിങ്ങൾ ആലോചിക്കുന്നത് ഞാനിതെങ്ങനെ അറിഞ്ഞുവെന്നല്ലേ. പറയാം.
കേരള മാട്രിമോണിയിൽ എന്റെ പെയ്ഡ് പ്രൊഫൈൽ അല്ലായിരുന്നു,  ആ കുട്ടിയുടേത് പ്രീമിയം അക്കൗണ്ട് ആയിരുന്നു, പക്ഷേ വാലിഡിറ്റി തീർന്നുപോയി. പിന്നെ ഈ ഫേസ്ബുക്കും മെസ്സഞ്ചറും ഒക്കെ ഇരുപ്പല്ലേ. പോരാത്തതിന് കുട്ടി ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറും. ഫേസ്ബുക്കിൽ എന്റെ പ്രൊഫൈൽ തപ്പിയെടുത്തു കുട്ടി എനിക്ക് മെസ്സേജ് അയച്ചു. മെസ്സഞ്ചർ സ്ഥിരമായി ഉപയോഗിക്കാത്ത കാരണം രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ഞാൻ അത് കണ്ടത്.
“ഹായ്, മാട്രിമോണിയിലെ പ്രൊഫൈൽ കണ്ടു, ഞങ്ങൾക്കു താല്പര്യമുണ്ട്. പ്രീമിയം മെമ്പർ അല്ലാത്തതുകൊണ്ട് കോൺടാക്ട് നമ്പർ എടുക്കാൻ പറ്റുന്നില്ല, നിങ്ങൾക്കു താല്പര്യമുണ്ടെങ്കിൽ അറിയിക്കു. നിങ്ങൾ ഈ മെസ്സേജ് കാണുമ്പോൾ പ്രതികരിക്കുമെന്നു കരുതുന്നു”
പക്കാ പ്രൊഫഷണൽ മെസ്സേജ്.
എന്റെ reply
“താല്പര്യം പ്രകടിപ്പിച്ചതിൽ നന്ദി. ജാതകകുറിപ്പു അയച്ചു തരുകയാണെങ്കിൽ വീട്ടിൽ കൊടുത്തു പൊരുത്തം നോക്കാൻ പറയാം.
പിന്നെ ഞാനും പ്രീമിയം മെമ്പർ അല്ലാട്ടോ.”
കുട്ടിയുടെ കയ്യിലും ജാതകകുറിപ്പില്ല. പിന്നീട് വീട്ടുകാരുടെ അടുത്തുന്നു സാധനം സംഘടിപിച്ചു അയച്ചു തന്നു,  ഞാൻ അത് വീട്ടിലേക്കും അയച്ചു കൊടുത്തു.
അത്യാവശ്യം വിവരങ്ങൾ ഞാൻ കുട്ടിയിൽ നിന്ന് ചോദിച്ചറിഞ്ഞു.
“ഒന്ന് വിളിച്ചു സംസാരിക്കുന്നതിൽ ചേട്ടന് ബുദ്ധിമുട്ടുണ്ടോ?”
ഈ ചോദ്യം ചാറ്റ് ബോക്‌സിൽ കണ്ട് ചെറുതായി ഒന്ന് പകച്ചെങ്കിലും കോൺഫിഡന്റായിട്ടു ഞാൻ reply കൊടുത്തു
“അതിനെന്താ, വൈ നോട്ട്”
“അല്ല ചേട്ടാ, ഫോൺ നമ്പർ ഇല്ലാതെ എങ്ങനെയാ വിളിക്കുന്നത്?”
അത് ശരിയാണല്ലോ, ഞാനെന്തു മണ്ടനാണല്ലേ.
“ഓഹ്. സോറി, മൈ ഫോൺ നമ്പർ ഈസ്‌. ——- “
“ഇപ്പൊ വിളിക്കട്ടെ?”
“ആ വിളിച്ചോളു, നോ പ്രോബ്ലം”.
കുട്ടി വിളിച്ചു, ഒരു അര മണിക്കൂർ സംസാരിച്ചു കാണാണം. കാര്യങ്ങളൊക്കെ പറഞ്ഞു. കുട്ടിക്ക് ബൈക്കിൽ റൈഡൊക്കെ പോവാൻ ഇഷ്ടാണ്, ബാംഗ്ലൂരിൽ നിന്ന് ചെന്നൈക്ക് വരാൻ ബുദ്ധിമുട്ടുമില്ല, കമ്പനിയിൽ നിന്ന് ട്രാൻസ്ഫർ കിട്ടും. സംസാരിച്ചപ്പോൾ എനിക്കും നല്ലൊരു ഫീൽ തോന്നി. കാൾ കഴിഞ്ഞപ്പോ കുട്ടീടെ മെസ്സേജ്
“ചേട്ടനോട് നല്ല ഫ്രീയായിട്ട് സംസാരിക്കാൻ പറ്റുന്നുണ്ട് ട്ടോ. ഹോറോസ്കോപ്പിൽ വല്ല സ്കോപ്പും ഉണ്ടെങ്കിൽ നമുക്ക് കാണാം.
പിറ്റേന്ന് കുട്ടീടെ മെസ്സേജ് പിന്നേം.
“ഹായ് ചേട്ടാ, വീട്ടുകാര് സ്കോപ്പ് നോക്കി, സ്കോപ്പ് ഉണ്ടെന്നാ പറയണേ. ചേരുന്ന ജാതകം ആണെന്നാണ് ജ്യോൽസ്യൻ പറയുന്നേ. അപ്പൊ എങ്ങനാ, കാണുവല്ലേ?”
“ആഹാ, കൊള്ളാല്ലോ, അപ്പോ കാണാം”
ഇത് നടക്കുന്നത് ഒരു ഏപ്രിൽ മാസത്തിലാണ്. അതായത് വിഷു സമയം. വിഷുവിനു നാട്ടിൽ പോവാൻ രണ്ടുപേർക്കും പ്ലാൻ ഉണ്ട്. ഞാൻ ബൈക്കിലും കുട്ടി ബാംഗ്ലൂരിൽ നിന്ന് ബസിലും.
എന്റെ പ്ലാൻ ചെന്നൈ-പൊള്ളാച്ചി-വാൽപ്പാറ-അതിരപ്പിള്ളി- ഇരിഞ്ഞാലക്കുട.
ബൈക്കിലാണ് വരുന്നതെന്ന് പറഞ്ഞപ്പോ കുട്ടി പറയാണ്
“എന്നാ പിന്നെ, ചെക്കൻ ബൈക്കിനു തന്നെ പോരേ പെണ്ണ്കാണാൻ”
“ദൈവമേ. വെറുതെ എന്തിനാ കുട്ടീടെ വീട്ടുകാരുടെ ചങ്കു ഇപ്പോഴേ തകർക്കുന്നത്”
“ആഹ് അത് ശരിയാ ചേട്ടാ, നിങ്ങൾ വീട്ടുകാരൊക്കെ കൂടി കാറിനെങ്ങാനും വന്നാൽ മതി”.
“ഓക്കേ എന്നാ, ബാക്കി നേരിട്ട് കാണുമ്പോൾ പറയാം”.
നേരം പരപരാ വെളുക്കുന്നതിനു മുന്നേ ഞാൻ ബാഗും പാക്ക് ചെയ്തു ബൈക്കും എടുത്തു ഇറങ്ങി. ഉച്ചയോടു കൂടി വാൽപ്പാറ എത്തി. 40ഹെയർപിൻ വളവുകളും ഡാമും ടീ എസ്റ്റേറ്റും എല്ലാം കൂടി റൈഡ് കിടിലൻ ആയിരുന്നു.
കൂട്ടുകാരന്റെ വീട് വാൽപ്പാറയിൽ  ആയതുകൊണ്ട് ഉച്ചയൂണിനു വീട്ടിലേക്കു ചെല്ലാൻ അവൻ പറഞ്ഞിരുന്നു. മൂപ്പരാൻ ഈസ്റ്റെർ ആഘോഷിക്കാൻ പോയതാണ്.
അമ്മച്ചി ഉണ്ടാക്കിതന്ന സൂപ്പർ ബിരിയാണിയും കഴിച്ച് ഉച്ചക്ക് 3മണിയോടെ അവിടന്ന് ഇറങ്ങി. ഇറങ്ങുമ്പോഴേ അവൻ പറഞ്ഞു
“ഇടയ്ക്കുവെച്ചു ചിലപ്പോ റോഡിൽ ആരെയും കണ്ടില്ലന്നു വരും, പേടിക്കണ്ട, വഴിതെറ്റിയതല്ല.  ഇവിടന്നു ഒറ്റവഴിയാണ് അതിരപ്പിള്ളിക്ക്. മഴക്ക് ചാൻസ് ഉണ്ട്, കോട്ടൊക്കെ എടുത്തു പുറത്ത് വെച്ചോ”
അവിടെ 2-3ദിവസായിട്ട് ഉച്ചയ്ക്കുശേഷം മഴയാണത്രെ. അവരോട് യാത്ര പറഞ്ഞിറങ്ങി, മലക്കപ്പാറ ചെക്ക്പോസ്റ്റിൽ പേരും വണ്ടിയുടെ വിവരങ്ങളും ഫിൽ ചെയ്തു കഴിഞ്ഞപ്പോളേക്കും മഴയെത്തി. മഴക്കോട്ടൊക്കെ വലിച്ചു കേറ്റി കാട്ടിലേക്കു കയറി. അവൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. റോഡിലൊന്നും ഒരു മനുഷ്യനില്ല. നല്ല ഇരുട്ട്. എന്റെ കിളികൾ ഏതൊക്കെ വഴിക്കാണ് പറന്നുപോയതെന്ന് ഒരു നിശ്ചയവുമില്ല. എങ്ങനെയൊക്കെയോ ബൈക്കോടിച്ചു 6മണി ആയപ്പോൾ അതിരപ്പിള്ളി എത്തി. ഏഴര മണിയായപ്പോൾ വീട്ടിലും.
ഞാൻ വീട്ടിലെത്തി കുട്ടിയെ കാണാൻ എപ്പോഴാണ് പോകേണ്ടതെന്നൊക്കെ സംസാരിച്ചിരിക്കുമ്പോഴാണ് അച്ഛൻ വരുന്നത്. ജാതകകുറിപ്പുകളുടെ പൊരുത്തം നോക്കാൻ പോയിട്ടുള്ള വരവാണ്. ഒരാഴ്ച മുന്നേ അയച്ചു കൊടുത്ത മ്മ്‌ടെ ബാംഗ്ലൂർ കുട്ടിയുടെ കുറിപ്പ് ഇപ്പോഴാണ് നോക്കിയ്ക്കാൻ പോയത്. അച്ഛൻ ഒന്നും പറയാത്തതുകാരണം ഞാൻ നേരെ കുളിക്കാൻ പോയി. പോവാൻ നേരം അമ്മയോട് പറഞ്ഞു
“അമ്മേ, കഴിഞ്ഞ തവണ കോതമംഗലം ആണെങ്കിൽ ഇത്തവണ മൂവാറ്റുപുഴ ആണ്‌”
കുളിയൊക്കെ കഴിഞ്ഞു വന്ന് ഫുഡടിക്കാൻ ഇരിക്കുമ്പോൾ അമ്മ
“അച്ചൂ”
“എന്താ അമ്മേ? “
“അതേ, ആ മൂവാറ്റുപുഴയിലെ കുട്ടീടെ കാര്യം ശരിയാവില്ലെടാ,  ജാതകം ചേരില്ല”
ഞാനൊന്നു ഞെട്ടി
“അതെന്തു പറ്റി? അവരുടെ വീട്ടിൽ ജാതകം നോക്കിയപ്പോൾ ചേരുമെന്നാണാല്ലോ പറഞ്ഞത്”
ഈ ജ്യോൽസ്യന്മാരുടെ ഒരു കാര്യം.
ഒരു കല്യാണാലോചന ഒരു നിമിഷം കൊണ്ടല്ലേ പൊളിച്ചു കയ്യിൽ തന്നത്.
‘ആഹ്. യോഗം ഇല്ലമ്മണിയേ, പായങ്ങട് മടക്ക്യാളീ’
“അച്ചു, നീ അവരുടെ വീട്ടിലേക്കു വിളിച്ചു പറയുവോ?”
“ആ അമ്മേ, ഞാൻ പറഞ്ഞോണ്ട്”.
കുട്ടിയെ വിളിച്ചു
“അതേയ്, സീൻ കുറച്ചു ഡാർക്കാണ്, ഇവിടത്തെ ജ്യോൽസ്യൻ ഈ ജാതകങ്ങൾ തമ്മിൽ ചേരാൻ പാടില്ല ന്നാ പറയണേ, വീട്ടുകാർക്ക് ജാതകം നോക്കാതെ ഒന്നും ചെയ്യാൻ താല്പര്യവുമില്ല. ഞാനൊരു സോറി പറഞ്ഞാൽ ഓവറാകോ?”
“അത് സാരില്യ ചേട്ടാ, ഇതല്ല നമ്മ്‌ടെ പാതി ന്നു വിചാരിച്ചാൽ മതി, അപ്പോൾ ഫേസ്ബുക്കിലേ ആ ഫ്രണ്ട് റിക്വസ്റ്റ് accept ചെയ്യാല്ലേ..  ചേട്ടനൊരു നല്ല ഫ്രണ്ട് ആവുമെന്ന് തോന്നുന്നു”
“ശരി കുട്ടീ. അച്ഛനോടും അമ്മയോടും  പറയുട്ടോ”
“ശരി ചേട്ടാ, എപ്പോളെങ്കിലും ബാംഗ്ലൂർ വരുന്നുണ്ടെങ്കിൽ വിളിക്കണേ, നമുക്കു കാണാം”
“ഓക്കെ”
അങ്ങനെ ആ പെണ്ണ്കാണലും തീരുമാനമായി.
പിന്നീടൊരിക്കൽ ബാംഗ്ലൂർ-മൈസൂർ-ബന്ദിപ്പൂർ-താമരശ്ശേരി ചുരം വഴി ബൈക്കിൽ നാട്ടിൽ പോയപ്പോൾ ബാംഗ്ലൂരിൽ എത്തിയപ്പോൾ കുട്ടിയെ കാണാൻ അവസരം ഉണ്ടായി. വിശന്നുവന്ന കുട്ടിക്ക് മക്‌ഡൊണാൾഡ്‌സിൽ കേറി ഫുഡ്‌ ഓർഡർ ചെയ്തു കാർഡ് ഉരച്ചപ്പോൾ കാർഡ് മെഷീൻ പണി മുടക്കി. പിന്നെ എന്റെ കയ്യിലും കുട്ടീടെ കയ്യിലും ഉണ്ടായിരുന്ന പൈസ എടുത്തു, ആ പൈസക്ക് കിട്ടുന്നത് വാങ്ങി കഴിച്ചിട്ട് പിരിഞ്ഞു.
പെണ്ണ്കാണൽ നടന്നില്ലെങ്കിലും ആദ്യായിട്ട് പെണ്ണിനെ കണ്ടത് എനിക്കും എന്നെ കണ്ടത് കുട്ടിക്കും ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മയായി.
കാത്തിരിപ്പ് തുടർന്നു അടുത്ത പെണ്ണ്കാണലിനായി.
ഒരു ഫീൽഡ് ട്രയലിനായി വിജയവാഡയ്ക്ക് അടുത്തുള്ള ഒരു സ്ഥലത്തു നിൽകുമ്പോഴാണ് വീട്ടിൽ നിന്ന് അമ്മയുടെ വിളിവന്നത്..
“അച്ചൂ”
“എന്താ അമ്മേ?”
തുടരും…

പെണ്ണുകാണൽ-1

The begining..

ഏകദേശം 25 വയസ്സായപ്പോൾ എന്നെ പിടിച്ചു പെണ്ണ് കെട്ടിക്കാത്തതിന്റെ ആവലാതി വീട്ടുകാർ കാണിച്ചു തുടങ്ങി. 25 വയസ്സിൽ പെണ്ണ് കെട്ടാൻ. എന്ത് തോന്ന്യവാസം ആണല്ലേ. ബൈക്ക് റൈഡും ട്രാവലും കാര്യങ്ങളുമൊക്കെയായി ജീവിതം ഞാനങ്ങു അറിഞ്ഞു തുടങ്ങുന്നേയുള്ളൂ. ആ എന്നോട് പെണ്ണ് കെട്ടാൻ. അല്ല വീട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല. അച്ഛൻ 24 വയസ്സിൽ കെട്ടി (അതു പിന്നെ വീട്ടിൽ വേറെ ആരും ഇല്ലാരുന്നു, ഒറ്റക്കായ അച്ഛൻ വഴിതെറ്റി പോവണ്ടാന്ന് കരുതി അമ്മായിമാർ പണി കൊടുത്തതാണ് ട്ടാ), ഏട്ടനും 25 ആവുന്നേനു മുന്നേ കെട്ടി (അത് പിന്നെ പ്രേമം അസ്ഥിക്ക് പിടിച്ചിട്ടാണേ). ആ ഒരു 25വയസ്സിലേക്കു എത്തിയതോടെ ഞാനും പെട്ടു. ഈശ്വരാ…

ഞാനെന്തൊക്കെ പറഞ്ഞിട്ടും വീട്ടുകാർ എന്നെ വെറുതെവിടുന്ന ഒരു ലക്ഷണവുമില്ല. അങ്ങനെയിരിക്കെയാണ് അമ്മയ്ക്ക് വെളിപാടുണ്ടാവുന്നത്.
“അച്ചുവിന്റെ ജാതകം എഴുതിയിട്ടില്ല”
നാടകത്തിലൊക്കെ കാണുന്നപോലെ ഒരു ചറപറ മ്യൂസിക്കും അവസാനം ഒരു സിംബലടിയും വേണമെങ്കിൽ ബാക്ക്ഗ്രൗണ്ടിൽ കൊടുക്കാം. അതല്ലെങ്കിലും അങ്ങനെയാണല്ലോ.  വീട്ടിലെ മൂത്ത സന്തതികളുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായിയിരിക്കും. ജാതകം എഴുത്തു, ചരട് കെട്ട് (അതും പഞ്ചലോഹത്തിന്റെ), പേരുവിളി (അതും ഭജന ഒക്കെ നടത്തി, പഴനിയിൽ പോയി തല മുണ്ഡനമൊക്കെ ചെയ്ത്).
ആ.. നോക്കുവാണെങ്കിൽ ലിസ്റ്റ് കുറേ ഉണ്ടാവും.
ഹിന്ദുക്കൾക്ക് പെണ്ണ് കിട്ടണമെങ്കിക്കും കെട്ടണമെങ്കിലും ഈ ജാതകം വളരെ അധികം പ്രാധാന്യമുള്ള ഒരു സംഭവം ആണല്ലോ. ഹോറോസ്കോപ്പിൽ സ്കോപ്പ് വല്ലോം വേണ്ടേ..
അധികം നീണ്ടുനിന്നില്ലെങ്കിലും ചെറിയ ഒരു സമാധാനം.
പിന്നീടുള്ള അച്ഛന്റെയും അമ്മയുടേം ദിവസങ്ങൾ നല്ലൊരു പണിക്കരെ തേടിയുള്ള യാത്രകൾ പൂർണ്ണമാക്കി. ആ യാത്രകൾ ചെന്നെത്തിയത് എടക്കുളത്തെ കണ്ണൻ പണിക്കരുടെ വീട്ടുമുറ്റത്താണ്. കാര്യം പറഞ്ഞപ്പോൾ ജനനതിയ്യതിയും സമയവും സ്ഥലവും ചോദിച്ചറിഞ്ഞു പണിക്കരുടെ വക ഒരു ബോംബ്
“ഈ ശരണിന്റെ നക്ഷത്രം മകയിര്യം ആണെന്നാരാ പറഞ്ഞേ? രോഹിണിയാണ് ട്ടോ.”
ട്വിസ്റ്റ്‌ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയാവണം. 25കൊല്ലം കഴിപ്പിച്ച വഴിപാടുകളും അതിനു ചിലവായ പൈസയും…
‘ദൈവമേ. ഇതെന്തു വിധി’
കാര്യങ്ങൾ അങ്ങനെ ഒരു തീരുമാനമായി. രണ്ടാഴ്ച്ച കൊണ്ട് ജാതകം എഴുത്തു തീരും. പിന്നെ ജാതകം വായന ആണ്. അതിനു ഞാൻ എന്തായാലും വേണമെന്ന് പറഞ്ഞ് അമ്മയുടെ ബഹളം. അങ്ങനെയാണത്രെ ശാസ്ത്രം. അമ്മയുടെ ഏതോ ബന്ധു മരിച്ച കാരണം നിശ്ചയിച്ച ദിവസം വായന നടന്നില്ല. വീണ്ടും സമാധാനം. എന്നാൽ അച്ഛൻ വിട്ടില്ല, എല്ലാവർക്കും പറ്റുന്ന വേറെ ഒരു ദിവസം തീരുമാനിച്ചു. ഞാനും ബസ് ടിക്കറ്റ് ബുക്ക്‌ ചെയ്തു നാട്ടിലെത്തി.  കുളിച്ചു കുട്ടപ്പനായി ജാതകം വായനക്ക് റെഡിയായി. ഏട്ടൻ പോയി പണിക്കരെ കൂട്ടികൊണ്ടുവന്നു. സമയം കളയാതെ മൂപ്പര് പണി തുടങ്ങി. ആകാംക്ഷ സഹിക്കാൻ പറ്റാതെ എല്ലാരും പണിക്കരെ തന്നെ ശ്രദ്ധിച്ചു ഇരിപ്പാണ്.
“ഇനി നമുക്കു ഈ ജാതകക്കാരന്റെ വിവാഹയോഗത്തെ പറ്റി നോക്കാം”
എല്ലാരും ഉഷാറായി. എന്റെ നെഞ്ച് പടാപടാന്നു അടിക്കാൻ തുടങ്ങി.
പണിക്കർ തുടർന്നു
“ഈ ജാതകപ്രകാരം പയ്യന് 28വയസ്സിനും 29വയസ്സിനും ഇടയിലാണ് വിവാഹയോഗം. അത് കഴിഞ്ഞാൽ പിന്നെ പ്രയാസാവും, അതിനുമുന്നേ നോക്കേം വേണ്ട”
ഈ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്, ആ ഒരു ലൈനിലാർന്നു കാര്യങ്ങളുടെ പോക്ക്.
‘എന്റെ പൊന്നു പണിക്കരേ.. ഉമ്മ..’
ഞാനൊഴികെ വീട്ടിൽ എല്ലാവരുടെയും ഉത്സാഹം അതോടെ തീർന്നു കിട്ടി.
വായന തീർത്തു പണിക്കര് പോവാൻ നേരം ഞാൻ അച്ഛനോട്
“ഒരു 500രൂപ കൂടുതൽ കൊടുത്തേക്ക് അച്ഛാ. ഒന്നുമില്ലെങ്കിലും എന്റെ സ്വാതന്ത്രജീവിതം 3വർഷം കൂടി കൂട്ടിത്തന്ന ആളല്ലേ.”
അച്ഛനെന്നെ ഒന്ന് നോക്കി.
പിന്നെ 27 വയസ്സ് ആവുന്നത് വരെ ഒരു പ്രശ്നവും വീട്ടിൽ നിന്ന് ഇല്ലായിരുന്നു ട്ടോ. എടക്കുളം വഴി പോവുമ്പോഴൊക്കെ നന്ദിയോടെ പണിക്കരെ ഓർക്കും.

27 വയസ്സായതും വീട്ടുകാര് വീണ്ടും പണി തുടങ്ങി.
“ഇപ്പോഴേ തുടങ്ങിയാലാണ് 28വയസ്സാവുമ്പോഴേക്കും എല്ലാം ശരിയാവുള്ളൂ”
ഇതാണ് അമ്മയുടെ ഒരു തിയറി. എന്നാൽ പിന്നെ കെട്ടിയേക്കാം എന്ന് ഞാനും.
അവരവിടെ ബ്രോക്കർമാരെയും അറിയുന്ന ആൾക്കാരോടും പറഞ്ഞ് തുടങ്ങി.
“അച്ചുവിന് പെണ്ണാലോചിക്കുന്നുണ്ട്ട്ടോ. ഇപ്പൊ 27വയസ്സായി, അടുത്ത കൊല്ലം നടത്തണമെന്നാ വിചാരിക്കണേ. നല്ല കുട്ട്യോളുണ്ടെങ്കിൽ പറയ്‌ട്ടാ.”
“അവനിപ്പോ എവിടെയാ?”
“അവൻ അവിടെ ചെന്നൈയിൽ മഹീന്ദ്രയുടെ കമ്പനിയിൽ എഞ്ചിനീയർ ആണ്, കൂടാതെ കമ്പനി തന്നെ ഐഐടി മദ്രാസിൽ എംടെക് പഠിപ്പിക്കുന്നുമുണ്ട്”
മാർക്കറ്റ് കൂട്ടാനുള്ള ഇല്ല പണികളും നടക്ക്ണ്ട്.
ഞാൻ ആണെങ്കിൽ നേരെ കേരള മാട്രിമോണിയിൽ കേറി രജിസ്റ്റർ ചെയ്തു പ്രൊഫൈൽ സെറ്റ് ആക്കി പണി തുടങ്ങി.
അങ്ങനെയാണ് സന്ധ്യ എന്ന കുട്ടിയുടെ പ്രൊഫൈൽ കണ്ടത്. കോയമ്പത്തൂരിലെ ഓട്ടോമൊബൈൽ കമ്പനിയിൽ ആണ് ജോലി. കുട്ടി കൊള്ളാം. എന്നെ പോലെ തന്നെ നല്ല ഗ്യാരണ്ടി കളർ.
ഞാനൊരു interest കൊടുത്തു. പിറ്റേ ദിവസം അവരുടെ വീട്ടിൽ നിന്ന് വിളി വന്നു.
“ശരണിന്റെ വീടല്ലേ?”
“അതേ, ശരണാണ് സംസാരിക്കുന്നത്, ആരാ മനസ്സിലായില്ലല്ലോ”
പെണ്ണന്വേഷണം തകൃതിയായി നടക്കുന്നതോണ്ട് ഞാൻ ഫോണിൽ മാന്യമായി മാത്രമേ സംസാരിക്കാറുള്ളൂ.
“ഞാൻ സന്ധ്യയുടെ ചേച്ചിയാണ് സംസാരിക്കുന്നതു”.
“സന്ധ്യയോ?”
“മനസ്സിലാവാത്തത് പോലെ കണിക്കുകയൊന്നും വേണ്ട മോനെ. ഇന്ന് രാവിലെയും കൂടി സന്ധ്യയുടെ  പ്രൊഫൈലിൽ കേറി നോക്കിയതല്ലേ”
“ഓഹ്. സന്ധ്യ രവീന്ദ്രൻ അല്ലേ. പെട്ടെന്ന് മനസ്സിലായില്ല ചേച്ചി. സോറി ട്ടോ”
“ഞങ്ങൾ ജാതകം നോക്കി ചേരുന്നുണ്ട്, നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ വന്ന് സന്ധ്യയെ കണ്ടോളു, ബാക്കി കാര്യങ്ങൾ നമുക്കു പിന്നീട് സംസാരിക്കാം”
“ശരി ചേച്ചി, ജാതകകുറിപ്പ് എനിക്കൊന്നു വാട്സ്ആപ്പ് ചെയ്യാമോ? ഞാൻ വീട്ടിൽ കൊടുത്തു  നോക്കാൻ പറയാം”
ശരിയെന്നു പറഞ്ഞ് ചേച്ചി ഫോൺ കട്ടാക്കി ജാതകകുറിപ്പ് അയച്ചുതന്നു.
വീട്ടുകാര് ജാതകം നോക്കി, ചേരുന്ന ജാതകം ആണെന്ന് ജ്യോത്സ്യൻ വിധിച്ചു. അങ്ങനെ പെണ്ണ്കാണൽ സെറ്റ് ആയി. ജീവിതത്തിൽ ആദ്യത്തെ പെണ്ണ്കാണൽ. ആകെപ്പാടെ ഒരു ആകാംക്ഷയും പേടിയും എല്ലാം കൂടി ഒരു അവിയൽ പരുവം.
പെണ്ണുകാണാൻ ചെല്ലാമെന്നു പറഞ്ഞ ദിവസം ഊണ് കഴിഞ്ഞ് ഞാനും അച്ഛനും അമ്മയും ഏട്ടനും ഏടത്തിയും പെണ്ണുകാണാൻ പുറപ്പെട്ടു. അതാണ് നമ്മ്‌ടെ ഒരു Strategy. പെണ്ണുകാണാൻ രണ്ട് മൂന്ന്‌ തവണയൊന്നും പോവാൻ വയ്യ. ഒറ്റ തവണ എല്ലാരും കൂടി പോവുന്നു,  ഇഷ്ടപെട്ടാൽ കാര്യങ്ങൾ തീരുമാനിക്കുന്നു.
കോതമംഗലതിനടത്തുള്ള നെല്ലികുഴിയിലാണ് വീട്. ഞാൻ പഠിച്ചത് കോതമംഗലത്ത് ആയത്തുകാരണം എനിക്കത് വല്ല്യേ ദൂരം ഒന്നും തോന്നിയില്ല. പക്ഷേ അച്ഛനും അമ്മയ്ക്കും വല്ല്യേ പാടായിരുന്നു അത്രേം ദൂരം യാത്ര ചെയ്യാൻ.

ചോദിച്ചു ചോദിച്ചു അവസാനം അവരുടെ വീട്ടുമുറ്റത്തു ഏട്ടൻ കാർ നിർത്തി, ഞങ്ങൾ ഇറങ്ങി. ഇറങ്ങിയപാടെ ഓൾടെ അച്ഛൻ വന്ന് എന്നോട് ചോദിക്ക്യാണ്
“പയ്യന്റെ ഏട്ടൻ ആണല്ലേ?”
‘കോപ്പ്, വേണ്ടാരുന്നു’
അവരെ പറഞ്ഞിട്ട് കാര്യമില്ല, ഏട്ടൻ നാൾക്കുനാൾ ചെറുതായി വരാണ്,  ഞാൻ വലുതായും.
ചേട്ടനെ ചൂണ്ടികാണിച്ചിട്ട് ഞാൻ “അതാ അങ്കിളേ ഏട്ടൻ, ഞാൻ ശരൺ”.
തുടക്കം തന്നെ ഫുൾ നെഗറ്റീവ്.
എന്നെ നോക്കി ഏട്ടൻ ‘സാരില്ല്യ അച്ചൂ’ ന്നു ആക്ഷൻ കാണിച്ചു.
‘പോടാ പട്ടി’ ഞാനും തിരിച്ചും.
എല്ലാവരും അകത്തു കേറിയിരുന്നു സംസാരം തുടങ്ങി.
എന്റെ അടുത്തിരുന്ന ഏട്ടത്തിയെ നോക്കി അവിടെയിരുന്ന കാരണവര് ചോദിക്ക്യാണ്
“അനിയത്തി എന്താ ചെയ്യുന്നേ?”
എല്ലാരും ഒന്ന് ചിരിച്ചു
“ഇതെന്റെ ഭാര്യയാണ്, കൃഷ്ണ, പുള്ളി ടീച്ചർ ആണ്”.
അവരുടെ വീട്ടുകാരൊന്നു ഞെട്ടി.
“കണ്ടാൽ പറയില്ലാട്ടോ, ചെറിയ കുട്ടിയാണെന്നേ പറയൂ”.
“ചെറിയ കുട്ടിയോ, എന്നേക്കാൾ ഒരു വയസ്സിനു മൂത്തതാണ് ഏട്ടത്തി” ഞാനും വിട്ടില്ല.
ഞാൻ നോക്കിയപ്പോൾ അവിടെ ഒരു പടയ്ക്കുള്ള ആളുകൾ ഉണ്ട്. എല്ലാവരും എന്നെത്തന്നെ നോക്കി നിൽപ്പും ഇരിപ്പും ഒക്കെയാണ്.  ഞാനാകെ വല്ലാണ്ടായി. സിനിമയിലെ പോലെയൊന്നുമല്ല ചായ കൊണ്ടുവന്നത് ചേച്ചിയാണ്.
എല്ലാവരും ചായകുടിച്ചു തുടങ്ങി,  ഞാൻ ചെറുതായൊരു സിപ് എടുത്തു ചായ ടേബിളിൽ തിരിച്ചുവെച്ചു. പിന്നെ ചായ കുടിക്കാതിരുന്ന എന്നോട് ചേച്ചി
“ചായ കുടിക്കുന്നില്ലേ, എന്തേ മധുരം കുറവാണോ?”
“അല്ല ചേച്ചി, അവൻ ചായ കുടിക്കില്ല” മറുപടി കൊടുത്തത് ഏട്ടത്തിയാണ്.
“എന്നാ ഞാൻ വെള്ളം കലക്കാം”
“അയ്യോ വേണ്ട ചേച്ചി, എനിക്കൊരു ഗ്ലാസ്‌ വെള്ളം മാത്രം മതി”
വെള്ളം എത്തിയപ്പോ ഏട്ടന്റെ ഡയലോഗ് “അവർക്കു എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ അല്ലേ”.
“അത് ശരിയാ., പഴയകാലം അല്ലല്ലോ, പിള്ളേര് സംസാരിക്കട്ടെ” അവിടെ ഇരുപ്പുണ്ടാരുന്ന കാരണവരുടെ കമന്റ്‌.
“എന്നാ സന്ധ്യേ, നിങ്ങൾ ആ മുറിയിലെങ്ങാനും പോയിരുന്നു സംസാരിച്ചോളൂ” പെണ്ണിന്റെ അച്ഛന്റെ ആണ് ആ കമന്റ്‌.
“റൂമിലൊന്നും വേണ്ട അങ്കിളേ,  പുറത്ത് നിന്നാൽ പോരേ”
“അതെന്താ മോനെ, റൂമിൽ പോവാൻ പേടിയുണ്ടോ?” പോരേ അവിടെ കൂടിയിരിക്കുന്നവർക്കു ചിരിക്കാൻ.
അപ്പോഴേക്കും ഞാനും കുട്ടിയും പുറത്തേക്കു ഇറങ്ങി.
ആദ്യത്തെ പെണ്ണുകാണൽ ആയതുകാരണം എങ്ങനെ സംസാരിച്ചു തുടങ്ങണമെന്നോ എന്ത് പറയണമെന്നോ ഒരു ഐഡിയയും എനിക്കില്ലാരുന്നു. എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ കുട്ടി തന്നെ സംസാരിച്ചു തുടങ്ങി. ആദ്യത്തെ രണ്ട് മൂന്ന് മിനിറ്റ് അങ്ങനെ ഒന്നും മിണ്ടാതെയും ചിരിച്ചും പോയി.
“തന്റെ ആദ്യത്തെ പെണ്ണുകാണലാണോ?”
“അതേ, എങ്ങനെ മനസ്സിലായി?”
“ഈ പേടിയും വെപ്രാളവും കണ്ടപ്പോ മനസ്സിലായി, ഞാനിപ്പോ 3-4എണ്ണം കഴിഞ്ഞു, ശീലമായി തുടങ്ങി, പിന്നെ ഞാൻ ഇന്നലെ തന്നെ ഫേസ്ബുക് അക്കൗണ്ട് എടുത്തു നോക്കിയിരുന്നു”
“ആണല്ലേ”
“താൻ വല്ല്യേ റൈഡർ ആണല്ലോ?”
“ഏയ്, അങ്ങനെ ഒന്നുമില്ല, വെറുതെ ഇരുന്നു ബോറടിക്കുമ്പോ പോവുന്നതാണ്”
“മം.. ഉവ്വ.. താൻ സിഗരറ്റ് വലിക്കോ?”
പെട്ടെന്നുള്ള ആ ചോദ്യത്തിൽ ഞാനൊന്നു ഞെട്ടി.
“അതെന്താ ഇപ്പോ അങ്ങനെ ഒരു ചോദ്യം?”
“എന്റെ കൂടെ ജോലി ചെയ്യുന്ന പയ്യന്മാരൊക്കെ റൈഡ് പോവുന്നവരാ, അവരൊക്കെ റൈഡിന്റെ ഇടയിൽ ഉറക്കം വരാതിരിക്കാൻ വലിക്കുമെന്ന് പറയാറുണ്ട്. അതുകാരണം ചോദിച്ചതാ.”
“ഓഹ് അങ്ങനെ, എനിക്ക് റൈഡ് ആണ് ലഹരി, ഉറക്കം വരാതിരിക്കാൻ വേറൊരു ലഹരി ആവശ്യമില്ല”
“ഉള്ളതാണോ?”
വിശ്വാസം വരാത്തപോലെ ഉള്ള ഒരു ചോദ്യം.
അതിനു ഒരു ചിരി മറുപടിയായി കൊടുത്തു. പിന്നേം എന്തൊക്കെയോ സംസാരിച്ചു. കഷ്ടി ഒരു 10മിനിറ്റ്.
അപ്പോഴേക്കും ചേച്ചി വന്ന് ചോദിച്ചു
“എന്താ അവിടെ നടക്കുന്നേ, കഴിഞ്ഞില്ലേ സംസാരം?”
“കഴിഞ്ഞു ചേച്ചിയേ”
ഞങ്ങളെയും കൊണ്ടു ചേച്ചി അകത്തേക്ക് പോയി.
അധികം വൈകാതെ എല്ലാരോടും യാത്ര പറഞ്ഞിറങ്ങി.
തുടക്കം നെഗറ്റീവായിരുന്നെങ്കിലും ഇറങ്ങാൻ നേരം ഫുൾ പോസിറ്റീവായിരുന്നു. വീണ്ടും കാണാമെന്നും പിന്നെ പെണ്ണ്കാണലിന്റെ സ്ഥിരം സിനിമ സ്റ്റൈൽ ഡയലോഗും പറഞ്ഞ് ഇറങ്ങി.
“വീട്ടിൽചെന്ന് എല്ലാരും കൂടി ആലോചിച്ചിട്ട് വിളിക്കാട്ടോ”

കാറിലിരുന്ന് ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞുതുടങ്ങി. 
“കുട്ടി കൊള്ളാം”
“നല്ല കുടുംബം”
“എല്ലാവരും നല്ല പെരുമാറ്റമാണ്”
“നല്ല ഉയരമുണ്ട്, അച്ചുവിന് ചേരും”
“മുടി കുറവാല്ലേ?”
എന്തൊക്കെ കാര്യങ്ങളാണ് പെണ്ണുകാണാൻ പോവുമ്പോൾ എല്ലാരും ശ്രദ്ധിക്കുന്നത്.
എല്ലാവർക്കും കുട്ടിയെ ഇഷ്ടായി. ഇനിയിപ്പോ അവരുടെ വീട്ടിൽ നിന്ന് നമ്മുടെ വീട്ടിൽ വന്ന് കാണണം, വരുന്നവർക്ക് ഇഷ്ടമാവണം. അതൊന്നുമല്ല പ്രധാന പ്രശ്നം, പെൺകുട്ടിക്ക് എന്നെ ഇഷ്ടമാവണം.  ഒരുപാടു കടമ്പകൾ ഇനിയും കിടക്കുവല്ലേ…

തുടരും…

ഒരു സായാഹ്നസവാരി…

എല്ലാ ആഴ്ചയിലേയും പോലെ വീക്കെൻഡ്‌സ് എന്തു ചെയ്യും ന്നു ആലോചിച്ചിരിക്കുമ്പോഴാണ് അർജുൻ ചോദിച്ചേ “ഡാ, നീ comrade in america കാണാൻ വരണ് ണ്ടോ?”
കേട്ടപാതി കേക്കാത്തപാതി ഞാൻ ശരി ന്നു പറഞ്ഞു ടിക്കറ്റും ബുക്ക് ചെയ്തു.
ശനിയാഴ്ച രാത്രി 7 10നാ പടം അതും മായാജാലിൽ. ഇവിടന്നു 55കിലോമീറ്ററുണ്ട് തിയേറ്ററിലേകക്ക്. പിന്നെ ബൈക്ക് ഓടിക്കുന്ന കാര്യം ആലോചിച്ചപ്പോ ചങ്കിനകത്തു കുളിരുകോരി. എന്താന്ന് അറിയില്ല ഈയിടെയായി ബൈക്ക് ഓടിക്കാന്നു വെച്ചാ ഭ്രാന്താ. ഇങ്ങനെ ഓടിച്ചോണ്ടേയിരിക്കും.
ശനിയാഴ്ച്ച ഉച്ചയായപ്പോളാ ജോബിനു ഹെൽമെറ്റ് വാങ്ങിക്കണം ന്നു. ശരി, മായാജാലിന്റെ അടുത്തുള്ള സ്പാർട്ടൻ ഷോ റൂമിൽ ന്നു വാങ്ങിക്കാന്നു പറഞ്ഞു നേരത്തെ ഇറങ്ങി. സാധാരണ പോവുന്ന ഹനുമന്തപുരം വഴി ഷോറൂം ലക്ഷ്യമാക്കി വെച്ചു പിടിച്ചു. അവിടെ ഷോ റൂമിൽ ചെന്നു എല്ലാ ഹെൽമെറ്റുകളും തിരിച്ചും മറിച്ചും ഒക്കെ നോക്കി നമ്മുടെ ജോബിച്ചായാൻ. എന്തു കാര്യം.  ഹെൽമെററ്റും വാങ്ങിച്ചില്ല ഒരു തേങ്ങാപ്പൂളും വാങ്ങിച്ചില്ല. നേരെ അപ്പുറത്തെ അണ്ണന്റെ കടയിൽ ന്നു  ഒരു കാപ്പിയും കുടിച്ചു പടത്തിനു കയറി. ഇൻഡ്രോ സീൻ കണ്ടപ്പോൾ കരുതി കട്ട കമ്മ്യൂണിസ്റ്റ്‌ പടം ആണെന്ന്. കോഴകേസിൽ പെട്ട കോര സാറിനെതിരെ കിടിലൻ സമരം, ജലപീരങ്കി, അടി, ഇടി, ലാത്തി ചാർജ്, ഒടുക്കം പെട്രോൾ ബോംബ്‌,  ഇങ്കുലാബാദ് സിന്ദാബാദ്‌ എന്തൊക്കെ ആർന്നു. വെറുതെ മോഹിച്ചു. പോളിയിലെ ചുവരുകളിൽ ചേട്ടന്മാർ പണ്ട് എഴുതി വെച്ചിരുന്ന ഒരു പൈങ്കിളി ഡയലോഗ് ആണ് പെട്ടെന്നു ഓർമ്മ വന്നത്, “മോഹിച്ചത് തെറ്റ്, മോഹിപ്പിച്ചതോ?”.
കമ്മ്യൂണിസം കുത്തിനിറക്കാൻ കൊറേ കഷ്ടപ്പെട്ട് കാണും പാവം സംവിധായകൻ. അതിന്റെ ആവശ്യമൊന്നും ഇല്ലാരുന്നു, ചുമ്മാ ഒരു സർവൈവൽ പടം ആയ്ട്ട് എടുത്തിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനെ. എന്തായാലും ഒരു one time watch അത്രേം ഉള്ളൂ.

പടം കഴിഞ്ഞപ്പോഴാണ് വിശപ്പിന്റെ വിളിയുടെ കാര്യം ഓർത്തത്‌. നേരെ തൊട്ടപ്പുറത്തുള്ള subway ഇൽ കേറി ബ്രെഡിൽ പൊതിഞ്ഞ എന്തോ ഒരു സാധനം വാങ്ങി കഴിച്ചു. നല്ല ഊള സാധനം ആയിരുന്നു. കഴിച്ചു കഴിഞ്ഞപ്പോഴാണ് ഭ്രാന്ത്‌ കേറിയത്. മഹാബലിപുരം പോണം ന്നു. മൂന്നുപേരും നല്ല മുഴുത്ത വട്ടൻമാരായോണ്ട് തീരുമാനം ഒക്കെ പെട്ടെന്ന് ആർന്നു. കോവളത്തുള്ള പാലത്തിൽ ഇരുന്നു തീരുമാനങ്ങൾ എടുക്കുമ്പോൾ സമയം രാത്രി ഒരു 11 മണി കഴിഞ്ഞു കാണണം. ഒന്നും നോക്കിയില്ല വെച്ചു പിടിച്ചു മഹാബലിപുരം. ആദ്യായിട്ട് ക്ലാസ്സിക്‌ 350 ഇൽ അത്രേം ദൂരം പിന്നിൽ ഇരുന്നു യാത്ര ചെയ്തത്. ജോബിനു എന്റെ സി ബി ആർ ഓടിക്കാൻ ഭയങ്കര ആഗ്രഹം, അതോണ്ടാട്ടോ ഞാൻ ക്ലാസ്സിക്കിൽ കേറിയത്. വിചാരിച്ചപോലെയല്ല നല്ല സുഖം ആണ് സംഭവം.

എല്ലാ തവണത്തെയും പോലെ നേരെ പോയത് സായിപ്പിന്റെ ബീച്ചിലോട്ടാ.  അവിടെ ചെന്നപ്പോ ഒരു കുഞ്ഞു പോലും ഇല്ല. എല്ലാ സായിപ്പുമാരും അടിച്ചു ഓഫായി ഏതെങ്കിലും മദാമ്മമാരേം കെട്ടിപിടിച്ചു കിടന്നുറങ്ങായിരിക്കും. ബീച്ചിലെ ഒരു ബോട്ടിൽ മലർന്നു കിടന്നു ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഉറങ്ങി പോയതറിഞ്ഞില്ല. എപ്പോഴോ മനസ്സ് അവളുടെ ഓർമ്മകളെ തേടിയിറങ്ങി. ആ തണുത്ത കടൽകാറ്റേറ്റ് നിശബ്ദമായ മനസ്സ് ഏതോ കോണുകളിൽ അവളുടെ മധുരിക്കുന്ന ഓർമ്മകളെ തേടിപ്പോയി. ഒരുപാടു തവണ അവളുടെ കൈപിടിച്ചു ഈ കടൽതീരത്തു കൂടെ നടന്നതാണ്. അന്നൊക്കെ അവളുടെ വലിയ ആഗ്രഹം ആയിരുന്നു എന്റെ കൈയ്യിൽ അവളുടെ കൈ ചേർത്തു വെച്ചു രാത്രിയിൽ അവിടെ ഇരിക്കണമെന്നു, ഒരുപാടു കഥകൾ പറഞ്ഞു ചിരിക്കണമെന്ന്, എന്റെ മടിയിൽ തല വെച്ചുറങ്ങണമെന്ന്, എന്റെ വിരലുകൾ അവളുടെ മുടിയിഴകളെ താലോലിക്കണമെന്ന്,  അവളുടെ നെറ്റിയിൽ എന്റെ സ്നേഹചുംബനം നല്കണമെന്ന്. അങ്ങനെ ഞങ്ങളുടെ ഒരുപാടു ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ ഈ കടലോരം കേട്ടതാണ്. വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലാരുന്നു ഞങ്ങൾക്ക്, ഇതുപോലെ കുഞ്ഞി കുഞ്ഞി ആഗ്രഹങ്ങൾ,  സന്തോഷങ്ങൾ. എല്ലാം കടൽത്തീരത്ത് മണ്ണിനാൽ കെട്ടിയ കോട്ട പോലെ പെട്ടെന്നങ്ങു ഇല്ലാതായി.
ഓരോന്നു ആലോചിച്ചു ഞാൻ എവിടെയോ എത്തി. പെട്ടെന്നാണ് അർജുൻ വിളിച്ചത്, “ഏത് ലോകത്താണ് ഭായി,  എഴുന്നേക്കെടാ, വീട്ടിൽ പോവാം”.  സമയം ഒരു മണി ആയി. ബൈക്ക് ഓടിക്കാനുള്ള മൂഡ്‌ ഒക്കെ പോയി,  ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ എത്തി. പാവം ഞാൻ.  കാറ്റുപോയ ബലൂൺ പോലെ ആയി ഞാൻ. അർജുനോട് പറഞ്ഞു “അളിയാ, ഞാൻ എത്ര നേരം ബൈക്ക് ഓടിക്കുമെന്ന് അറിഞ്ഞൂടാ,  ആരാന്നു വെച്ചാ എന്റെ ബൈക്ക് ഓടിച്ചോളണം”
പറഞ്ഞപോലെ അധികം ദൂരം ഓടിക്കാൻ പറ്റിയില്ല, ബൈക്ക് അർജുന് കൊടുത്തു ഞാൻ വീണ്ടും ക്ലാസ്സിക്കിൽ കേറി ഇരുന്നു. വീടെത്താറായപ്പോൾ അവൻ പിന്നേം വിളിച്ചു എഴുന്നേൽപ്പിച്ചു.
“ടാ വീടെത്തി, എണീക്കു”
അവരോടോരു ഗുഡ് നൈറ്റ് പറഞ്ഞു നേരെ റൂമിൽ വന്നു എ സി 20ഡിഗ്രി സെറ്റാക്കി മൂടിപ്പുതച്ചു ഉറങ്ങി.

ഒരു എൻ സി സി അപാരത

ഡിപ്ലോമ പഠിക്കുന്ന കാലം. എനിക്കന്നു 16-17വയസ്സേയുള്ളൂ. ഇന്നത്തെ പോലെ ഒന്നും അല്ല, മെലിഞ്ഞു എല്ലും തോലുമായിരുന്നു. കണ്ടു കഴിഞ്ഞാൽ തോന്നും

“അയ്യോ ആ പയ്യൻ ഇപ്പോ ഒടിഞ്ഞു നുറുങ്ങി വീഴോ”.

എൻ സി സി യൂണിഫോമിൽ കണ്ടാൽ ആർക്കായാലും ഒരു ചിക്കൻ ബിരിയാണി വാങ്ങി തരാൻ തോന്നും. അത്രക്കും ദയനീയാവസ്ഥ. ഈ കോലത്തിൽ ഞാൻ 3 ട്രെയിനിങ് ക്യാംപുകളൊക്കെ പങ്കെടുത്തിട്ടുണ്ട്. അത് വല്ല്യേ തട്ടുകേടില്ലാതെ പൂർത്തിയാക്കി.

ശനിയാഴ്ചകളിലാണ് എൻ സി സി പരേഡ് നടക്കുന്നത്. രാവിലെ തന്നെ കുളിച്ചു തലേദിവസം വടിപോലെ തേച്ചു വെച്ചിരിക്കുന്ന യൂണിഫോമും ഇട്ടു 7.20ന്റെ വീണാമോൾ ബസ് പിടിക്കും. 8.45നു ആണ് പരേഡ് തുടങ്ങാ. എങ്ങനെയെങ്കിലുമൊക്കെ ഓടികിതച്ചു സീനിയറിന്റെ മുന്നിൽ ചവുട്ടികുത്തിയിട്ടു ചോദിക്കും
“May I join senior ?”
അപ്പൊ അങ്ങേരുടെ ഒരു ഊള നോട്ടവും ചോദ്യവും തിരിച്ചു,
“എന്താ?? കേട്ടില്ല”
തൊണ്ടകീറി ചോദിക്കണം “May i join senior????”എന്നാലേ സ്‌ക്വാഡിൽ കയറാൻ സമ്മതിക്കൂ. ഇതൊക്കെ കഴിയുമ്പോളേക്കും തോമസ് സർ വരും അറ്റന്റൻസ് റിപ്പോർട്ട് വാങ്ങിക്കാൻ. ഓരോ സ്‌ക്വാഡിന്റെയും മുന്നിൽ ഓരോ അണ്ടർ ഓഫീസറുമാർ നില്പുണ്ടാവും. സ്വന്തം സ്‌ക്വാഡിന്റെ സീനിയറിന്റെ ശബ്ദം തിരിച്ചറിഞ്ഞു അങ്ങേരുടെ കമാന്റനുസരിച്ചു സാവധാനും വിശ്രമും ഒക്കെ ചെയ്യണം. ആരെങ്കിലും ഒന്നു തെറ്റിച്ചാൽ അന്നവന്റെ പുലകുളി അടിയന്തരമായിരിക്കും. ആദ്യത്തെ വർഷം ഷെറിൻ സീനിയറിന്റെയും സിജോ സീനിയറിന്റെയും ലാലിഷ് സീനിയറിന്റെയും ഒക്കെ സ്ഥിരം നോട്ടപ്പുള്ളി ഞാനായിരുന്നു. അതുകൊണ്ടെന്താ സീനിയർസുമായിട്ടു ഞാൻ നല്ല കമ്പനിയായി. ഓരോ സ്‌ക്വാഡിന്റെയും സീനിയർ വല്ല്യേ സീനിയറിനു റിപ്പോർട്ട് കൊടുക്കണം. അങ്ങേരു പിന്നെ അത്  കൊണ്ടു സാറിനു കൊടുക്കും. റിപ്പോർട്ട് കൊടുത്തു കഴിഞ്ഞാൽ പിന്നെ ഓടാൻ പോണം. മിക്കദിവസങ്ങളിലും തൊട്ടടുത്തല്ലെങ്കിലും അടുത്തുള്ള ആർട്സ് കോളേജ് ഗ്രൗണ്ട് വരെ ഓടിക്കും. ഏകദേശം ഒന്നൊന്നര കിലോമീറ്റർ വരും. ഓടുന്ന വഴിക്കു ബൂട്ട് നിലത്തു ചവുട്ടുന്ന ശബ്ദം കേട്ടില്ലെങ്കിൽ നടുറോഡിലായാലും പണിഷ്മെന്റ് കിട്ടും. അങ്ങനെ ഇന്നത് എന്നൊന്നുമില്ല. എന്താണ് ആ സീനിയറിന്റെ മനസ്സിൽ തോന്നുന്നത് അത് കിട്ടും. ചിലപ്പോ പുഷ് അപ്സ്, ചിലപ്പോ കദം ദാൽ, ചിലപ്പോ തവളചട്ടം. അങ്ങനെ എന്തെങ്കിലും. എന്തായാലും ആ പണികൾക്കൊക്കെ നമ്മൾ ഓരോത്തരും ആ സീനിയറിന്റെ വീട്ടിലുള്ള പട്ടിയെയും പൂച്ചയേയും വരെ തെറി പറയാറുണ്ട്. പണി തന്നു കഴിഞ്ഞു “ഇനി മര്യാദക്ക് ഓടോ” ന്ന് ചോദിക്കുമ്പോൾ “യെസ് സീനിയർ” ന്ന് പുറത്തും “ശരി നായിന്റെ മോനെ”ന്ന് മനസ്സിലും പറയും നമ്മൾ. ഓടിത്തളർന്നു സി ഇ സെല്ലിന്റെ മുന്നിലെത്തുമ്പോൾ വെള്ളം കുടിക്കാനൊരു ബ്രേക്ക് ഉണ്ട്. “ലൈൻ തോട്” പറഞ്ഞു കഴിഞ്ഞാൽ പിന്നെ അവിടെ എന്താ നടക്കുന്നുതെന്നു ദൈവത്തിനു മാത്രം അറിയാം. ഒരു മാതിരി ഗ്രഹണി പിടിച്ചോന്റെ മുന്നിൽ ചക്കകൂട്ടാൻ വെച്ച അവസ്ഥ. എങ്ങെനയാണെന്നു അറിയില്ല ഞങ്ങളെത്തുന്നതിനു മുന്നേ ഏതെങ്കിലും പെരട്ട സീനിയർ അവിടെ വന്നു വെള്ളത്തിന്റെ കോട്ട നിശ്ചയിക്കാൻ നിൽക്കുന്നുണ്ടാവും. ഒരു ഗ്ലാസ് വെള്ളം. അത്രേം ഉള്ളൂ ഒരാൾക്ക്. വെള്ളം കുടി കഴിഞ്ഞാൽ പിന്നെ ചവിട്ടികുത്തു തുടങ്ങായി. എന്നുവെച്ചാൽ പരേഡ് പ്രാക്ടീസ്. സംഭവം രസമാണ്‌. കുറേ ചീത്തവിളിയൊക്കെ കേട്ടാലും കുറച്ചൊരു അടുക്കും ചിട്ടയും എനിക്കും കിട്ടി. കോളേജിന്റെ നടുമുറ്റത്തിന്റെ ചുറ്റും കുറേ നേരം പ്രാക്ടീസ് ഉണ്ടാവും. അവിടത്തെ ടാറിട്ട റോഡ് ചവുട്ടി പൊളിച്ചതു ഞങ്ങളാണെന്നു ശിവരാമൻ സാർ എപ്പോളും പറയാറുണ്ട്.

സെക്കന്റ് ഇയറിൽ പഠിക്കുമ്പോഴാണ് മോഹൻലാലിൻറെ കീർത്തിചക്ര പടം റിലീസായത്. ദേശസ്നേഹത്തിന്റെ ഭയങ്കരമായ അവതരണം. ആദ്യ സീനിൽ കാണിക്കുന്ന ആ പരേഡും സല്യൂട്ടും, അതുവരെ ഞങ്ങൾ എൻ സി സി ക്കാരെ പട്ടാളം എന്നു വിളിച്ചു കളിയാക്കിയിരുന്ന ഞങ്ങളുടെ ഒരു ക്ലാസ്സ്‌മേറ്റ് എൻ സി സിയിൽ വന്ന്  ചേരുന്നിടത്താണ്, അവിടെയാണ് ആ സീൻ അവസാനിച്ചത്. മേജർ മഹാദേവന്റെ ഒരു കഴിവേ. നമിച്ചു അണ്ണാ നമിച്ചു.
പിന്നീട് മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി കിട്ടിയതും അവനു ലാൻസ് കോർപ്പുറൽ റാങ്ക് കിട്ടിയതും ഏകദേശം ഒരേ സമയത്താണ്. ലാലേട്ടൻ ഫാനായതുകൊണ്ട്  മൂപ്പരാന് പിന്നീടങ്ങോട്ട് ഭയങ്കര ഉത്സാഹമായിരുന്നു. അവന്റെ പേരു ഞാൻ പറയുന്നില്ല.

റൈഫിൾ ഡ്രിൽ പ്രാക്ടീസ് ചെയ്യാൻ നമ്മൾക്കെല്ലാവർക്കും വല്ല്യേ ഇഷ്ടമായിരുന്നു. പക്ഷെ ആകെപ്പാടെ റൈഫിൾ കാണുന്നത് ഏതെങ്കിലും ക്യാംപിനു പോവുമ്പോഴും ഘോൽനാ ജോഡ്നാ പരിപാടിക്കു ബറ്റാലിയൻ സ്റ്റാഫ് വരുമ്പോഴുമാണ്‌. ആവശ്യം സാറിനെ അറിയിച്ചപ്പോൾ സമാധാനം ഉണ്ടാക്കാമെന്ന് സാർ. ഒരു മാസം കഴിഞ്ഞപ്പോഴേക്കും 6 ഡമ്മി  തോക്കുകളെത്തി. സി ബി ഐ സിനിമകളിലെ അതേ ഡമ്മി സാനം തന്നെ. പിന്നീട് ഡമ്മി തോക്കും വെച്ച് നമ്മൾ ഭയങ്കര റൈഫിൾ ഡ്രിൽ പ്രാക്ടീസ് ആയിരുന്നു. എന്തുകൊണ്ടോ ഞാൻ നല്ലരീതിയിൽ കമാന്റ് ചെയ്തിരുന്നതുകൊണ്ടു എന്നെ പിടിച്ചു റൈഫിൾ ഗ്രൂപ്പിന്റെ കമ്മാൻഡറാക്കി. കലികാലം അല്ലാതെന്തു പറയാൻ. അന്നൊക്കെ എനിക്കതു ഭയങ്കര അംഗീകാരം പോലെയാണ് തോന്നിയിരുന്നത്. ഇപ്പോളും. സ്വാതന്ത്രദിനത്തിനു പതാക ഉയർത്തുമ്പോൾ സലാമി സല്യൂട്ട് ചെയ്യാൻ ഉണ്ടായിരുന്ന ഗ്രൂപ്പ് ഞങ്ങളുടേതായിരുന്നു.

ക്രൈസ്റ്റ് കോളേജിലെ ഫയറിംഗ് റേഞ്ചിൽ ഒരു ദിവസം ഫയറിംഗ് പ്രാക്ടീസ് ഉണ്ടായിരുന്നു. അവിടെ ചെന്ന് എല്ലാരും അവിടത്തെ ഒരു ചിക്കിനെ പോലും വായനോക്കാതെ നോക്കി പരമാവധി ഡീസന്റായി നിൽക്കുന്ന സമയത്താണ് വിനീത് സീനിയർ വെടി പൊട്ടിച്ചു  തുടങ്ങിയത്. “വെൻ ഐ വാസ് ഇൻ ഡോൺ ബോസ്കോ മണ്ണുത്തി, ഐ ഗോട് ദി റീഡിങ് ഓഫ് 1 ഇൻ ഫയറിംഗ്”. ഒരേ തുളയിൽ കൂടി മൂന്നു ഉണ്ട കേറ്റിയത്രേ…  എന്താല്ലേ. ഈ തള്ളു മുന്നു ഞങ്ങൾ മണ്ണുത്തിയിൽ ക്യാംപിനു പോയപ്പോൾ ബസ്സിലിരുന്നു കുറേ കേട്ടതാ. അത് കേട്ട് എല്ലാരും തലതല്ലി ചിരിച്ചെങ്കിലും ഇവനിതു നിർത്താറായില്ലേ എന്നോർത്ത് ഞാൻ തലയിൽ കൈവെച്ചു പോയി. അന്ന് മണ്ണുത്തിയിൽ ഇവൻ വെടിവച്ചിട്ടു മലയുടെ മുകളിലെ ചെടിയിലെ ഇലകൾ പൊട്ടിച്ചിതറുന്നതു നമ്മളെല്ലാരും കണ്ടു നിന്നതാ. വെടി വെച്ചു പഠിച്ചു പശുവിനെ കൊന്ന ശ്രീനിവാസനെ ആണു ഇവനെ കാണുമ്പോൾ ഓർമ വരാ. ഇന്നിനി ഇപ്പൊ എന്താണാവോ പൊട്ടിച്ചിതറാൻ പോണേ എന്റെ ഈശ്വരാ എന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് സീനിയർ വന്നു നിലവിളിച്ചതു “ഫാൾ ഇൻ”. ഓടിപിടഞ്ഞു ചെന്ന് ഫാൾ ഇൻ ആയി പോയി വെടി വെച്ചിട്ടു തിരിച്ചു വന്നു. ഭാഗ്യം അയൽവാസികളായ മരങ്ങൾക്കും മൃഗങ്ങൾക്കും ഒന്നും പറ്റിയില്ല. ദൈവത്തിനു സ്തുതി.
വെടിവെപ്പും പരിപാടികളും ഒക്കെ ആയി അങ്ങനെ സെക്കന്റ് ഇയർ  തീർന്നു.  
തേർഡ് ഇയർ റാങ്ക് സെലക്ക്ഷൻ. എല്ലാരേയും ഞെട്ടിച്ചു നമ്മുടെ പ്രിയ സുഹൃത് അംജു കമ്പനി സീനിയർ അണ്ടർ ഓഫീസർ ആയി. കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വെച്ചു. നമ്മളിൽ പലരും തല തല്ലി ചിരിച്ചു. കാര്യം എന്തൊക്കെയാണെങ്കിലും അംജു പിന്നെ അങ്ങോട്ട് സീരിയസ് ആയി. പുത്തൻ യൂണിഫോം കുപ്പായം ഒക്കെ തയ്പ്പിച്ചു, വൃത്തിക്കും മെനക്കും ഒക്കെ വന്നു തുടങ്ങി. കോമഡി എന്താന്ന് വെച്ചാല്, അതുവരെ ഫാൾ ഇൻ വിളിക്കുമ്പോൾ അവസാനം ഓടികിതച്ചു “May I join senior?” ചോദിച്ചിരുന്ന പയ്യനാണ് ഇപ്പോ  ആരൊക്കെയാണ് താമസിച്ചു വരുന്നതെന്ന് നോക്കികൊണ്ട്‌ പണി കൊടുക്കാൻ തയ്യാറായി  നില്കുന്നത്. ഇതൊക്കെ കണ്ടു ചിരിക്കാതിരിക്കുന്ന നമ്മൾക്ക് അപ്പൊ തന്നെ പി ഡബ്ള്യു ഡി അവാർഡ് തന്നൂന്നേ. സത്യം. എന്താന്ന്  അറിയില്ല, അണ്ടർ ഓഫീസർ ആയതിൽ പിന്നെ, മൂപ്പരാൻ ഭയങ്കരമായ ഈണത്തിൽ ഒക്കെയാണ് കമാന്റ്  ചെയ്തിരുന്നത്. കേൾക്കുമ്പോൾ ഇവനെന്താ പാട്ടുപാടുകയാണോ എന്നു തോന്നുമെങ്കിലും സംഭവം രസാർന്നു. പയ്യനു പണ്ടേ പാട്ടിന്റെ അസുഖം ഉള്ളതാണെന്ന് പോളി ഡേ അന്ന്  തെളിയിച്ചതാണല്ലോ. “തുജേ ദേഖാ  തോയെ ജാനാ ആസനം”. മൈക്  പെട്ടെന്നു പണി മുടക്കിയതാണെന്നു കേട്ടുനിന്ന എല്ലാവർക്കും മനസ്സിലായത്‌ കാരണം അംജു പിന്നെ ഒന്നും പറയേണ്ടി വന്നില്ല. അതു അവൻ അണ്ടർ ഓഫീസർ  ആയപ്പോൾ പിന്നേം തെളിയിച്ചു. അതു പക്ഷെ “ആസന”ത്തിൽ ആയിപോയില്ല. കർത്താവിന്റെ കൃപ.

കോളേജ് യൂണിയൻ ഇലക്ഷൻ ദിവസം നമ്മൾ എൻ സി സി കാർക്കു ഭയങ്കര പവർ ആണ്. അന്നേ നമുക്കു പവർ ഉള്ളൂ.. അന്ന് കോളേജ് മൊത്തം നമ്മളുടെ കൺട്രോളിൽ  ആയിരിക്കും. രാവിലെ തന്നെ ഫുൾ യൂണിഫോമിൽ അവിടെ പോയി ഡ്യൂട്ടി തുടങ്ങും. ചുമ്മാ ഷോ കാണിക്കാൻ കിട്ടിയ അവസരമല്ലേ, എന്തിനു കളയണം. എനിക്ക് മെയിൻ  റിസപ്ഷനിൽ ആയിരുന്നു ഡ്യൂട്ടി. ഉച്ചക്ക് വോട്ടിംഗ് കഴിഞ്ഞാൽ പിന്നെ ഒരു കുഞ്ഞു പോലും നമ്മളുടെ കണ്ണു വെട്ടിച്ചു ക്യാമ്പസ്സിൽ കേറൂല്ല. കയറ്റില്ല നമ്മൾ. ഭയങ്കര സെക്യൂരിറ്റിയാണ്. നമ്മൾ അവിടെ നിന്നു കെയ്ൻ ഡ്രില്ലും അതും ഇതും  ഒക്കെ പ്രാക്ടീസ് ചെയ്യും. പിന്നെ, കൗണ്ടിംഗ് തുടങ്ങിയാൽ, ഗേറ്റിന് പുറത്തു നിൽക്കുന്ന പാർട്ടിക്കാർക്ക് തത്സമയ വിവരങ്ങൾ എത്തിച്ചു കൊടുത്തിരുന്നതും നമ്മളിൽ ചിലരാണെന്നുള്ള കാര്യം പരസ്യമായ രഹസ്യം ആണേ.

ആ കൊല്ലം അവസാനിക്കുന്നത് എറണാകുളം ഗ്രൂപ്പ് ഓഫീസിൽ നടക്കുന്ന സി സർട്ടിഫിക്കറ്റ് പരീക്ഷയോടു കൂടിയാണ്. ഞാനും അണ്ടർ ഓഫീസർ അംജുവും ഒരുമിച്ചാണ് പോയത്. അവിടെ ചെന്നപ്പോൾ ഇൻവിജിലേറ്റർമാർ 23(K) ബറ്റാലിയനിലെ സാറുമ്മാര്. കയ്യിൽ കരുതിയിരുന്ന Cadet’s diary, Cadet’s guide, കുറേ ഫോട്ടോസ്റ്റാറ് തുണ്ടുകൾ ഒന്നും വെറുതെ ആയില്ലല്ലോ. ആശ്വാസായി. ദൈവത്തിന്റെ ഓരോരോ കളികളേ.. ഞാൻ, അംജു, ദീപു, അജയ്.  നാലുപേരും രണ്ടു ഡെസ്കിൽ ഇരുന്നു. നമ്മൾ തമ്മിൽ ഭയങ്കര സഹകരണം ആർന്നുട്ടാ. ഒരു സമയത്തു നാലുപേരും നാലു ചോദ്യത്തിന്റെ ഉത്തരം ആണു തിരയുക, സമയം കളയാൻ പാടില്ല്യാല്ലോ. അങ്ങനെ പരീക്ഷ ഞങ്ങൾ നാലുപേരും പൊളിച്ചടക്കി. ഈ സഹരണം നമ്മള് തൃശൂർ റൗണ്ടിൽ റിപ്പബ്ലിക്ക് പരേഡിന് കാണിച്ചിരുന്നെങ്കിൽ പണ്ടേ കപ്പടിച്ചേനെ.
അതു കഴിഞ്ഞപ്പോളാ ന്യൂസ് വന്നതു പിറ്റേ ദിവസം ഹർത്താൽ ആണത്രേ.  അതുകൊണ്ട് എല്ലാ ടെസ്റ്റുകളും ഒരു ദിവസം കൊണ്ട് തീർക്കണം. പിന്നെ എല്ലാം ഒരു പുകയാരുന്നു. തോക്ക് തുറന്നു തിരിച്ചു assemble ചെയ്യണ പരിപാടിയൊക്കെ കാൻസലാക്കി. പകരം എല്ലാരും വാരിയായിട്ടു നിന്നു റാങ്കും  പേരും പരമാവധി ഉറക്കെ വിളിച്ചുപറയണം. കൂടുതൽ ഉറക്കെ പറഞ്ഞാൽ കൂടുതൽ മാർക്ക്. പണി കിട്ടിയത് അംജുവിനാണ്. അവനു സൗണ്ട് ഇല്ല, സ്റ്റൈൽ മാത്രേ ഉള്ളൂ. അവനു മാർക്ക് കുറഞ്ഞു ന്നു പറഞ്ഞു അവിടെ മാർക്കിടാൻ നിന്ന സാറിന്റെ പിന്നാലെ സീനിയർ അണ്ടർ ഓഫീസറാണ്, മാർക്ക് കൂട്ടി തരണേ ന്ന് കെഞ്ചുന്നതു കാണാൻ നല്ല രസം ഉണ്ടാർന്നു..
അതു കഴിഞ്ഞിട്ടായിരുന്നു റൈഫിൾ പരേഡ്. 6-7 പേരുടെ ഗ്രൂപ്പ് ആയിട്ടാണ് പരേഡ് ചെയ്യുന്നേ. വല്ല്യേ കാര്യം ഒന്നൂല്ല.  ഒരു റൈഫിൾ സല്യൂട്ട്. നമ്മൾ എല്ലാരും റൈഫിൾ സല്യൂട്ട് ഒക്കെ കഴിഞ്ഞു റൈഫിൾ തിരിച്ചു വെക്കുമ്പോൾ ഒരുത്തൻ ഇരുന്നു ചവുട്ടി കുത്തികൊണ്ടിരിക്കയാണ്‌. അതു കണ്ടപ്പോൾ കാര്യം മനസ്സിലായി ആ ചേട്ടന് സംഭവം വല്ല്യേ പിടിയില്ലാന്നു.
ഇതിന്റെയൊക്കെ ഇടയിലും തൊള സീനിയർ അവന്റെ പണി വെടുപ്പിനു ചെയ്തിരുന്നു. മായയോ മാലതിയോ പേരു ഞാൻ മറന്നു പോയി
അന്നൊരു 6 മണി ആയപ്പോഴേക്കും പരിപാടി തീർത്തു തിരിച്ചു വണ്ടികയറി.
കുറച്ചുനാൾ കഴിഞ്ഞപ്പോ സർട്ടിഫിക്കറ്റ് ഒക്കെ കിട്ടി., വൃത്തിയായി കവറിൽ ഇട്ടു വെച്ചു. ഇപ്പോഴും അതു പൊടിപിടിക്കാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്തിനാണെന്ന് ദൈവത്തിനു മാത്രം അറിയാം.

ഒരു ഈച്ചയുടെ കാർ യാത്ര..

ഈച്ച എന്റെ കൂടെ വന്ന ഒരു യാത്രയാണ് ഇത്‌. തൃശ്ശൂരിൽ നിന്നാണോ തിരുവനന്തപുരത്തു നിന്നാണോ മൂപ്പര് എന്റെ കൂടെ കൂടിയതെന്നു അറിയില്ല. തൃശ്ശൂരിൽ നിന്നു ആവാനുള്ള സാധ്യത കളയാൻ പറ്റില്ല. തിരുവനന്തപുരത്തു നിന്നും ആവാം.

ഗുരുവായൂരിൽ അരുവികുട്ടന്റെ കല്യാണം കൂടി എന്റെ മുതലാളിയും കൂട്ടുകാരും യാത്ര തുടങ്ങിയത് തിരുവനന്തപുരത്തുള്ള ചന്തുവിന്റെ കല്യാണത്തിന് കൂടാനായിരുന്നു. അന്നേരം ഞാൻ ഈച്ച ചങ്ങാതിയെ ശ്രദ്ധിച്ചിരുന്നില്ല. എവിടെന്നെങ്കിലും നല്ല ഫുഡ് അടിച്ചു കേറ്റി മൂപ്പര് എവിടെങ്കിലും കിടന്നുറങ്ങിക്കാണും. കേരളത്തിലെ റോഡിലൂടെയുള്ള യാത്ര ആയതുകൊണ്ട് പാവം എന്റെ മുതലാളിയും കൂട്ടരും എന്നെ പറപ്പിക്കാൻ കുറേ കഷ്ടപ്പെടുന്നുണ്ട്. 50-60 കൂടിപ്പോയാൽ 70 kmph അത്രേം ഉള്ളൂ സ്പീഡ്. ഉച്ചക്ക് ഒരു മണിക്ക് യാത്ര തുടങ്ങിയ എന്നെ മുതലാളി തിരുവനന്തപുരത്തു എത്തിച്ചത് രാത്രി ഒമ്പതര മണിക്കാണ്. ഇടയ്ക്കു അവരൊക്കെ എന്നെ റോഡ് സൈഡിൽ നിർത്തി ചായയും കണ്ണാടികൂട്ടിലെ പഴംപൊരിയും പരിപ്പുവടയും ബജിയും ഒക്കെ തട്ടുന്നുണ്ടാർന്നു. അവരുടെ കൂട്ടത്തിലെ ഒരു മാമന്റെ  പഴംപൊരിയോടുള്ള ആർത്തി കണ്ടപ്പോൾ എനിക്ക് തന്നെ കൊതിയായി. അവര് എനിക്കും എന്തെങ്കിലും വാങ്ങിത്തരുമെന്നു കരുതി ഞാൻ അവരെത്തന്നെ നോക്കി നിന്നു. എന്തുകാര്യം അവരെന്നെ ഒന്ന് നോക്കിയത് പോലുമില്ല. ഇനി ഇവിടെ വെച്ചാണോ ഈച്ച ചങ്ങായി എന്റെ കൂടെ കൂടിയതെന്നു അറിഞ്ഞൂടാ.
മുതലാളിയുടെ ഒരു കൂട്ടുകാരന്റെ കൂടെ എന്നെ പോലെ തന്നെ ഒരു പഹയൻ കൂടെ ഉണ്ടായിരുന്നു. പഹയന് കുറച്ചു വയസ്സായതാ, ഒരു കിളവൻ. മൂപ്പരാണെങ്കിൽ ഏതുനേരവും നല്ല ചൂടിലാ. കിളവനാണെങ്കിലും നല്ല ഓട്ടമാണ് കക്ഷി.പലപ്പോഴും ഞാൻ മൂപ്പരുടെ പിന്നാലെ ഓടിയെത്താൻ കുറച്ചു കഷ്ടപെട്ടിരുന്നത്തു ഓർക്കട്ടെ. ഇടക്കെപ്പോഴോ ഒരു ബ്ലോക്കിൽപെട്ട് നമ്മള് തമ്മിൽ കുറച്ചധികം ദൂരത്തിൽ ആയി പോയി. പിന്നെ ഞങ്ങൾ കണ്ടത് തിരുവനന്തപുരത്തു വെച്ചാ. തിരോന്തരം നഗരത്തിൽ കേറിയ ഉടനെ നേരെ ചന്തുവിന്റെ വീട്ടിലെ ഫുഡിലേക്കാണേ മാമന്മാരുടെ കണ്ണു. പറയാതിരിക്കാൻ വയ്യ, നല്ല നോൺ വെജ് വിഭവങ്ങൾ പ്രതീക്ഷിച്ചു എന്നെ സൈഡാക്കി ചന്തുവിന്റെ വീട്ടിലേക്കു പാഞ്ഞ അവന്മാർക്ക് അവിടെ ഉണ്ടായിരുന്നത് മുട്ടൻ പണി. നൂലപ്പവും വെജ് കുറുമയും പിന്നെ ഒരു അലുവ കഷ്ണവും. മുതലാളിയുടെ കൂടെയുണ്ടായിരുന്ന വെജിറ്റേറിയൻ മാമൻ നന്നായിട്ടു തട്ടി. ബാക്കിയുള്ളവർ ചന്തുവിനെ തെറി പറഞ്ഞു കിട്ടിയത് വലിച്ചു കേറ്റി. അവിടന്ന്‌ ചന്തുവിന് ബെസ്റ്റ് വിഷസും ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്‌ ഒക്കെ പറഞ്ഞു ഹോട്ടലിൽ പോയി നൈസ് ആയിട്ടു എല്ലാരും മൂടിപുതച്ചു കിടന്നുറങ്ങിയപ്പോൾ ഞാൻ മാത്രം തണുപ്പത്തു മഞ്ഞും കൊണ്ട് പുറത്തു കിടന്നു. ഇടക്കെപ്പോളോ തണുപ്പ് കൂടിയപ്പോൾ ഞാൻ മുതലാളിയെ വിളിക്കാൻ ഒരു പാഴ്ശ്രമം നടത്തിനോക്കാൻ മറന്നില്ല. ആര് കേൾക്കാൻ, ആരോട് പറയാൻ. പിന്നെ എന്നെ പോലെ കുറച്ചുപേര് കൂടി അവിടെ തണുത്തു വിറച്ചു കിടക്കുണ്ട്, അതാ ഒരു ആശ്വാസം. കൂടെ ആ കിളവനും. ഇടയ്ക്കു മൂപ്പർ ചെറുതായി ചുമക്കുന്നുമുണ്ട്. ഇന്നേരം അത്രയും നമ്മടെ ചങ്ങായി ഉറങ്ങി കിടക്കാനുള്ള സാഹചര്യം ഉണ്ടാവില്ലെന്നു കരുതാം. അങ്ങനെ എങ്കിൽ നമുക്കു ഒന്ന് ഉറപ്പിക്കാം ചങ്ങായി എന്റെ കൂടെ കൂടിയത് ഈ രാത്രി പുലർന്നതിനു ശേഷമായിരിക്കണം.
രാവിലെ തന്നെ മുതലാളിയും മാമന്മാരും എണീറ്റിട്ടുണ്ട്. റൂമിലേക്ക് കോഫിയും കൊണ്ട് സപ്ലയർ ചേട്ടൻ കേറിപോവുന്നുണ്ട്. പിന്നാലെ ഷർട്ട്‌ തേയ്ക്കാൻ കൊടുത്തുവിടുന്നു, കുളിക്കുന്നു, എല്ലാം കൂടെ മുതലാളീം പിള്ളേരും പൊളിച്ചടക്കാനുള്ള പരുപാടിയാണെന്നാ തോന്നുന്നേ. കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാർക്കും വിശപ്പിന്റെ വിളി എത്തി. എല്ലാം കൂടി പോയി അപ്പവും മുട്ടകറിയും ഒക്കെ അടിച്ചു കേറ്റി. അപ്പോളും ഞാൻ പട്ടിണി. ഒരുത്തൻ പോലും എന്നെ നോക്കിയത് പോലും ഇല്ല. ദുഷ്ടന്മാർ. ഇവനോടൊക്കെ ദൈവം ചോദിച്ചോളും. ദൈവമേ ചോദിച്ചേക്കണേ.
അപ്പവും മുട്ടക്കറിയും നല്ലോണം തട്ടിയതിന്റെ സന്തോഷം എല്ലാത്തിന്റേം മുഖത്ത് കാണാനുണ്ട്. മുതലാളിയും ഒരു മാമനും എന്താന്ന് അറിഞ്ഞൂടാ റിസപ്ഷനിൽ വന്നു വഴക്കുണ്ടാക്കുന്നുണ്ട്. നന്നായൊന്നു കാതോർത്തു. കാര്യം പിടികിട്ടി. നല്ല കോമഡി ആണ്. അവരുടെ ഷർട്ട്‌ തേയ്ക്കാൻ കൊടുത്തിരുന്നില്ലേ, അത് ഹോട്ടലുകാര് നന്നായിട്ടു അലക്കാൻ കൊടുത്തു. വഴക്കുണ്ടാക്കിയതിൽ മുതലാളിയെ കുറ്റം പറയാൻ ഒക്കുമോ. പാവം. അന്ന് കല്യാണത്തിന് ഇടേണ്ട ഷർട്ട്‌ അല്ലേ. പിന്നെ എങ്ങനെ ആണെന്ന് അറിഞ്ഞൂടാ, കല്യാണത്തിന് പോവാൻ നേരം അലക്കിയ അതേ ഷർട്ട്‌ ഇട്ടിട്ടാണ്‌ മുതലാളിയും മാമനും പോയത്. അവരു ഷർട്ട്‌ ഒക്കെ ഇട്ടു വന്നപ്പോഴേക്കും മറ്റേ പഹയനും അവന്റെ (ക്ഷമിക്കണം, അദ്ദേഹത്തിന്റെ) മുതലാളിയും രണ്ടു മാമന്മാരും പോയി. വീണ്ടും ഞാൻ ഒറ്റക്ക്. ഈ മുതലാളിക്ക് എന്നെ പറ്റി ഒരു ചിന്തയും ഇല്ല. അല്ലെങ്കിൽ എന്നെ ഇങ്ങനെ ഒറ്റക്കാക്കി പോവോ.  അതും എന്റെ പള്ളയിൽ വല്ല്യേ ഒരു എൽ പി ജി സിലിണ്ടറും കേറ്റി വെച്ചോണ്ട്. എങ്ങാനും അത് പൊട്ടിതെറിച്ചു എന്റെ സൗന്ദര്യം പോയാൽ ആർക്കാ ഇവിടെ വിഷമം.
അധികം നേരം നിൽക്കേണ്ടി വന്നില്ല, കല്യാണത്തിന് പോവാൻ നേരം വൈകിയതോണ്ട് രണ്ടു പേരും ഓടി കിതച്ചു വന്നു എന്നേം കൊണ്ട് പറന്നു മണ്ഡപത്തിലേക്ക്. സിറ്റി അല്ലേ, എത്ര പറപ്പിച്ചാലും 30-40 അതിൽ കൂടുതൽ സ്പീഡ് ഒന്നും കിട്ടൂല്ല. മണ്ഡപത്തിന്റെ കോമ്പൗണ്ടിലേക്ക് കേറാൻ പോയ എന്നോട് തൊപ്പി വെച്ച ഒരു ചേച്ചി പറഞ്ഞു വലത്തോട്ട് തിരിക്കു ഇടത്തോട്ടു തിരിക്കു ന്ന്  ഒക്കെ. അവസാനം പൊരിവെയിലത്ത്‌ എന്നെ നിർത്തി മുതലാളി എസി യുടെ തണുപ്പിലേക്ക് ഓടിപോയി.
അകത്തു കെട്ടിമേളം കേൾക്കുന്നുണ്ട് , താലികെട്ട് കഴിഞ്ഞു, ഇപ്പോ ഇല ഇട്ടു തുടങ്ങി കാണണം. മുതലാളി പോവുമ്പോൾ എന്നേം വിളിക്കും. നല്ല സദ്യ ഒക്കെ കഴിച്ചു ഒന്ന് മയങ്ങിയാവാം ഇനി യാത്ര. കാര്യം മുതലാളി എന്നെ നോക്കാറില്ലെങ്കിലും എന്നോട് സ്നേഹം ഉള്ളവനാ. സദ്യക്ക് പോവുമ്പോൾ എന്നെ വിളിക്കും. മുതലാളി ദേ വരുന്നു. ഞാൻ ഹാപ്പി ആയി. കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് മൂക്കറ്റം സദ്യയും പായസവും ഒക്കെ കഴിച്ചു കയ്യിൽ ഒരു നാരങ്ങയും അവരെടുത്ത ഫോട്ടവും പിടിച്ചാണ് മൂപ്പര് വന്നേ. (അവിടെ ലൈവ് ആയിട്ടു എടുത്ത ഫോട്ടം അപ്പോ തന്നെ പ്രിന്റ് എടുത്തും കൊടുക്കുന്നുണ്ടത്രേ). വീണ്ടും തെളിയിച്ചു മുതലാളി ദുഷ്ടൻ തന്നെയാ.
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. സങ്കടം സഹിക്കവയ്യാതെ ഞാൻ കരഞ്ഞു. പക്ഷെ ആരും കേട്ടില്ല.എന്റെ കണ്ണീരിന്റെ നനവ് അവർക്കെല്ലാം തണുത്ത കാറ്റായ്ട്ടാണ് അനുഭവപ്പെട്ടത്. എല്ലാരും ആ തണുത്ത കാറ്റിൽ ഞെളിഞ്ഞിരുന്ന് ഏമ്പക്കവും ഇട്ടു ഇരുന്നപ്പോൾ ഞാൻ അവരുടെ കൂടെ എങ്ങി എങ്ങി കരഞ്ഞു. ഹോട്ടലിൽ പോയതും ബാഗുകളൊക്കെ എന്റെ നെഞ്ചിലേക്ക് വലിച്ചെറിഞ്ഞതും എല്ലാം ഞാൻ ഒരു നിർവികാരതയോടെ കണ്ടു നിന്നതല്ലാതെ ഒരു അക്ഷരം മിണ്ടിയില്ല. തിരുവനന്തപുരം നഗരവും താണ്ടി എന്നെ ഓടിപ്പിച്ചുകൊണ്ടയിരുന്നു മുതലാളി. അപ്പോഴാണ് ഞാൻ ആദ്യമായി എന്റെ ചങ്ങാതിയെ ശ്രദ്ധിച്ചത്. ഒരു കുഞ്ഞി, നല്ല ചിറകുള്ള, രണ്ടു ഉണ്ട കണ്ണുള്ള ഒരു കുഞ്ഞൻ ചങ്ങായി. ഞാൻ അവനെ കുഞ്ഞൻ എന്നു വിളിച്ചു. അവൻ പറന്നു നടന്നു ചിറകുകൾകൊണ്ട് എന്റെ മേലാകെ തലോടുന്നുണ്ടായിരുന്നു. എന്റെ മുതലാളി പോലും എന്നോടിത്രക്ക് സ്നേഹം കാണിച്ചിട്ടില്ല. ഇടക്കെപ്പോഴോ കുഞ്ഞൻ മുതലാളിയുടെ മേലൊന്നു തൊട്ടു, അങ്ങേരാണെങ്കിൽ ദേഷ്യം കൊണ്ട് കുഞ്ഞനെ അടിച്ചു. കുഞ്ഞൻ അടിപൊളിയാണ്, അവൻ വിദഗ്ദമായി ഒഴിഞ്ഞു മാറി. എനിക്ക് ചിരി വന്നു. അപ്പോളേക്കും എന്റെ ഊർജം തീരാനായി എന്നു എന്റെ മുതലാളിക്ക് ഞാൻ സിഗ്‌നൽ കൊടുത്തു. ഊർജം ഇല്ലെങ്കിൽ ഞാൻ ഓടില്ലാന്നു അങ്ങേർക്കു നന്നായിട്ടു അറിയാം. അതോണ്ടാവും പെട്ടെന്നു തന്നെ നിർത്തി എന്റെ ഊർജവെള്ളം നിറച്ചു. അപ്പോളും കുഞ്ഞൻ എന്റെ മടിത്തട്ടിലെവിടെയോ ഉറങ്ങുന്നുണ്ടാരുന്നു.. ഊർജവെള്ളവും നിറച്ചു മുതലാളിയും മാമന്മാരും മൂത്രപ്പുരയിലൊക്കെ പോയി പിന്നെ വന്നു എന്റെ നെഞ്ചത്തോണ്ടു കേറി ഇരുന്നു,  എന്നെ കരയിപ്പിക്കാൻ തുടങ്ങി. നല്ല എ ആർ റഹ്‌മാൻ പാട്ടൊക്കെ കേട്ടു ഞാനും എന്റെ വിഷമമൊക്കെ മറന്നുതുടങ്ങി. ഇടക്കെപ്പോളോ കുഞ്ഞൻ ഉറക്കമൊക്കെ കഴിഞ്ഞു എണീറ്റു,  ചെക്കൻ പിന്നേം മുതലാളീടേം മാമന്മാരുടേം മുഖത്തും കയ്യിലും ഒക്കെ പോയി ഇരിക്കാൻ തുടങ്ങി. മുതലാളിയുടെ ക്ഷമയുടെ നെല്ലിപ്പലകയിൽ കേറി കുഞ്ഞൻ നാടോടിനൃത്തം ആടാൻ തുടങ്ങി. കുഞ്ഞനെ പുറത്താക്കാൻ മുതലാളി പഠിച്ച പണി പതിനെട്ടും നോക്കി കൊണ്ടിരിക്കയാണ്. എന്റെ ജനൽ കുറെ തവണ തുറന്നുനോക്കി, കുഞ്ഞൻ ആരാ മോൻ, അവൻ വിദഗ്ദമായി ഒളിച്ചിരിക്കും. പേപ്പർ വെച്ച് അടിച്ചുകൊല്ലാൻ നോക്കി,  കുഞ്ഞൻ ഒഴിഞ്ഞു മാറും. (ഞാൻ പറഞ്ഞില്ലേ എന്റെ മുതലാളി ദുഷ്ടനാ).
അപ്പോഴാണ്  ആ പത്തിമാമൻ പിന്നിൽ ന്ന് കുഞ്ഞനെ അടിച്ചു വീഴ്ത്തി. അവൻ അലറിവിളിച്ചുകൊണ്ട്‌ എന്റെ മടിയിലേക്കു വീണു. പാവം കുഞ്ഞൻ. വേദനകൊണ്ട്‌ അലറിവിളിക്കുകയായിരുന്നു അവൻ.  അവന്റെ ശരീരത്തിൽ എവിടെയൊക്കെയോ ചോര പൊടിയുന്നുണ്ടാരുന്നു. അടിയേറ്റു തളർന്ന ചിറകുമായി പറക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. മുതലാളിയുടേം മാമന്മാരുടേം മുഖത്ത് എന്തോ വല്ല്യേ ഹിമാലയത്തിന്റെ മുകളിൽ കേറിയ വികാരം ആയിരുന്നു. ദുഷ്ടന്മാർ.
പാവം കുഞ്ഞനെ ആ പത്തിമാമൻ തൂക്കിയെടുത്തു പുറത്തേക്കിട്ടു.
ഞാൻ കുറെ കരഞ്ഞു പറഞ്ഞു അവനെ കളയല്ലേ ന്ന്. ആരും എന്റെ കരച്ചിൽ കേട്ടില്ല. എപ്പോളോ കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു പോയി.  രാത്രി 1-2 മണി വരെ ദുഷ്ടൻ മുതലാളി എന്നെ ഉറങ്ങാൻ സമ്മതിച്ചതേയില്ല. ബാക്കിയുള്ള രാത്രി മുഴുവൻ ഞാൻ എന്റെ കുഞ്ഞനെ ഓർത്തു കരഞ്ഞുകൊണ്ടേയിരുന്നു. ആരും കേട്ടില്ല..
എന്റെ മുതലാളി ദുഷ്ടനാ..

ഒത്തുചേരൽ aka Get together

വല്ല്യേ സംഭവം ഒന്നൂല്ലാട്ടോ..  എന്നാലും ഇത്തിരി രസമുള്ള, വികൃതികളായ, മനസ്സിൽ നിറയെ നന്മകൾ സൂക്ഷിക്കുന്ന സുഹൃത്ബന്ധത്തിന്റെ ഒരു കുറിപ്പ്.  അത്രേം ഉള്ളൂ 🙂
ആദ്യം തന്നെ എല്ലാരുടേം ഇരട്ടപേരുകൾ പറയാം.
കാക്കച്ചി,  ഉണ്ടപ്പൻ, ശിങ്കാരി (ഞാൻ തന്നെ), ചീരു, പപ്പൻ(പെൺകുട്ടി),  കുഞ്ഞേച്ചി. ഇത്രയും ആണ് ആമുഖം. എന്താ ഇത്രേം പോരെ ??
ആകാശം തൊട്ടു തലോടുന്ന കാക്കതൊള്ളായിരം ഇലകളുള്ള അമ്പലമുറ്റത്തെ ആ വലിയ ആൽമരം. ഈ കുറിപ്പിലെ മറ്റൊരു പ്രധാന കഥാപാത്രം ഈ ആൽമരം ആണു. ഒളിഞ്ഞും തെളിഞ്ഞും അവൻ ഇടക്കിടെ കഥാസന്ദർഭങ്ങളിൽ മുഖം കാണിക്കാൻ വന്നുകൊണ്ടേയിരിക്കും. കാരണം ഈ ആൽമരതണലാണു സ്കൂൾ സമയത്തെ ഞങ്ങളുടെ ഒത്തുചേരലുകൾക്കു സാക്ഷ്യം വഹിച്ചിരുന്നത്. 
കൃത്യമായി പറഞ്ഞാൽ ഒമ്പതാം ക്ലാസിലാണ് ഈ ഒത്തുചേരലുകൾ തുടങ്ങുന്നത്. പതിനാലു വയസ്സ്. കൗമാരത്തിന്റെ പുത്തൻ നിറങ്ങൾ തെളിഞ്ഞു വരുന്ന സമയം. സൗഹൃദങ്ങൾക്ക് പുതിയ രൂപവും ഭാവവും പകർന്നുകിട്ടുന്ന സമയം. ഞങ്ങളും വ്യത്യസ്തരായിരുന്നില്ല.
എല്ലാം മറ്റുള്ള കൗമാരക്കാരെ പോലെ തന്നെ. പക്ഷെ ഞങ്ങളറിയാതെ ഞങ്ങളിൽ ആഴത്തിലുള്ള ഒരു സൗഹൃദം രൂപപെടുകയായിരുന്നു. സൗഹൃദത്തിന്റെ ഒരു പുതിയ കെമിസ്ട്രി വർക് ഔട്ടാവുകയായിരുന്നു.
സ്കൂളിൽ നിന്നുതന്നെ തുടങ്ങാം. സ്കൂൾ തന്നെ ഒരു സംഭവാർന്നു ട്ടാ. സ്കൂളിന് ഐശ്വര്യവും വെളിച്ചവും പരത്തികൊണ്ട് ഒത്തനടുക്കായി ശ്രീ ശിവകുമാരേശ്വര ക്ഷേത്രം. ഞങ്ങളുടെ കൂട്ടത്തിലെ പെൺകുട്ടികൾ അമ്പലത്തിലെ നിത്യസന്ദർശകരാണ്. തിരികെ വരുമ്പോൾ ഞങ്ങൾക്കുള്ള ചന്ദനവും ഭസ്മവും അവരുടെ കൈകളിൽ ഉണ്ടാവും. എനിക്ക് സ്ഥിരമായി ചന്ദനം തൊട്ടുതന്നിരുന്നത് ചീരുവിന്റെ ഡ്യൂട്ടിയാ. ബാക്കിവരുന്ന ചന്ദനം ആലിലയിലേക്കു തേച്ചുവെക്കുന്നത് കാണാൻ നല്ല ചേലാണ്. ഭസ്മക്കുറി ആണെങ്കിൽ, നെറ്റിയിൽ കുറി വരച്ചു തന്നതിന് ശേഷം കണ്ണിനു മുകളിൽ കൈവെച്ച് ഭസ്മകുറിയിലേക്കു ഊതുമ്പോൾ അധികമുള്ള ഭസ്മം അവളുടെ ശ്വാസത്തിൽ അലിഞ്ഞു പോവും.  ആ ആല്മരച്ചുവട്ടിലാണ് നിത്യേനയുള്ള ഈ ഒത്തുചേരലുകൾ.
ശരിക്കും ഒമ്പതാം ക്ലാസ് അടിപൊളിയാ. രാവിലെ ഞാനെന്റെ ശകടവും എടുത്തു ഇറങ്ങും. ചീരുവും കുഞ്ഞേച്ചിയും അടുത്ത് തന്നെയാ താമസം. അഞ്ചു മിനുറ്റിനുള്ളിൽ അവർ കൂടെ ചേരും. അടുത്ത സ്റ്റോപ്പിൽ ഉണ്ടപ്പനും അതിന്റെ അടുത്ത സ്റ്റോപ്പിൽ പപ്പനും കൂടും. ആൽമരചുവട്ടിൽ കാക്കച്ചി നില്പുണ്ടാവും. കോറം തികഞ്ഞു.  പിന്നെ കത്തിയടിയാണ്.  തലേദിവസം കേട്ട പാട്ടിന്റെ,  തിങ്കളാഴ്ച്ചകളാണെങ്കിൽ ഞായറാഴ്ച ദൂരദർശനിൽ കണ്ട സിനിമയുടെ, അങ്ങനെ ഒരു കാര്യവുമില്ലാതെ എന്തെങ്കിലും പറഞ്ഞോണ്ടിരിക്കും. അപ്പോളായിരിക്കും കണക്കു ഹോംവർകിന്റെ കാര്യം ഓർമ വരാ.  കുഞ്ഞേച്ചി പുസ്തകപുഴു ആയതോണ്ട് അവൾ ഹോംവർക് എല്ലാം വൃത്തിക്ക് ചെയ്തിട്ടേ ക്ലാസ്സിലേക്ക് വരൂ. നമ്മളൊക്കെ ഈച്ചകോപ്പിയും. അവിടെ നിന്നു നേരെ ക്ലാസ്സിലേക്കാണ്. ഓടുമേഞ്ഞ, ഇരുട്ടു തളംകെട്ടികിടക്കുന്ന ഞങ്ങളുടെ സ്വർഗം. ആ സ്വർഗ്ഗത്തിലെ ഇരിപ്പിടങ്ങൾക്കു രണ്ടു വരികളാണുള്ളത്. ഇടതു വശം മുഴുവൻ ആൺകുട്ടികൾ. വലതുവശം പെൺകുട്ടികൾ. ആൺപടയുടെ വലുപ്പം കൂടുതലായതിനാൽ പെൺപടയുടെ വശത്തെ അഞ്ചാമത്തെ നിരയിൽ ആൺപിള്ളേരായിരുന്നു. നാലാമത്തെ നിരയിൽ ചീരുവും പപ്പനും കുഞ്ഞേച്ചിയും അഞ്ചാമത്തെ നിരയിൽ കാക്കച്ചിയും ഉണ്ടപ്പനും പിന്നെ ഞാനും. ഈ സീറ്റിങ് സെറ്റപ്പ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചതിലും അടിപിച്ചതിലും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എല്ലാ സൈസിലുള്ള കുസൃതികളും ഞങ്ങൾ അവിടെയിരുന്നു കാണിച്ചിട്ടുണ്ട്. ഒരു തവണ എങ്കിലും തല്ലുകൂടാതെ ഞങ്ങളുടെ ഒരു ദിവസവും കടന്നുപോയില്ല.
ഇരുവശത്തേക്കും മുടി പിഞ്ഞിയിട്ടാണ് പെൺകുട്ടികൾ വരാറുള്ളത്. അതിൽ ഞങ്ങൾ  കാണിക്കാത്തതായി ഇനിയൊന്നും ബാക്കിയുണ്ടാവാനിടയില്ല. മൂന്നുപേരുടെയും മുടികൾ പരസ്പരം കെട്ടിയിടുക,ബാഗിന്റെ വള്ളിയിൽ കെട്ടിയിടുക, ഡെസ്കിന്റെ കാലിൽ കെട്ടിയിടുക, തലയിൽ നോട്ട്ബുക് വെച്ചടിക്കുക,കോംപസ്സുകൊണ്ട് പുറത്തു കുത്തുക…… ഈ വക പരിപാടികൾ നിത്യേനെ നടന്നുകൊണ്ടേയിരുന്നു. അതും ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോൾ.. ഏറ്റവും രസമുള്ള കാര്യം എന്താന്നറിയോ? ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ ഒരാൾ എണീക്കുമ്പോളാവും മുടികൾ കെട്ടിയിട്ടിരിക്കുന്ന കാര്യം അവരറിയുന്നത്. പശ്ചാത്തലത്തിലെ  ക്ലാസ് ഒന്നടങ്ങമുള്ള ചിരിയിൽ ടീച്ചറുടെ ചൂരൽ കഷായം കിട്ടുന്ന ഞങ്ങളുടെ തേങ്ങലും മുടി വേദനിച്ച അവരുടെ തേങ്ങലും അലിഞ്ഞില്ലാതാവും. അവരുടെ മുഖം കാണുമ്പോൾ മനസ്സിലാവും മുടി വലിയുമ്പോൾ എത്രത്തോളം വേദന ഉണ്ടെന്നു. പാവം തോന്നും. പക്ഷെ, എന്തു കാര്യം, പിറ്റേ ദിവസവും സ്ഥിതി വ്യത്യസ്തമാവില്ല. എന്തൊക്കെ കുരുത്തക്കേട് കാണിച്ചാലും ഞങ്ങൾക്കെതിരെ കടുത്ത നടിപടികളൊന്നും തന്നെ ടീച്ചർമാരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഞങ്ങൾ പഠനത്തിലും പാഠ്യേതര പരിപാടികളിലും മുൻപന്തിയിൽ നിന്നിരുന്നതുകൊണ്ടു തന്നെയായിരിക്കണം അത്. കുഞ്ഞേച്ചിയും ഞാനും ആയിരുന്നു എപ്പോളും ഒന്നും രണ്ടും സ്ഥാനങ്ങൾ കയ്യടക്കിവെച്ചിരുന്നത്.

ഒമ്പതാം ക്ലാസ്സിലാണ് എനിക്ക് “ശിങ്കാരി” പേരു വീണത്. ഞാനൊരു കോഴി ആയതുകൊണ്ടല്ല ആ പേരു കിട്ടിയത്. പതിവുപോലെ ആൽമരചുവട്ടിലെ കത്തിയടി കഴിഞ്ഞു ക്ലാസ്സിലെത്തിയപ്പോൾ കുഞ്ഞേച്ചിയുടെ ഒരു കമ്മലിന്റെ ശങ്കീരി കാണാനില്ല. നമ്മളെല്ലാവരും കുറെ തിരഞ്ഞു നോക്കി. ഇത്രേം കുഞ്ഞി ശങ്കീരിയല്ലേ, എവിടന്നു കിട്ടാൻ. അവളാണെങ്കിൽ ഭയങ്കര കരച്ചിൽ. കുഞ്ഞേച്ചിയെ സമാധാനിപ്പിക്കാനുള്ള ഞങ്ങളുടെ വിഫലശ്രമം കണ്ടുകൊണ്ടാണ് ക്ലാസ് ടീച്ചർ വേണുഗോപാലൻ മാഷ് അറ്റന്റൻസ് രജിസ്റ്ററും പിടിച്ചു കുംഭയും കുലുക്കി വന്നതു. വന്നയുടൻ മാഷിന്റെ ഘനഗംഭീര ശബ്ദത്തിലുള്ള ചോദ്യം
“എന്തിനാടാ അവൾ കരയണേ?”
എന്റെ പൊട്ടസമയത്തിന് അതിനുള്ള മറുപടി നാവിൽ നിന്നു ഞാനറിയാതെ തന്നെ പൊട്ടിപ്പുറപ്പെട്ടു,
“അവളുടെ കമ്മലിന്റെ ശിങ്കാരി കളഞ്ഞു പോയി മാഷേ”.
അപ്പൊ മാഷ്, “ശിങ്കാരിയോ?? അതെന്തു സാനാ??”
“കമ്മലിന്റെ പിന്നിൽ ഉള്ള സാനം മാഷേ”
ഇത് കേട്ടപ്പോളെക്കും പിള്ളേരൊക്കെ ചിരി തുടങ്ങിയിരുന്നു, കൂടെ കുഞ്ഞേച്ചിയും.
ആ ചിരിക്കിടയിലാ മാഷിന്റെ പതിവു രീതിയിലുള്ള അടുത്ത ഡയലോഗ്,
” അതു ശിങ്കാരിയല്ലെടാ പൊട്ടാ,  ശങ്കീരിയാ”.
ഇത്രയും ആയപ്പൊളേക്കും ഞാൻ ചമ്മി ചമ്മന്തിയായി.  കുഞ്ഞേച്ചിയാണെങ്കിൽ കരച്ചില് മാറി ചിരിച്ചു തുടങ്ങിയതിൽ സന്തോഷം ഉണ്ടെങ്കിലും,”ശിങ്കാരി”, ആ പേരു ഒരു ഫിക്സഡ് ഡെപ്പോസിറ് ആയിരുന്നു. പാവം ഞാൻ..

കളിച്ചും ചിരിച്ചും പഠിച്ചും തല്ലുകൂടിയും ഒകെ ആയി ഒമ്പതാം ക്ലാസ് പെട്ടെന്നു തീർന്നു പോയ പോലെ തോന്നി. സത്യം പറഞ്ഞാൽ ഒമ്പതാം ക്ലാസ്സിലെ കൊല്ലപരീക്ഷയുടെ റിസൾട്ട് നോക്കാനായി ഞങ്ങളാരും സ്കൂളിൽ പോയില്ല, 6പേരും ജയിക്കുമെന്നുറപ്പായിരുന്നു. ഞങ്ങൾ അന്ന് സ്കൂളിൽ പോയത്, പത്താം തരത്തിലെ ക്ലാസുകൾ എന്നു തുടങ്ങുമെന്നു അറിയാൻ വേണ്ടി മാത്രമാണ്. ശരിക്കും പറഞ്ഞാൽ ഒരു മാസം വീട്ടിലിരുന്നു ബോറടിച്ചു തുടങ്ങിയിരുന്നു. സ്കൂളിലായിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെയായി നേരം പോയേനെ.

ആ സമയത്താണ് പഴയ അന്തോണി സർക്കാരിന്റെ പുതിയ പാഠ്യപദ്ധതി (ഡി പി ഇ പി) പ്രകാരം പത്താം ക്ലാസ് സിലബസും പരീക്ഷകളുടെ രീതിയും നിരന്തര മൂല്യനിർണ്ണയവും ഒക്കെ പരീക്ഷിക്കപ്പെട്ടതു.
ഡി. പി. ഇ. പി.  ദരിദ്ര പിള്ളേർ  എങ്ങനെയെങ്കിലും പഠിച്ചോട്ടെ. ശരിക്കും ഞങ്ങൾ കഷ്ടപ്പെട്ടു.  13 വിഷയങ്ങൾ. ഓരോന്നിനും പ്രൊജക്റ്റ്, സെമിനാർ, എന്നിങ്ങനെ കുറേ മാറാപ്പുകൾ തോളിൽ കേറ്റിതന്നു കേരളത്തിന്റെ മുഖ്യൻ. ക്ലാസ്സിൽ വന്നപ്പോൾ തന്നെ രാഗിണി ടീച്ചർ ഇതിന്റെ ഒക്കെ ഒരു കിടപ്പുവശം പറഞ്ഞു തന്നു. അപ്പൊ തന്നെ ഏകദേശം കാര്യം പിടികിട്ടി. പണി പാലും വെള്ളത്തിൽ കിട്ടീന്നു. ഇവിടെ ഒട്ടും പ്രാധാന്യമില്ലാത്ത ഒരു കാര്യം പറയാം. രാഗിണി ടീച്ചർ എന്റെ  ചേട്ടന്റെയും ക്ലാസ് ടീച്ചർ ആയിരുന്നു പത്തിൽ. അവനാണേല് ടീച്ചറുടെ പുന്നാര ശിഷ്യനും. ഇത്രേം പോരെ എനിക്ക് പണി കിട്ടാൻ. ഇതാണു പറയുന്നത് നല്ലപിള്ളകളായ ചേട്ടന്മാര് പഠിച്ച സ്കൂളിൽ പടിക്കരുതെന്നു.
“ശ്യാം എന്തു പാവം പയ്യനാർന്നു, നീയെന്താടാ ഇങ്ങനെ ആയിപോയതു?
ഞാൻ ഓരോ തവണ കുരുത്തക്കേട് കാണിക്കുമ്പോളും ഈ സ്ഥിരം പല്ലവി  കേൾക്കാമായിരുന്നു.
തിരിച്ചുവരാം.
ഇതേ പത്താം ക്ലാസ്സിലാണ് ഉറുദു പിള്ളേര് ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നതു. ആ കൂട്ടത്തിൽ ഒരു പയ്യൻ ഭയങ്കര ഓവർസ്മാർട്ട് ആയിരുന്നു,  അതു കൊണ്ടുതന്നെ അവൻ ഞങ്ങളുടെ ക്ലാസ് ലീഡറും ആയി. അവനാണേല് ഞങ്ങളുടെ ഗ്രൂപ്പിൽ കൂടണം ന്നും പറഞ്ഞു നടക്കാ.  ദൈവമേ.. അവനെ ഒഴിവാക്കിയത് എങ്ങനെയാണെന്ന് ഞങ്ങൾക്കുമാത്രേ അറിയൂ.
അരക്കൊല്ല പരീക്ഷ കഴിഞ്ഞപ്പോഴേക്കും എല്ലാരും ഭയങ്കര സീരിയസ്സായി. പഠനം.  പഠനം.  പഠനം. അപ്പോഴാണ് കാക്കച്ചിക്കു പപ്പനോട് ഭയങ്കര പ്രണയം. കൗമാരത്തിന്റെ ഓരോ പണികളേ.. പപ്പന് ആ സമയത്തു വേറെ ഒരു ലൈൻ ഉണ്ടായിരുന്നതുകൊണ്ടു മാത്രം അവരന്നു സുന്ദരസുരഭില പ്രണയത്തിലായില്ല. പക്ഷെ ആ സുന്ദരസുരഭില പ്രണയം പിൽക്കാലത്തു സംഭവിച്ചു.  അതു വഴിയേ പറഞ്ഞോളാം.
റെഗുലർ ക്ലാസ്സുകളും സ്പെഷ്യൽ ക്ലാസ്സുകളും പ്രോജെക്ടും അസൈൻമെന്റുകളും സെമിനാറും എല്ലാം കൂടി പത്താം ക്ലാസ് പഠനം ഒരു വമ്പൻ സംഭവമായി മാറികൊണ്ടിരിക്ക്യാ.. ശ്രീദേവി ടീച്ചറായിരുന്നു ഏറ്റവുമധികം സ്പെഷ്യൽ ക്ലാസുകൾ വെച്ചിരുന്നത്. ശനിയും ഞായറും രാവിലെയും വൈകീട്ടും എപ്പോളും ക്ലാസ്. ക്ലാസ്. ക്ലാസ്.. എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു ശ്രീദേവി ടീച്ചറെങ്കിലും ഞങ്ങൾ 6പേരും ടീച്ചറുടെ ഓമനകളായിരുന്നു. സ്വന്തം മക്കളെപ്പോലെ ടീച്ചർ ഞങ്ങളെയും  അമ്മയെപ്പോലെ ഞങ്ങൾ ടീച്ചറെയും സ്നേഹിച്ചിരുന്നു. ടീച്ചറെ കുറിച്ചോർക്കുമ്പോളും പറയുമ്പോളും ഞങ്ങളുടെ തല ഉയർന്നുതന്നെ ഇരിക്കും. രാജ്യത്തെ ഏറ്റവും നല്ല അദ്ധ്യാപികക്കുള്ള അവാർഡ് രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ കയ്യിൽ നിന്നു ഏറ്റുവാങ്ങിയപ്പോളും ഞങ്ങൾ പറഞ്ഞു ഇതു ഞങ്ങളുടെ സ്വന്തം ശ്രീദേവി ടീച്ചറാണെന്ന്.

അങ്ങനെ പത്താം ക്ലാസ് പരീക്ഷ തീർന്നു റിസൾട്ടും വന്നു. എനിക്ക് 88% മാർക്കും കുഞ്ഞേച്ചിക്കു 94%മാർക്കും. അത്തവണ അവളെന്നെ മറികടന്നു ഒന്നാമതായി. അവളെ കുറിച്ചോർത്തു അഭിമാനമല്ലാതെ അന്നും ഇന്നും കുശുമ്പോ അസ്സൂയയോ തോന്നിയിട്ടില്ല. (മൈൻഡ് വോയ്‌സ് :- ചുമ്മാ വെറുതെ)

അതുവരെ സ്ഥിരമായി നടന്നുകൊണ്ടിരുന്ന ഒത്തുചേരലുകൾക്ക് ഇവിടെ താൽക്കാലികമായി ഒരു വിരാമമാവുകയാണ്. ഞാനൊഴികെ ബാക്കി 5 പേരും ഞങ്ങളുടെ സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് ചേർന്നപ്പോൾ ഞാൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ പഠിക്കാൻ ശ്രീരാമ പോളിടെക്നിക്കിൽ ചേർന്നു. മ്മ്‌ടെ ശ്രീനിവാസൻ യന്ത്രങ്ങളുടെ പ്രവർത്തനം പഠിച്ച മറ്റേ പോളിടെക്നിക്. അടുത്ത മൂന്നു വർഷത്തിൽ ഒരേയൊരു തവണയാണ് കോറം തികഞ്ഞ ഒരു ഒത്തുചേരൽ നടന്നത്. അവർ 5പേരും നിത്യേനയുള്ള ഒത്തുചേരലുകൾ തുടർന്ന് കൊണ്ടേയിരുന്നു. എന്റെ ദിവസങ്ങളുടെ അജണ്ട മൊത്തമായി മാറി. എക്സാം, ലാബുകൾ, ലാബ് റെക്കോർഡ്, പ്രൊജക്റ്റ്, എൻ.സി.സി, കാറ്ററിംഗ് സർവീസ്.. അങ്ങനെ പലതും ദിവസങ്ങളെ തിരക്കു പിടിപ്പിച്ചു.

അതിനിടയിലാണ് പപ്പന്റെ ആ പഴയ ലൈൻ പൊട്ടിയത്. ആ സുന്ദരസുരഭില പ്രണയം തകന്നപ്പോൾ മററൊരു സുന്ദരസുരഭിലപ്രണയം പൂത്തുവിരിയാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വന്നു.  കാക്കച്ചിയോടുള്ള പപ്പന്റെ സോഫ്റ്റ് കോർണർ കൂടി കൂടി വന്നു. പക്ഷെ അത് അവനോടു പ്രകടിപ്പിക്കാനുള്ള മാനസികമായ ഒരു പ്രയാസം. അത്രേം അകലമേ ഉണ്ടാർന്നുള്ളൂ അവർ സുന്ദരസുരഭില പ്രണയത്തിൽ നീന്തിതുടിക്കാൻ. യന്ത്രങ്ങളുടെ പ്രവർത്തനവും പഠിച്ചു ചെന്നൈയിലെ ഒരു വർഷത്തെ ജോലിയും അവസാനിപ്പിച്ച് തൃശൂർ കോട്ടപ്പുറം പാലത്തിന്റെ അടുത്തുള്ള കോച്ചിങ് ക്ലാസ്സിൽ ലാറ്ററൽ എൻട്രൻസ് ടെസ്റ്റിന് പേടിച്ചോണ്ടിരിക്കുമ്പോളാ നേഹയുടെ കല്യാണം.. കല്യാണം അവൾക്കു മാത്രമല്ല വേറെ പലർക്കും ടേണിങ് പോയിന്റ് ആയി. കല്യാണദിവസം രാവിലെ കാക്കച്ചി ഓടിച്ചിരുന്ന കാർ ഒരു മരത്തിൽ പോയി ഇടിച്ചു. അപ്പൊതന്നെ അവന്റെ മൂക്കിന്റെ പാലം, ഠിം.. അന്ന് പപ്പൻ അവന്റെ വീട്ടിൽ നിന്നു കരഞ്ഞ കരച്ചിലിൽ എല്ലാം സെറ്റായി. അങ്ങനെ ഞങ്ങളുടെ ഒത്തുചേരലുകൾക്കു അവിടെ പുനർജ്ജന്മം. ആൽമരചുവട്ടിലെ തണുത്ത കാറ്റു നവ്യ ബേക്കേറിയിലെ എസിയുടെ തണുപ്പിച്ച കാറ്റായി, കറുത്തിരുണ്ട ക്ലാസ് മുറി നവ്യയിലെ ഫാൻസി ലൈറ്റുകളായി, കറപിടിച്ച ബെഞ്ചും ഡെസ്കും ഫൈബർ കസേരകളും ഗ്ലാസ് മേശകളുമായി. മൊത്തത്തിൽ ഒരു കൃത്രിമത്വം. മാറാത്തതായിട്ടു അവിടെ ഒന്നേ ഉണ്ടാർന്നുള്ളൂ ഞങ്ങളുടെ സൗഹൃദം. അതിനിടയിൽ ഒരു പുതിയ പ്രണയവും.

കൂടുതൽ വലിയ യന്ത്രങ്ങളുടെ പ്രവർത്തനം പഠിക്കാൻ ഞാൻ എഞ്ചിനീയറിംഗ് പഠിക്കാൻ ചേർന്നു. കുഞ്ഞേച്ചി ബി.എസ് സി ഫിസിക്സ് തീർത്തു എം.എസ് സി ക്കു ചേർന്നു. പപ്പൻ ബി.എസ് സി കെമിസ്ട്രി കഴിഞ്ഞു ബി. എഡും തീർത്തു പഠിപ്പിക്കാൻ പോവാണ്. ചീരുവും ഉണ്ടപ്പനും ബി.കോം തീർത്തു  ചിട്ടി കമ്പനികളിൽ കണക്കപിള്ള പണി നോക്കുന്നു. കാക്കച്ചി എക്സ്-റേ വെൽഡിങ് പഠിച്ചു ജീവിതം വെൽഡ് ചെയ്തു പിടിപ്പിക്കുന്നു. ഈ തിരക്കിനിടയിലും നവ്യയിലെ ഒത്തുചേരലുകൾക്കു കുറവൊന്നും ഉണ്ടായില്ല.

നവ്യയിൽ രാവിലെ തുടങ്ങുന്ന ഒത്തുചേരൽ അവസാനിക്കുന്നത് മിക്കപ്പോഴും വൈകുന്നേരങ്ങളിൽ ആയിരിക്കും. ആ ദിവസങ്ങളിൽ ഉണ്ടപ്പൻ തിന്നു മരിക്കും. നരസിംഹത്തിൽ ലാലേട്ടൻ പറഞ്ഞപോലെ ആ വണ്ടിയിൽ എന്തും ഓടും. മിൽക്ക് ഷേക്ക്, ഫലൂദ, സാൻവിച്, ബർഗർ, പിസ്സ, ഐസ് ക്രീം അങ്ങനെ എന്തായാലും ഉണ്ടപ്പൻ ഉള്ളപ്പോൾ ഒരു തുള്ളി പോലും വേസ്റ്റാവില്ല. ഈ ഒത്തുചേരലുകൾ കാക്കച്ചിയുടേം പപ്പന്റേം പ്രണയത്തെ കൂടുതൽ സുന്ദരസുരഭിലമാക്കി. അവരുടെ പ്രണയത്തിലെ ഏറ്റവും രസകരമായ കാര്യം എന്താന്നറിയോ?? ഞങ്ങളുടെ ഒത്തുചേരലുകളില്ലാതെ അവർ കണ്ടിരുന്നതും സംസാരിച്ചിരുന്നതും അവളുടെ വീട്ടിൽ വെച്ചാണ്. അവരുടെ ഭാഷയിൽ പറഞ്ഞാൽ പഞ്ചാരയടിക്കാൻ ഏറ്റവും സേഫ് സ്ഥലം.

എന്റെ ഒരു സെമസ്റ്റർ എക്സാമിന്റെ ഇടയിലായിരുന്നു ചീരുവിന്റെ കല്യാണദിവസം. കാക്കച്ചിയാണെങ്കിൽ പപ്പനെ കെട്ടാനുള്ള കാശുണ്ടാക്കാൻ സൗദിയിലെ മണലാരണ്യങ്ങളിൽ മുത്തോ പവിഴമോ എന്തൊക്കെയോ വാരാൻ പോയതാ. കല്യാണത്തിന്റെ കാര്യങ്ങളൊക്കെ ഓടി നടന്നു ചെയ്യാൻ ഞങ്ങൾ രണ്ടുപേരും ഇല്ല. ഒരുപാടു ആഗ്രഹിച്ചതാ ചീരുവിന്റെ കല്യാണം അടിച്ചുപൊളിക്കണമെന്ന്. ഒന്നും നടന്നില്ല. മീനാക്ഷി ചേച്ചി(ചീരുവിന്റെ ചേച്ചി) ഒരുപാട് സങ്കടം പറഞ്ഞു അന്ന്. എന്തു ചെയ്യാനാ, എല്ലാം വിധിയുടെ വിളയാട്ടം.

അടുത്തത് കുഞ്ഞേച്ചിയുടെ കല്യാണം. ഞാൻ ബി.ടെക് തീർത്തു മഹീന്ദ്രയിൽ ജോലിക്കു കയറി. അവിടെ ട്രെയിനിങ് നടന്നുകൊണ്ടിരിക്കുമ്പോളാ കുഞ്ഞേച്ചി വിളിച്ചു അവളുടെ കല്യാണകാര്യം പറഞ്ഞത്. ഞാൻ ജോലിക്കു കേറിയിട്ട് കുറച്ചു ദിവസമേ ആയിരുന്നുള്ളൂ, അതുകൊണ്ടു ലീവ് കിട്ടിയില്ല. കാക്കച്ചി മുത്തും പവിഴവും വാരൽ നിർത്തിയിരുന്നില്ല. അങ്ങനെ അവളുടെ കല്യാണവും കൂടാൻ പറ്റിയില്ല. ഇനി ഇപ്പൊ പപ്പന്റേം കാക്കച്ചീടേം കല്യാണം അടിച്ചു പൊളിക്കണം. മനസ്സിൽ ഉറപ്പിച്ചു.

ഒരു ദിവസം രാവിലെ പപ്പൻ വിളിച്ചിട്ടു മീനാക്ഷി ചേച്ചി പോയി ന്നു പറഞ്ഞു. ശരിക്കും വിശ്വസിക്കാൻ പറ്റിയില്ല. ഏറെ നാളായി പ്രതീക്ഷിച്ചതാണെങ്കിലും ഒരിക്കലും നടക്കരുതേ എന്നു പ്രാർഥിച്ചിരുന്ന കാര്യമാണ് അവൾ പറഞ്ഞത്. ഞങ്ങളുടെ മീനാക്ഷി ചേച്ചി പോയി. കുറേ നാളുകളായി ഏതോ ഒരു രോഗത്തിന് ചികിത്സയിലായിരുന്നു ചേച്ചി. കിഡ്നികൾ തകരാറിലായതുകൊണ്ടു എല്ലാ ആഴ്ചയും ഒന്നോ രണ്ടോ തവണ ഡയാലിസിസ്. ഒരുപാട് വേദന അനുഭവിച്ചിരുന്നു പാവം. എല്ലാവർക്കും ഏറെ വിഷമം തന്നുകൊണ്ടു ഞങ്ങളുടെ മീനാക്ഷിചേച്ചി പോയി.

ഒത്തുചേരലുകൾ ക്രമേണ കുറയുകയായിരുന്നു. വല്ലപ്പോഴും നാട്ടിൽ പോവുമ്പോൾ ഞാനും പപ്പനും കാണും. ഇടക്കെപ്പോഴോ ഉണ്ടപ്പൻ ആരോടും പറയാതെ ഇറ്റലിക്ക് പോയി. അതിനിടയിൽ പപ്പന്റെ വീട്ടിൽ ആകെ സീനായി. അവളുടെ ചേച്ചി ഒരുത്തന്റെ കൂടെ ഓടിപ്പോയതു കാരണം പപ്പന്റെ കല്യാണം പെട്ടെന്നു നടത്താൻ തീരുമാനമായി. അവൾ കരഞ്ഞു കാലുപിടിച്ചിട്ടും കാക്കച്ചിയുടെ കാര്യം അവളുടെ വീട്ടുകാർ സമ്മതിച്ചില്ല. അവസാനം അവൾക്കു വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വേറെ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു. ഞാൻ ലീവെടുത്തു അവളുടെ കല്യാണത്തിന് പോയി. അവളെ ഒരു വധുവിന്റെ അലങ്കാരത്തോടെ കാണാൻ ഞങ്ങൾ ഒരുപാടു ആഗ്രഹിച്ചതാണ്, പക്ഷേ അത് കാക്കക്കച്ചീടെ കൂടെ ആവണമെന്നാണ് ആഗ്രഹിച്ചത്. എല്ലാം വിധിയുടെ വിളയാട്ടം. അങ്ങനെ ഒത്തുചേരലുകളുടെ അദ്ധ്യായം അവിടെ അവസാനിച്ചു.

പലപ്പോഴും ദിനപത്രങ്ങളിൽ വന്നിരുന്ന “ഗെറ്റ് ടുഗതർ” വാർത്തകൾ എന്നും എന്നിൽ ചിരിയാണ് തന്നിരുന്നത്. കൂട്ടുകാരാണെങ്കിൽ ഒരിക്കലും പിരിയാതെ എപ്പോളും കൂടെ വേണ്ടതല്ലേ, പിന്നെ എന്തിനാണീ വർഷത്തിലൊരിക്കലോ മറ്റോ ഒരു ഗെറ്റ് ടുഗതർ??
ഒരു തുള്ളി കണ്ണീരിന്റെ നനവോടെ ഞാനിന്നു മനസിലാക്കുന്നു അതിന്റെ അർഥം, അതിന്റെ ആഴം. വേദനയോടെ, പ്രതീക്ഷയോടെ ഞാനാ ആൽമരച്ചോട്ടിൽ തലകുമ്പിട്ടിരിക്കുന്നു. കാത്തിരിക്കുന്നു ആ കറപുരണ്ട ബെഞ്ചിലും ഡെസ്കിലും ഒരു ഒത്തുചേരലിനായി.
വീണ്ടും വീണ്ടും വീണ്ടും ഒത്തുചേരലുകൾക്കായി. 
ശിങ്കാരി.

ശ്രീദേവി ടീച്ചർ

ശ്രീദേവി ടീച്ചർ എന്ന പേര്  ആദ്യമായി കേൾക്കുന്നത് കാക്കാത്തുരുത്തിയിലെ ഞങ്ങളുടെ അയലത്തെ വീട്ടിൽ താമസിച്ചിരുന്ന ജോബി ചേട്ടൻ പറഞ്ഞ സ്കൂൾ കഥകളിലാണ്. സ്കൂളിലെ പിള്ളേരുടെയെല്ലാം പേടിസ്വപ്നം ആണത്രേ ശ്രീദേവി ടീച്ചർ. “ടീച്ചറുടെ കയ്യിലെ വടിയുടെ വണ്ണം ദേ ഇത്രേം വരും” എന്നു പറഞ്ഞു തള്ളവിരലും ചൂണ്ടുവിരലും ചേർത്ത്പിടിച്ചു ഒരു വട്ടം ഉണ്ടാക്കി കാണിക്കും. ആ വടിയും പിടിച്ചു വരാന്തയിൽ കൂടി ടീച്ചർ വരുമ്പോഴേക്കും പിള്ളേരൊക്കെ ക്ലാസ്സിലേക്ക് ഓടി കയറുന്ന രംഗം ചേട്ടൻ വിവരിക്കുമ്പോൾ കുട്ടി ആയിരുന്ന എന്റെ മനസ്സിലും ടീച്ചറും ഒരു പേടി സ്വപനം ആയി മാറിയിരുന്നു. അപ്പോഴൊക്കെ ചേട്ടൻ ഇതും കൂടി പറയുമായിരുന്നു “ടീച്ചറിനു കുട്ടികളോട് വലിയ സ്നേഹം ആണെന്ന്”. പിന്നീട് ഒരിക്കൽ ജോബി ചേട്ടൻ പറഞ്ഞു പത്താം ക്ലാസ്സിലെ 3ദിവസത്തെ ടൂറിനു പോവാനുള്ളവരുടെ ലിസ്റ്റിൽ  പൈസ ഇല്ലാത്തതുകൊണ്ട് മാത്രം പേര് കൊടുക്കാതിരുന്ന ചേട്ടന്റെ പേര് മാത്രമല്ല പൈസയും കൊടുത്തത്  ടീച്ചർ ആണെന്ന്. അത് കൂടി കേട്ടപ്പോൾ ടീച്ചറിനെ കാണാനും പരിചയപ്പെടാനും ഉള്ള എന്റെ ആകാംക്ഷ കൂടി കൂടി വന്നു. പത്താം ക്ലാസ് പരീക്ഷയുടെ തലേദിവസം ഏതോ ഒരു ക്രിക്കറ്റ്‌ സെലെക്ഷനു പോയ ജോബി ചേട്ടനെ എടതിരിഞ്ഞി സെന്ററിൽ എല്ലാരും കാണെ ടീച്ചർ വഴക്ക് പറഞ്ഞ കഥ ഞങ്ങളോട് വിവരിച്ചപ്പോഴും ഒരു ടീച്ചറിന്റെ അല്ല ഒരു അമ്മയുടെ സ്നേഹവും കരുതലും ആയിരുന്നു ഞാൻ കണ്ടത്.

എന്റെ ചേട്ടൻ(ശ്യാം) ആ സ്കൂളിൽ തന്നെയാണ് പഠിച്ചത്.  പക്ഷെ അവന്റെ കഥകളിൽ മുഴുവൻ രാഗിണി ടീച്ചർ ആയിരുന്നു. ടീച്ചറിന്റെ ഒരു വാത്സല്യ പുത്രൻ തന്നെ ആയിരുന്നു ശ്യാം. ക്ലാസ്സിൽ  അത്യാവശ്യം വികൃതി ആയിരുന്ന ഞാനതിന്റെ ഭവിഷ്യത് അനുഭവിച്ചതുമാണ്. “നിന്റെ ചേട്ടൻ എന്ത് പാവം ആയിരുന്നു മോനേ,  നീ  എന്താ ഇങ്ങനെ ആയി പോയേ?” കേട്ടുകേട്ട് മടുത്തതാണ് ഈ ചോദ്യം.

2002ലാണ് ഞാനും എന്റെ കൂടെ കാക്കാത്തുരുത്തി സ്കൂളിൽ ഒരുമിച്ചു പഠിച്ചിരുന്ന കുറച്ചു കൂട്ടുകാരും തിരാത്ത് സ്കൂളിൽ ചേർന്നത്. പുതിയ സ്കൂൾ, പുതിയ സഹപാഠികൾ,  പുതിയ അന്തരീക്ഷം.   ഞാനാകെ പേടിച്ചാണ് ക്ലാസ്സിൽ ചെന്നത്. പേടികൊണ്ടാണോ എന്നറിയില്ല ഞാൻ നേരെ ലാസ്റ്റ് ബെഞ്ചിൽ ആയിരുന്നു പോയി ഇരുന്നത്. പഠിക്കാൻ മോശമായിട്ടു ഒന്നുമല്ല,  എന്തോ അങ്ങനെ ചെയ്യാൻ ആണ് അപ്പൊ തോന്നിയത്.
ബെഞ്ച് റൊട്ടേഷൻ ഉണ്ടായിരുന്നത് കൊണ്ട് എല്ലാ ദിവസവും ബെഞ്ച് മാറണം. ഗിരിജാദേവി ടീച്ചർ ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ. കണക്കാണ് വിഷയം.
എട്ടാം ക്ലാസ്സിലെ ബയോളജി എടുത്തത് ശ്രീദേവി ടീച്ചർ ആയിരുന്നു.  ജോബി ചേട്ടൻ പറഞ്ഞത് പോലെ തന്നെ ആയിരുന്നു,  വടിയുടെ വണ്ണം കണ്ടപ്പോൾ ശരിക്കും പേടിയായി. പക്ഷെ ടീച്ചറുടെ സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ ഒരു വാത്സല്യം എവിടെയോ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ആദ്യത്തെ ക്ലാസ്സിൽ തന്നെ ടീച്ചർ എല്ലാരോടും ആയിട്ടു ചോദിച്ചു “നിങ്ങൾക്കൊക്കെ എന്നെ പേടിയാണോ?”.
എല്ലാരും പറഞ്ഞു “അതെ”
ഞാൻ പറഞ്ഞു “പേടിയില്ല, ഞാൻ എന്തിനാ ടീച്ചറിനെ പേടിക്കുന്നത്,  കള്ളന്മാരല്ലേ പോലീസിനെ പേടിക്കേണ്ട കാര്യമുള്ളൂ.”
അതുകേട്ടു ടീച്ചർ ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത്.
പിന്നീട് PTA മീറ്റിംഗിന് അമ്മ വന്നപ്പോൾ ടീച്ചർ പരാതി പറഞ്ഞത് കേട്ടപ്പോഴാണ് എനിക്ക് ടീച്ചറിനെ ശരിക്കും ഇഷ്ടമായത്. “ഇവനേ എന്നെ ഒരു പേടിയുമില്ല ഷീലേ,  നമ്മള് വീട്ടിലൊക്കെ പെരുമാറുന്നത് പോലെ തന്നെയാണ് ഇവൻ എന്നോട് പെരുമാറുന്നത്. ടീച്ചറേ ടീച്ചറേ ന്ന് വിളിച്ചു എപ്പോഴും പിന്നാലെ നടക്കാണ്”. അമ്മ അപ്പോൾ  ടീച്ചറോട് “കുരുത്തക്കേട് കാണിച്ചാൽ നല്ല അടി കൊടുത്തോ ടീച്ചറേ.  ഇവനിത്തിരി വികൃതി കൂടുതലാണ്”.
“എയ് ആള് പാവം ആണ്,  നന്നായിട്ട് പഠിക്കുന്നുമുണ്ട്. ആവശ്യം വരുമ്പോൾ ഞാൻ കൊടുത്തോളാം,  അല്ലേടാ”.
ഞാൻ ഒന്നു ചിരിച്ചു.
അവിടെ നിന്ന് ഇറങ്ങിയപ്പോ അമ്മയുടെ വക ഉപദേശം “ടീച്ചർമാരോടു കുറച്ചൂടെ ഒക്കെ ബഹുമാനം കാണിക്ക്ട്ടാ അച്ചു നീ”
ഞാൻ ശരി ന്ന് തലയാട്ടി.

ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഞങ്ങൾക്ക് ടീച്ചർ ഇംഗ്ലീഷ് ആണ്  എടുത്തത്. കൂട്ടത്തിൽ ഇൻഫർമേഷൻ ടെക്നോളജിയും കമ്പ്യൂട്ടർ ലാബും.
ടീച്ചറോടുള്ള ബഹുമാനവും അടുപ്പവും സ്നേഹവും എല്ലാം ഓരോ ദിവസവും കൂടി കൂടി വന്നതേയുള്ളൂ.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിന് മുന്നിൽ കൂടി പോവുന്ന സത്‌നാം ബസ്സ് നിർത്തിയില്ല എന്നു പറഞ്ഞു സ്കൂൾ ലീഡറിന്റെ നേതൃത്വത്തിൽ ബസ് തടഞ്ഞപ്പോൾ അവിടെ കിടന്നിരുന്ന തെങ്ങിന്റെ പട്ട എടുത്തു പിള്ളേരെ തല്ലാൻ ഓടിച്ച ടീച്ചറിനെ എല്ലാവരും അനുസരിച്ചേയുള്ളൂ.
ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ഓരോ കാര്യങ്ങൾക്കായി ടീച്ചറുടെ കൂടെ നടക്കുമ്പോഴും ടീച്ചറെ ഒന്നൂടെ അറിയുകയായിരുന്നു. സ്കൂൾ കലോത്സവത്തിന് എന്നോടും കൂടി നാടകത്തിനു പങ്കെടുക്കാൻ പറഞ്ഞപ്പോൾ ടീച്ചറിനു എന്നിലുള്ള  പ്രതീക്ഷയും ഞാൻ കണ്ടു. ഉപജില്ലാ കലോത്സവം കഴിഞ്ഞു തിരിച്ചു  സ്കൂളിലെത്താൻ ഒരുപാടു വൈകിയപ്പോൾ അവിടന്ന് ഒരു ഓട്ടോ വിളിച്ചു ഞങ്ങളെ വീടുകളിൽ കൊണ്ടുവിട്ടതും ടീച്ചർ തന്നെ. ആ ഓട്ടോ (മോളുട്ടി) ഓടിച്ചിരുന്നതും ടീച്ചർ പഠിപ്പിച്ച ഒരു ഏട്ടൻ തന്നെയായിരുന്നു. പടിയൂർ പഞ്ചായത്തിൽ എവിടെ പോയാലും കാണാം ടീച്ചറിന്റെ കുട്ടികളെ. എന്റെ കൂടെ പഠിച്ചിരുന്ന പലരുടെയും അമ്മമാരെയും അച്ഛന്മാരെയും പഠിപ്പിച്ചിട്ടുണ്ടെന്ന് ടീച്ചർ ഞങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കുട്ടിക്കാലത്തു എന്നെ സ്ഥിരമായി അലട്ടി കൊണ്ടിരുന്ന കഫക്കെട്ടും ശ്വാസംമുട്ടലും കാരണം ഡിസംബർ മാസം സ്കൂളിൽ നിന്ന് പോവുന്ന ലോങ്ങ്‌ ടൂറിനു പോവേണ്ടെന്നു അച്ഛനും അമ്മയും പറഞ്ഞതിൽ യുക്തി ഉണ്ടെന്നു തോന്നിയിട്ട് വിഷമത്തോടെ ഞാൻ സമ്മതിച്ചിരുന്നു. “ഞാൻ നിന്നെ നോക്കിക്കോളാം നീ ടൂറിനു പോരേ,  രാജീവനോട്(അച്ഛൻ) ഞാൻ വേണമെങ്കിൽ സംസാരിക്കാം” എന്നായിരുന്നു കാര്യം അറിഞ്ഞ ടീച്ചറുടെ പ്രതികരണം. അവിടെയും ഒരു അമ്മയുടെ സ്നേഹം ആയിരുന്നു ടീച്ചറിന്. ടൂറിനു ഞാൻ പോയില്ല. അത് കഴിഞ്ഞ് വന്നപ്പോഴേക്കും പരീക്ഷ ചൂടായി. മോഡൽ എക്സാം,  സ്പെഷ്യൽ ക്ലാസുകൾ അങ്ങനെ എല്ലാവരും പഠിക്കുകയായിരുന്നു.
ശനിയും ഞായറും ശ്രീദേവി ടീച്ചറിന്റെ ഇംഗ്ലീഷ് സ്പെഷ്യൽ ക്ലാസുകൾ.  രാവിലെ 7മണിക്കു തുടങ്ങും ക്ലാസ്സ്‌. ചിലപ്പോൾ ഉച്ചവരെ. ചിലപ്പോൾ വൈകുന്നേരം വരെ.  ഇടയ്ക്കു ബ്രേക്ക്‌ ഉണ്ടാവും. ഞങ്ങൾക്ക് ബോറടിച്ചു തുടങ്ങിയെന്നു തോന്നിയാൽ കൂട്ടത്തിലെ ഗായകരായ അംബരീഷിനെ കൊണ്ടോ അശ്വതിയോ കൊണ്ടോ പാട്ട് പാടിപ്പിക്കും. ഇടയ്ക്കു ടീച്ചർ തന്നെ എഴുതിയ ഏതെങ്കിലും കവിത ടീച്ചർ തന്നെ ചൊല്ലും.
ടീച്ചറിന്റെ ക്ലാസ്സ്‌ അത്രേം നല്ലതായിരുന്നു. സമയം പോവുന്നത് അറിയുകയേയില്ല.
ക്ലാസുകൾ അവസാനിച്ചതിനും പരീക്ഷക്കും ഇടയിലെ സ്റ്റഡി ലീവ് സമയത്താണ് അച്ഛൻ നടുവേദനയെ തുടർന്ന് ആശുപത്രിയിൽ കിടക്കുന്നത്. ഒരു ദിവസം അച്ഛനെ കാണാൻ പോയിട്ടു തിരിച്ചു വരുമ്പോൾ ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡിൽ വെച്ച് എന്നെ കണ്ട ടീച്ചർ “ഡാ.. പഠിക്കാൻ തന്ന സമയത്തു തെണ്ടി നടക്കുവാണോടാ?” ആ ബസിൽ ഉണ്ടായിരുന്ന എല്ലാരും എന്നെ ഒന്നു നോക്കി. അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ എന്നോട് “മര്യാദക്ക് ഇരുന്നു പഠിച്ചോളൂട്ടോടാ” എന്ന് പറഞ്ഞു ടീച്ചർ. “ശരി ടീച്ചറേ” എന്ന് പറഞ്ഞു ഞാൻ പിന്നിലെ സീറ്റിൽ പോയി ഇരുന്നു. ടിക്കറ്റ് എടുക്കാൻ പൈസ കൊടുത്തപ്പോൾ കണ്ടക്ടർ ചേട്ടൻ പറഞ്ഞു “നിന്റെ ടിക്കറ്റ് ടീച്ചർ എടുത്തിട്ടുണ്ട്”. ആ റൂട്ടിൽ ഓടുന്ന ബസുകളിലെ ഒരു മാതിരി കണ്ടക്ടർമാരും ഡ്രൈവർമാരും ഒക്കെ ടീച്ചറുടെ കുട്ടികളാണ്. അവരൊക്കെ കാക്കാത്തുരുത്തിയിൽ നിന്ന് തന്നെ ആയതുകൊണ്ടു എന്നെയും അറിയും.

SSLC പരീക്ഷയുടെ അന്ന് രാവിലെയും ടീച്ചറുടെ ക്ലാസ്സ്‌ ഉണ്ടായിരുന്നു, 7മണിക്ക്.  അതു കഴിഞ്ഞ് ടീച്ചർ ഞങ്ങളോട് പറഞ്ഞു “നിങ്ങളെല്ലാവരും നന്നായിട്ട് prepare ചെയ്തിട്ടുണ്ട് ഇപ്പൊ, ആരും ടെൻഷൻ അടിക്കേണ്ട, ഫ്രീ ആയിട്ടു പോയി എഴുതിയിട്ട് വാ. Question paper കിട്ടിയാൽ ഉടനെ എല്ലാരും അത് മുഴുവനും വായിച്ചു നോക്കിയിട്ട് ഏറ്റവും അറിയാവുന്ന ചോദ്യത്തിന് ആദ്യം ഉത്തരം എഴുതുക, അത് നിങ്ങളുടെ ആത്‌മവിശ്വാസം ഒരുപാട് വർധിപ്പിക്കും.”
ടീച്ചറുടെ വാക്കുകൾ അതേപടി ഞങ്ങൾ എല്ലാരും അനുസരിച്ചു,  ഇംഗ്ലീഷ് പരീക്ഷക്ക്‌ മാത്രം അല്ല,  ബാക്കിയുള്ള എല്ലാ പരീക്ഷകൾക്കും.
റിസൾട്ട്‌ വന്നപ്പോൾ ടീച്ചറെ വിളിച്ചു പറഞ്ഞു “ടീച്ചറേ,  ഇംഗ്ലീഷിന് എ പ്ലസ് ആണ് “
“ആഹാ, നന്നായിട്ടുണ്ട്”.
എനിക്കറിയാം ഞങ്ങളുടെ ക്ലാസ്സിലെ ഒരുമാതിരി എല്ലാരും ടീച്ചറെ വിളിച്ച് ഗ്രേഡ് പറഞ്ഞിട്ടുണ്ടാവും. സംസ്കൃതം പരീക്ഷയിൽ മുഴുവൻ മാർക്ക്‌ വാങ്ങിയതിന്
അടുത്ത കൊല്ലം ആനിവേഴ്സറിക്ക് ഡെയ്‌സി ടീച്ചറുടെ സമ്മാനം വാങ്ങി സ്റ്റേജിൽ നിന്ന് താഴേക്കു വന്ന എന്നോട് ശ്രീദേവി ടീച്ചർ “നിനക്ക് ഇംഗ്ലീഷിലും ഫുൾ മാർക്ക്‌ വാങ്ങിക്കാരുന്നു, ഞാനും നിനക്ക് സമ്മാനം തന്നേനെ”.
ചെറിയ ഒരു നഷ്ടബോധം തോന്നിയെങ്കിലും പിന്നീട് ഞാൻ തിരിച്ചറിഞ്ഞു ടീച്ചറുടെ സ്നേഹം ആണെന്ന് ഞങ്ങൾക്ക് എല്ലാവർക്കും കിട്ടിയ സമ്മാനമെന്നു.
സ്കൂളിൽ നിന്ന് പോന്നതിനു ശേഷവും ടീച്ചറുടെ വിശേഷങ്ങൾ എല്ലാം നിമ്മി വഴി നമ്മൾ അറിഞ്ഞുകൊണ്ടേയിരുന്നു. നിമ്മി അവിടെ ലീവ് വേക്കൻസിയിൽ പഠിപ്പിക്കാൻ പോയിരുന്നു. സീഡ് കോർഡിനേറ്റർ ആയിരുന്ന ടീച്ചറിന്റെ ഫോട്ടോയും വാർത്തകളും ഇടയ്ക്കിടയ്ക്ക് പത്രങ്ങളിൽ വന്നു കൊണ്ടേയിരുന്നു. അതുകഴിഞ്ഞ് ഏറ്റവും നല്ല സീഡ് കോർഡിനേറ്റർ,  മികച്ച അധ്യാപികക്കുള്ള സ്റ്റേറ്റ് അവാർഡ്, ഇന്ത്യൻ പ്രസിഡന്റിന്റെ മികച്ച അധ്യാപികക്കുള്ള അവാർഡ് അങ്ങനെ അവാർഡ് നിര നീണ്ടു. ഓരോ വാർത്തകളിലും ഫ്ലക്സ് ബോർഡുകളിലും “നമ്മുടെ ശ്രീദേവി ടീച്ചർ” എന്ന് കാണുമ്പോൾ ഒരു അഹങ്കാരം ആണ് “എന്റെ ശ്രീദേവി ടീച്ചർ” ആണ്. എന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ടീച്ചറുടെ ആശംസകൾ ഉണ്ടായിരുന്നു. ഡിപ്ലോമ കഴിഞ്ഞ് ജോലിക്കു പോയപ്പോഴും തിരിച്ചുവന്ന് എഞ്ചിനീയറിംഗ് പഠിക്കാൻ പോയപ്പോളും അവിടന്ന് ജോലി കിട്ടി ചെന്നൈക്ക് പോയപ്പോളും പിന്നെ കല്യാണത്തിനും. കല്യാണ റിസപ്ഷന് ടീച്ചർ വന്നപ്പോൾ ഞാൻ ഭാര്യയോട് പറഞ്ഞു “ഇതാണ് എന്റെ ശ്രീദേവി ടീച്ചർ”.
അതെ.  ഇതാണ് ഞങ്ങളുടെ അഹങ്കാരം..  ശ്രീദേവി ടീച്ചർ..

വീണ്ടും ഒരു തീവണ്ടി യാത്ര


“കാപ്പീ കാപ്പീ” ചീവീടിന്റെ പോലെയുള്ള ആ ശബ്ദം കേട്ടിട്ടാണ് ഉറക്കം തെളിഞ്ഞത്. സമയം അഞ്ചരയാവുന്നതേയുള്ളൂ. ഇന്നലെ രാത്രി അവളുടെ മടിയിൽ തലവെച്ച്  കിടന്നു സംസാരിച്ചു കൊണ്ടിരിക്കെ എപ്പോളോ നിദ്രാദേവൻ എന്റെ കൺപീലികളെ തഴുകി ഉറക്കുകയായിരുന്നു. ഉറങ്ങാൻ തുടങ്ങിയപ്പോൾ “ഉറങ്ങിയോടാ കണ്ണാ” അവൾ ചോദിക്കുന്നത് ദൂരെ എവിടെയോ ഒരു അരുവിയിലെ ജലപാതം തുള്ളികളിച്ചുപോവുന്നപോലെൻ കാതുകളെ കുളിരണിയിപ്പിച്ചു. ഉറങ്ങാൻ കിടന്നപ്പോൾ അവൾ മൂളിയ പാട്ടിന്റെ വരികൾ ഇപ്പോളും എന്റെ കാതിലുണ്ട്.
“ഓമന തിങ്കൾ കിടാവോ
നല്ല കോമളത്താമര പൂവോ ….
കണ്ണിനു നല്ല കണിയോ……”
ചിത്രയെ പോലെ വൻ കിടിലൻ  ശബ്ദം ഒന്നുമല്ലെങ്കിലും അവളുടെ  ശബ്ദം എന്നുമെനിക്കു താരാട്ടാണ്.
പതിയെയെൻ മുടിയിഴകളെ തഴുകികൊണ്ടായിരിക്കും മിക്കരാത്രികളിലും അവളെന്നെ  പാടിയുറക്കുന്നതു. അന്നും അതുപോലെ തന്നെ.
“കാപ്പി കുടിക്കണോടാ കണ്ണാ?” കാപ്പിയോടും അവളോടും ഞാൻ  ഒരിക്കലും വേണ്ടാന്ന് പറയാറില്ല. പ്രത്യേകിച്ച് അവളുടെ ശ്വാസമേറ്റു ചൂടാറിയ കാപ്പി. അതിന് ഒരു  പ്രത്യേക സുഖമുണ്ട്. കാപ്പി കുടിച്ചു പകുതിയായപ്പോഴാണ് അവൾ ചോദിച്ചത് “പല്ല് തേച്ചോ നീയ്.?? എന്നും ഞാൻ ഇങ്ങനെയാ. പല്ലുതേക്കുന്നത് പോലും അവൾ ഉന്തിതള്ളിവിടുമ്പോഴാണ്. “ഇനിയിപ്പോ എന്തായാലും കാപ്പിയൊക്കെ കുടിച്ചിട്ട് പല്ലുതേക്കാം.” അവൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി. പല്ലുതേക്കാതെ കാപ്പി കുടിക്കുന്നത് പോയിട്ട് ഒന്നു ചുംബിക്കാൻ പോലും സമ്മതിക്കില്ല. വൃത്തിയുടെ കാര്യത്തിൽ അത്രേം കണിശ്ശക്കാരിയാണ്. ഞാൻ വീണ്ടും ആ മടിയിലെ മാർദ്ദവത്തിലേക്കു ഊളിയിട്ടിറങ്ങി.
“എന്റെ മടിയൻ കണ്ണാ” എന്നു പറഞ്ഞു അവളെന്റെ തലക്കിട്ട് ഒരു കിഴുക്ക് വെച്ചുതന്നു. ഞാൻ ഒന്നൂടെ അവളുടെ മടിയിൽ തല അമർത്തിവെച്ചു കിടന്നു. എപ്പോഴാണ് വീണ്ടും ഉറങ്ങിപോയതെന്നറിയില്ല. “ട്രെയിൻ മുംബൈ എത്താറായി വേഗം എണീക്കു കണ്ണാ” എന്നു പറഞ്ഞു മുടിയിൽ തഴുകിയപ്പോഴാണ് ഞാൻ എണീക്കുന്നത്. കണ്ണുതുറന്ന് നോക്കിയപ്പോൾ അവൾ നല്ല വൃത്തിയായി വേഷമൊക്കെ മാറി മുടിയൊക്കെ ചീകി വന്നു നിൽക്കുന്നു. എപ്പോഴാ അവളെന്നെ ഉണർത്താതെ എഴുന്നേറ്റുപോയതെന്നു അറിയില്ല. സാധാരണ ഒരു ചെറിയ അനക്കം കേട്ടാൽ പോലും ഞാൻ എണീക്കുന്നതാണ്. ഇതെന്തോ  മാജിക്കാണ്.

മുംബൈയിലെ സി എസ് ടി റെയിൽവേ സ്റ്റേഷനിൽ നിന്നു പോയത് നേരത്തെ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്കാണ്. ഹോട്ടലിൽ നിന്നു റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെ കൂട്ടികൊണ്ടുപോവാൻ ടാക്സി വിടാമെന്ന് ആ ഹോട്ടൽ റൂം ബുക്ക് ചെയ്തപ്പോൾ റിസെപ്ഷനിസ്റ് പറഞ്ഞതാ. ഇപ്പൊ സ്റ്റേഷനിൽ ആരും വന്നില്ല. കുറച്ചു നേരം ഹോട്ടലിലേക്ക് വിളിച്ചു വഴക്കുണ്ടാക്കി. അവസാനം ഒരു ടാക്സി പിടിചച്ചു മേൽവിലാസം തപ്പിപിടിച്ചു അവിടെ എത്തി. ചെന്നുകയറുമ്പോൾ തന്നെ  വഴക്കുണ്ടാക്കാനുള്ള പോക്കാണെന്ന് മനസ്സിലാക്കി അവൾ പറഞ്ഞു “ഞാൻ സംസാരിച്ചോളാം”. റിസെപ്ഷനിസ്റിന്റെ തെറ്റല്ല, കാശു വാങ്ങിപോയ ടാക്സി ഡ്രൈവർ പറ്റിച്ചതാണു. എന്തെങ്കിലും ആവട്ടെ. അവളെപ്പോഴും അങ്ങനെയാ ഞാനാരോടും വഴക്കിടുന്നത് ഇഷ്ടമല്ല, എങ്ങനെയെങ്കിലുമൊക്കെ ആ സാഹചര്യം ഒഴിവാക്കും. റൂമിലേക്ക് ഒരു മറാത്തി പയ്യനാണ് വഴികാട്ടിയത്. സാമാന്യം വലുപ്പമുള്ള വൃത്തിയുള്ള ഒരു റൂമായിരുന്നു അത്. 50രൂപയും കൊടുത്തു ആ മറാത്തി പയ്യനെ പെട്ടെന്നു പറഞ്ഞുവിട്ട് കതകു ലോക്കുചെയ്തു എന്നും രാവിലെ കിട്ടുന്ന പതിവിനായി അവളെ കെട്ടിപിടിച്ചു. “പോയി പല്ലുതേച്ചു കുളിച്ചു വാ മോനെ” എന്നും പറഞ്ഞവളെന്നെ തള്ളി മാറ്റി ബ്രഷും പേസ്റ്റും ടവ്വലും എടുത്തു തന്നു. മനസ്സില്ലാമനസ്സോടെ ഞാൻ കുളിക്കാൻ കയറി. കുളി കഴിഞ്ഞു വന്ന എനിക്കവൾ ഒരു ചൂടുകാപ്പി കപ്പിലേക്കു പകർന്നുതന്നു.
“കാപ്പി മാത്രമേയുള്ളൂ?”
“ഇപ്പൊ തത്കാലം അത്രേം ഉള്ളൂ.  ഞാൻ പോയി കുളിക്കട്ടെ. എന്നിട്ടു വേണം ഇരുന്നു പഠിക്കാൻ, നാളെ രാവിലെയാണേ പരീക്ഷ.”
“ആണോ?? എന്നാൽ ഞാൻ കിടന്നുറങ്ങാൻ പോവാ.” ഞാൻ ചിണുങ്ങി പറഞ്ഞു.
“അച്ചോടാ. പാവം എന്റെ കണ്ണൻ”.
എന്നും പറഞ്ഞു എന്റെ നെറ്റിയിൽ അവളെനിക്കൊരുമ്മ തന്നിട്ട് പെട്ടെന്ന് കുളിക്കാൻ പോയി.
എ സിയിൽ 20ഡിഗ്രി തണുപ്പ് സെറ്റ് ചെയ്തു ഞാൻ പുതപ്പിനടിയിലേക്ക്..

ആ വലിയ കെട്ടിടത്തിന്റെ പുറത്തു എന്നെപോലെ അധികം ആളുകളൊന്നും ഇല്ലായിരുന്നു. കുറേ നേരം അവിടെ ചുറ്റിക്കറങ്ങി. നാലുമണി കഴിഞ്ഞപ്പോൾ, പരീക്ഷയൊക്കെ കഴിഞ്ഞു പുറത്തേക്കു വന്ന അവളുടെ മുഖത്തെ ആ ചിരിയിൽ ഉണ്ടായിരുന്നു ആ പരീക്ഷ എത്രത്തോളം എളുപ്പമായിരുന്നുവെന്നു. ഓടിവന്നു എന്നെ കെട്ടിപിടിച്ചു അവൾ പറഞ്ഞു “പരീക്ഷ ഭയങ്കര എളുപ്പാർന്നു കണ്ണാ”. പരീക്ഷ സെന്ററിൽനിന്നു ഒരു ഓട്ടോയിൽ കയറി അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ വിടാൻ പറഞ്ഞു. സാന്താക്രൂസ് സ്റ്റേഷൻ.
അവിടെ നിന്നു മുംബൈയുടെ സ്വന്തം ലോക്കൽ ട്രെയിനിൽ കയറി ചർച്ഗേറ്റ് സ്റ്റേഷനിൽ ചെന്നു. നരിമാൻ പോയിന്റും മറൈൻ ഡ്രൈവും ആണു ഇന്നത്തെ ലക്‌ഷ്യം. മുന്നു അവിടെ ഒറ്റയ്ക്ക് പോയപ്പോഴൊക്കെ മനസ്സിൽ കുറിച്ചിട്ടതാണ് അവളെയും കൊണ്ടു ഒരു സന്ധ്യാനേരത്തു ആ കടൽക്കരയിലെ കല്ലിൽ ചെന്നിരിക്കണമെന്നു, അവളെ എന്നോട് ചേർത്തിരുത്തി അവിടത്തെ സൂര്യാസ്തമയത്തിന്റെ ചാരുത അനുഭവിക്കണമെന്ന്. മറൈൻ ഡ്രൈവിൽ ഒറ്റയ്ക്ക് പോയാൽ അതിന്റെയൊരു സുഖം കിട്ടില്ല. അവളെ ചേർത്തിരുത്തി അവിടെ ഇരുന്നു സമയം പോയതറിഞ്ഞില്ല. അവളും ഒരുപാടു  ആസ്വദിക്കുന്നുണ്ടായിരുന്നു  ആ കടലോരം. 9മണിയായപ്പോൾ എഴുന്നേറ്റു റൂമിലേക്ക് യാത്രയായി. ഇന്നലെ രാത്രി ഉറങ്ങാതെ ഇരുന്നു പഠിച്ചതുകാരണം പാവം പെട്ടെന്നു മയങ്ങിപോയി. പുതപ്പെടുത്തു അവളെ പുതപ്പിച്ചു പതിയെ തലമുടിയിൽ തഴുകികൊടുത്തപ്പോൾ ഒരു പൂച്ചക്കുട്ടിയെ പോലെ വീണ്ടും അവൾ ചുരുണ്ടുകിടന്നു. അവളുറങ്ങിയെന്നു കരുതി കയ്യെടുത്തു മാറ്റിയപ്പോളെന്റെ കൈ  അവൾ വീണ്ടുമെടുത്തു തലയിൽ വെച്ചു. പാവം കുട്ടി. പിന്നെയും കുറച്ചു നേരം മുടിയിഴകളെ തഴുകി,  അവളുറങ്ങിയെന്നു മനസ്സിലായപ്പോൾ ഞാനും ഉറങ്ങി.

ഇന്നത്തെ പ്ലാൻ എലഫന്റാ കേവ്സ് ആണ്. രാവിലെ പോയാൽ കുറച്ചു തിരക്ക് കുറവായിരിക്കുമെന്നു മുംബൈവാസികളായ സ്നേഹിതർ  പറഞ്ഞിരുന്നു. പക്ഷെ എനിക്ക് തിരിച്ചുവരുമ്പോൾ കടലിനുള്ളിൽ നിന്നുകൊണ്ടു സൂര്യാസ്തമയം ആസ്വദിക്കണം. അതുപ്രകാരം ഞങ്ങൾ ഉച്ചയൂണ് കഴിഞ്ഞാണ് പുറപ്പെട്ടത്. ഇന്ത്യാഗേറ്റിന്റെ അവിടെയാണ് കേവ്സിലേക്കു പോവാനുള്ള ടിക്കറ്റ് വിൽക്കുന്നത്. അവിടേക്കു ബോട്ടിൽ മാത്രേ പോവാൻ പറ്റൂ. അവിടെ ഇന്ത്യാഗേറ്റിലും താജ് ഹോട്ടലിലും കുറച്ചു സെൽഫിയൊക്കെ എടുത്തു ഞങ്ങൾ ബോട്ടിൽ കയറി. അവൾക്കു ഇത്തിരി  പേടിയുണ്ടെന്നെനിക്കു മനസ്സിലായി. അവളെന്റെ കൈയിൽ ഇറുക്കിപിടിച്ചിരിക്കുകയാണ്. കുറച്ചുകഴിഞ്ഞപ്പോളേക്കും കടൽ  കാക്കകൾ ഞങ്ങളുടെ ബോട്ടിനെ വട്ടമിട്ടു പറക്കാൻ തുടങ്ങി. അതുകണ്ടവൾ വീണ്ടും എന്റെ കയ്യിൽ ഇറുക്കിപ്പിടിച്ചു. അവൾ വിചാരിച്ചു ആ പക്ഷികൾ ഞങ്ങളെ ആക്രമിക്കാൻ വരുന്നതാണെന്ന്. ഞാനാണെങ്കിൽ സത്യം പറയാനും പോയില്ല. സഹയാത്രികരൊക്കെ കുർകുറേ എറിഞ്ഞുകൊടുക്കുന്നത് കണ്ടപ്പോഴാണ് അവൾക്കു കാര്യം പിടികിട്ടിയത്. പിന്നെയാണ് എനിക്ക് ശരിക്കും പണികിട്ടിയത്. എലഫന്റാ കേവ്സ് എത്തുന്നതുവരേക്കും ഒരു പത്തു പാക്കറ്റ് കുർകുറെ എങ്കിലും എന്നെകൊണ്ടു വാങ്ങിപ്പിച്ചു കാണണം. അവളുടെ സന്തോഷത്തിനു ഒരു അതിരുമില്ലായിരുന്നു. ഒരു കുഞ്ഞി കുട്ടിയെപ്പോലെ ആ കിളികൾക്കു കുർകുറെ എറിഞ്ഞു കൊടുത്തുകൊണ്ടേയിരിക്കാണ്. ബോട്ട് അങ്ങേകര എത്താറായപ്പോഴേക്കും കിളികളെയും കാണാതായി. അവ അടുത്ത ബോട്ടിനെ ലക്ഷ്യമാക്കി പോയികാണണം.

തിരിച്ചുപോരാൻ സന്ധ്യയാവാൻ കാത്തുനിന്നതു മനഃപൂർവമായിരുന്നു. അവളെന്റെ കയ്യിൽ അമർത്തിപിടിച്ചിരിക്കായിരുന്നു. തണുത്ത കടൽക്കാറ്റു ഞങ്ങളെ തൊട്ടുതലോടി. കൂടുതേടിയാണോ എന്നറിയില്ല പക്ഷികളൊക്കെ തിരക്കുപിടിച്ചു എങ്ങോ പറന്നുപോകുന്നുണ്ട്. പടിഞ്ഞാറേ ചക്രവാളത്തിൽ ദിവാകരേട്ടൻ പോവാൻ തയ്യാറായി നിൽപ്പുണ്ട്. ആകാശം മുഴുവൻ കുങ്കുമ നിറമായിരുന്നു, ഞാൻ അവളുടെ നെറ്റിയിൽ ചാർത്തിയ അതെ കുങ്കുമത്തിന്റെ നിറം. പടിഞ്ഞാറു നിന്നു ചുവന്ന സൂര്യരസ്മികൾ. അതിന്റെ ശോഭയിൽ വെട്ടി തിളങ്ങുന്ന ഇന്ത്യാ ഗേറ്റും താജ് ഹോട്ടലും. കൂടെ എന്റെ ചുന്ദരികുട്ടിയും. ആ കാഴ്ച്ചയിൽ ഞങ്ങളങ്ങനെ ഒരുപാടു നേരമൊന്നും  മനംമറന്നു നിൽക്കാനൊന്നും പറ്റിയില്ല. അപ്പോളേക്കും ബോട്ട് ഇറങ്ങാൻ സമയം ആയി.

പിറ്റേന്ന് രാത്രി 8മണിക്കു ആണ് ട്രെയിൻ. പതിവു പോലെ അന്നും ഞങ്ങൾ സൈഡ് ലോവറും സൈഡ് അപ്പറും ആണ് ബുക്ക് ചെയ്തിരിക്കണതു. ഭക്ഷണം കഴിച്ചിട്ടാണ് ഞങ്ങൾ ട്രെയിൻ കയറിയത്. കേറിയപാടെ ഞാൻ അവളുടെ മടിയിൽ തല ചായ്ച്ചുറങ്ങാൻ തുടങ്ങി.

ഏകദേശം ഒരു 8.30 ആയിക്കാണും, ഏതോ ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു. പുറത്തു “കാപ്പീ.. കാപ്പീ.. ” വിളികൾ കേൾക്കുന്നുണ്ട്  ഉറക്കച്ചടവോടു കൂടി കണ്ണുതുറന്നു അപ്പുറത്തെ ബർത്തിൽ ഇരിക്കുന്ന ആന്റിയോട്‌ ചോദിച്ചു “തൃശൂരെത്ത്യോ?”. 
“തൃശൂർ കഴിഞ്ഞൂല്ലോ മോനേ, ഇത് ആലുവയാ”.
“എന്ത് ?? തൃശൂർ കഴിഞ്ഞോ???”
പിന്നെ ഒട്ടും താമസിച്ചില്ല. തല വെച്ചുറങ്ങിയിരുന്ന ബാഗും എടുത്ത് ടി ടി ഇ യുടെ കണ്ണുവെട്ടിച്ചു ആലുവ സ്റ്റേഷനിൽ ചാടിയിറങ്ങി. നമ്മുടെ സ്വന്തം ആനവണ്ടിയിൽ കയറി വീട്ടിലെത്തിയപ്പോഴേക്കും സമയം ഉച്ചയായി. രാവിലത്തേക്കു കഴിക്കാൻ ഉണ്ടാക്കിവെച്ചിരുന്ന പുട്ടു തണുത്തു പോയതിൽ അമ്മക്ക് പരാതി. “അതിനി വൈകുന്നേരം കഴിക്കാം അമ്മേ. തൽക്കാലം ചോറു താ..  വിശക്ക്ണു”.

കഥാപ്രസംഗം

കഥാപ്രസംഗം
ആദ്യമേ പറയാം ഞാനൊരു കാഥികൻ ഒന്നും അല്ലാട്ടാ. ഇതൊരു കഥയാണ്. ഞാൻ നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ നടന്ന കഥ. നമ്മ്‌ടെ സോണിയ ടീച്ചറാണ് ഞങ്ങളുടെ ക്ലാസ് ടീച്ചർ.
ഈ നാലാം ക്‌ളാസ്സിനൊരു പ്രത്യേകതയുണ്ട്.  എന്താന്നല്ലേ.. പറയാം.
ആ കൊല്ലം ആണ് അന്തപ്പൻ സർക്കാർ ഡി പി ഇ പി സംഭവം ആദ്യായിട്ട് കേരളത്തിൽ കൊണ്ട് വന്നത്. വേറെ ഒരു പ്രത്യേകത കൂടിയുണ്ട്. നാലാം ക്‌ളാസ് വരെ ഞങ്ങളുടെ സ്കൂളിൽ ബെഞ്ച് മാത്രേ ഉള്ളൂ. എന്തെങ്കിലും എഴുതാൻ പറഞ്ഞാൽ തീർന്നു.  ബെഞ്ചിന്റെ പുറകിൽ മുട്ടു കുത്തി ഇരുന്നു വേണം എഴുതാൻ. താഴെ മണ്ണ് വല്ലോം ഉണ്ടെങ്കിൽ കാൽമുട്ടിലെ തൊലിയുടെ കാര്യം തീരുമാനം ആയികിട്ടും. പക്ഷേ, കണക്കൊക്കെ ആദ്യം ചെയ്തുതീർത്തു ഉത്തരം വിളിച്ചു പറയാനുള്ള തിടുക്കത്തിൽ ആ വേദന ഒക്കെ മറക്കും.
അങ്ങിനെ ക്‌ളാസും സ്കൂൾ ജീവിതവും ഒക്കെ നന്നായിട്ടു പോവുമ്പോഴാണ് ഉപജില്ലാ കലോത്സവത്തിന്റെ കടന്നുവരവ്. കലാരംഗത്ത്‌ ഒട്ടും കഴിവ് തെളിയിക്കാത്ത എന്നെ സംബന്ധിച്ച് അതൊന്നും ഒരു കാര്യമേ അല്ലായിരുന്നു. അല്ലെങ്കിലും ഞാനിതൊക്കെ എന്തിനു ശ്രദ്ധിക്കണം. നമുക്കു ക്രിക്കറ്റ് കളി, പളുങ്ക് കളി, പൊല്ല കളി അങ്ങനെ എന്തൊക്കെ കിടക്കുന്നു. ഇതൊക്കെ ശ്രദ്ധിക്കാൻ കഴിവുള്ള പിള്ളേർ ക്ലാസ്സിൽ വേറെ ഉണ്ടല്ലോ.
കാര്യങ്ങൾ തലകീഴ്മറിയാനും എൽ പി വിഭാഗം കഥാപ്രസംഗത്തിനു എന്റെ പേര് വരാനുമൊക്കെ അധികം സമയം ഒന്നും എടുത്തില്ല. ഈ തിരക്കഥയിൽ കറുത്ത കരങ്ങൾ എന്റേതായിരുന്നില്ല, സുന്ദരിയായ സോണിയ ടീച്ചറിന്റേം അല്പസ്വല്പം കവിതാഭ്രാന്തുള്ള ആ സ്കൂളിലെ പ്യൂണിന്റേം ആയിരുന്നു. ആ പ്യൂൺ ആണെന്റെ അച്ഛൻ മിസ്റ്റർ രാജീവൻ. അച്ഛന് എന്നോട് ഇത്രേം ദേഷ്യം ഉണ്ടായിരുന്നെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. ഈ സംഭവത്തിന് കുറച്ചു ദിവസം മുന്ന് ഞാനും ഏട്ടനും കൂടി ഒരു അഞ്ഞൂറ് രൂപയുടെ നോട്ട് കൊണ്ട് കളഞ്ഞിരുന്നു, മിക്കവാറും അതിന്റെ ദേഷ്യം തീർത്തതായിരിക്കും.  എന്നാലും എന്റെ അച്ഛാ. ഈ പാവം തുമ്പിയെ കൊണ്ട് ഒന്നര ടണ്ണിന്റെ കല്ല് തന്നെ എടുപ്പിക്കണാരുന്നോ..
എന്തൊക്കെ പറഞ്ഞിട്ടും ഒരു രക്ഷയുമില്ല, അച്ഛൻ പിന്മാറുന്ന ലക്ഷണമൊന്നും കാണുന്നില്ല. അവസാനം ഞാനും ഒരു തീരുമാനം എടുത്തു, കഥാപ്രസംഗമെങ്കിൽ കഥാപ്രസംഗം. ഒരു കൈ നോക്കാം. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഒന്നുമില്ലെങ്കിലും ക്ലാസ്സിലെ പിള്ളേരുടെ മുന്നിലൊന്നു ആളാവാമല്ലോ.
കവിതാഭ്രാന്തൻ അച്ഛൻ കണ്ടുപിടിച്ച കഥ പൂതപ്പാട്ട് തന്നെ. സ്ഥിരം ക്ളീഷേ സാധനം. അത് അച്ഛന്റേതായ രീതിയിൽ മാറ്റിയെഴുതി. കല്ലിന്റെ ഭാരം കുറക്കാൻ വേണ്ടി നല്ല രീതിയിൽ സംഭവം വെട്ടിചുരുക്കിയിട്ടുണ്ട്. ശരിക്കുമുള്ള കാരണം പിന്നീടാണ് എനിക്ക് മനസ്സിലായത്, എൽ പി വിഭാഗം കഥാപ്രസംഗത്തിന്റെ അനുവദനീയമായ സമയം കുറവാണത്രേ. വെറുതെ അച്ഛന് എന്നോടുള്ള സ്നേഹം കൊണ്ട് വെട്ടികുറച്ചതാണെന്ന് തെറ്റിദ്ധരിച്ചു.
എല്ലാ ദിവസവും അതിരാവിലെ അമ്മ എന്നെ വിളിച്ചെഴുന്നേല്പിക്കും,  കഥാപ്രസംഗത്തിന്റെ പേപ്പറും കൂടെ ഒരു വല്ല്യേ ചൂരലും പിടിച്ചു അച്ഛൻ വരും. അന്നൊക്കെ അച്ഛൻ താടി വളർത്തിയിരുന്നു. അച്ഛന്റെ താടിയും ഉണ്ടക്കണ്ണും ചൂരലും എല്ലാം കൂടി കാണുമ്പോഴേ എന്റെ കിളികൾ പറന്ന് പോവും. പലപ്പോളും രാത്രിക്ക് രാത്രി എങ്ങോട്ടെങ്കിലും ഒളിച്ചോടി പോയാല്ലോ ന്ന് വരെ ആലോചിച്ചതാ. അമ്മയുണ്ടാക്കുന്ന ഫുഡിന്റെ കാര്യമൊക്കെ ആലോചിക്കുമ്പോൾ വീട്ടീന്ന് ഇറങ്ങാനും തോന്നൂല്ല. ആ ദിവസങ്ങളിലെ പ്രഭാതങ്ങൾ എനിക്ക് വളരെ കറുത്തതായിരുന്നു.
എന്നാലും ഒരാഴ്ച കൊണ്ട് ഞാൻ 3പേജ് സംഭവം പഠിച്ചെടുത്തു. വെറും കാണാപാഠം. ഒന്ന് സമാധാനം ആയിവന്നപ്പോളേക്കും അച്ഛൻ അടുത്ത സ്റ്റേജിലേക്ക് കടന്നു. ഡയലോഗ് പ്രസന്റേഷനും വരികൾക്കുള്ള ഭാവപകർച്ചയും. അച്ഛൻ കാണിച്ചു തന്നിരുന്ന ഭാവങ്ങൾ എനിക്കതുപോലെ കാണിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല,  ഞാൻ കാണിച്ചുകൊണ്ടിരുന്നത് പരമബോറും ആയിരുന്നു. എന്റെ ഈ കഷ്ടപാടുകളാണ് പിൽകാലത്തു ശ്രീനിവാസൻ ഉദയനാണു താരം സിനിമയിൽ പുനരാവിഷ്കരിച്ചു കയ്യടി വാങ്ങിയത്. അന്നേ ഞാനൊരു പേറ്റന്റ് ഫയൽ ചെയ്തിരുന്നെങ്കിൽ സിനിമ ഇറങ്ങിയപ്പോ നല്ലൊരു തുക റോയൽറ്റി വാങ്ങിയേനേ. ആ പോട്ടേ,  പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടോ.
ഓരോ തവണ എക്സ്പ്രെഷൻ തെറ്റിക്കുമ്പോഴും ആക്ഷൻ മാറുമ്പോഴും ചൂരൽ കഷായത്തിന്റെ രുചി ഞാൻ ശരിക്കും അറിഞ്ഞു. അമ്മയാണ് അല്പമെങ്കിലും സ്നേഹം കാണിച്ചിരുന്നത്
“അവൻ ചെയ്തോളും, നിങ്ങൾ അവനെയിങ്ങനെ തല്ലാതെ മനുഷ്യാ”
ആര് കേൾക്കാൻ.
ഞാൻ ഓരോന്ന് തെറ്റിക്കുമ്പോളും അച്ഛൻ ചൂരൽ കഷായം തന്നുകൊണ്ടേയിരുന്നു. എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി ഒരുവിധം ശരിയാക്കി. സ്കൂളിൽ ചെല്ലുമ്പോ ടീച്ചറും ചോദിക്കും
“ന്തായി മോനേ, നമ്മൾ ഫസ്റ്റ് അടിക്കൂല്ലേ? “
വീട്ടിലും സ്കൂളിലും സർവത്ര കഥാപ്രസംഗം.
വ്യാഴാഴ്ച ആണ് യുവജനോത്സവം തുടങ്ങുന്നേ. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂളിൽ കലോല്സവത്തിന് പോവുന്നവർക്കു ഒരു ഫൈനൽ പ്രാക്ടീസ് ഉണ്ടെന്നു ക്ലാസ്സിലേക്ക് നോട്ടീസ് വന്നു. അതും സ്കൂൾ അസംബ്ലിയിൽ. ആ നോട്ടീസ് കൊണ്ടുവന്നതും അച്ഛൻ തന്നെയാ. അച്ഛനും ടീച്ചറും പരസ്പരം നോക്കി ഒരു കൊലച്ചിരി ചിരിച്ചു, എന്നിട്ടു രണ്ടുപേരും കൂടി ആ ചിരി എനിക്ക് തന്നു. പിന്നാലെ ടീച്ചറുടെ വക ഒരു ചോദ്യവും
“എന്താ ശരണേ, എല്ലാം ശരിക്കു പഠിച്ചിട്ടുണ്ടല്ലോ അല്ലേ,  ഒന്നാം സമ്മാനം മറക്കണ്ട”
ഞാനൊന്നു ഞെട്ടി. ചിന്തകളുടെ ഒരു പ്രവാഹം എന്റെ തലച്ചോറിനെ പ്രകമ്പനം കൊള്ളിച്ചു. യുവജനോത്സവം, സ്റ്റേജ്, മൈക്ക്,  ജഡ്ജസ്, കാണികൾ.. തല കറങ്ങുന്നത് പോലെ തോന്നി  എനിക്ക്. പിന്നീട് ടീച്ചർ ക്ലാസ്സിൽ പറഞ്ഞതൊക്കെ എനിക്കേതോ അന്യഗ്രഹ ഭാഷയാണെന്നാ തോന്നിയത്. അമ്മ ഉച്ചക്ക് ചോറ് വാരി തന്നതും അച്ഛന്റെ മുന്നിൽ കഥാപ്രസംഗം അവതരിപ്പിച്ചതും ചേട്ടന്റെ കൈപിടിച്ചു തിരികെ സ്കൂളിലേക്ക് പോയതുമെല്ലാം യാന്ത്രികമായിരുന്നു.
സ്കൂളിലെത്തി ബെല്ലടിച്ചു, എന്റെ മരണമണി പോലെയാണ് എനിക്ക് ആ മണി ശബ്ദം കേട്ടത്. കുട്ടികളെല്ലാവരും സ്കൂൾ മുറ്റത്തു അസംബ്ലിക്കായി വന്നു നിന്നു. പരിപാടികൾ പങ്കെടുക്കുന്ന കുട്ടികൾ എല്ലാരും ഓഫീസിൽ ചെന്ന് നിന്നു. കൂടെ ഞാനും. മൂന്നാമതായിരുന്നു എന്റെ ഊഴം. അവിടന്ന് ഇറങ്ങി ഓടിയാലോ എന്നായിരുന്നു എന്റെ ചിന്ത, അല്ലെങ്കിൽ തലചുറ്റി വീഴാം. പക്ഷേ, വീഴുമ്പോൾ തല എങ്ങാനും നിലത്തിടിച്ചാൽ വേദന എടുക്കൂല്ലേ. രക്ഷപെടാനുള്ള വഴികൾ ആലോചിച്ചുകൊണ്ടിരിക്കെ അടുത്ത അന്നൗൺസ്‌മെൻറ് വന്നു
“അടുത്തതായി 4-B ഇലെ ശരൺരാജ് അവതരിപ്പിക്കുന്ന കഥാപ്രസംഗം”
സർവ്വതും നിലച്ചുപോയി. കയ്യും കാലും കണ്ണും നാക്കുമെല്ലാം.
ഇനിയെന്ത് എന്ന ചോദ്യത്തിനു പ്രസക്തിയുണ്ടായിരുന്നില്ല.
എല്ലാവരേയും ഞെട്ടിക്കുന്ന അത് നടന്നത് നിമിഷങ്ങൾക്കുള്ളിലായിരുന്നു.
എന്റെ കഥാപ്രസംഗം കേൾക്കാൻ കാത്തിരുന്ന എല്ലാവരും കേട്ടത് എന്റെ വലിയ വായിലുള്ള കരച്ചിലായിരുന്നു.
“എനിക്ക് കഥാപ്രസംഗം പറയണ്ടായേ”
അച്ഛൻ ഓടിവന്നെന്നെ കെട്ടി പിടിച്ചു
“എന്താടാ പറ്റിയേ? കരയണ്ടാട്ടോ”.
ശരിക്കും അച്ഛന്റേന്ന് അടിയാണ് ഞാൻ പ്രതീക്ഷിച്ചത്. എന്റെ കരച്ചില് കണ്ടിട്ട് അച്ഛനും വിഷമമായിക്കാണും
ഞാൻ നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു.
എല്ലാവരുടെയും പ്രാക്ടീസ് ഒക്കെ കഴിഞ്ഞു അസംബ്ലി പിരിച്ചുവിട്ടതും ഞാൻ നേരെ വീട്ടിലേക്കോടി. ക്ലാസ്സിൽ പോയി ബാഗൊന്നും എടുക്കാൻ നിന്നില്ല.
വൈകുന്നേരവും പിറ്റേദിവസം രാവിലെയും ഒരുപാടു പ്രലോഭങ്ങളും വാഗ്ദാനങ്ങളും ഒക്കെ നടത്തിയിട്ടും ഞാൻ കൂട്ടാക്കിയില്ല. എനിക്കേറെ ഇഷ്ടപെട്ട മിൽകിബാർ വരെ വാങ്ങി താരാന്നു പറഞ്ഞു, ഞാൻ കുലുങ്ങിയില്ല.
കലോത്സവത്തിന് പോയി വന്ന അച്ഛൻ പറയുവാ
“എന്റെ അച്ചൂ, നിനക്ക് മത്സരിക്കാൻ പോവരുന്നു ട്ടാ, ആകെ രണ്ടു കുട്ട്യോളേ ഉണ്ടാർന്നുള്ളൂ കഥാപ്രസംഗത്തിന്, നിനക്ക് എന്തായാലും സമ്മാനം കിട്ട്യേനേ.”

Design a site like this with WordPress.com
Get started