പോളിടെക്നിക് കോളേജിൽ യന്ത്രങ്ങളുടെ പ്രവർത്തനം പഠിച്ച് ചെന്നൈയിലെ ജോലിയും അവസാനിപ്പിച്ച് തിരിച്ചു നാട്ടിലെത്തി എഞ്ചിനീയറിംഗിന്റെ ഉപരിപഠനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസിനെത്തിയതായിരുന്നു മനു. പരിചയമുള്ള ഒന്നോ രണ്ടു മുഖങ്ങളുണ്ടായിരുന്നെങ്കിലും നീണ്ട ഒരു ഇടവേളക്ക് ശേഷം പഠനത്തിലേക്ക് വന്നതിന്റെ ഒരു അങ്കലാപ്പും പരിഭ്രമവും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. ഒപ്പം വല്ലാത്ത ഒരു പേടിയും.
ചെന്നൈയിലെ ജോലി അവസാനിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ അച്ഛൻ പറഞ്ഞത് അവന്റെ തലയ്ക്ക് മുകളിൽ ഒരു കോടാലി പോലെ തൂങ്ങി കിടന്നിരുന്നു.
“ജോലി രാജിവെയ്ക്കുന്നതൊക്കെ കൊള്ളാം, മര്യാദക്ക് പഠിച്ചു ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ വാങ്ങിയാൽ നിനക്ക് കൊള്ളാം, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ചേർത്ത് പഠിപ്പിക്കാനുള്ള കാശൊന്നും നിന്റെ അച്ഛന്റെ കയ്യിൽ ഇല്ലാ ട്ടോ ”
ചെറിയ ഒരു പേടിയുണ്ടായിരുന്നെങ്കിലും പഠിച്ചു നല്ല റാങ്കിൽ എൻട്രൻസ് പരീക്ഷ പാസാവാമെന്ന് ആവശ്യമില്ലാത്തൊരു കോൺഫിഡൻസ് ആയിരുന്നു അവനപ്പോൾ.
ടൗണിലെ വളരെ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ കോച്ചിംഗിന് അഡ്മിഷൻ എടുത്തു ആദ്യ ദിവസം ക്ലാസ്സിൽ ചെന്നതായിരുന്നു നമ്മുടെ കഥാനായകൻ.
ചുറ്റുമുള്ള കുട്ടികൾ അതിഭീകരമായ രീതിയിൽ പഠിച്ചു കൊണ്ടിരിക്കുന്ന കണ്ട തന്റെ കിളികൾ പലതും പല വഴിക്ക് പറന്നു പോവുന്നത് നോക്കി നിൽക്കാനെ മനുവിന് കഴിഞ്ഞുള്ളൂ.
തികച്ചും അപരിചിതമായ സാഹചര്യത്തിലുള്ള ക്ലാസ്സിലേക്ക് ആദ്യത്തെ ക്ലാസ് എടുക്കാനായി ഒരു സാർ ഓടി കയറി.
“ഗുഡ് മോർണിംഗ് സ്റ്റുഡന്റ്സ്.
എൻട്രൻസ് കോച്ചിംഗിന്റെ ക്രാഷ് കോഴ്സിലേക്ക് എല്ലാർക്കും സ്വാഗതം.
ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം.
നിങ്ങൾ മത്സരിക്കാൻ പോവുന്നത് കഴിഞ്ഞ 6-7 മാസമായി ഈ പരീക്ഷയ്ക്കായി പഠിച്ചു കൊണ്ടിരിക്കുന്നു മറ്റു ബാച്ചിലെയും കേരളത്തിലെ മറ്റു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ കുട്ടികളും തനിയെ വീട്ടിലിരുന്നു പഠിച്ചു വരുന്ന കുട്ടികളുമൊക്കെ ആയിട്ടാണ്.
ചുരുക്കത്തിൽ പറഞ്ഞാൽ നിങ്ങൾ വളരെ വൈകിയാണ് പഠിപ്പ് തുടങ്ങുന്നത്.
ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി പഠിപ്പിക്കാൻ ശ്രമിക്കും, നിങ്ങളും കൂടി മര്യാദക്ക് പഠിച്ചാൽ നിങ്ങൾക്ക് കൊള്ളാം.,
Let us start!”
ഇതും കൂടി കേട്ടപ്പോൾ അവന്റെ ബാക്കിയുണ്ടായിരുന്ന കിളികൾ കൂടി പറന്നു പോയി.
ആദ്യത്തെ ദിവസത്തെ ക്ലാസ് കഴിഞ്ഞു.
രണ്ടാമത്തെ ദിവസത്തെ ക്ലാസും കഴിഞ്ഞു.
മൂന്നാമത്തെയും നാലാമത്തെയും കഴിഞ്ഞു. അങ്ങനെ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുവീണു.
ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോളേക്കും ക്ലാസ്സിലെ കുറച്ച് പേരെയൊക്കെ പരിചയപ്പെട്ടു. ആ കൂട്ടത്തിൽ മനുവുമായി കൂടുതൽ കൂട്ടായത് അവളായിരുന്നു. മാളവിക എന്ന മാളു. പിപ്പിരിതലമുടിയൊക്കെയായി ഒരു ക്യൂട്ട് കുട്ടി.
അവർ നല്ല കൂട്ടാവാൻ ഒരു കാരണം രണ്ടുപേരുടെയും വീടുകൾ അടുത്തടുത്ത സ്ഥലങ്ങളിൽ ആയിരുന്നു എന്നതാണ്.
ക്ലാസിനിടയിലെ ബ്രേക്കുകളിലെ സംസാരം, ഒരുമിച്ചുള്ള ഉച്ച ഭക്ഷണം, ക്ലാസ് കഴിഞ്ഞു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബസ്സ് സ്റ്റാൻഡ് വരെയുള്ള നടത്തം, നടത്തത്തിനിടയിലുള്ള തള്ളുവണ്ടിയിലെ ചൂടുചട്ടിയിൽ മണ്ണിലിട്ട് വറുക്കുന്ന കപ്പലണ്ടി വാങ്ങി കഴിക്കൽ, ഒരേ റൂട്ടിലുള്ള യാത്ര.
അവർക്ക് രണ്ടുപേരും വളരെ നല്ല സുഹൃത്തുകളാവാൻ ഇതൊക്കെ തന്നെ ധാരാളം ആയിരുന്നു.
പരീക്ഷയ്ക്ക് മുന്നുള്ള ദിവസങ്ങളിൽ അവസാന നിമിഷ തയ്യാറെടുപ്പുകളും റിവിഷനുകളുമൊക്കെയായി രണ്ട് പേരും മുഴുകി. രാപ്പകലില്ലാതെ പഠനം. എൻട്രൻസ് പാസായി ഏതെങ്കിലും നല്ല എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ വാങ്ങിക്കണം എന്നതായിരുന്നു രണ്ടുപേരുടെയും ഒരേയൊരു ലക്ഷ്യം.
പരീക്ഷ കഴിഞ്ഞു രണ്ടുപേരും അത്യാവശ്യം നല്ല റാങ്കുകൾ തന്നെ നേടി രണ്ട് പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിൽ അഡ്മിഷനും സെറ്റ് ആക്കി. എഞ്ചിനീയറിംഗ് പഠനം തകൃതിയായി നടന്നു.
അവരുടെ സൗഹൃദം വാരാന്ത്യങ്ങളിലെ ഫോൺ വിളികളിലൊതുങ്ങി., 3 വർഷത്തിൽ ഇടക്കെപ്പോഴോ ഒന്നു രണ്ടോ തവണ മാത്രം അവർ കണ്ടുമുട്ടി.
പഠനത്തിൽ ഒഴപ്പാതിരുന്നതുകൊണ്ട് രാജ്യത്തെ രണ്ട് പ്രമുഖ കമ്പനികളിൽ രണ്ടുപേരും ജോലിയും സെറ്റാക്കി.
പരന്തു കഹാനി മേം ഏക് ട്വിസ്റ്റ് ഥാ.
രണ്ടുപേരുടെയും ജോലിയുടെ ബേസ് ലൊക്കേഷൻ ചെന്നൈ ആയിരുന്നു.
ചെന്നൈ പട്ടണം.
കേൾക്കാൻ നല്ല രസം ഉണ്ടെങ്കിലും ഒടുക്കത്തെ ചൂടായിരുന്നു.
മനു മുന്നേ ഇവിടെ താമസിച്ചിട്ടുള്ളതുകൊണ്ട് ചൂടിനോടും ഇവിടത്തെ രീതികളോടും പൊരുത്തപ്പെടാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല എന്നുവേണം കരുതാൻ.
പക്ഷേ മാളുവിന്റെ അവസ്ഥ വളരെ മോശം ആയിരുന്നു, അത്രയും നല്ലതല്ലാത്ത ഹോസ്റ്റലും അതിലും മോശമായ അവിടത്തെ ഫുഡും അവളെ പെട്ടെന്നൊരു രോഗിയാക്കി. ആ രോഗാവസ്ഥ നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങിക്കാനുള്ള അവളുടെ ആഗ്രഹത്തിനൊരു ഉൽപ്രേരകമായി പ്രവർത്തിച്ചു. ഐ ടി കമ്പനിയിലെ ജോലി ആയിരുന്നത് കൊണ്ട് നാട്ടിലേക്കൊരു ട്രാൻസ്ഫർ വളരെ എളുപ്പമായിരുന്നു അവൾക്ക്.
നാട്ടിലേക്ക് തിരിച്ചു പോവുന്നതിന് മുന്നേ അവരൊരുമിച്ചൊരു യാത്ര പോയി., ചെന്നൈയിലെ ഏറ്റവും മനോഹരമായ മഹാബലിപുരത്തേക്ക്. അതായിരുന്നു അവരൊരുമിച്ചുള്ള ആദ്യത്തെ യാത്ര. അതായിരിക്കും അവരൊരുമിച്ചുള്ള അവസാനത്തെ യാത്രയെന്ന് രണ്ടുപേരും മനസ്സിലാക്കിയിരുന്നില്ല. ബീച്ചിന്റെ ഭംഗിയും അതിമനോഹരമായ അവിടത്തെ ശിൽപങ്ങളുമൊക്കെ കണ്ടു അവനവൾക്ക് യാത്രാമൊഴിയേകി.
പിന്നീട് രണ്ടുപേരും അവരവരുടെ ജോലിയിൽ മുഴുകിയെങ്കിലും അവരുടെ സൗഹൃദം ഫോൺ കോളിലൂടെയും മെസ്സേജുകളിടെയും തുടർന്നു.
ഇടക്കെപ്പോഴോ ഒരു കോളിനിടയിൽ അവളൊരു പാട്ടു പാടി, സംസാരിക്കുമ്പോഴുള്ള അവളുടെ ശബ്ദവും പാട്ട് പാടുമ്പോഴുള്ള ശബ്ദവും രണ്ടും രണ്ടായിരുന്നു.
വളരെ മനോഹരമായി പാടുന്നു.
എന്നിട്ടും ഏതെങ്കിലും ഒരു പ്രോഗ്രാമിന് പാടുന്നതോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതോ ഒന്നും അതുവരെ കണ്ടില്ല എന്നുള്ളത് അവനിൽ കൗതുകമുണർത്തി. മനു അത് ചോദിച്ചെങ്കിലും മാളുവിന്റെ മറുപടി നിഗൂഢമായ ഒരു ചിരി മാത്രം ആയിരുന്നു.
കാലങ്ങൾ കഴിയവേ അവര് തമ്മിലുള്ള സൗഹൃദം ശക്തമാവുകയായിരുന്നു.
ഫോണിലൂടെയുള്ള ഒരു പതിവു കോളിനിടയിലാണ് അവളുടെ കല്യാണം ഉറപ്പിച്ച കാര്യം അവനറിയുന്നത്.
കുറച്ച് ദിവസം മുമ്പ് ഒരു പയ്യനും വീട്ടുകാരും കാണാൻ വന്നതിനെ കുറിച്ച് പറഞ്ഞിരുന്നത് അവൻ ഓർത്തു.
അവളുടെ കല്യാണത്തിൽ അവൻ എക്സൈറ്റഡ് ആയിരുന്നെങ്കിലും മാളു അത്രയ്ക്ക് ഉഷാറാണെന്ന് അവന് തോന്നിയില്ല.
“എന്താ മാളൂ., നിനക്ക് സന്തോഷം ഇല്ലാത്ത പോലെ? എല്ലാം ഓക്കേ അല്ലേ?”
“ആടാ ഞാൻ ഹാപ്പിയാ”
“ആ ബെസ്റ്റ്, നീയിത് പറയുന്നത് കേട്ടാൽ തന്നെ അറിയാം നീ ഭയങ്കര ഹാപ്പി ആണെന്ന്”
“അല്ലെടാ, ഞാൻ ഓക്കേ ആണ്“
“കളിക്കാതെ നീ കാര്യം പറ മാളു”
“ഒന്നും ഇല്ലെടാ, ഞാൻ എങ്ങനെയാ നിന്നോട് പറയാന്ന് ആലോചിക്ക്യാണ്, ഇത്രേം കാലം ആയിട്ടും ഞാൻ ഈ കാര്യം നിന്നോട് മനപ്പൂർവ്വം പറയാതെ ഇരുന്നതാ”
“ഭയങ്കര ബിൽഡ് അപ്പ് ആണല്ലോ”
“അങ്ങനെ അല്ലെടാ, നീ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ഓർത്തുള്ള ഒരു ടെൻഷൻ”
“എന്റെ പൊന്നു മാളൂ, നീ എന്നേം കൂടി ടെൻഷൻ അടിപ്പിക്കാതെ കാര്യം പറഞ്ഞേ”
അവളുടെ സംസാരത്തിലെ ആധി കണ്ടപ്പോൾ അവനും കുറച്ച് ടെൻഷൻ ആയി തുടങ്ങി.
“എടാ., എനിക്ക് ഒരു പ്രണയം ഉണ്ട്, കുറച്ച് വർഷങ്ങളായി., ഞാൻ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ രാഷ്ട്രീയത്തിൽ ആക്റ്റീവ് ആയിരുന്ന കാര്യം നിനക്ക് അറിയാല്ലോ, ആ സമയത്ത് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഞങ്ങളുടെ കോളജിന്റെ ചുമതല ഈ ഏട്ടനായിരുന്നു. അങ്ങനെയാ ഞങ്ങൾ പരിചയപ്പെട്ടതും പിന്നീടെപ്പോഴോ ഇഷ്ടത്തിൽ ആവുന്നതും. പ്രശ്നം എന്താണെന്ന് വെച്ചാ ഇതുവരെ ഈ കാര്യം എന്റെ വീട്ടിൽ പറഞ്ഞില്ല”
“ആഹാ, എന്റെ കുട്ടിക്ക് ഇങ്ങനെ ഒരു സ്റ്റോറി കൂടി ഉണ്ടായിരുന്നോ. അടിപൊളി. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞൂടെ, അവരു സെറ്റ് ആക്കി തരുമല്ലോ, പിന്നെ ഇപ്പോ ഉറപ്പിച്ച കല്യാണം നമുക്ക് പറഞ്ഞു സെറ്റ് ആക്കാം ന്നേ”
അവളുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി.
“കല്യാണം വാക്കാൽ ഉറപ്പിച്ചതല്ലേ ഉള്ളൂ, എൻഗേജ്മെന്റ് ഒന്നും കഴിഞ്ഞില്ലല്ലോ, പയ്യന് കാര്യം പറഞ്ഞാൽ മനസ്സിലാകുമല്ലോ.”
വീണ്ടും അവരുടെ മറുപടി ഒരു മൂളൽ.
“വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
മൂപ്പരിപ്പോൾ രാഷ്ട്രീയം ഒക്കെ വിട്ടു ലൈഫ് സെറ്റ് ആക്കി കാണില്ലേ?”
ഒരു ദീർഘനിശ്വാസത്തോടെയാണ് മാളു അത് പറഞ്ഞത്
“അവിടെയാണെടാ മെയിൻ പ്രശ്നം”
എന്തെങ്കിലും ചെറിയ പ്രശ്നമാവും എന്ന് കരുതിയ മനു ശരിക്കും ഞെട്ടാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
“എടാ., രാഷ്ട്രീയം ആണ് പ്രശ്നം. എന്തോ എതിർകക്ഷിക്കാരുമായി അടിപിടിയിൽ ഏട്ടൻ അവരിലൊരുത്തന്റെ തലയിൽ സോഡകുപ്പി വെച്ചു അടിച്ചു, അടികിട്ടിയ പയ്യൻ കുറച്ച് സീരിയസാണു, ഏട്ടനിപ്പോൾ 2-3 മാസമായി ജയിലിലാണ്“
അവന്റെ കിളികൾ എവിടെയൊക്കെയോ പോയിരുന്നു ചിലക്കുന്നത് അവൻ കേൾക്കുന്നുണ്ടാരുന്നു.
ഞെട്ടലിൽ നിന്ന് മാറാതെ അവൻ ചോദിച്ചു
“എന്താ മാളൂ ഇത്, തമിഴ് സിനിമയോ??
പഠിച്ചു സെറ്റ് ആയ കാമുകി, ചുമ്മാ രാഷ്ട്രീയം കളിച്ചു തല്ലുണ്ടാക്കി നടക്കുന്ന കാമുകൻ, ഇനി ഇപ്പോ ക്ലൈമാക്സിൽ വീട്ടുകാരെയൊക്കെ വെറുപ്പിച്ച് കാമുകി കാമുകന്റെ കൂടെ പോയി ജീവിതം മൊത്തം നരകിയ്ക്കാൻ ആണോ??”
“എടാ അങ്ങനെ അല്ലെടാ”
“പിന്നെ എങ്ങനെയാണ്?”
“ഞങ്ങൾ കുറച്ച് നാൾ മുന്നേ ഭാവിയെ പറ്റി സംസാരിച്ചു ഒരു ധാരണയിൽ എത്തിയതാണ്., ഏട്ടൻ 2 വർഷം സമയം വേണമെന്ന് പറഞ്ഞിരുന്നു ജോലിയൊക്കെ ആയി സെറ്റ് ആവാൻ. അതിന്റെ ഇടയിലാണ് ഈ പ്രശങ്ങൾ ഉണ്ടായത്”
“ഈ കുറച്ച് നാൾ മുന്നേ ന്നു വെച്ചാ എത്ര നാളായി?”
“മൂന്ന് മൂന്നര കൊല്ലം ആയി”
അവൻ അടുത്തത് എന്താ ചോദിക്കാൻ പോവുന്നതെന്ന് അറിയുന്നതുകൊണ്ടാവാം അവളുടെ ശബ്ദം വളരെ താണിരുന്നു.
ഞെട്ടലൊക്കെ മാറിയെങ്കിലും ഇതൊന്നും ഒരു വഴിക്ക് നടപടിയാവില്ലെന്ന് അവനു ഏകദേശം മനസ്സിലായി.
സാഹചര്യം കുറച്ച് ലൈറ്റാക്കാൻ അവൻ ചോദിച്ചു
“എന്നിട്ട് എന്താ മാളൂന്റെ ഫ്യൂച്ചർ പരിപാടികൾ?”
“ഇനിയും അവനു വേണ്ടി കാത്തിരുന്നു വെറുതേ സമയം പാഴവുമോ എന്നൊരു പേടിയുണ്ടെടാ”
“അപ്പോ ഇതുവരെ കളഞ്ഞ 3-4 കൊല്ലങ്ങളോ”
അവനവളെ കളിയാക്കികൊണ്ട് ചോദിച്ചു
“ആ ഇനി നീയും കൂടി തുടങ്ങിക്കോ എന്നെ കുത്താൻ., റൂമിലാണെങ്കിൽ ഇവളുമാര് എന്നെ ഇപ്പോഴും കളിയാക്കൽ ആണ്.
ഞാൻ സീരിയസായിട്ടാ ചോദിക്കുന്നത്
ഏട്ടനു വേണ്ടി ഇനി കാത്തിരിക്കണോ?
അച്ഛനോടും അമ്മയോടും ഈ കാര്യം പറയണോ?
എന്താ നിന്റെ അഭിപ്രായം??”
“തുറന്നു പറയുന്നതുകൊണ്ട് എന്നോടൊന്നും തോന്നരുത്, നീ ഇപ്പോൾതന്നെ കുറെ സമയം അവനുവേണ്ടി കളഞ്ഞു. ഇനിയും അവന് വേണ്ടി സമയം പഴക്കാതിരിക്കുന്നതാവും നല്ലത്.
നീ മാനസികമായി അതിന് റെഡി ആണെങ്കിൽ, ഇപ്പോൾ വീടുകാർ കണ്ടെത്തിയ പയ്യൻ ഓക്കേ ആണെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ മൂവ് ഓൺ ചെയ്യുന്നതല്ലേ നല്ലത്?
പുറത്ത് നിനുള്ള ഒരാളാണെന്ന രീതിയിൽ നോക്കുമ്പോൾ എനിക്ക് അങ്ങനെയാ മാളൂ തോന്നുന്നേ.”
“എനിക്കും അങ്ങനെയാ തോന്നുന്നത്, ഏട്ടനോട് ഞാൻ തെറ്റ് ചെയ്തു എന്നൊരു കുറ്റബോധം പിന്നീട് ഉണ്ടാവുമോ എന്ന ഒരു പേടിയേ ഉള്ളൂ ടാ”
“എന്റെ പൊന്ന് മാളൂ, ഇത്രയുമൊക്കെ ആയില്ലേ, ഇനിയിപ്പോ മൂപ്പര് നല്ല പുള്ളിയായി ജയിലിൽ നിന്നൊക്കെ ഇറങ്ങി വീട്ടിൽ പെണ്ണ് ചോദിച്ചു വന്നു എന്നിരിക്കട്ടെ. കാര്യങ്ങളൊക്കെ അറിയുമ്പോൾ അച്ഛനും അമ്മയും സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്??”
“അതില്ലെടാ, അവര് സമ്മതിക്കുമെന്ന് തോന്നുന്നില്ല”
“അത്രേം ഉള്ളൂ., നല്ലൊരു ബന്ധം ആയിരുന്നെങ്കിൽ അച്ഛനയും അമ്മയെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഞാനും നിന്നെ സഹായിച്ചേനേ.
പിന്നെ കുറ്റബോധം. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല., കാര്യങ്ങൾ ശരിയാക്കാൻ നീ ഇത്രേം സമയം അവനു കൊടുത്തിട്ടും ചുമ്മാ രാഷ്ട്രീയം കളിച്ചു അടിയുണ്ടാക്കി നടക്കാൻ അല്ലായിരുന്നോ അവന്റെ തീരുമാനം, അപ്പോ പിന്നെ കുറ്റബോധത്തിന്റെ പ്രസക്തി ഇവിടെയില്ല”
വീണ്ടും ഒരു മൂളൽ മറുപടി
“നീ ഒരുപാടൊന്നും ആലോജിച്ച് തല പുണ്ണാക്കണ്ട മാളൂ”
“എനിക്കും അങ്ങനെയാടാ തോന്നുന്നേ, ഞാനെന്തിനാ എന്റെ നല്ല സമയം വെറുതെ കളയുന്നത്”
“അപ്പോ ഒരു തീരുമാനം ആയില്ലേ?
എപ്പോഴും ഒരു കാര്യം ഓർക്കണം നിന്റെ ജീവിതത്തിലെ തീരുമാനങ്ങളും ചോയ്സുകളും എടുക്കേണ്ടത് നീയാണ്, അത് ശരിയായ സമയത്തുതന്നെ എടുക്കണം.
ഇനി കല്യാണചെക്കന്റെ വിശേഷങ്ങൾ പറയൂ”
“അത്രക്കൊന്നും ഇല്ലെടാ, ഒരു നോർമൽ പയ്യൻ, പേര് കൃഷ്ണ, കിച്ചു എന്നാ എല്ലാരും വിളിക്കുന്നത്. കൊച്ചിയിൽ ഒരു ബാങ്കിൽ ആണ് ജോലി, നമ്മുടെ വീടിന്റെ അടുത്തൊക്കെ തന്നെയാ അവരുടേം വീട്., വീട്ടിൽ അച്ചനും അമ്മയും ഒരു ചേച്ചിയും ആണ് ഉള്ളത്. സംസാരിച്ചപ്പോൾ ഒരു പാവമാണെന്ന് തോന്നി.”
“ആഹാ ഫുൾ ഡീറ്റെയിൽസ് ഉണ്ടല്ലോ.,
നിനക്ക് ഓക്കേ ആണെങ്കിൽ കെട്ടിക്കോ.”
“ നോക്കാം സമയം ആവട്ടെ., എടാ പിന്നെ, ഏട്ടന്റെ കാര്യം കിച്ചുനോട് പറയണോ?
“അവൻ ഓക്കേ ആണെന്ന് തോന്നുന്നുവെങ്കിൽ പറയൂ, എനിക്ക് തോന്നുന്നത് നിന്റെ കലിപ്പൻ ഏട്ടന്റെ കാര്യം ഇപ്പോൾ തന്നെ അവനോട് പറയണ്ട എന്നാണ് ., വെറുതേ എന്തിനാ പാവത്തിനെ ഇപ്പോഴേ ഡാർക്ക് അടിപ്പിക്കുന്നത്“
“നമുക്ക് നോക്കാമല്ലേ??”
“പിന്നല്ല, നീ സെറ്റ് ആക്ക് 👍”
പിന്നീട് പലപ്പോഴും കലിപ്പന്റെ കാര്യങ്ങൾ മാളുവും മനുവും സംസാരിച്ചിരുന്നു, പല കാര്യങ്ങളിലും അവനവളെ കൃതിമായി വഴി കാട്ടിയിരുന്നു. കലിപ്പൻ ജയിലിൽ നിന്ന് പുറത്തിറങ്ങി മാളുവിന്റെ കല്യാണക്കാര്യം അറിഞ്ഞു അവളെ വിളിച്ച് ഭീഷണിപ്പെടുത്തിയെങ്കിലും മനു തന്റെ പോളിടെക്നിക്കിലെ SFI സുഹൃത്തുക്കൾ വഴി ആ പ്രശ്നം ഒതുക്കിയതായിരുന്നു. ഇതിൽ പലതും കിച്ചുവിനോട് അവൾ പറഞ്ഞിരുന്നില്ല.
3-4 മാസങ്ങൾ ശേഷം മാളുവിന്റെയും കിച്ചുവിന്റെയും കല്യാണത്തിന്റെ അന്ന് രാവിലെ വീട്ടമ്പലത്തിലെ താലികെട്ടിന് മുമ്പ് മാളുവിനെയും താലികെട്ടിന് ശേഷം അവരെ ഒരുമിച്ചും വീഡിയോ കോളിൽ കണ്ടപ്പോൾ അവന്റെ മനസ്സിൽ കലിപ്പനും കലിപ്പനെയോർത്ത് സമയം കളഞ്ഞിരുന്ന മാളുവും ആയിരുന്നു.
കല്യാണം കഴിഞ്ഞശേഷം രണ്ട് പേരും കൊച്ചിയിൽ ഒരു വീടൊക്കെ വാങ്ങി സെറ്റായിരുന്നു. ഒരിക്കൽ കൊച്ചിയിലെത്തിയപ്പോൾ അവൻ മാളുവിനെയും കിച്ചുവിനെയും കണ്ടിരുന്നു. മാളു പഴയ കലിപ്പനെയൊക്കെ മറന്നു കിച്ചുവിനും അവന്റെ ലോകത്തെയും സ്നേഹിച്ചു തുടങ്ങിയിരുന്നു. മാളു വളരെ സന്തോഷത്തിൽ ആയിരുന്നെങ്കിലും തന്നോടുള്ള പെരുമാറ്റത്തിലും സംസാരത്തിലും എന്തൊക്കെയോ മാറ്റം മനു ശ്രദ്ധിക്കാതിരുന്നില്ല.
‘കല്യാണം കഴിഞ്ഞതല്ലേ എല്ലാം പഴയത് പോലെ ആവണമെന്ന് ഇല്ലല്ലോ’
അതായിരുന്നു അവന്റെ മനസ്സിലെ ചിന്ത.
യാത്ര പറഞ്ഞു ഇറങ്ങുമ്പോഴവൻ അറിഞ്ഞിരുന്നില്ല ഇനി ഒരു കൂടി കാഴ്ച ഉണ്ടാവില്ലെന്ന്.
തിരികെ ചെന്നൈയിലേക്ക് പോവാനുള്ള ബസിലിരിക്കുമ്പോഴാണ് മാളുവിന്റെ കോൾ വരുന്നത്.
“എടാ ഞാൻ വേഗം ഫോൺ വെക്കും ട്ടോ”
“എന്താ മാളൂ, എല്ലാം ഓക്കേ അല്ലേ?”
“നീ ഇങ്ങോട്ടൊന്നും ചോദിക്കരുത്, ഞാൻ പറയുന്നത് കേൾക്കണം, മനസ്സിലാക്കണം,. ഇനി ഒരിക്കലും എന്നെ വിളിക്കുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്യരുത്.
എന്റെ പഴയ പല കാര്യങ്ങളും ഞാൻ കിച്ചുവിനോട് കല്യാണത്തിന് ശേഷം പലപ്പോഴായി പറഞ്ഞു ആ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെയൊക്കെയോ നിന്റെ പേരും കയറി വരും അപ്പോഴൊക്കെ കിച്ചു ചോദിക്കും ‘നിന്റെ ബെസ്റ്റ് ഫ്രണ്ടിന് അറിയുന്നതിന്റെ 10%കാര്യങ്ങൾ പോലും എനിക്ക് നിന്നെ പറ്റി അറിയില്ലല്ലോ മാളൂ’ എന്ന്.
ചില സമയങ്ങളിൽ അതൊരു വഴക്കായി.
ഇപ്പോഴാണെങ്കിൽ കിച്ചുവിന് നിന്നെ ഒട്ടും ഇഷ്ടവുമല്ല.
പണ്ട് നീ പറഞ്ഞത് പോലെ എന്റെ ജീവിതത്തിലെ വിഷമമേറിയ ഒരു തീരുമാനം അല്ലെങ്കിൽ കഠിനമായ ഒരു ചോയ്സ് ഞാനിപ്പോ ശരിയായ സമയത്ത് എടുക്കുകയാണ്. കിച്ചുവുമായി ഞാൻ ഹാപ്പിയാണ്, വീട്ടുകാരും, ഇതാണ് എന്റെ ജീവിതം”
“നീ വളരെ ശരിയായ ഒരു തീരുമാനം ആണ് മാളു എടുത്തിരിക്കുന്നത്, നിന്നെ ഓർത്തു എനിക്ക് എപ്പോഴും അഭിമാനം മാത്രമേ ഉള്ളൂ. എപ്പോഴെങ്കിലും നിനക്ക് എന്തെങ്കിലും ഒരു ആവശ്യം വരുകയാണെങ്കിൽ ഒരു കോൾ അകലെ ഞാൻ ഉണ്ടാവും”
“ഓക്കേ ഗുഡ് ബൈ ടാ”
“ഗുഡ് ബൈ മാളൂ”
വാട്സാപ്പിലെ സ്റ്റാറ്റസിൽ അവനിങ്ങനെ കുറിച്ചു.
“ചില സൗഹൃദങ്ങൾ അങ്ങിനെയാണ്, അതൊരു സുഖമുള്ള നോവാണ്”
















































