അതിജീവനം

എല്ലാ ദിവസവും ഉണരുമ്പോൾ മൊബൈൽ ഫോൺ നോക്കുന്നത് ഇപ്പോളൊരു പതിവായി മാറിയിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ കൊറോണയുമായുള്ള യുദ്ധം പ്രഖ്യാപിച്ചതുമുതലാണ് ഈ ശീലം ഒരു ശീലമായി മാറിയത്. പുതിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് അറിയാനുള്ള ഒരു വ്യഗ്രത. രോഗവ്യാപനത്തിന്റെ തോത് എങ്ങനെയാണു, എത്രപേർക്ക് രോഗം സ്ഥിരീകരിച്ചു, എത്രപേർക്ക് രോഗത്തോട് കീഴടങ്ങേണ്ടി വന്നു എന്നൊക്കെയാണ് പതിവായി നോക്കിയിരുന്നത്. കൂടെ ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനകളും നോക്കിയിരുന്നു.
പതിവുപോലെ ഒരു ദിവസം രാവിലെ ഫോണിലെ മനോരമ ന്യൂസ്‌ ആപ്പ് നോക്കിയപ്പോൾ ലോകാരോഗ്യ സംഘടനയുടെ ഒരു പ്രസ്താവന കണ്ടത്. ലോകത്തു നേഴ്സുമാരുടെ വലിയ തോതിലുള്ള കുറവുണ്ടെന്ന്.

ചെയ്യുന്ന തൊഴിലിനു മാന്യമായ ശമ്പളം കിട്ടാൻ വേണ്ടി സമരം ചെയ്ത, ആശുപതിയുടെ ടെറസ്സിൽ കയറി ആൽമഹത്യാ ഭീഷണി മുഴക്കിയ, പഠിക്കാൻ കടമെടുത്ത പൈസ തിരിച്ചടയ്ക്കാൻ പോലും കിട്ടുന്ന ശമ്പളം തികയാത്ത, പന്ത്രണ്ടും പതിനാലും പലപ്പോഴും അതിലേറെയും മണിക്കൂറുകൾ ഭക്ഷണം പോലും കഴിക്കാതെ ജോലി ചെയ്യാൻ നിർബന്ധിതരാവുന്ന, മാലാഖമാരെന്നു വിളിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട, നഴ്സുമാരുടെ കുറവ്. വാർത്ത കണ്ടപ്പോൾ ശരിക്കും ദേഷ്യമാണ് വന്നത്. ഈ പറയുന്ന മാലാഖമാർക്കു കൃത്യമായ ശമ്പളം കിട്ടുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന എപ്പോളെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകുമോ?
പക്ഷേ, ഇതൊന്നും മാലാഖമാരെ ബാധിക്കുന്നതേയില്ല. എബോള വന്നാലും നിപ്പ വന്നാലും കൊറോണ വന്നാലും അവർ സദാസമയം ഡ്യൂട്ടി എടുക്കാൻ തയ്യാറാണ്.

എനിക്കറിയാവുന്ന നഴ്സുമാരോട് ചോദിച്ചാൽ അവർ പറയുന്നത് ഇങ്ങനെയാണ്
“ഞങ്ങൾക്കും ഉണ്ട് കുടുംബം, ഞങ്ങളുടെയും കുടുംബത്തിന്റെയും  സുരക്ഷയെക്കുറിച്ച് ആശങ്കയും ഉണ്ട്. ഈ ആശങ്കയെ വീട്ടിൽ തന്നെ വെച്ചിട്ടാണ് ഞങ്ങളോരോരുത്തരും ആശുപത്രിയിലെ കൊറോണ വാർഡിലേക്ക് കയറുന്നത്. ഞങ്ങൾക്ക് പേടിയാണ്, അതുകൊണ്ട് ഞങ്ങൾ ലീവ് എടുക്കുകയാണെന്നു പറഞ്ഞു ഓരോ നഴ്സുമാരും മാറിനിന്നാൽ നശിക്കാവുന്നതേയുള്ളൂ ഈ ലോകം”
വളരെ ശരിയല്ലേ. എന്നിട്ടും അധികാരികൾ ആരും തന്നെ അവരുടെ സങ്കടങ്ങളോ ആവശ്യങ്ങളോ കേൾക്കാൻ തയ്യാറാവാത്തത് കഷ്ടം തന്നെയാണ്.

ഇതൊക്കെ ആലോചിച്ചുകൊണ്ടു തന്നെയാണ് ആ ന്യൂസ്‌ എന്റെ ചേച്ചിക്ക് അയച്ചുകൊടുത്തത്. കല്യാണത്തിനു മുന്ന് നാട്ടിലും അങ്ങ് രാജ്യതലസ്ഥാനത്തും വിദേശത്തുമൊക്കെ നഴ്‌സ്‌ ആയിരുന്നു എന്റെ ചേച്ചി. കല്യാണം കഴിഞ്ഞു ഉണ്ണിക്കുട്ടൻ വന്നതോടെ പൂർണ്ണമായി കുടുംബിനിയായി ചേച്ചി. 
എന്നെ ഞെട്ടിച്ചത് ചേച്ചിയുടെ മറുപടിയായിരുന്നു.
“എടാ, ഞാൻ കൊറോണ വാർഡിലെ ഡ്യൂട്ടിക്ക് പോവാൻ തയ്യാറാണെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്, മിക്കവാറും അടുത്ത ആഴ്ചമുതൽ പോയി തുടങ്ങും”
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഇത്. മുന്ന് ജോലി ചെയ്തിരുന്ന ആശുപത്രികളിലൊക്കെ പ്രവർത്തനമികവിന് ചേച്ചിക്ക് ഒരുപാട് അംഗീകാരങ്ങൾ കിട്ടിയതൊക്കെ ഞാനൊന്നു ഓർത്തു.

അന്ന് വൈകുന്നേരം ചേച്ചിയുടെ മെസ്സേജ് വന്നു.
“അവരുടെ അറിയിപ്പ് വന്നു അടുത്ത ആഴ്ച ജോയിൻ ചെയ്യാൻ. ഒരു തവണ ഡ്യൂട്ടിക്ക് കയറിയാൽ പിന്നെ 15ദിവസം കഴിഞ്ഞേ ഇറങ്ങാൻ പറ്റുള്ളൂ ടാ, ഉണ്ണിക്കുട്ടനെ അളിയൻ നോക്കിക്കോളാമെന്നാണ് പറഞ്ഞത്”
എനിക്ക് ഒരുതരം മരവിപ്പ് ആണനുഭവപെട്ടതു. ചേച്ചിയെ കുറിച്ചോർത്തു അഭിമാനം, സന്തോഷം, കൊറോണ വാർഡിലേക്ക് ആണല്ലോ പോവുന്നതെന്നോർത്തുള്ള ഭയം, ഉണ്ണിക്കുട്ടന്റെ കാര്യം ആലോചിച്ചുള്ള വിഷമം. എല്ലാം ഒരേ നിമിഷത്തിൽ എന്റെ മനസ്സിലേക്ക് ഓടി വന്നു.
“നല്ലത് ചേച്ചി. ചേച്ചിയെ പോലെയുള്ള ഒരു നഴ്സിന്റെ സേവനം ഇപ്പോൾ നമ്മുടെ നാട്ടിലെ രോഗികൾക്കു ആവശ്യമാണ്. ദൈവം കൂടെയുണ്ടാവും. ഞങ്ങളുടെയൊക്ക പ്രാർത്ഥനയും. സൂക്ഷിക്കണം. ഇതും നമ്മൾ അതിജീവിക്കും”
ഇത്രയും മാത്രമേ ഞാൻ പറഞ്ഞുള്ളൂ.

മാസ്കും പി പി ഇ കിറ്റുമെല്ലാം ഇട്ടു ഡ്യൂട്ടിക്ക് കയറാൻ നിൽക്കുന്ന ഒരു ഫോട്ടോ ചേച്ചി അയച്ചു തന്നു. ശരിക്കും സങ്കടം തോന്നും. എങ്ങനെയാണാവോ ഇതിന്റെ ഇടയിൽ കൂടി ശ്വാസമെടുക്കുന്നത്.
വയസ്സായവരെ ശുശ്രൂഷിക്കുന്നതിൽ ചേച്ചിക്ക് ഒരു പ്രത്യേക മികവായിരുന്നു. അതുകൊണ്ട് തന്നെ ചേച്ചിയ്ക്ക് കിട്ടിയ രോഗികളും ഒരു അപ്പൂപ്പനെയും അമ്മൂമ്മയേയും ആണ്. വിദേശത്തുനിന്നും വന്ന മകന്റെയും കുടുംബത്തിന്റെയും കൂടെയാണ് അവർ താമസിച്ചിരുന്നത്. അവരുമായുള്ള സമ്പർക്കത്തിലൂടെയാണ് അപ്പൂപ്പനും അമ്മൂമ്മയ്ക്കും രോഗം കിട്ടിയത്.
രണ്ടുപേരുടെയും വയസ്സ് എൺപതുകളിൽ ആണ്‌. പോരാത്തതിന് നല്ല വാശിയും. പൊടിയരി കഞ്ഞി വേണം, കപ്പ വേണം, മീൻ കറി വേണം, പ്രാർത്ഥിക്കാൻ കൊന്തയും മാതാവിന്റെ രൂപവും വേണം.. എന്നിങ്ങനെ വാശികൾ പലവിധമാണ്. അവരുടെ ഓരോ കാര്യങ്ങളും ചേച്ചി കൃത്യമായി നോക്കി.
എന്നും വൈകുന്നേരങ്ങളിൽ വീഡിയോകോളിലൂടെ ചേച്ചി ഉണ്ണിക്കുട്ടന്റെ കുസൃതികളും ചിരിയും വർത്തമാനവും കൂടെ അമ്മയെ കാണാത്തതിന്റെ അവന്റെ സങ്കടങ്ങളും കാണുകയും കേൾക്കുകയും ചെയ്തു. 15ദിവസത്തെ ഡ്യൂട്ടിയും അത് കഴിഞ്ഞു 15ദിവസത്തെ സെൽഫ് ഐസൊലേഷനും കഴിഞ്ഞേ ചേച്ചിക്ക് ഉണ്ണിക്കുട്ടനെ നേരിട്ട് കാണാൻ പറ്റുള്ളൂ.

അവന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റാതെ അളിയൻ ഒരു ദിവസം അവനെയും കൊണ്ട് ചേച്ചി ജോലി ചെയ്തിരുന്ന ആശുപത്രിയുടെ മുന്നിൽ ചെന്ന് ചേച്ചിയേ വിളിച്ചു പുറത്തേക്കു വരാൻ പറഞ്ഞു. മാസ്ക്കിട്ടു എല്ലാ സുരക്ഷയും പാലിച്ചുകൊണ്ട് ചേച്ചി ഗ്രിൽ ഗേറ്റിന്റെ അപ്പുറത്ത് വന്നു നിന്നുവെങ്കിലും ചേച്ചിക്കും ഉണ്ണികുട്ടനും ഇടയിൽ ദൂരം ഒരുപാടാണ്. അകലെ നിന്ന് അമ്മയെ കണ്ട അവൻ ‘അമ്മേ’ ന്ന് കരഞ്ഞു ബൈക്കിൽ നിന്ന് ഇറങ്ങി അമ്മയുടെ അടുത്തേക്ക് ഓടാനുള്ള ഒരു ശ്രമം നടത്തി. അവനെ മുറുക്കി പിടിച്ചപ്പോൾ അളിയന്റെ കണ്ണിലും കണ്ണീരു കാഴ്ചയെ മറച്ചു. ചേച്ചിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. സ്വന്തം മകനെ ഒന്ന് എടുത്തു അവന്റെ നെറ്റിയിൽ ഒരു സ്നേഹചുംബനം കൊടുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അവന്റെ സുരക്ഷയെ കരുതി ആ ഗ്രില്ലിന്റെ അപ്പുറത്ത് നിന്ന് കരയാൻ മാത്രമേ കഴിഞ്ഞുള്ളു. അധികനേരം നിൽക്കാൻ ചേച്ചിക്ക് കഴിഞ്ഞില്ല. അളിയനോട് ഉണ്ണിക്കുട്ടനെയും കൊണ്ട് തിരിച്ചുപോവാൻ ആംഗ്യം കാണിച്ചു ചേച്ചി അകത്തേക്ക് പോയി. വീണ്ടും രോഗികളുടെ ഇടയിലേക്ക്.

ദിവസങ്ങൾ പോയ്കൊണ്ടിരിക്കെ അവരിരുവരും സുഖം പ്രാപിച്ചു വന്നു. ഇടക്കെപ്പോളോ ഒരു ചെറിയ തലവേദനയും തൊണ്ടവേദനയും ഇടയ്ക്കിടെ ശരീര താപനിലയിൽ ചെറിയ ഒരു വ്യത്യാസവും കണ്ടപ്പോൾ തന്നെ ചേച്ചി ഡോക്ടർമാരോട് വിവരം പറഞ്ഞു ഐസൊലേഷനിൽ പോയി. ഡോകട്ർ നിർദേശിച്ച പ്രകാരം കൊറോണയുടെ പരിശോധനക്കു സാമ്പിൾ അയക്കുകയും ചെയ്തു.
 
ഒരാഴ്ച കഴിഞ്ഞപ്പോൾ ചേച്ചിയുടെ റിസൾട്ട്‌ വന്നു, പോസിറ്റീവ് ആണ്. മറ്റു രോഗികളെ പോലെ ചേച്ചിയും കൊറോണ വാർഡിൽ അഡ്മിറ്റ്‌ ആയി. പക്ഷേ അപ്പോളേക്കും ചേച്ചി ശുശ്രൂഷിച്ച അപ്പൂപ്പനും അമ്മൂമ്മയും രോഗമെല്ലാം മാറി അവരുടെ വീടുകളിലേക്ക് പോയിരുന്നു.
വാർഡിലെ ഫാനും നോക്കി കിടക്കുമ്പോൾ ഇടയ്ക്കു ചേച്ചി മെസ്സേജ് അയക്കും.
“ഭയങ്കര തലവേദനയും ശ്വാസതടസ്സവും ആണെടാ. ശരീരം ആകെ തളർന്നു പോവുന്ന പോലെ”
നെഞ്ചുതകരുന്നത് പോലെയാണെനിക്കപ്പോൾ തോന്നിയത്. ഏതുനേരത്താണാവോ ആ ന്യൂസ്‌ ചേച്ചിക്ക് അയച്ചു കൊടുക്കാൻ തോന്നിയത്.
“എല്ലാം ശരിയാവും ചേച്ചി. ചേച്ചി ശുശ്രൂഷിച്ചവരൊക്കെ ഇപ്പോൾ രോഗം ഭേദമായി അവരുടെ വീട്ടിലേക്കു പോയില്ലേ. അതുപോലെ തന്നെ ചേച്ചിയും വീട്ടിലേക്കു പോവും. അന്ന് ചേച്ചിയുടെ സഹപ്രവർത്തകർ ചേച്ചിക്ക് തരുന്ന യാത്രയയപ്പ് ജീവിതത്തിലൊരിക്കലും ചേച്ചി മറക്കില്ല”
“നീ പറഞ്ഞാൽ എനിക്ക് വിശ്വാസമാണെടാ, ഉറപ്പാണ്, ഇതും നമ്മൾ അതിജീവിക്കും”
ചേച്ചിയുടെ ആത്‌മവിശ്വാസം കുറച്ചു കൂടിയതുപോലെ തോന്നി.
അളിയനും ഉണ്ണിക്കുട്ടനും ചേച്ചിക്കുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.

ദിവസങ്ങൾ കഴിഞ്ഞു. സമ്പൂർണ്ണമായി രോഗമുക്തി നേടിയെന്നു ഉറപ്പുവരുത്താൻ അയച്ച സാംപിളിന്റെ റിസൾട്ട്‌ വരുന്നത് ഇന്നാണ്. രാവിലെ മുതൽ ഞങ്ങൾ എല്ലാവരും ചേച്ചിയുടെ വിളിക്കുവേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ഫലങ്ങളും നെഗറ്റീവ് ആയിരുന്നു, ഇതുംകൂടി നെഗറ്റീവ് ആയാൽ സമാധാനമായി.
ഉച്ചയായി റിസൾട്ട്‌ വന്നപ്പോൾ. ഏകദേശം 2 മണിയായപ്പോൾ ചേച്ചിയുടെ മെസ്സേജ് വന്നു. ഒരു നെഗറ്റിവ് ചിഹ്നവും ഒരു thumps up സ്മൈലിയും.
ലോകത്തുള്ള സകലദൈവങ്ങൾക്കും നന്ദി പറഞ്ഞു.
“I am proud of u di chechi”
അപ്പോൾ തന്നെ ചേച്ചിയെ വിളിച്ചു.
“സന്തോഷായി ഡീ ചേച്ചി.
പിന്നെ ഞാൻ കാരണം ആണല്ലോ ഇതൊക്കെ ഉണ്ടായത്. സോറി ഡീ ചേച്ചീ”
“ഒന്ന് പോടാ. ഞാൻ കാരണം കുറച്ചു രോഗികളെങ്കിലും സുഖമായില്ലേ,  അതെല്ലേടാ പൊട്ടാ വല്ല്യേ കാര്യം. പിന്നെ അസുഖം. അതിപ്പോൾ മാറിയല്ലോ. പിന്നെന്താ. വീട്ടിൽ പോയി ക്വാറന്റീൻ കഴിഞ്ഞു തിരിച്ചു ഡ്യൂട്ടിക്ക് വരണം”
“നിനക്ക് വട്ടാണെടീ ചേച്ചീ. ആദ്യം വീട്ടിൽ പോയി റെസ്റ്റെടുക്കു. ഉണ്ണിക്കുട്ടൻ നീ വരുന്നെന്നു പറഞ്ഞു ഭയങ്കര സന്തോഷത്തിലാണ്”.

അന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അദ്ദേഹം തുടങ്ങിയത് തന്നെ ചേച്ചിയുടെ കാര്യം പറഞ്ഞാണ്.
“കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിന്റെ ഇടയ്ക്ക് വൈറസ് ബാധിച്ച കോട്ടയത്തെ നഴ്‌സിന് ഇന്ന് രോഗം പൂർണ്ണമായി ഭേദമായിട്ടുണ്ട്. ആ സഹോദരിക്ക് അഭിനന്ദനങ്ങൾ”

ആശുപത്രിയിലെ പരുപാടികളൊക്കെ കഴിഞ്ഞു പിറ്റേദിവസം രാവിലെയാണ് ഡിസ്ചാർജ് ആയത്. ആശുപത്രിയിലെ സഹപ്രവർത്തകരും രോഗികളും കൈയടിച്ചാണ് ചേച്ചിയെ യാത്രയാക്കിയത്. സെക്യൂരിറ്റി ചേട്ടന്മാർ ചേച്ചിക്കായി സല്യൂട്ട് ചെയ്തു., ഡോക്ടർമാർ ത്യാഗത്തിന്റെ സൂചകമായി ചുവന്ന പനീർ പൂക്കൾ ചേച്ചിക്ക് സമ്മാനിച്ചു.
മാസ്ക് ധരിച്ചു പുറത്തേക്കിറങ്ങിയ ചേച്ചി നഴ്സിംഗ് സൂപ്രണ്ടിനോട് പറഞ്ഞു

“ക്വാറന്റീൻ കഴിഞ്ഞാൽ ഞാൻ തിരിച്ചു ഡ്യൂട്ടിക്ക് വരാവേ

ടാ.. ഡോ..

കുട്ടിക്കാലത്തെ പ്രഭാതങ്ങൾ മനസ്സിലിപ്പോഴും ഒരു കുളിരാണ്. രാവിലെ അമ്മ വന്നു വിളിച്ചെഴുന്നേല്പിക്കും. മിക്കവാറും ദിവസങ്ങളിൽ ഉറക്കത്തിൽ തന്നെ മൂത്രമൊഴിച്ചു ട്രൗസർ നനഞ്ഞിരിപ്പുണ്ടാകും.
“എന്റെ പൊന്നു മോനേ. നിനക്ക് മൂത്രമൊഴിക്കാൻ മുട്ടുമ്പോൾ എണീറ്റ് എന്നെ വിളിച്ചൂടെ?”
തിരികെ ഒരു വളിഞ്ഞ ചിരി കൊടുത്തു നിൽക്കുന്ന എന്നെ അമ്മ തന്നെ പല്ല് തേക്കാൻ കൊണ്ട് നിർത്തും. കൂട്ടത്തിൽ ട്രൗസർ ഊരി കളയും. കറ പിടിച്ച അലുമിനിയത്തിന്റെ ആ ഉമിക്കരി പാത്രത്തിന്റെ അടപ്പ് തുറന്നു ഒരു നുള്ള് ഉമിക്കരി എന്റെ ഇടം കയ്യിലേക്ക് ഇട്ടു തരും. ഉമിക്കരി കൊണ്ട് പല്ല് തേക്കുന്ന ഒരു സുഖം ഒരു ആക്റ്റീവ് സാൾട്ട് ടൂത്ത്‌പേസ്റ്റിനും തരാൻ പറ്റില്ല. ഉമിക്കരി കഴിഞ്ഞാൽ അന്നത്തെ ലക്ഷ്വറി കെ പി നമ്പൂതിരീസ്സ് ന്റെ പൽപൊടി ആയിരുന്നു. ബ്രഷ് ഉപയോഗിക്കാൻ ആഗ്രഹം വന്ന സമയത്തു ഞങ്ങൾ ബ്രഷിൽ ഈ പൽപൊടി ഇട്ടു ആശ തീർക്കുമായിരുന്നു. അന്നും ടൂത്ത്‌പേസ്റ്റൊക്കെ ആഡംബരം തന്നെയായിരുന്നു. ഉമിക്കരി എടുത്തു തന്നു അമ്മയുടെ അടുത്ത പണി കോഴികളെ തുറന്നുവിടലാണ്. മുറ്റത്ത്‌ അമ്മ ഇട്ടു കൊടുത്ത അരിമണികൾ കൊത്തിതിന്നുന്ന തള്ളകോഴിയേയും കുഞ്ഞുങ്ങളെയും നോക്കി നിന്ന് ഉമിക്കേരികൊണ്ടുള്ള പല്ലുതേപ്പ് ഒരു രസം തന്നെയായിരുന്നു.
പല്ലുതേപ്പ് കഴിഞ്ഞു വരുമ്പോളേക്കും ആവി പറക്കുന്ന പുട്ടോ അടയോ നൂലപ്പമോ വെള്ളേപ്പമോ എന്തെങ്കിലും ഒന്ന് റെഡി ആയിരിക്കും. ഞാനും ഏട്ടനും കൂടി ആസ്വദിച്ചു കഴിച്ച് കൊണ്ടിരിക്കയെയാവും മീൻ വിൽക്കുന്ന ഇക്ക വരുന്നത്.
താളത്തിലുള്ള ഒരു കൂവൽ ആണ് ഇക്കയുടെ വരവിന്റെ ലക്ഷണം. വേഗം പ്ലേറ്റ് കാലിയാക്കി ഞങ്ങളും മീൻ നോക്കാൻ ഓടും.
അമ്മയാണ്‌ മീനിന്റെ ക്വാളിറ്റി ഇൻസ്‌പെക്ടർ, അച്ഛൻ പർച്ചേസിങ് ഓഫീസറും.
മീൻക്കാരുടെ സ്ഥിരം പല്ലവിയാണ് ഇക്കാക്ക്. 
“നല്ല പെടക്കണ മീനാന്ന്, രാവിലെ കടലിൽ ന്ന് കൊണ്ടന്നെയുള്ളൂ,  അരക്കിലോ ചാള വാങ്ങിക്കോളീ മാഷേ”
അച്ഛനപ്പോൾ അമ്മയെ ഒന്നുനോക്കും
അമ്മ ഓക്കെ ആണെന്ന് പറഞ്ഞാൽ പൊതുവെ പിശുക്കനായ അച്ഛൻ പറയും
“പത്തുരൂപക്കു ചാള എടുത്തോ ഇക്കാ”
വലിയൊരു കച്ചവടം പ്രതീക്ഷിച്ച ഇക്കായുടെ മുഖം കാണുമ്പോൾ വിഷമം തോന്നും.
പത്തുരൂപക്കുള്ള ചാള മൺചട്ടിയിൽ വാങ്ങി അമ്മയും അച്ഛനും തിരിച്ചു പോരുമ്പോളും ഞങ്ങൾ കുട്ടികൾ ഇക്കാനെ തന്നെ നോക്കി നിൽക്കും.
ഞങ്ങളുടെ നോട്ടത്തിന്റെ കാര്യം മനസ്സിലാക്കി ഇക്കാ ഞങ്ങൾക്ക് ഓരോ ചെറിയ ഐസിന്റെ കഷ്ണങ്ങൾ തരും. അത് കയ്യിലിട്ടു സന്തോഷത്തോടെ ഞങ്ങൾ തെങ്ങിന്റെ ആ പാലത്തിലൂടെ വീട്ടിലേക്കു നടക്കും. വീടെത്തുമ്പോളേക്കും ആ കുഞ്ഞീ ഐസ് കഷ്ണങ്ങൾ വെള്ളം ആയിട്ടുണ്ടാവും. ഇതെന്താ ഇങ്ങനെ വെള്ളം ആവുന്നതെന്നു വലിയ ക്ലാസ്സിൽ പഠിച്ചിരുന്ന ഏട്ടനാണ് എനിക്ക് പറഞ്ഞുതന്നത്. ഏട്ടന്റെ ശാസ്ത്രീയമായ അറിവിൽ ഞാൻ അന്നേറെ അഭിമാനം കൊണ്ടു.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് വീട്ടിൽ മീൻ വാങ്ങുക. അയൽവക്കത്തെ ചില വീടുകളിൽ എന്നും മീൻ വാങ്ങുന്നവരുണ്ട്.
ഒരു ദിവസം മീൻക്കാരൻ വരാൻ താമസിച്ചു. അടുക്കളയിൽ എന്തോ പണിയിലായിരുന്ന അമ്മ ഇക്കയുടെ കൂവൽ കേട്ടില്ല. രണ്ട് മൂന്ന്‌ വട്ടം മീനേ മീനേ ന്ന് ഉറക്കെ വിളിച്ചു ആരേം കാണാഞ്ഞിട്ട് ഇക്ക തിരിച്ചു പോവാനൊരുങ്ങി. ഏട്ടനാണ് മീൻക്കാരൻ തിരിച്ചുപോവാണെന്നു  അമ്മയോട് പറഞ്ഞത്.
“മീൻക്കാരനോട് നിൽക്കാൻ പറയെടാ”
പെട്ടെന്ന് പുറത്തേക്കോടിയ ഞാൻ ഇക്കയെ വിളിച്ചത് ‘ടാ’ എന്നായിപ്പോയി.
അങ്ങനെ വിളിക്കുന്നത് തെറ്റാണെന്ന് അറിയാമായിരുന്നെങ്കിലും പെട്ടെന്ന് നാവിൽ അങ്ങനെയാ വന്നത്. ഞാൻ വിളിച്ചത് കേൾക്കാതെ ഇക്കാ വണ്ടിയുമെടുത്തു പോയി. പക്ഷേ എന്റെയാ ‘ടാ’ വിളി കേട്ടുകൊണ്ട് അച്ഛൻ അവിടെ ഇരിക്കുന്നത് ഞാൻ കണ്ടില്ലാരുന്നു.
അച്ഛൻ എന്നെ നോക്കി കണ്ണുരുട്ടി നിൽക്കുന്നു, ചെയ്ത തെറ്റിന്റെ കാഠിന്യം അറിയുന്നതുകൊണ്ടു പേടിച്ചു വിറച്ചു ഞാൻ അച്ഛന്റെ മുന്നിൽ നിൽക്കുന്നു.
“നീ എന്താ ഇക്കയെ വിളിച്ചത്?”
“ഞാൻ അറിയാതെ ‘ഡോ’ ന്ന് വിളിച്ചു പോയതാ അച്ഛാ”
എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അച്ഛന്റെ കയ്യിൽന്ന് കിട്ടാൻ പോവുന്ന ചൂരൽ കഷായത്തിന്റെ കാര്യമാലോചിച്ചപ്പോൾ അങ്ങനെ ഒരു നുണ പറയാൻ ആണ്‌ എനിക്കപ്പോൾ തോന്നിയത്. ഞാൻ നുണ പറയുവാണെന്ന് അറിയുന്ന അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു.
“അച്ചൂ. ഒരിക്കലും നുണ പറയരുത്,  മൂത്തവരെ ഒരിക്കലും നിന്ദിക്കരുത്, പ്രായത്തിൽ മൂത്തവരെ ഒരിക്കലും പേരോ, ടാ ന്നോ, ഡോ ന്നോ ഒന്നും വിളിക്കരുത്. മനസ്സിലായോ മോന്?”
അച്ഛന്റെ അടിക്കു പകരം കിട്ടിയത് സ്നേഹത്തോടെയുള്ള ആ വാക്കുകൾ ആയിരുന്നു.
അപ്പോഴാണെനിക്കതു ഓർമ്മ വന്നത്, അയൽവക്കത്തു വീടുകളിലെ ചേട്ടന്മാരേം ചേച്ചിമാരേം ഞാനും ഏട്ടനും മാമൻ, അമ്മായി എന്നാണ് വിളിച്ചിരുന്നത്. അച്ഛൻ അങ്ങനെയാണ് ഞങ്ങളെ ശീലിപ്പിച്ചിരുന്നത്. 
എന്റെ മുഖത്തെ വിഷമം കൊണ്ട് അച്ഛൻ എന്നോട് കളിക്കാൻ പൊക്കോളാൻ പറഞ്ഞു.
ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ജീവിതത്തിൽ ആവർത്തിക്കില്ലെന്ന് ആ നിമിഷം മനസ്സിൽ ഉറപ്പിച്ചു ഞാൻ പറമ്പിലേക്ക് കളിക്കാൻ ഓടി.

The Training – 4

ടിവിയിൽ ഏതോ ഒരു പ്രാദേശിക ചാനലിൽ (പഞ്ചാബി ഭാഷ ആണ്) വാർത്ത കാണിച്ചുകൊണ്ടിരിക്കുന്നു.

വാഗാ അതിർത്തിയിൽ ബോംബ് സ്ഫോടനം ഉണ്ടായതാണെന്നും 54 പേർ സംഭവസ്ഥലത്ത്  തന്നെ മരിച്ചുവെന്നും മനസ്സിലാക്കിയെടുക്കുവാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. സ്ഫോടനം ഉണ്ടായതും കൊല്ലപ്പെട്ടവരും പാകിസ്ഥാനിലാണെന്ന് മനസിലായെങ്കിലും എവിടെയോ ഒരു വിഷമം. അത് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ ഓർത്തിട്ടാണോ അതോ റിസപ്ഷനിസ്റ്റ് പറഞ്ഞ വാക്കുകൾ കേട്ടിട്ടാണോ എന്ന് എനിക്ക് തീർച്ചയില്ല. മൂന്നു ദിവസത്തേക്ക് വാഗാ അതിർത്തിയിലെ പരേഡും അങ്ങോട്ടുള്ള പ്രവേശനവും നിർത്തിവെച്ചു. ഡൽഹിയിൽ നിന്ന് അമൃതസറിൽ എത്തിയപ്പോൾ “dream comes true” എന്ന് പറഞ്ഞ ഞാൻ ആ നിമിഷങ്ങളിൽ വിധിയെ ശപിക്കാനാഗ്രഹിച്ചു. യൂട്യൂബിൽ കണ്ട വാഗാ അതിർത്തിയിലെ പരേഡിന്റെ ദൃശ്യങ്ങൾ മനസ്സിലൂടെ ഒരു മിന്നലായി പാഞ്ഞു പോയി. റിസപ്ഷനിസ്റ്റ് ഞങ്ങൾക്ക് മുന്നിലേക്ക് “Attractions in Amritsar “ന്നു പറഞ്ഞ ഒരു travel guide വെച്ചു നീട്ടി. അതിൽ എനിക്ക് സുവർണക്ഷേത്രവും ജാലിയൻവാലാബാഗും മാത്രമേ ആകർഷകമായി തോന്നിയുള്ളൂ. എങ്കിലും ഒരു മുഴുവൻ ദിവസം ഞങ്ങളുടെ മുൻപിൽ ഉള്ളതുകൊണ്ട് പിറ്റേദിവസത്തെ യാത്രക്കായി ഞങ്ങൾ ഒരു ഓട്ടോ തരപ്പെടുത്താൻ റിസെപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. ഈ സ്ഫോടനം നടത്തിയ തീവ്രവാദികളെ എന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ അടിച്ചു തലമണ്ട പൊളിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്കപ്പോൾ. എന്തു ചെയ്യാനാ. ഭാഗ്യമില്ലാതായിപോയി, കാരണം അതൊരു ചാവേർ ആക്രമണമായിരുന്നു.

റിസപ്ഷനിലെ എഴുത്തു കുത്തുകൾ എല്ലാം കഴിഞ്ഞ് റൂമിലെത്തി വിഷമിച്ചു കിടക്കുമ്പോഴാണ് എന്തിനെയും നർമ്മത്തിൽ പൊതിയുന്ന പ്രദീപേട്ടന്റെ കമന്റ്.
തന്ത്രപ്രധാനമായ രഹസ്യങ്ങളുമായി വാഗാ ബോർഡറിലെത്തിയ മഹീന്ദ്രയിലെ രണ്ടു യുവ എഞ്ചിനീയർമാരെ പാക് താലിബാൻ ഭീകരർ ബോംബ് വെച്ചു കൊല്ലാൻ ശ്രമിച്ചു. ഇന്ന് ഉണ്ടായ അതി ശക്തമായ ബോംബു സ്ഫോടനത്തിൽ 60 പാകിസ്താനികൾ കൊല്ലപ്പെട്ടു. അതി സാഹസികമായി രക്ഷപ്പെട്ട യുവ എഞ്ചിനീയർമാർക്ക് നാളെ ഗോൾഡൻ ടെംപിളിൽ വമ്പൻ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. ഇവർക്കെതിരെ ഉണ്ടായ വധശ്രമത്തിൽ പ്രധാനമന്ത്രി അപലപിക്കുകയും ശക്തമായി തിരിച്ചടിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു”
അല്പനേരത്തേക്ക് എല്ലാം മറന്നു ചിരിക്കാൻ ഇതു മതിയായിരുന്നു എനിക്ക്. ഫേസ്ബുക്കിൽ പോസ്റ്റിടാൻ വേണ്ടി ഇത് മലയാളത്തിൽ ടൈപ്പ് ചെയ്തതായിരുന്നു പക്ഷേ നെറ്റ്‌വർക്ക് ഭയങ്കര സ്പീഡായതുകൊണ്ട് ഒന്നും നടന്നില്ല. വെടിയൊച്ചകൾ പ്രതീക്ഷിച്ചു ഉറങ്ങാൻ കിടന്ന എന്നെ കാത്തിരുന്നത് പ്രദീപേട്ടന്റെ കൂർക്കം വലിയായിരുന്നു. രാവിന്റെ കടുപ്പവും തണുപ്പും കൂടുന്നതനുസരിച്ച് കൂർക്കംവലിയുടെ ശബ്‌ദവും കൂടി വന്നു. കൂർക്കംവലിയുടെ താരാട്ടിൽ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.

The Training -3

പാളത്തിന് വശങ്ങളിലെ കുഞ്ഞു കുഞ്ഞു പറമ്പുകളിൽ വാരാന്ത്യം ആഘോഷിക്കുന്ന കുഞ്ഞു കുട്ടികൾ. കുടിലുകളിൽ അമ്മമാർ അത്താഴത്തിനുള്ള കോപ്പുകൂട്ടുന്നു. പിന്നെ ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് പുക വലിച്ചു തള്ളുന്നു. പതിയെ കൃഷിയിടങ്ങളെന്ന് തോന്നിക്കുന്ന പാടങ്ങൾക്ക് നടുവിലൂടെയായി തീവണ്ടി പോയ്‌കൊണ്ടിരുന്നത്. പകലിന്റെ തെളിച്ചമാർന്ന രൂപം രാത്രിയുടെ ഗൂഢതയിലേക്ക് പതിയെ ചലിച്ചു കൊണ്ടിരുന്നു. അത് വ്യക്തമാക്കികൊണ്ട് സൂര്യൻ അവന്റെ മാളത്തിലൊളിക്കാൻ തുടങ്ങിയിരുന്നു. സൂര്യനെ നോക്കികൊണ്ടിരിക്കെയാണ് സ്നാക്ക്സ് വന്നത്. അത് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു ആശയം മനസ്സിൽ വന്നത്. ഉടനെ അത് മൊബൈലിൽ ടൈപ്പ് ചെയ്ത് സൂക്ഷിച്ചു.

മൂവന്തിയിൽ വാരി വിതറുന്ന
ചുവപ്പ് നിറം എന്താണ്?
എല്ലാം അവസാനിച്ചു എന്ന് വിളിച്ചു പറയുന്ന ചോരയുടെ ചുവപ്പാണോ?
പുത്തൻ പ്രതീക്ഷകളുടെ പൊക്കിൾകൊടി തൻ ചോര ചുവപ്പോ?
ഇന്നത്തെ പ്രതീക്ഷകൾ എല്ലാം അവസാനിക്കുകയാണ്.
പ്രതീക്ഷകളുടെ ഭാരം ഇറക്കിവെച്ച് ഇന്നിനി വിശ്രമിക്കാം.
നാളത്തെ പുലരിയെന്ന പ്രതീക്ഷക്കായി കാത്തിരിക്കാം.
കാറും കോളും മാറിനിൽക്കുന്ന തെളിഞ്ഞ മാനം പോലെ ഒരു നാളെക്കായി ഇന്നിനി വിരാമം.

അതിനിടയിൽ അത്താഴവും വന്നു. ശതാബ്ദി ട്രെയിനിൽ അങ്ങനെയാണ്, ലഘുദൂര ട്രെയിനുകൾ ആണെങ്കിലും ഫുഡിന് ഒരു കുറവുമില്ല, ഒന്നിന് പുറകെ ഒന്നായി ഇങ്ങനെ വന്നുകൊണ്ടേയിരിക്കും. അത്താഴം കഴിച്ച് ഒന്നു മയങ്ങിയപ്പോഴേക്കും ട്രെയിൻ അമൃതസറിൽ എത്തിയിരുന്നു. 19 സെൽഷ്യസ് താപനില. പനിയിൽ നിന്ന് പൂർണ്ണ മുക്തി നേടാതിരുന്ന എന്റെ ശരീരത്തിന് ആ തണുപ്പ് താങ്ങാവുന്നതിലുമധികം ആയിരുന്നു. എത്രയും വേഗം ഒരു മുറി തരപ്പെടുത്തി പുതപ്പിന്റെ മാറിലേക്ക് ആഴ്ന്നിറങ്ങുക. അതു മാത്രമായിരുന്നു അപ്പോഴത്തെ ലക്ഷ്യം. സർച്ചുവിൽ -1സെൽഷ്യസിൽ ടെന്റിൽ കിടന്നുറങ്ങിയപ്പോഴൊന്നും ഇത്രയും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഒരാഴ്ചയോളം നീണ്ടുനിന്ന പനിയുടെ ആക്രമണത്തിൽ ഞാൻ ശരിക്കും ക്ഷീണിതനായിരുന്നു. എങ്കിലും പിറ്റേദിവസത്തെ കാഴ്ചയുടെ ഉത്സവങ്ങൾ എന്റെ മനസ്സിനെ ഉത്തേജിപ്പിച്ചു.
തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ മുറി എടുത്ത് അവിടത്തെ റിസെപ്ഷനിസ്റ്റിനോട് നാളത്തെ യാത്രക്കായി ഒരു വാഹനം തരപ്പെടുത്തണമെന്ന് പറഞ്ഞു. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം എന്റെ കാതിലും നെഞ്ചിലും തുളച്ചുകയറിയത്.

ടിവിയിൽ ഏതോ ഒരു പ്രാദേശിക ചാനലിൽ (പഞ്ചാബി ഭാഷ ആണ്) വാർത്ത കാണിച്ചുകൊണ്ടിരിക്കുന്നു. ആ വാർത്ത കണ്ടു ശരിക്കും ഞങ്ങൾ ഞെട്ടി.

The Training-2

വിൻഡോ സീറ്റ്‌ കിട്ടാത്തതുകൊണ്ട് ഞങ്ങൾക്ക് മിഡിൽ സീറ്റും aisle സീറ്റും ആണ്‌ കിട്ടിയത്. വിൻഡോ സീറ്റിൽ നോക്കിയപ്പോൾ ഏതോ ഒരുത്തൻ ഇരിക്കുന്നുണ്ട്. മര്യാദയുടെ ഒരു പുഞ്ചിരി അയാൾക്കു സമ്മാനിച്ചു ഞാൻ മിഡിൽ സീറ്റിലിരുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ പുസ്തകമെടുത്തു ഞാൻ വായന തുടങ്ങി. അതിനിടയിൽ വിൻഡോ സീറ്റിലിരുന്ന മാന്യൻ ഫ്രെഷ് ആവാൻ വാഷ്‌റൂം പോവാണെമെന്നു പറഞ്ഞു. ഇംഗ്ലീഷിലാണ് പറഞ്ഞത്. കേട്ടപ്പോൾ ഒരു മംഗ്ലീഷ് ഫീൽ വന്നെങ്കിലും മൈൻഡ് ചെയ്തില്ല. ചിരിച്ചുകൊണ്ട് തന്നെ ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റു കൊടുത്തു. അപ്പോൾ തുടങ്ങി ഞങ്ങൾ അയാളെ മലയാളത്തിൽ ചെറിയ ശബ്ദത്തിൽ വഴക്കു പറയാൻ തുടങ്ങി. 3മണിക്കൂർ യാത്രയിൽ മ്മ്‌ടെ മാന്യൻ ഈ പരിപാടി രണ്ട് മൂന്ന് തവണ കൂടി ആവർത്തിച്ചു ഞങ്ങളുടെ വഴക്കുപറച്ചിലും. Typical മലയാളി സ്വഭാവം. ഡൽഹി എത്താറായപ്പോൾ ലൗഡ് സ്‌പീക്കറിലൂടെ ക്യാപ്റ്റന്റെ അന്നൗൺസ്‌മെന്റ് വന്നു. ഡൽഹി എത്താറായെന്നും അവിടത്തെ അപ്പോഴത്തെ താപനില എത്രയെന്നും അതിൽ വ്യക്തമായിരുന്നു.
ഇതൊക്കെ കഴിഞ്ഞു കുറച്ചുകൂടി കഴിഞ്ഞാണ് വിൻഡോ സീറ്റിലെ മാന്യൻ സ്വയം പരിചയപ്പെടുത്തിയത്
“എന്റെ പേര് സനിൽ, നിങ്ങൾ ഡൽഹിയിലാണോ ജോലി ചെയ്യുന്നത്?”
അയ്യോ.. മലയാളം. 
മലയാളത്തിലുള്ള പരിചയപ്പെടുത്തൽ കേട്ട് ഞങ്ങൾ ശരിക്കും ഞെട്ടി. ഞെട്ടൽ മാത്രമല്ല നല്ല ചമ്മലും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പരിചയപ്പെടുത്തൽ കഴിഞ്ഞു ഡൽഹിയിൽ വിമാനം ലാൻഡ് ആവുന്നതുവരെ ഞാൻ കണ്ണ് തുറന്നേയില്ല. പൂച്ചയുടെ അതേ strategy. കണ്ണടച്ചാൽ നമ്മളെ പിന്നെ ആരും കാണൂല്ലല്ലോ.

ഏകദേശം 12:45 ആയി വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തപ്പോൾ.  നേരെ മെട്രോ സ്റ്റേഷനിലേക്കുള്ള ഷട്ടിൽ ബസ് പിടിച്ചു, മുൻപ് 2-3തവണ അവിടെ പോയതുകാരണം അവിടത്തെ കാര്യങ്ങൾ നല്ല നിശ്ചയമായിരുന്നു. DMRCയുടെ എയർപോർട്ട് മെട്രോയിൽ കയറി ന്യൂ ഡൽഹി സ്റ്റേഷനിൽ എത്തി ബാഗുകളൊക്കെ അവിടത്തെ ക്ലോക് റൂമിൽ ഏല്പിച്ചു. ക്യാമറ മാത്രം എടുത്തു പുറത്തേക്കിറങ്ങി. ന്യൂ ഡൽഹി മെട്രോ സ്റ്റേഷനിൽ ഭയങ്കര തിരക്കാണ്, ബോംബയിലെ ലോക്കൽ ട്രെയിൻ പോലെയാണ് അവിടത്തെ മെട്രോ. എപ്പോളും തിരക്കാണ്. എയർപോർട്ട് മെട്രോയുടെ സ്റ്റേഷൻ താഴത്തെ നിലയിലാണ്. അവിടെ വലിയ തിരക്കില്ല, നല്ല വൃത്തിയുമാണ്.
പുറത്തേക്കിറങ്ങി CPയിലേക്കാണ് പോയത്. ദൂരെ നിന്ന് തന്നെ കാറ്റിൽ പാറി പറന്നു കളിക്കുന്ന വലിയ, തിളങ്ങുന്ന ത്രിവർണ്ണ പതാക കാണാം. വ്യത്യസ്ത ആംഗിളിൽ ആ പതാകയുടെ ഭംഗിയും പ്രൗഢിയും ക്യാമറയിൽ പകർത്താൻ ഞാൻ മറന്നില്ല. CPയിലെ തിരക്കേറിയ കച്ചവടതെരുവകളിലൂടെ ഞങ്ങൾ ചുമ്മാ തെക്കുവടക്ക് നടന്നു. വെറുതെ ഒരു rasam. ഒരു ജോഡി ഷൂസ് വാങ്ങണമെന്നു ഒരു ആഗ്രഹം ഉണ്ടാരുന്നു പക്ഷേ കുറഞ്ഞ വിലയിൽ ഒരുപാടു ഷൂസ് കണ്ടപ്പോൾ ഏതു വാങ്ങണമെന്ന് കൺഫ്യൂഷൻ ആയി. അവസാനം കയ്യും വീശി തിരിച്ചുപോന്നു. പോരുന്ന വഴിക്കു Mc-Donaldsയിൽ കേറി ഒരു വെജ് ബർഗർ മീലും കഴിച്ച് നേരെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവിടെ നിന്നാണ് അമിതസറിലേക്കുള്ള ട്രെയിൻ.

ന്യൂ ഡൽഹി – അമൃത്‌സർ ശതാബ്‌ദി ട്രെയിൻ 4:30ന് ആയിരുന്നു. ക്ലോക്ക് റൂമിൽ ചെന്ന് സാധന സാമഗ്രികൾ എല്ലാം എടുത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടത്തെ തിരക്കിലൂടെയും ഇടിച്ചു കയറി ഫ്ലാറ്റ്ഫോം 1 ലക്ഷ്യമാക്കി കുതിച്ചു. അവിടെയെത്തിയപ്പോഴേ ഈ ഗോതമ്പു മണി പോലത്തെ, ഗോതമ്പിന്റെ നിറമുള്ള ഒരു പ്രത്യേക തരം കാറ്റ് വീശി. 4:30ന് ട്രെയിൻ വന്നപ്പോഴേക്കും ആ കാറ്റിന്റെ ശക്തി കൂടി കൂടി വന്നു. ട്രെയിനിലെ കാറ്റ് ഇങ്ങിനെ ആണെങ്കിൽ അമൃത്‌സറിലെ കാറ്റിന് എന്തു ശക്തിയായിരിക്കും?  അതൊക്കെ സ്വപ്‍നം കണ്ട് ശതാബ്‌ദിയിലെ എക്സിക്യൂട്ടീവ് ക്ലാസിലെ സീറ്റിൽ ഇരുന്നു. കയറി ഇരുന്നപ്പോഴെ ഒരു ചുവന്ന റോസാപ്പൂവ് നൽകിയാണ് ട്രെയിനിലെ സേവകർ നമ്മളെ സ്വീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും luxury കോച്ചുകളിൽ ഒന്നായിരുന്നു അത്. പതിയെ ട്രെയിൻ നീങ്ങിതുടങ്ങി. അധികം ശബ്ദമോ കോലാഹലങ്ങളോ ഒന്നുമില്ല ട്രെയിനിൽ. എല്ലാവരും അവരുടേതായ ലോകത്തിലാണ്. ചിലർ പുസ്തകം വായിക്കുന്നു, ചിലർ മൊബൈൽ ഫോണിൽ, ചിലർ ലാപ്ടോപ്പിൽ. ഞാനും മെലൂഹയിലെ പേജുകൾ വായിച്ചുതീർത്തുകൊണ്ടിരുന്നു.
ഡൽഹി നഗരത്തിന്റെ സുഖമുള്ള കാഴ്ചകൾ പതിയെ മങ്ങി തുടങ്ങി. ഇരുട്ടും വീണുതുടങ്ങി.

The Training -1

വാഗാ അതിർത്തിയിൽ 2014 നവംബർ രണ്ടാം തീയതി ഭീകരവാദികൾ തകർത്തുകളഞ്ഞ 61പാക് സഹോദരങ്ങൾക്ക്.
അവരുടെ ആൽമാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട്..

ഈ ഭീകരവാദികൾ അവരുടെ ബോംബ് സ്ഫോടനം പ്ലാൻ ചെയ്ത അതേ സമയത്തായിരിക്കണം ഞങ്ങളുടെ ട്രെയിനിങ് ട്രിപ്പ്‌ പ്ലാനിങ്ങും നടന്നിട്ടുണ്ടാവുക. 3ദിവസത്തെ ട്രെയിനിങ് അതും അങ്ങ് രാജസ്ഥാനിൽ. Farm awareness ആണ്‌ ഉദ്ദേശ്യം. എന്റെയല്ലാട്ടോ, ഞങ്ങളുടെ വല്ല്യേ തലൈവറുടെയാണ് ഓർഡർ. അല്ലാതെ എനിക്ക് ട്രെയിനിങ് ന് പോവാൻ ഒരു ദുരുദ്ദേശ്യവും ഇല്ലാരുന്നു. അല്ലെങ്കിൽ തന്നെ ഞാൻ എപ്പോളും പാടത്താണ് ന്ന് പറഞ്ഞ് എല്ലാരും എന്നെ കളിയാക്കുവാണ്.
എന്തായാലും മ്മ്‌ടെ രാഷ്ട്രപിതാവ് ഗാന്ധിയപ്പൂപ്പൻ പറഞ്ഞപോലെ ഗ്രാമങ്ങളിൽ ആണല്ലോ ഇന്ത്യയുടെ ആൽമാവുറങ്ങുന്നത്. എന്നാ പിന്നെ ആ ആൽമാവിന്റെ കൂടെ ഞാനും കൂടി 3ദിവസം ഉറങ്ങിയേക്കാം. അനുഭവങ്ങളാണല്ലോ ജീവിതവിജയത്തിന്റെ അടിത്തറ.

രാജസ്ഥാൻ. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന മരുഭൂമി, അവിടെയെവിടെയായി ഒട്ടകങ്ങൾ, നിറയെ നിറങ്ങളുള്ള തിളങ്ങുന്ന വസ്ത്രങ്ങളിൽ രാജസ്ഥാനി സ്ത്രീകൾ, മുഷിഞ്ഞ വെള്ള ജുബ്ബയും തലയിൽ ഒരു കെട്ടും ചുണ്ടിൽ എരിയുന്ന ഒരു പുകയില ചില്ലവും ആയി പുരുഷന്മാർ, അവരുടെ നരകലർന്ന മേലോട്ട് പിരിച്ചുവെച്ച കൊമ്പൻ മീശ..  രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ തന്നെ ഇതൊക്കെയാണല്ലോ നമ്മ്‌ടെ മനസ്സിലേക്ക് ഓടിവരുന്ന ചിത്രങ്ങൾ. ഈ രാജസ്ഥാനിലെ ജെത്സർ എന്നൊരു കുഗ്രാമത്തിലാണ് മേൽപറഞ്ഞ ട്രെയിനിങ് നടക്കുന്നത്. കുഗ്രാമം എന്നൊക്കെ പറഞ്ഞാൽ ആ ഗ്രാമത്തിനൊരു ഓസ്കാർ അവാർഡ് കിട്ടിയപോലെയാവും. കുഗ്രാമമായതുകൊണ്ടുതന്നെ ഒരു ഫോണിനും നെറ്റ്‌വർക്ക് കിട്ടുകയേയില്ല. അതാണ് ഏറ്റവും വലിയ സമാധാനവും. സ്വസ്ഥം. സമാധാനം. കാമുകിമാരുള്ളവരാണെങ്കിൽ അവരുടെ ശല്യം ഒഴിവാക്കാൻ പറ്റിയ സ്ഥലം.
ജെത്സറിലേക്കു പോവാൻ രണ്ട് റൂട്ടുകളുണ്ട് (എനിക്കറിയാവുന്നത്).
1.ഡെൽഹി – സൂരത്ഗഡ്‌ – ജെത്സർ.
2. ജയ്‌പൂർ – സൂരത്ഗഡ്‌ – ജെത്സർ.
ഡൽഹിയിൽ നിന്ന് ഒരു ചെറിയ ട്വിസ്റ്റ്‌ എടുത്താൽ അമൃത്സർ വഴിയും സൂരത്ഗഡ്‌ പോവാം. ഷാരൂഖ് ഖാന്റെ രബ് നേ ബനാ ധി ജോഡി കണ്ടപ്പോൾ മുതലുള്ള ആഗ്രഹം ആണ് ഗോൾഡൻ ടെംപിൾ കാണാൻ പോണമെനന്ന്. ഗൂഗിളിൽ ഗോൾഡൻ ടെംപിളിനോട് ചേർന്നുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ പറ്റി ചോദിച്ചപ്പോഴാണ് അവിടെ തന്നെയുള്ള ചരിത്രപ്രധാനമായ രണ്ട് സ്ഥലങ്ങളെ  കുറിച്ചറിഞ്ഞത്. ജാലിയൻ വാലാബാഗും വാഗാ ബോർഡറും. കേട്ടപ്പോൾ തന്നെ ആകെ ത്രില്ലടിച്ചു. പിന്നെ അധികം ആലോചിച്ചില്ല, കമ്പനി പോർട്ടലിൽ കയറി create travel request ഇൽ ഒറ്റ ക്ലിക്.
Date of Journey :- 02-11-2014
Origin :- Chennai
Destination :- Delhi and Amritsar
Date of Return Journey :- 08-11-2014
Origin :- Jaipur
Destination :- Chennai
3ദിവസത്തെ ട്രിപ്പിന് 7ദിവസം എന്തിനു ആലോചിച്ചു ആരും വിഷമിക്കണ്ടാട്ടോ. 3ദിവസം ട്രെയിനിങ്ങും 4ദിവസം കറക്കവും യാത്രയും. അമൃത്സർ വഴി ജെത്സറിലേക്കും ജെത്സറിൽ നിന്ന് ജയ്‌പൂർ വഴി തിരിച്ചു ചെന്നൈയിലേക്കും. അമൃത് സറും കാണാം ജയ്‌പ്പൂരും കാണാം കൂട്ടത്തിൽ ട്രെയിനിങ്ങും കൂടാം. പ്ലാൻ പൊളിയല്ലേ.
ഞാനും സഹപ്രവർത്തകനും സഹയാത്രികനുമായ പ്രദീപേട്ടനും ചേർന്ന് ഒരു ഒന്നൊന്നര പ്ലാൻ തയ്യാറാക്കി. എന്ത് ചെയ്യുമ്പോളും പ്ലാൻ പണ്ണി പണ്ണണമെന്നു നമ്മ്‌ടെ വടിവേലു അണ്ണൻ ഏതോ പാണ്ടി പടത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ആരോ പറഞ്ഞുകേട്ടു.

വീണ്ടും ഒരു ഞായറാഴ്ച. നവംബർ 2. രാവിലെ 8മണിക്കുള്ള ചെന്നൈ – ഡൽഹി സ്‌പൈസ്ജെറ്റിലാണ് ടിക്കറ്റ് ബുക്ക്‌ ചെയ്തത്. രാവിലെ നേരത്തെ എഴുന്നേറ്റു ഒരു ബാഗിൽ സാധനങ്ങളൊക്കെ അടുക്കിപെറുക്കിവെച്ച് പ്രദീപേട്ടന്റെ എന്തെങ്കിലും മെസ്സേജ് ഉണ്ടോന്നറിയാൻ ഫോൺ എടുത്തു നോക്കിയപ്പോഴാണ് സ്‌പൈസ്‌ജെറ്റുകാരുടെ മെസ്സേജ് കണ്ടത്. വിമാനം ഒരു മണിക്കൂർ ലേറ്റ് ആണ്‌. അല്ലെങ്കിലും ഇത് സ്‌പൈസ്‌ജെറ്റുകാരുടെ സ്ഥിരം പരിപാടിയാണ്. അവരോടുള്ള ദേഷ്യത്തിന് പ്രദീപേട്ടന് ഒരു മെസ്സേജ് അയച്ചു പുതപ്പെടുത്തു മൂടിപ്പുതച്ചു ഞാൻ കിടന്നുറങ്ങി. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പ്രദീപേട്ടൻ വീടിന്റെ താഴെ വന്നുനിന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ചാടി എഴുന്നേറ്റു ബാഗുമെടുത്തു ഓടി. എട്ടേകാലോടു കൂടി ഞങ്ങൾ എയർപോർട്ടിലെത്തി. ചെക്കിങ്ങും ചെക്ക്-ഇൻ ഉം എല്ലാം കഴിഞ്ഞു ഗേറ്റിലെത്തിയപ്പോൾ അടുത്ത അന്നൗൺസ്‌മെന്റ്. വിമാനം പിന്നേം 45മിനിറ്റ് വൈകിയേ പറക്കൂ. പിറ്റേദിവസം കാണാൻ പോവുന്ന ഗോൾഡൻ ടെംപിളും വാഗാ ബോർഡറിലെ പരേഡുമൊക്കെ ഓർത്തു സ്‌പൈസ്‌ജെറ്റുകാരോട് ക്ഷമിച്ചു ഞാൻ അവിടെ പോസ്റ്റടിച്ചിരുന്നു.

വിൻഡോ സീറ്റ്‌ കിട്ടാത്തതുകൊണ്ട് ഞങ്ങൾക്ക് middle സീറ്റും aisle സീറ്റും ആണ്‌ കിട്ടിയത്. വിൻഡോ സീറ്റിൽ നോക്കിയപ്പോ…

തുടരും..

ഒരു നെയിൽ പോളിഷ് കഥ..

ഇതും ഭയങ്കര സംഭവം ഒന്നുമല്ലാട്ടാ.. പക്ഷെ ഇതൊരു സംഭവകഥയാണ് (ചുമ്മാതെയാ). പലരും സൗകര്യപൂർവം മറന്ന കഥ.
ഞാൻ ആരാണെന്നതു ഇതിൽ പ്രസക്തമല്ല. എനിക്കൊരു ചേച്ചിയുണ്ട്.  കുറച്ചുകൂടെ കൃത്യമായി  പറഞ്ഞാൽ “എനിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നു”. ചേച്ചിയെ പറ്റി പറയുവാണെങ്കിൽ ലോകത്തിലെ ഏറ്റവും കിടിലൻ ചേച്ചി. ഞങ്ങൾ ഒരേ വയറ്റിൽ നിന്നു വന്നതൊന്നുമല്ലാട്ടാ, എങ്കിലും ചേച്ചി എന്റെ സ്വന്തം ചേച്ചി തന്നെയായിരുന്നു.
എല്ലാ ചേച്ചി – അനിയന്മാരെ പോലെ തന്നെയാണ് നമ്മളും. ഫുൾ ടൈം അടി.. ചേച്ചിക്ക് എന്നോട് വഴക്കിടാനും പിണങ്ങി മിണ്ടാതിരിക്കാനും വല്ല്യേ കാരണങ്ങൾ ഒന്നും വേണ്ട. വേറെ ആരെങ്കിലും ഞങ്ങളുടെ വഴക്കിന്റെ കാരണങ്ങൾ കേട്ടാൽ ചിരിച്ചു ചിരിച്ചു മണ്ണുകപ്പും ന്ന് മാത്രല്ല ഞങ്ങളെ പിടിച്ചു വല്ല ഊളമ്പാറയിലും കൊണ്ടാക്കേം ചെയ്യും.  ഒരുമാതിരി വഴക്കുകളേടെയെല്ലാം അടിസ്ഥാനഘടകം പൊസ്സസ്സീവെൻസ് അല്ലെങ്കിൽ സ്വാർത്ഥത ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്, ചേച്ചിക്ക് എന്നോട് ഒരുപാടു നേരം പിണങ്ങി ഇരിക്കാനൊന്നും പറ്റില്ല. അതും എനിക്ക് നന്നായിട്ടറിയാം.
ഇത് ഞങ്ങളുടെ ഇടയിൽ നടന്നിട്ടുള്ള  എണ്ണിയാൽ തീരാത്ത വഴക്കുകളിൽ ഒന്നാണ്.

ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന സമയം.  സെമസ്റ്റർ എക്സാം കഴിഞ്ഞു വീട്ടിൽ ചുമ്മാ ഇരിക്കാണ്. പ്രധാന പരിപാടി ഭക്ഷണം കഴിക്കലും ടി വി കാണലും ചാറ്റിംഗും ഒക്കെ ആണ്. അന്ന് BSNL സുവിധ സിമ്മിൽ ഒരു ദിവസം പരമാവധി 100 മെസ്സേജേ അയക്കാൻ പറ്റൂ. വാട്സ്ആപ്പ് ഒന്നും ഇല്ലാതിരുന്നോണ്ട് ഈ sms ആയിരുന്നല്ലോ അന്നത്തെ ചാറ്റിങ് മീഡിയ. അതിൽ നിന്നു ഒരെണ്ണം അറിയാതെ എങ്കിലും വേറെ ആർക്കെങ്കിലും അയച്ചു പോയാൽ തീർന്നു.. അന്ന് ഞാനും ചേച്ചിയും മുട്ടൻ അടിയായിരിക്കും.

ഇങ്ങനെ മെസ്സേജിങ്ങും തല്ലുകൂടലുമൊക്കെയായി പോവുമ്പോഴാണു പടിഞ്ഞാറേ വീട്ടിലെ ഗർഭിണിയായ ചേച്ചി അഞ്ചാം മാസത്തിലെ സ്കാനിംഗിനു പോവേണ്ട ദിവസം വനന്നത്. പതിവിലും വലിയ വയറു ആണു ഈ ചേച്ചിക്ക്. ഇരട്ടക്കുട്ടികൾ ആണെന്നൊക്കെയാണ് എല്ലാരും പറഞ്ഞിരുന്നത്. കാലിലും നിറയെ നീര്. പാവം. വെക്കേഷൻ സമയം ആയോണ്ട് ഞാൻ ആയിരുന്നു ചേച്ചിടെ മെയിൻ കമ്പനി. സ്കാനിങ്ങിന്റെ തലേ ദിവസം ഞാൻ ചേച്ചിയുടെ അടുത്ത് ചെന്നപ്പോൾ പാവം കാലിൽ നെയിൽ പോളിഷ് ഇടാൻ കഷ്ടപ്പെടുകയാരുന്നു.. നെയിൽ പോളിഷ് ഞാനിട്ടു തരാന്നു പറഞ്ഞു കൈ നീട്ടി. ചേച്ചി സന്തോഷത്തോടെ നെയിൽ പോളിഷ് തന്നുകൊണ്ടു പറഞ്ഞു

“ഞാൻ കുനിയാൻ പറ്റാതെ കഷ്ടപെടുകയാർന്നു ഡാ.”

ദോഷം പറയരുതല്ലോ ഞാൻ നല്ല വൃത്തിക്ക് ആ നെയിൽ പോളിഷ് ഇട്ടു കൊടുത്തു. ഇത്രേം ആണ് നടന്നത്. ഇത്രേം മാത്രമാണ് നടന്നത്.

അന്ന് വൈകുന്നേരം നമ്മുടെ കഥാനായിക ചേച്ചി വിളിച്ചപ്പോൾ ഞാനീ സംഭവം വള്ളിപുള്ളിതെറ്റാതെ പറഞ്ഞു കൊടുത്തു. പിന്നെ അവിടെ എന്താ നടന്നതെന്നു സത്യായിട്ടും എനിക്കറിഞ്ഞൂടാ.

“കണ്ണിൽകണ്ട പെണ്ണുങ്ങൾക്കൊക്കെ നെയിൽ പോളിഷ് ഇട്ടു നടന്നോടാ ഡാഷുമോനെ” ന്നും പറഞ്ഞു കോളും  കട്ടാക്കി പോയി. അടിയുണ്ടാവുമെന്നു അറിയരുന്നു, പക്ഷേങ്കില് ഇമ്മാതിരി ഡയലോഗിൽ ഞാൻ പ്ലിംഗ്…

സാധാരണ അടിയുണ്ടാക്കിയാൽ കുറച്ചുകഴിയുമ്പോൾ ഞാൻ “checheeeee” ന്നു ടൈപ്പ് ചെയ്തു ഒരു മെസ്സജ് അയച്ചാൽ എല്ലാ ദേഷ്യവും അപ്പൊ അലിഞ്ഞുപോവും. പക്ഷെ ഈ  തവണ അങ്ങനെയല്ലാരുന്നു. കൂറ്റൻ അടിയായി ന്നു മനസ്സിലായത് പിറ്റേ ദിവസം രാവിലെയും മെസ്സേജ്‌ ഒന്നും കാണാതിരുന്നപ്പോളാ. പിന്നെ രണ്ടു ദിവസം എടുത്തു ഈ വഴക്കു തീരാൻ.
അത്രേം ഉള്ളൂ..
മറന്നു പോയവർ ഒന്നു ഓർമ്മിച്ചോട്ടെ ല്ലേ..??

മംഗല്യം തന്തുനാനേന…

പെണ്ണുകാണലുകളും കൂടെ എന്റെ കാര്യവും തീരുമാനായി

ആമ്പല്ലൂരിലെ പെണ്ണുകാണൽ കഴിഞ്ഞു കാര്യങ്ങൾ തീരുമാനമായത് പെട്ടെനന്നായിരുന്നു. കുട്ടീടെ വീട്ടീന്ന് കുറച്ചുപേര് ചെക്കന്റെ(എന്റെന്നേ) വീട് കാണാൻ വരുന്നു, അത് കഴിഞ്ഞു ചെക്കന്റെ വീട്ടിലെ വിരുന്ന്. അത്രേം ള്ളൂ. കഴിഞ്ഞു. പിന്നെ നേരെ കല്യാണം. സമയക്കുറവും നിശ്ചയം ഒരു ചടങ്ങായി നടത്തിയാൽ രണ്ട് വീട്ടുകാർക്കും ഉണ്ടാവുന്ന ഭീമമായ ചിലവും എല്ലാം കൂടി നോക്കിയപ്പോൾ പെണ്ണിന്റെ വീട്ടിലെ കല്യാണനിശ്ചയം വേണ്ടാന്ന് വെച്ചു.

അജിയുടെ ഉപദേശം ഫ്രീ ആയി കിട്ടിയതോണ്ടും ആ ഉപദേശത്തിൽ ഒരു കാര്യമുണ്ടെന്നു തോന്നിയതോണ്ടും കല്യാണത്തിന്റെ അന്നത്തെ ഓരോ നിമിഷങ്ങളും നല്ല ഓർമ്മയുണ്ട്.

കല്യാണത്തിന്റെ അന്നത്തെ വിശേഷങ്ങൾ പറയാം. ഫുൾ കോമഡി സീനാണ്.
അതിരാവിലെ ഒരു ഒന്നൊന്നര മണി ആയിക്കാണണം റൂമിന്റെ ഡോർ തുറന്നു കട്ടിലിൽ ആരോ വന്ന് കിടന്നത് ഞാൻ അറിഞ്ഞെങ്കിലും മൈൻഡ് ചെയ്യാതെ ഞാൻ മൂടി പുതച്ചുകിടന്നുറങ്ങി. പിന്നെ ഒരു മൂന്നര നാല് മണിയായപ്പോൾ ഏട്ടത്തിയമ്മ വന്ന് വിളി തുടങ്ങി.

“ഡാ, അച്ചൂ.. എണീക്കെടാ ചെക്കാ. കല്യാണം ആയിട്ടെങ്കിലും ഒന്നു നേരത്തെ എണീക്കെടാ.”
ഇത് കേൾക്കുന്നോരു ന്താ വിചാരിക്ക്യാ ഞാൻ ഒരു മടിയൻ ആണെന്നല്ലേ. ശരിക്കും അങ്ങനെ ഒന്നും അല്ലാട്ടോ. എഞ്ചിനീയറിംഗ് പഠിച്ചോണ്ടിരിക്കുന്ന സമയത്ത് പരീക്ഷ ആയാൽ ഞാൻ രാവിലെ മൂന്ന് മണിക്കൊക്കെ എണീക്കാറുണ്ട്. ഏട്ടത്തി പറഞ്ഞത് അപ്പോഴാണ് ശരിക്കും എന്റെ ചെവിയിൽ കൂടി ഓടി തലച്ചോറിൽ എത്തിയത്.

‘ഹായ് കല്യാണം ന്ന് അല്ലേ ആ കേട്ടത്. ശരിയാണല്ലോ. ഇന്നാണല്ലോ എന്റെ കല്യാണം’
പിന്നെ ഒന്നും നോക്കിയില്ല ചാടി എഴുന്നേറ്റു പല്ല് തേക്കാൻ ഓടി. പല്ല് തേച്ചോണ്ടിരിക്കെയാണ് ഓർമ്മ വന്നത്.
‘അല്ല നട്ട പാതിരാക്ക് ആരാ ന്റെ കട്ടിലിൽ വന്ന് കിടന്നേ.? രാവിലെ എണീറ്റപ്പോ കാണാനും ഇല്ല്യ. ഇനിയിപ്പോ സ്വപ്നം വല്ലോം കണ്ടതാവോ.?’
ഇതിനെ പറ്റി പിന്നെ ആരോടും ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. ചോദിച്ചാൽ പിന്നെ എന്നെ ട്രോളി കൊല്ലും. വെറുതെ എന്ത്നാ.
പല്ല് തേച്ചു വന്ന് എല്ലാരും എണീക്കണേല് മുന്നേ, നേരത്തെ സെറ്റ് ആക്കിവെച്ചിരുന്ന ആപ്പിൾ എടുത്തു കഴിച്ചു. ന്താ കാര്യം ന്ന് പറഞ്ഞു തരാം. മ്മ്‌ടെ തൃശൂർ ഒക്കെ ഒരു വൃത്തികെട്ട ആചാരം ഉണ്ട്. കല്യാണത്തിന്റെ അന്ന് ചെക്കനും പെണ്ണും രാവിലെ ഒന്നും കഴിക്കാൻ പാടില്ലാത്രേ. ഓൺലി പാല്. കോപ്പ്. ഞാനാണേല് പാലും കുടിക്കില്ല. അതുകൊണ്ട് തലേദിവസം തന്നെ നമ്മ്‌ടെ ചങ്ക് കൂട്ടുകാരൻ രഞ്ജിത്തിനോട് പറഞ്ഞ് രണ്ടു കിലോ ആപ്പിൾ സെറ്റ് ആക്കി വെച്ചിരുന്നു. അതാണ് നേരം പരപരാന്ന് വെളുക്കണേല് മുന്നേ അകത്തു ആക്കിയത്. ബാക്കി വന്നത് പീസ് പീസാക്കി ഒരു പാത്രത്തിലിട്ടു കാറിൽ വെക്കാൻ വിഷ്ണുവിനെ ഏല്പിച്ചു.
പിന്നെ എല്ലാം ക്ലീഷേ പരിപാടികൾ ആരുന്നു. പതിവുപോലെ ഫോട്ടോഗ്രാഫർ താമസിച്ചുവരുന്നു, ചറപറാ ഫോട്ടോസ് എടുക്കുന്നു, പറ നിറക്കുന്നു, ദക്ഷിണ കൊടുക്കാൻ ഞാനും അത് വാങ്ങി അനുഗ്രഹം തരാൻ ബന്ധുക്കളും സെറ്റ് ആവുന്നു, ദക്ഷിണക്കുള്ള വെറ്റിലയും അടക്കയും തപ്പി ചെക്കന്റെ ചേട്ടൻ ഓടുന്നു, വരി ആയി നിൽക്കുന്നവർക്കു ഓരോരുത്തരായി ചെക്കന് അനുഗ്രഹങ്ങൾ വാരി കോരി കൊടുക്കുന്നു.
അവസാനം ചെക്കന്റെ ഏതോ ഒരു ബന്ധു.
“അതേയ്, ഇപ്പ്ളെങ്കിലും ഇറങ്ങിയാലേ മുഹൂർത്തതിന് മുന്നേ അവിടെ എത്തുള്ളൂട്ടാ. ഡാ ഫോട്ടോ ചെക്കാ, ഒന്നു വേഗം തീർത്തു ഇറങ്ങാൻ നോക്കെടാ”.
അല്ല, ആ ബന്ധുനെ പറഞ്ഞിട്ട് കാര്യമില്ല, രാവിലെ 7:50ന് മുഹൂർത്തം കുറിച്ച് തന്ന ആ ജ്യോത്സ്യനെ പറയണം.
പിന്നെ ആകെ ഒരു ഓട്ടാർന്ന്. ബന്ധുക്കൾക്ക് പോവാൻ ബസ്, ഫ്രണ്ട്‌സ് ന് പോവാൻ ട്രാവലർ, പിന്നെ കുറച്ചു കാറുകൾ, അങ്ങനെ എല്ലാരും കൂടി ഇറങ്ങി. സമയം വൈകിയോണ്ട് മ്മ്‌ടെ സാരഥി, മ്മ്‌ടെ സ്വന്തം ഏട്ടൻ, കാറിന്റെ ഹെഡ്ലൈറ്റ് ഒക്കെ ഓണാക്കി നൂറേ നൂറിൽ വെച്ച് പിടിപ്പിച്ചു.

“എന്തൊക്കെ സംഭവിച്ചാലും നിന്റെ കല്യാണമുഹൂർത്തം തെറ്റാൻ സമ്മതിക്കില്ല അച്ചൂട്ടാ”.
പാവം ചേട്ടന്റെ നിഷ്കളങ്കമായ സ്നേഹം.
കല്ലൂർ എത്തിയപ്പോ ഒന്നു നോക്കി,  പെണ്ണിന്റെ വീടിന്റെ മുന്നിൽ അലങ്കരിച്ച കാർ കിടപ്പുണ്ട്. സമാധാനം. അവര് ഇറങ്ങിയിട്ടില്ല. പെണ്ണ് ഇല്ലാതെ കെട്ട് നടക്കില്ലല്ലോ. പിന്നെ ചേട്ടൻ കാറിന്റെ സ്പീഡ് ഒന്നു കുറച്ചു. കുറച്ചു ന്നു പറഞ്ഞാൽ 100ഇൽ ന്ന് 95ആക്കീന്ന് വേണേലു പറയാം. അച്ഛനും അമ്മയും ഏട്ടത്തിയും പുറകിലെ സീറ്റിൽ തിങ്ങി ഇരുന്നത് കൊണ്ടും ഒട്ടും മോശമല്ലാത്ത സ്പീഡും കാരണം അമ്മക്ക് പെട്ടെന്ന് ഒരു വെളിപാടുണ്ടായി.
“ശ്യാമൂ, വണ്ടി നിർത്തെടാ. എനിക്ക് വാളുവെക്കണം”
അതുവരെ മുന്നിൽ ഇരുന്നു ആപ്പിൾ കഴിച്ചോണ്ടിരുന്ന ഞാനും ഏട്ടനും മുഖത്തോട് മുഖം നോക്കി.
അമ്മയുടെ വാള് വെപ്പൊക്കെ കഴിഞ്ഞ് നേരെ അമ്പലത്തിലെത്തി. പിന്നേം കുറേ ക്ലീഷേ പരിപാടികൾ. കുറെ ഫോട്ടം പിടിക്കുന്നു, പെണ്ണ് വരുന്നു, അമ്പലത്തിൽ കേറുന്നു.

അവിടെ ട്വിസ്റ്റ്‌. ആ അമ്പലത്തിൽ ഷർട്ട്‌ ഇട്ടോണ്ട് കേറാൻ പറ്റൂല്ലാന്ന്. അവിടെ ഏട്ടത്തി പിന്നേം രക്ഷിച്ചു.
ഫ്ലാഷ്ബാക്ക്.
കല്യാണഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ ഏട്ടത്തി.

“അച്ചൂ. കെട്ട് അമ്പലത്തിലൊക്കെ അല്ലേ,  നമുക്കൊരു ഉത്തരീയം കൂടി വാങ്ങിയാലോ, എങ്ങാനും ആ അമ്പലത്തിൽ ഷർട്ട്‌ ഇടാൻ പറ്റിയില്ലെങ്കിൽ നിന്റെ ഈ സ്റ്റീൽ ബോഡി നാട്ടുകാർ മൊത്തം കാണൂല്ലേ, കൂടെ ഒരു നമ്പൂരി ഫീലും കിട്ടും, ന്താ കുട്ടീടെ അഭിപ്രായം?” കൂടെ കഷ്ടപ്പെട്ട് വളർത്തുന്ന എന്റെ കുടവയറിൽ ഒരു കുത്തും.
പിന്നെ ഏട്ടത്തി പറഞ്ഞതിൽ ഒരു പോയിന്റ് ഉള്ളത് കൊണ്ടു അന്നൊരു ഉത്തരീയം കൂടി വാങ്ങി.
അതെന്തായാലും ഇപ്പൊ നന്നായി.
‘നന്ദിയുണ്ട് ഏട്ടത്തി, നന്ദി’

എല്ലാരും പറഞ്ഞു പേടിപ്പിച്ചു വെച്ചേക്കാർന്ന് എന്നെ. താലി കെട്ടുമ്പോൾ കൈ വിറക്കും കാലു വിറക്കും ന്ന് ഒക്കെ. വേണേല് ധൈര്യത്തിന് ഒരെണ്ണം അടിച്ചിട്ട് പൊക്കോളാൻ പറഞ്ഞു ആളോള് വരെയുണ്ട്. “ഹായ്, ന്താ ഇത് നോം കള്ള് കുടിക്ക്യേ.. ശിവ ശിവ”
ഞാൻ കൂളാർന്നു. കൈയൊന്നും വിറച്ചില്ല. ചുമ്മാ അങ്ങ് കെട്ടി.
അവിടേം ഉണ്ടാർന്നു ഒരു ദക്ഷിണ പരിപാടി. ശാന്തിമാർക്ക് ദക്ഷിണ കൊടുത്തു കഴിഞ്ഞപ്പോ ഒരു അമ്മൂമ്മ വന്നു നിന്നു.
‘ഇതിപ്പോ ഏതാ വകുപ്പ്?’
മനസ്സിൽ ഇങ്ങനെ ആലോചിച്ചു നിന്നപ്പോൾ അമ്മൂമ്മ
“ഞാനാണേ ഈ തുളസി മാല കെട്ടിയത്. “
‘ഓഹ്. അപ്പൊ അതാണ് വകുപ്പ്,
എന്തായാലും പ്രായമായവരുടെ അനുഗ്രഹം നല്ലതല്ലേ, കുറച്ചു ചെലവ് കൂടിയ അനുഗ്രഹം ആണ്, എന്നാലും സാരില്ല്യാ.’
ദക്ഷിണ പരിപാടി കഴിഞ്ഞപ്പോളാണ് ഫോട്ടോഗ്രാഫറിനു ഐഡിയ ഉദിച്ചത്. “അളിയാ, നമുക്കീ തുലാഭാരതട്ടിന്റെ അവിടെ കുറച്ചു ഷോട്ട്സ് എടുക്കാം”
ഐഡിയ കൊള്ളാമെന്നു എനിക്കും തോന്നി. കുറച്ചു ഫോട്ടം പിടിച്ചു കഴിഞ്ഞപ്പോൾ അമ്പലത്തിന്റെ ഏതോ ഒരു ഭാരവാഹി.
“മക്കളേ, ഇത് അമ്പലനടയാണ്,  പാർക്കല്ല. ഇത് തുലാഭാരതട്ടാണ്,  ഊഞ്ഞാലല്ല”.
നൈസായ്ട്ട് ട്രോളി.
പിന്നെ ഒന്നും നോക്കിയില്ല, വേഗം പുറത്തിറങ്ങി.
അടുത്തത് സ്ഥിരം ഫോട്ടോഗ്രഫി ഷോയാർന്നു.
ഇതൊക്കെ നടക്കുമ്പോൾ ഒരു ഒൻപതു മണിയേ ആയിട്ടുള്ളൂ. പിന്നീടാണ് അറിഞ്ഞത് അമ്മായച്ചൻ അവിടെ ബ്രേക്ക്‌ഫാസ്റ്റ് സെറ്റ് ആക്കീട്ട്ണ്ടാർന്നു ന്ന്. നേരത്തെ അറിഞ്ഞിരുന്നേ പോയി രണ്ടു ഇഡലി കഴിച്ചിട്ട് വന്നു പോസ് ചെയ്യാർന്ന്. ഭാഗ്യത്തിനു ഫോട്ടോഗ്രാഫർ അൽ-വണ്ടും കൂട്ടരും ഇഡലിടേം വടയുടേം കാര്യം അറിഞ്ഞില്ല്യ. അറിഞ്ഞിരുന്നെങ്കിൽ ഫോട്ടം പിടക്കാൻ ആളുണ്ടാവില്ലാരുന്നു.
പെൺകുട്ടിടെ രണ്ടാമത്തെ ഡ്രെസ്സ് ചേഞ്ച്‌ കഴിഞ്ഞു വന്ന് നേരെ ഓഡിറ്റോറിയത്തിലേക്ക് കേറി.  അപ്പോളാണ് ചേട്ടൻ പറയണേ “അച്ചൂ, ഒരു സീൻ ഇണ്ട്ട്ടാ. അമ്മായിമാരും കസിൻസും കയറിയ ബസിലെ ഡ്രൈവർക്ക് വഴി തെറ്റി ദേ ഇപ്പൊ എത്തിയിട്ടുള്ളൂ.,  താലികെട്ടൊന്നും അവര് കണ്ടിട്ടില്ല്യാട്ടാ.”
“അതിപ്പോ കഷ്ടായീല്ലോ ശ്യാമോ.
എന്തായാലും മ്മ്‌ടെ അമ്മായിമാരല്ലേ,  അവർക്കു കാര്യം മനസ്സിലായിക്കോളും ഡാ.”
പിന്നാലെ ഒരു അളിയൻ വരുന്നു കാലുകഴുകുന്നു, അടുത്ത അളിയൻ വരുന്നു കൈപിടിച്ച് സ്റ്റേജിലേക്ക് കയറ്റുന്നു.. ഹായ്. ന്താ രസം.. ഞാനാരാ രാജാവോ.
സ്റ്റേജിൽ കേറി ഒരു വല്ല്യേ രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും.. മ്മ്‌ടെ പൂമാല. അതാട്ടോ ഉദ്ദേശിച്ചേ. പിന്നെയാണ് അൽ-വണ്ട് കേറി സംവിധാനം ഏറ്റെടുത്തത്.
“അമ്മ ചെക്കനും പെണ്ണിനും പാല് കൊടുത്തേ”
“പഴം കൊടുത്തേ”
” എന്റെ ശരാ, ഒന്ന് ചിരിക്ക് ഉണ്ണിയെ”
“അനുമോളെ, ചിരിച്ചേ നീയ്, ഉണ്ണീടെ ചിരി കിട്ക്കീട്ട്ണ്ട്”
എന്റമ്മോ എന്തൊക്കെയാർന്ന്.
ഫോട്ടം പിടുത്തം പുരോഗമിച്ചു കൊണ്ടിരിക്കെ അപ്പുറത്ത് സദ്യ വിളമ്പി തുടങ്ങിയതിന്റെ മണം മൂക്കിനേം വയറിനേം കൊതിപ്പിച്ചു.
‘ഞാൻ ചെക്കന്റെ ആളാണ്, ഞങ്ങളാണ് ആദ്യം കഴിക്കേണ്ടത്, അല്ല, അത് പിന്നെ അങ്ങനെ ആണല്ലോ. എനിക്ക് വിശക്ക്ണൂ. ആരെങ്കിലും ഞങ്ങളെ ഒന്ന് ഫുഡ്‌ അടിക്കാൻ വിളിച്ചോണ്ട് പോടാ ദുഷ്ടൻമാരെ.’
ആര് കേൾക്കാൻ,  ആരോട് പറയാൻ.
വിശന്നു വലഞ്ഞു നിക്കുമ്പോളാ വല്യച്ചനും ഫാമിലിയും സദ്യയൊക്കെ അടിച്ചിട്ട് ഫോട്ടം പിടിക്കാൻ വന്നേ.
” എന്തൂട്ടാ അച്ചൂ ഇത്, നിനക്ക് ഈ  താടി ഒക്കെ ഒന്ന് വെട്ടിക്കൂടാർന്നോ?”.
“അത് പിന്നെ വല്യച്ചാ, ഒരു സ്റ്റൈൽ,  നന്നായ്ട്ടില്ലേ”.
ഒരു ചിരി തന്നിട്ട് ഫോട്ടം പിടിച്ചു മൂപ്പര് പോയി.
പിന്നേം ആരൊക്കെയോ വന്ന്.
എന്റെ വക ബന്ധുക്കളെ പരിചയപ്പെടുത്തൽ അങ്ങോട്ടും പെൺകുട്ടിടെ വക പരിചചയപ്പെടുത്തൽ ഇങ്ങോട്ടും.
അവസാനം ആകെ മൊത്തം കൺഫ്യൂഷൻ മാത്രം. മൊത്തം ഒരു പൊക തന്നെ.
ചിരിച്ചു ചിരിച്ചു കവിളിലെ മസിലിൽ 6പാക്ക് വരുമെന്ന അവസ്ഥയിൽ ആണ്‌ ആ  ദൈവദൂതൻ വന്നത്
“ചെക്കനും പെണ്ണിനും ഫുഡ്‌ കഴിക്കാൻ സീറ്റ്‌ സെറ്റാക്കീട്ട്ണ്ട്”.
അൽ-വണ്ടിനോട് “ഡാ, ചെർക്കാ, മതി ഫോട്ടം പിടിച്ചത്, അവർക്കു സമയത്തിന് മുന്നേ അവിടെ വീട്ടിൽ കേറാനുള്ളതാ.”
“ശരി ചേട്ടാ, ദേ രണ്ടേ രണ്ട് ക്ലിക്ക്, ഇവരെ ഇപ്പൊ വിടാംട്ടാ.”
പിന്നേം ഒരു 10-15മിനിറ്റ് ഫോട്ടോ പിടുത്തം തുടർന്നു. അവസാനം ഞാൻ തന്നെ അവനോടു പറഞ്ഞു
“അളിയാ വണ്ടേ, നിനക്ക് വിശക്ക്ണില്ലേടാ, എനിക്ക് നന്നായ്ട്ട്, വിശക്ക്ണ്ട് ട്ടാ”
“അളിയാ, കഴിഞ്ഞെടാ വാ കഴിക്കാൻ പോവാം.
സമാധാനം.
എന്താന്ന് അറിഞ്ഞൂടാ സദ്യ കണ്ടാൽ എനിക്ക് ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കണത് ഇഷ്ടല്ല.
വല്ല്യേ കുഴപ്പില്ലാണ്ട് കഴിച്ചു, പാലടയും പപ്പടവും കൂട്ടി കുഴച്ചു കഴിച്ചു. എന്നാലും ആ ഫീൽ ശരിക്കും കിട്ടിയില്ല.
കഴിച്ചുകഴിഞ്ഞപ്പോൾ പെൺകുട്ടി, ഐ മീൻ എന്റെ ഭാര്യ
“ഫുഡ്‌ കണ്ടാൽ നമ്മളെയൊന്നും ഒരു മൈൻഡും ഇല്യാല്ലേ”
ഒരു വളിച്ച ചിരിയും കൊടുത്തു പോയി കൈ കഴുകി നേരെ എന്റെ വീട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
പെണ്ണിന്റെ ആങ്ങള കുട എടുക്കാൻ ഓടി. അതെന്താന്ന് വെച്ചാൽ, മ്മ്‌ടെ അവ്ടെ ഒരു ചടങ്ങുണ്ട്, പെണ്ണിന്റെ ആങ്ങള കുട ചൂടി വേണം പെണ്ണിനെ കാറിൽ കേറ്റിവിടാൻ. നല്ല വെയിൽ അല്ലേ. അതാവും.
അതിനു മുന്നേ വേറൊരു കിടിലം ചടങ്ങുണ്ട്, പെൺകുട്ടിയുടെ യാത്ര പറച്ചിൽ.
ഞാൻ കരയില്ല്യാ, ഞാൻ കരയില്ല്യാ ന്ന് പറഞ്ഞ് എല്ലാരും കൂടി ഒരു കൂട്ട കരച്ചിൽ. പെൺകുട്ടി അച്ഛനോട് യാത്ര പറയുന്നു, അമ്മയോട് യാത്ര പറയുന്നു, ആങ്ങളമാരോടും നാത്തൂനോടും യാത്ര പറയുന്നു. എല്ലാത്തിനും അകമ്പടിയായി ചറപറാ കരച്ചിലും. കരച്ചിലിന്റെ പലപല വകഭേദങ്ങൾ അവടെ കാണാൻ പറ്റും. ഇതുകണ്ടിട്ട് അമ്മച്ചിയാണേ ചിരി പിടിച്ചു നിർത്താൻ പറ്റാതെ ഞാൻ നേരെ ശ്യാമൂന്റേ പിന്നിലേക്ക് പതിയെ വലിഞ്ഞു, പിന്നെ ചിരി ഒന്നടങ്ങിയപ്പോൾ എല്ലാരോടും യാത്ര പറഞ്ഞ് ഞാനും ഇറങ്ങി. കൂട്ടത്തിൽ അമ്മായച്ഛനോടു പറഞ്ഞു
“ഒന്നും പേടിക്കണ്ട അച്ഛാ, മോൾടെ കാര്യം ഞാനേറ്റു.”
മിക്കവാറും പാവത്തിന്റെ കിളി പോയികാണും.
വീട്ടിലെത്തി നിലവിളക്കും കൊണ്ട് പെണ്ണ് വീട്ടിൽ കേറുന്ന അടുത്ത കോമഡി സീൻ. എങ്ങും ടെൻഷൻ. ഞാനും ഏട്ടനും കൂട്ടത്തിൽ അച്ഛനും വിഷ്ണുവും രഞ്ജിത്തും പിന്നിൽ നിന്ന് പെണ്ണിനെ ട്രോളോടു ട്രോൾ. തീരെ കനം ഇല്ലാത്ത (ഒരു രണ്ട് മൂന്ന്‌ കിലോയേ കാണൂ) സാരിയും പിടിക്കണം, വിളക്ക് പിടിക്കണം,  വെറുതെ വിളക്ക് പിടിച്ചാൽ പോരാ, തിരി കെടാതെ അകത്തു കൊണ്ട് വെക്കണം. ഓഹ്.. സംഭവം കോമഡി ആണെങ്കിലും കുറച്ചു സ്കിൽ വേണ്ട സംഭവം ആണ്. ഒരു കുഞ്ഞീ വിളക്കും പിടിച്ചു അമ്മ വന്നപ്പോൾ അച്ഛന്റെ ചോദ്യം.

“എയ്, ഇന്നലെ കഴുകി വൃത്തിയാക്കി വെച്ച ആ വല്ല്യേ വിളക്കെന്തേ ഷീലേ?” മൊത്തത്തിൽ കൂട്ടചിരി, അതിന്റെ ഇടയിൽ വിളക്കും പിടിച്ചു പെണ്ണ് വീട്ടിൽ കേറി. അമ്മ, അതായത് പെണ്ണിന്റെ അമ്മായിഅമ്മ, പെണ്ണിന്റെ സാരി പിടിച്ചു സഹായിച്ചു കൊടുത്തു. അടുത്ത ഡ്രസ്സ്‌ ചേഞ്ചിന്റെ മുന്നേ കുറച്ചു ഫോട്ടോഷൂട്ട് ഉണ്ടാർന്നു, as usual, അച്ഛന്റേം അമ്മടേം വക ചീത്ത വിളി കിട്ടിയിട്ടാണ് അൽ-വണ്ട് പണി നിർത്തിയത്. പിന്നെ ഓട്ടം. കുളി, costume ചേഞ്ച്‌, മേക്കപ്പ്. മേക്കപ്പ് എനിക്കാണെന്ന് ആരും വിചാരിക്കണ്ട., മേക്കപ്പ് പെണ്ണിനും പിന്നെ എന്റെ ഒരേയൊരു ചേട്ടത്തിക്കും. നമ്മൾ പണ്ടേ ഗ്യാരണ്ടി കളറായതോണ്ട് മേക്കപ്പൊന്നും സെറ്റാവൂല്ല.
പുഷ്പലത ചേച്ചിയുടെ (ദീപ ന്നാ ശരിക്കും പേര്) കഴിവ് മുഴുവൻ കാണിക്കാൻ ഉള്ള സമയം ഇല്ലാഞ്ഞോണ്ട് രക്ഷപ്പെട്ട്. അവിടന്ന് ഓട്ടം ഓഡിറ്റോറിയത്തിലേക്ക്.
റിസെപ്ഷൻ ഫുൾ ഏട്ടന്റെ പ്ലാനിങ് ആർന്നൂട്ടോ. ഞാനൊന്നും അറിഞ്ഞില്ല്യാ.
സംഭവം ഗ്രാന്റ് പരിപാടിയാക്കി മച്ചാൻ.
അന്നു തന്നെയാർന്നു അച്ഛന്റേം അമ്മടേം വെഡ്‌ഡിങ് ആനിവേഴ്സറി.
സർപ്രൈസ് ആയിട്ടു ഒരു കേക്ക് കട്ടിങ്ങും റിങ് എക്സ്ചേഞ്ചും സെറ്റ് ആക്കീട്ട്ണ്ടാർന്നു.

കാര്യം അനൗൺസ് ചെയ്യാൻ നോക്കിയപ്പോ ആരുംല്ല്യാ. അവസാനം ഞാൻ തന്നെ മൈക്ക് എടുത്തു അനൗൺസ്മെന്റ് നടത്തി. സ്വന്തം കല്യാണത്തിന് അനൗൺസ്മെന്റ് പരിപാടീം കൂടി ചെയ്ത ഏക കല്യാണചെക്കൻ ഞാൻ മാത്രം ആയിരിക്കും.
അവസ്ഥ ല്ലേ. 
റിസെപ്ഷന് നല്ല ഫുഡ്‌ ഉണ്ടെന്നാ ശ്യാമു പറഞ്ഞിരുന്നേ, പക്ഷേ ഫോട്ടോഷൂട്ട്‌ ഒക്കെ കഴിഞ്ഞു 8മണിക്ക് ഞങ്ങൾ ചെന്നപ്പോളേക്കും ഫുഡിന്റെ കാര്യം ഏകദേശം ഒരു തീരുമാനം ആയിട്ട്ണ്ടാർന്ന്. പിന്നെ ഉള്ളതൊക്കെ കഴിച്ച് ഫസ്റ്റ് നൈറ്റിന് ഓൾടെ വീട്ടിലേക്കു.
ഇരിഞ്ഞാലക്കുട എത്തിയപ്പോ പോവേണ്ട റൂട്ടിൽ ഒരു കുഞ്ഞീ കൺഫ്യൂഷൻ ഉണ്ടായെങ്കിലും ഒരിക്കലും വഴി തെറ്റാത്ത ഡ്രൈവർ ജിയോ ഞങ്ങളെ വഴി ഒട്ടും തെറ്റിക്കാതെ കല്ലൂരിലെ വീട്ടിലെത്തിച്ചു ട്ടാ..

അവ്ടെ എന്താന്ന് അറിഞ്ഞൂടാ ആ നേരത്ത് കറന്റ്‌ പോയി എല്ലാരും ഇരുട്ടത്തു കലപില ബഹളം.
എങ്ങനെയോ കറക്റ്റായിട്ട് ഞാനവ്ടെ കാലുകുത്തലും കറന്റ്‌ വരലും ഒരുമിച്ച്. ബാക്ക്ഗ്രൗണ്ടിൽ പെണ്ണിന്റെ പാപ്പന്റെ ട്രോൾ
“മോൻ വന്നത് ഞങ്ങടെ ഭാഗ്യാട്ടാ,  കണ്ടില്ലേ കറന്റ്‌ വരെ വന്നത്”
ഇതിലും നല്ല ട്രോൾ കേരള പോലീസിന്റെ ഫേസ്ബുക് പേജിൽ മാത്രം.
‘വേണ്ടാരുന്നു പാപ്പോ വേണ്ടാരുന്നു’
പിന്നെ അവിടെ ഉണ്ടായിരുന്നവരെ എല്ലാരേം പരിചയപെട്ടു വന്നപ്പോളേക്കും സമയം 10മണി കഴിഞ്ഞു. പിന്നെ കുളിച്ചു ഫുഡടിക്കാനുള്ള സമയം.
ഇലയിട്ട് കറികൾ വിളമ്പിയപ്പോൾ ഒരു സമാധാനം. ഉച്ചക്കത്തെ സദ്യയിലെ ഒരു മാതിരി എല്ലാ കറികളും ഉണ്ടായിരുന്നു. ഉച്ചക്ക് മര്യാദക്ക് കഴിക്കാൻ പറ്റാത്തതിന്റെ ക്ഷീണം രാത്രി തീർത്തു.
സാധാരണ കല്യാണരാത്രിയിലെ ഫുഡിന് പെണ്ണിന്റെ വീട്ടിൽ ചിക്കനും മീനും ഒക്കെയാണ് റെഡിയക്കാറ്, ഞാൻ അതൊന്നും കഴിക്കത്തോണ്ട് അമ്മായിഅമ്മ രക്ഷപ്പെട്ടു ന്ന് പറഞ്ഞാൽ മതിയല്ലോ.

പെണ്ണും കുളിയൊക്കെ കഴിഞ്ഞാണ് ഫുഡ്‌ അടിക്കാൻ വന്നത്. 
‘അയ്യോ, ഞാൻ രാവിലെ കല്യാണം കഴിച്ച പെണ്ണിനെ ആരെങ്കിലും കണ്ടോ? ‘
മേക്കപ്പിനൊന്നും ഒരു പരിധിയും ഇല്ലാട്ടാ..
LIVINZ ലെ ചേച്ചിയേ, നമിച്ചു..

ഭാവിവധുവിന്റെ പിറന്നാൾ

ഫെബ്രുവരി 27. കെട്ടുറപ്പിച്ചിട്ടു ആദ്യത്തെ പിറന്നാൾ അന്നാണ്. സംഭവം കളറാക്കണം.

സംഭവം വൻ കോമഡിയാർന്ന് ട്ടാ. കെട്ടാൻ പോവുന്ന എല്ലാ പയ്യൻമാരെ പോലെ ഞാനും ഒരുപാടു ആലോചിച്ചു കൂട്ടി. ആദ്യത്തെ പിറന്നാൾ അല്ലേ, സമ്മാനം നല്ലത് വല്ലോം കൊടുത്തില്ലേൽ മോശല്ലേ. ഓൺലൈൻ വഴി ഒരുപാടു ഓപ്ഷൻസ് നോക്കി. ഒന്നും അങ്ങട് സെറ്റ് ആയില്ല. അങ്ങനെ ആലോചിച്ചു കളയാൻ ഒരുപാട് സമയം ഒട്ടു ഇല്ലതാനും.
എന്തു ചെയ്യും ന്ന് ഒരു എത്തും പിടിയും കിട്ടാതെ ഇരിക്കുമ്പോഴാണ് നമ്മ്ടെ പോളിടെക്‌നിക് കൂട്ടുകാരു നടത്തുന്ന CNC Vector ന്റെ കാര്യം ഓർമ വന്നേ. അപ്പോ തന്നെ പ്രൊപ്പറേറ്റർ അജിയെ വിളിച്ചു.  ആവശ്യം അറിയിച്ചപ്പോ ദക്ഷിണ വെക്കാൻ ഒന്നും പറഞ്ഞില്ല അവൻ. മരത്തിലോ ഫൈബറിലോ കെട്ടാൻ പോണ കുട്ടീടെ പടം പ്രിന്റ് ചെയ്തു  തരാന്ന് പറഞ്ഞു പയ്യൻസ്. നിമിത്തും പറഞ്ഞു സംഭവം നമുക്കു കളറാക്കാന്ന്. അപ്പൊ തനന്നെ ഓൾടെ കൊറേ പടങ്ങൾ ഓര്ക്ക് അയച്ചുകൊടുത്ത്. ഓൾടെ ഫേസ്ബുക് പ്രൊഫൈൽ കണ്ടുപിടിക്കാൻ പറ്റാഞ്ഞോണ്ട് പടത്തിനു ഭയങ്കര ദാരിദ്ര്യം ആർന്നു ന്ന് പറഞ്ഞാൽ ഇക്കാലത്തു ആരേലും വിശ്വസിക്കോ. അവസ്ഥ. പിന്നെ ഓൾടെ ചേട്ടത്തിയമ്മയെ ചാക്കിട്ട് പിടിച്ചാണ് ഫോട്ടം സംഘടിപ്പിച്ചത്. ഓരോരോ തത്രപാടുകളേ.. പിറ്റേ ദിവസം തന്നെ നിമിത് സംഭവം സെറ്റ് ആക്കി ഫോട്ടം അയച്ചുതന്നു.. ഹായ്.. ഫോട്ടോ ഫ്രെയിം പോലെ മരത്തിൽ ഓൾടെ ഒരു ഫോട്ടം അങ്ങ് പ്രിന്റ് ചെയ്ത പോലുണ്ട്.  അതിനു ഒരു  വെറൈറ്റി സ്റ്റാൻഡും. സംഭവം പൊരിച്ചു.. 

ബ്ലാക്ക് ആൻഡ് വൈറ്റ് ആണേലും സാധനം കളറായി.
ഇനി ഇപ്പൊ ഓളെ കാണണം. അത് കൊടുക്കണം. ഒന്ന് ഞെട്ടിക്കണം. ഞാൻ ഒട്ടും റൊമാന്റിക് അല്ലെന്നു ന്റെ സ്വന്തം ഏട്ടത്തിയമ്മ ഓളോട് നേരത്തെ പറഞ്ഞിട്ട്ണ്ടേ. അപ്പൊ ഇങ്ങനെ ഒരു ഗിഫ്റ്റ് ഞാൻ കൊടുക്കുംന്ന് ഓളും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണൂല്ല.
ഫെബ് 27ന് നാട്ടിൽ പോവാൻ എന്തോ കാരണത്താൽ പറ്റീല്ല. മാർച്ച്‌ 5. അന്നാർന്ന് അവൾടെ പിറന്നാള്. എന്റെ ഡേറ്റ് ഓഫ്  ബർത്ത് ഉം. 

അൽ-വണ്ട് ഫോട്ടോഗ്രാഫർനെ വിളിച്ച് പറഞ്ഞു മ്മ്ടെ pre-wed ഫോട്ടം പിടുത്തം അന്ന് തന്നെ ആക്കാംന്ന്.
മ്മ്‌ടെ വടക്കുനാഥന്റെ നട ഉള്ളപ്പോ വേറെ ലൊക്കേഷൻ ഒന്നും വേണ്ടാന്ന് അൽ-വണ്ട്. ശരിന്ന് ഞാനും. ചെന്നൈ ന്ന് ബസും പിടിച്ചു രാവിലെ വീട്ടിലെത്തി കുളിച്ചു ഫുഡ്‌ അടിക്കാൻ ഇരുന്നപ്പോ അച്ഛന്റെ മാസ്സ് ഡയലോഗ്.

“നമ്മക്കും ഉണ്ടേ പിറന്നാളൊക്കെ, ഇതുവരെ ഗിഫ്റ്റ് ഒന്നും കിട്ടീല്ല”.

ദേ കിടക്ക്ണ് സകല മാനവും. മനസ്സിൽന്ന് അറിയാണ്ട് വന്നു

“അച്ഛാ…. “

ഈ ചമ്മി ചമ്മന്തി ആയ ഒരുത്തന്റെ വിഷമം മൊത്തം അതില്ണ്ട്ന്ന് മനസ്സിലാക്കിയ അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല. വേഗം ഫുഡ്‌ അടിച്ചു ഉണ്ണിമോന്റെ ക്ലാസ്സിക്കും വാങ്ങി നേരെ വിട്ടു കല്ലൂർക്ക്. ഓളെ കാണാൻ ഉള്ള ആഗ്രഹവും ബൈക്ക് ഓടിക്കാനുള്ള ആന്തരികമായ ആഗ്രഹവും ചേർന്നപ്പോ 35km ഒക്കെ ടപ്പേ ന്ന് തീർന്നു.
ഇതിനു മുന്ന് പെണ്ണ് കാണാൻ മാത്രം അവിടെ പോയ ഒരു ഊഹത്തിലാണ് എന്റെ പോക്ക്. സ്വാഭാവികമായി വഴി തെറ്റി. അവസാനം ഓൾടെ അച്ഛനെ വിളിക്കേണ്ട അവസ്ഥ.
“അച്ഛാ. ഞാൻ ദേ ഈ വളവിൽ നിൽക്ക്ണ്ട്. വീട്ടിലേക്കു വരാനുള്ള വഴി എങ്ങനെയാ? “
ലോകത്തു ഒരുത്തനും ഈ ഗതി വരുത്തല്ലേ ഈശ്വരാ. പക്ഷെ അമ്മായച്ഛൻ വഴി പറഞ്ഞു തന്നത് എനിക്ക് വല്ല്യേ ഇഷ്ടായി.
“മോൻ പോയ വഴിയേ ഇങ്ങു തിരിച്ചു പോരെ, റോഡിന്റെ വലത്തേ സൈഡിൽ ലാലേട്ടന്റെ ഒരു വല്ല്യേ ഫ്ലക്സ് വെച്ചിട്ടുണ്ട്,  അവ്ടന്ന് നേരെ വടക്കോട്ട് പോരെ. ഞാൻ അവ്ടെ നിക്ക്ണ്ട്”.
പിന്നെ വഴി തെറ്റിയില്ല. നേരെ വീട്ടിലെത്തി.
പെണ്ണ്കാണാൻ പോയി ഉറുമ്പിനെ ഇട്ട വെള്ളം കിട്ടിയ ഓർമ ഉള്ളോണ്ട് അമ്മായമ്മയോട് പറഞ്ഞു
“വെള്ളം വേണ്ടാട്ടോ അമ്മേ”
“ഉറുമ്പിനെ ഇട്ട വെള്ളം ഇല്ല മോനെ.  പിറന്നാൾ ആയിട്ടു പാലട പായസം ഉണ്ടാക്കിട്ട് ണ്ട് “ചിരിച്ചോണ്ട് അമ്മ
പറഞ്ഞു.
‘ഈശ്വരാ, ഇന്ന് ന്തു ആണോ കിട്ടാൻ പോണേ, കാത്തോളണേ'(ഇത് മൈൻഡ് വോയ്‌സ് ആർന്ന് ട്ടാ).
ഒരു ഗ്ലാസിൽ പായസം.. മോശം പറയരുതല്ലോ. ഇത്രേം മോശം പായസം, അതും പാലട, എന്റെ ജീവിതത്തിൽ കഴിച്ചിട്ടേ ഇല്ലാരുന്നു. അതിലും മോശം പാലട പായസം പിന്നെ കഴിച്ചത് മാളൂന്റെ കല്യാണത്തിനാണ്. അമ്മായിഅമ്മ തന്ന ഒരു ഗ്ലാസ്‌ പായസം കുടിച്ചു തീർക്കുന്നതിന്റെ ഇടയിൽ എന്റെ മുഖത്തു മിന്നി മറിഞ്ഞ ഭാവങ്ങൾ കണ്ടിട്ടാവണം അമ്മയുടെ ചോദ്യം
“പായസം ശരിയായില്ല ല്ലേ? “
“എയ്. അത്ര മോശമൊന്നും അല്ല,  പഞ്ചസാര കറക്റ്റാ.”
എന്താന്ന് അറിയില്ല നുണ പറയാൻ എനിക്ക് പണ്ടേ അറിഞ്ഞൂട.
അവിടന്ന് എസ്‌കേപ്പ് അടിച്ചു ഓളെ കൂട്ടി നേരെ വിട്ടു മ്മ്‌ടെ തേക്കിൻ കാട്ടീൽക്ക്.
അവിടെ ചെന്ന് അൽ-വണ്ടിനെ വിളിച്ചപ്പോ ആ പേട്ട വീട്ടിൽന്ന് ഇറങ്ങിയിട്ടേ ഉള്ളൂ.

“നീ അവിടെ കുറച്ചു നേരം ഓളോട് പഞ്ചാര അടിച്ചിരിക്കളിയാ. ഞാൻ ദേ എത്തി”.
പോളിയിൽ സ്ഥിരായ്ട്ട് അരമണിക്കൂർ ലേറ്റ് ആയി ക്ലാസ്സിൽ വന്നോണ്ടിരുന്ന വണ്ടിന് ഒരു മാറ്റവും ഇല്ല. അല്ലെങ്കിലും അവൻ നേരത്തിനു വരുമെന്ന് കരുതിയ എന്നെ പറഞ്ഞാൽ മതി. 
എന്തെങ്കിലും ആവട്ടെ ന്ന് കരുതി അവിടെ അവളോട്‌ പഞ്ചാര അടിച്ചോണ്ട് ഇരിക്കുമ്പോ ദേ വരുന്നു നമ്മ്‌ടെ പിങ്ക് പോലീസ്.
അവര് നേരെ വന്നു ഓളെ മാറ്റി നിർത്തി ചോദ്യം ചെയ്യൽ തുടങ്ങി. കല്യാണം ഉറപ്പിച്ചതാണ്, pre-wed photoshoot ന് വന്നതാണ്, ഫോട്ടോഗ്രാഫർ നെ കാത്തുനിൽക്കാണ് ന്ന് ഒക്കെ പറഞ്ഞപ്പോ അവര് പോയി. അവര് പോയതിനു പിന്നാലെ അജിയും നിമിത്തും ഗിഫ്റ്റ് എടുത്തോണ്ട് വന്നു. 
അതിന്റെ ഇടയിൽ അമ്മായാച്ഛന്റെ വിളി,  “ഫോട്ടം പിടിച്ചു കഴിഞ്ഞെങ്കിൽ വേഗം ഇങ്ങ്ട്ട് പോരെ ട്ടോ, ഊണ് ഇവ്ടെ റെഡി ആക്ക്ണ്ട്”.
“ഇപ്പൊ ഇങ്ങ് വന്നല്ലേ ഉള്ളൂ അച്ഛാ,    അതുമല്ല ഫോട്ടോഗ്രാഫർ ചേട്ടൻ വരണേ ഉള്ളൂ” ഇത് പറഞ്ഞത് അവളായിരുന്നു. അജിയും നിമിത്തും
എന്നെ നോക്കി, ഞാൻ അവരേം. ഇങ്ങനേം ഒണ്ടോ കാർന്നവർമ്മാര്. 1980 അല്ലല്ലോ 2018 അല്ലെ. ഇച്ചിരി സ്വാതന്ത്ര്യം.
അതും പറഞ്ഞു ഇരിക്കുമ്പോലാണ് അൽ-വണ്ട് വന്നേ. ഒരു കുഞ്ഞിയെ വണ്ടിയും ഒരു വല്ല്യേ ബാഗും. ചോദിച്ചപ്പോ പറയാണ് ടൂൾസ് ആന്ന്.
അങ്ങനെ അവന്റെ ടൂൾസ് ഒക്കെ സെറ്റ് ആക്കി പടം പിടിക്കാൻ പോയപ്പോ നടയിൽ നിന്നിരുന്ന സെക്യൂരിറ്റി

“ഡാ, മോനേ, ഇങ്ങ്ട്ട് വന്നേ”.
“എന്താ ചേട്ടാ?”
“എവ്ടെ? “
“എന്തൂട്ട്?”
“ഓഫീസിൽ ഫീസ് അടച്ചതിന്റെ രസീത്”
“ഫീസോ?”
“ആ 500 രൂപ. ഇവ്ടെ നിന്ന് ഫോട്ടോ എടുക്കണേല് 500രൂപയാ ഫീസ്..”
അമ്പരന്ന് നിന്ന വണ്ടിനോട്‌ ഞങ്ങൾ “അളിയാ ന്തു പറ്റി?”
” ഒന്നുംല്ല്യ അളിയോ. ഇവിടെ നിന്ന് ഫോട്ടോ എടുക്കാൻ അങ്ങേർക്ക് 500രൂപ ഫീസ് കൊടുക്കാൻ. എന്റെ പട്ടി കൊടുക്കും പൈസ”.
“ഇനിയിപ്പോ ന്തു ചെയ്യും അളിയാ? “
“നീ വാ  മുത്തേ, നമുക്കു കിഴക്കേ നടയിൽ പോവാം, അവിടെ സെക്യൂരിറ്റി ഇല്ല” ഇതും പറഞ്ഞു ഒരു ഇളിഞ്ഞ ചിരിയും.
നേരെ കിഴക്കേ നടയിൽ പോയി ആവശ്യത്തിന് പടവും പിടിച്ചു കഴിയാറായപ്പോൾ നിമിത് ഗിഫ്റ്റ് എടുത്തു. വല്ല്യേ കളർ പേപ്പറിൽ ഒന്നും പൊതിഞ്ഞിട്ടില്ലാർന്ന്.

നേരെ ഞാനതങ്ങ് കൊടുത്തു.
എന്നിട്ട് ഒരു ഹാപ്പി ജനിച്ചീസോം കൂടി വിഷ് ചെയ്തു. ഓള് ഹാപ്പി. നേരത്തെ പറഞ്ഞ ഒരു ഞെട്ടൽ, അത്ര ഭീകരം അല്ലാരുന്ന്., എന്നാലും കൊറച്ചു ഞെട്ടി.
അവ്ടന്ന് നേരെ ഏതോ ഒരു ഹോട്ടലിൽ കേറി ഫുഡ്‌ കഴിച്ചു തിരിച്ചു പോരാൻ നിൽകുമ്പോൾ നിമിത്

“അളിയാ ഗിഫ്റ്റ് ന്റെ പൈസ 500 കിട്ടിയില്ല.”
“ഡാ തെണ്ടി” ന്ന് മനസ്സിലും “അയ്യോ സോറി അളിയാ മറന്നു” ന്ന് അവനോടും പറഞ്ഞു പൈസ കൊടുത്ത് അവ്ട്ന്ന് നേരെ കല്ലൂർ ക്ക്. ഇതിന്റെ ഇടയിൽ ബാക്ക്ഗ്രൗണ്ടിൽ അമ്മായച്ഛന്റെ വിളി വന്നോണ്ടേ ഇരിക്കാർന്ന്. അവസാനം  3-3:30 ആയപ്പോൾ അവളുടെ വീടെത്തിയപ്പോ ഉമ്മറത്തു തന്നെ നിൽപ്പുണ്ട് നമ്മടെ മൊതല്.
ബാക്കി എന്തൊക്കെ അവിടെ നടന്നതെന്ന് സത്യായിട്ടും എനിക്കറിഞ്ഞൂടാ.. ഞാൻ വേഗം സ്കൂട്ടായി.
എന്തായാലും നല്ലത് മാത്രം  നടന്നിട്ട്ണ്ടാവുംന്ന് വിചാരിക്കാം. 

പെണ്ണുകാണൽ-4

The Conclusion.

തുടക്കം മുതലേ പറയുവാണെങ്കിൽ സംഭവം കളറാണ്. കുറച്ചായി എന്നെ പെണ്ണുകെട്ടിക്കാൻ വേണ്ടി വീട്ടുകാരുടെ നെട്ടോട്ടം. കുറച്ചു കുട്ട്യോളെ കാണേംണ്ടായി. പക്ഷെ ഒന്നും അങ്ങട് സെറ്റായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പുതുക്കാട്ടെ അളിയൻ കുറച്ചു ജാതകകുറിപ്പുകൾ കൊണ്ടൊന്നു കൊടുത്തത്. ആരാ അറിഞ്ഞേ അതിൽ നമുക്കുള്ള കുരുക്കു ഉണ്ടന്ന്. 5-8 എണ്ണം ഉണ്ടാർന്നു. അതിലൊരെണ്ണം ആണെങ്കിൽ അന്യായ പൊരുത്തം. ഏഴോ ഏഴരയോ പൊരുത്തം ഉണ്ടത്രേ. വീട്ടുകാര് കട്ട ഹാപ്പി. ഞാൻ പോലും അറിയാതെ അവര് പോയി പെണ്ണും കണ്ടു എല്ലാം സെറ്റ് ആക്കി. അങ്ങോട്ടും ഇങ്ങോട്ടും എല്ലാരും സെറ്റ്. ആകെ ബാക്കി ചെക്കനും പെണ്ണും തമ്മിൽ കാണൽ. ഓഫീസ് ആവശ്യത്തിന് വിജയവാഡയിൽ കിളക്കാൻ (ട്രാക്ടർ ന്റെ പണിയാണേ) പോയ എന്നെ വിളിച്ചിട്ടു പറയുവാ

“ഞങ്ങൾ എല്ലാരും പോയി കണ്ടു, എല്ലാം സെറ്റ് ആയി, ഇനി നീ വേണേൽ വന്നു കണ്ടോ”

ഇപ്പോ ഞാൻ ആരായി. പിന്നെ ഒന്നും ആലോചിച്ചില്ല ഞാനും കട്ടക്ക് അങ്ങ് ജാഡ ഇട്ടു. പെൺകുട്ടിയുടെ ഫോട്ടം കാണണം, സംസാരിക്കണം എന്നൊക്കെ. ഇതിലൊക്കെ ഓക്കെ ആണെങ്കിലേ പോയി കാണുള്ളൂ ന്ന് ഞാനും ജാഡ ആണേല് പോയി പണി നോക്കെടേയ് എന്നു വീട്ടുകാരും. എന്തോ വീട്ടുകാർക്ക് നല്ല ബുദ്ധി തോന്നി കുട്ടീടെ ഫോട്ടോം കിട്ടി അവൾടെ അച്ഛന്റെ നമ്പറും കിട്ടി. പിറ്റേന്ന് രാവിലെ 10മണിക്കു ആണ് സ്ലോട്ട്. വിളിച്ചു. ആദ്യം അമ്മ, പിന്നെ ഏട്ടൻ, അതും കഴിഞ്ഞാണ് അവൾക്കു ഫോൺ കൊടുത്തേ. കുട്ടിക്ക് ബൈക്ക് റൈഡിനു പോവാനോക്കെ ഇഷ്ടാണ്ന്ന് കേട്ടപ്പോ ശരിക്കും പറഞ്ഞാ നെഞ്ചിനുള്ളിൽ ഒരു മഞ്ഞുമഴ പെയ്തപോലുണ്ടാർന്ന്. പ്രായവും ഉയരവും കുറച്ചു കുറവാണെങ്കിലും നമ്മടെ മെയിൻ criteria safisfy ചെയ്തതിന്റെ സന്തോഷത്തിൽ “ശരി ന്നാ, നേരിട്ട് കാണാ ട്ടാ” ന്ന് പറഞ്ഞു ഫോൺ കട്ടാക്കി. സംസാരിച്ചിട്ട് ഓക്കേ ആണെന്ന് വീട്ടുകാരോട് പറഞ്ഞപ്പോൾ അവരും ഹാപ്പി. അങ്ങനെ ക്രിസ്മസ് ലീവിന് വരുമ്പോൾ കാണാമെന്നു തീരുമാനായി.
അവളെ കാണാനുള്ള ഒരു ഇതിൽ ചെന്നൈയിൽന്ന് ആലപ്പി എക്സ്പ്രസും പിടിച്ചു ഇരിഞ്ഞാലക്കുട വന്നിറങ്ങിയപ്പോ ഏട്ടൻ നേരത്തെ അവിടെ ഹാജർ. നേരെ പൊക്കിയെടുത്തു ചന്ദ്രേട്ടന്റെ ബാർബർ ഷോപ്പിൽ. ഏട്ടന്റെ ഡയലോഗ്
“ചന്ദ്രേട്ടാ. അവന്റെ താടി ഒക്കെ ഒന്ന് വെട്ടിവെടുപ്പാക്കിയേ. ചെക്കന് പെണ്ണുകാണാൻ പോവാനുള്ളതാ”
ഇത്രേം പോരെ അവിടെ കൂടിയിരുന്ന ഊളകൾക്കെല്ലാം കൂടി ചിരിക്കാൻ. രാവിലത്തെ തണുപ്പിലും ഞാൻ നന്നായിട്ടു തന്നെ വിയർത്തു. അവസ്ഥ. പൊന്നുപോലെ വളർത്തുന്ന താടിയിൽ ചന്ദ്രേട്ടൻ ഒരു താജ്മഹൽ തന്നെ പണിതു. അങ്ങേരോട് അവസാനം
“ചേട്ടന് ഇത് വല്ല്യേ ഐഡിയ ഒന്നും ഇല്ലാല്ലേ” ന്നും പറഞ്ഞു അവിടന്ന്‌ ഇറങ്ങി.

വീട്ടിൽ ചെന്നപ്പോൾ പല്ലുതേക്കാൻ ബ്രഷും പേസ്റ്റും റെഡി, ബ്രേക്ക്ഫാസ്റ്റ് റെഡി, കുളിക്കാൻ വെള്ളം റെഡി,  അങ്ങോട്ട് പോവാൻ കാർ ഏട്ടൻ കഴുകി വൃത്തിയാക്കി ഇട്ടേക്കുന്നു. അപ്പോളേ കാര്യം ഏകദേശം പിടികിട്ടി.
മോനേ.. നീ പെട്ടു ട്ടാ.
കുളിച്ചു ന്ന് വരുത്തി, ഫുഡ് അടിച്ചു നേരെ ആമ്പല്ലുർക്ക്.

“ഞങ്ങൾ ഇവിടന്നു ഇറങ്ങി ട്ടാ”
അവളുടെ വീട്ടിലേക്കു ഏട്ടന്റെ വക ഇൻഫർമേഷൻ. അവിടെ എത്തിയപ്പോൾ ഏട്ടൻ പറഞ്ഞു കാർ നമുക്ക് പുറത്തിടാം, കഴിഞ്ഞ തവണ വന്നപ്പോൾ അടിയുരഞ്ഞതാന്ന്. കുട്ടീടെ അച്ഛൻ പുറത്തോട്ടു വന്നു നമ്മളെ രണ്ടു പേരേം ഉള്ളിലോട്ടു കൊണ്ടോയി. കുറച്ചു ജാഡയ്ക്ക് പുതിയ അഡിഡാസിന്റെ ഷൂസും വലിച്ചു കേറ്റിയിട്ടാ പോയേ. വെറും ഷോ.

ഷൂസൊക്കെ ഊരിവെച്ചു അകത്തു  ചെന്നപ്പോ മേശപ്പുറത്തു നിറയെ ജിലേബി, അലുവ, മിക്സ്ച്ചർ അങ്ങനെ എന്തൊക്കെയോ കൊണ്ടുവെച്ചിരുന്നു. അടുത്തെവിടെയോ പൂരം കഴിഞ്ഞിട്ടെണ്ടെന്നു ഉറപ്പ്. അല്ലാണ്ടിപ്പോ എവ്ടന്നാ ഇത്രേം പലഹാരം കിട്ടാൻ. ഒരു പെണ്ണുകാണലിനു വേണ്ടി ഇത്രേം സാനങ്ങൾ വാങ്ങിക്ക്യോ.  
ക്ലീഷേ പരുപാടി ഒന്നും ഉണ്ടാർന്നില്ല, അമ്മയാണ് ചായ കൊണ്ടുവന്നത്. ചായ കുടിക്കില്ല വെള്ളം മതിയെന്ന് പറഞ്ഞപ്പോൾ പാവം തിരക്കിട്ടു എന്തോ കലക്കി തന്നു. കലക്കാൻ കൂട്ടിനു കുട്ടീടെ കസിൻ ചേട്ടനും ഉണ്ട്ട്ടാ.തിരക്കിട്ടു ഉണ്ടാക്കിയതോണ്ട് പഞ്ചസാരയിലെ ഉറുമ്പുകളെ പാവങ്ങൾ കണ്ടില്ലെന്നു തോന്നുന്നു. ഒരു സിപ് എടുത്തു, അപ്പോളേക്കും അവൾ വന്നു സംസാരിച്ചു, അന്ന് രാവിലെയാ പാവം കുട്ടി ബാംഗ്ലൂരിലെ ഇന്റർവ്യൂ കഴിഞ്ഞു വന്നത്. പൂട്ടിപോയ നമ്മ്‌ടെ ജെറ്റ് ഐർവേയ്സിന്റെ ഇന്റർവ്യൂ ആണെന്നാ കുട്ടീടെ അച്ഛൻ പറയണേ. നല്ല ശമ്പളം കിട്ടൂന്ന്.  അവര്ടെ ട്രെയിനും വൈകിയാണ് വന്നത്. എന്നാലും മേക്കപ്പ് ചെയ്യാൻ ഒക്കെ സമയം കിട്ടിയിട്ട്ണ്ട് കുട്ടിക്ക്. പിന്നെ നന്നായിട്ടു സംസാരിക്കുന്ന കുട്ടിയായതോണ്ട് “ഗോവിന്ദൻ കുട്ടീ, കുട്ടി മിണ്ടണില്ലാ” ന്ന് പറയേണ്ടി വന്നില്ല.

കുറച്ചു സംസാരിച്ചപ്പോഴേക്കും അവിടെ ഞാൻ ഓക്കേ ആയി, ഫ്രീയായിട്ട് സംസാരിക്കാവുന്ന അവസ്ഥയിൽ എത്തിയിരുന്നു. അത്യാവശ്യം നല്ല രീതിയിൽ മാന്യമായി തന്നെ പറഞ്ഞു

“ആന്റീ , ഈ വെള്ളത്തിൽ നിറയെ ഉറുമ്പ് ആണ്, ഒന്ന് അരിച്ചു തരാമോ?”

അപ്പോൾ അവരുടെ ഒക്കെ മുഖത്തെ എക്സ്പ്രെഷൻസ് ഒന്ന് കാണണം ആയിരുന്നു. ആകെ ചമ്മി ചമ്മി ചമ്മന്തി ആയ ഒരു ഫീൽ. അവളുടെ മുഖത്തെ ഭാവങ്ങൾ ജഗതിയുടെ ആദ്യകാലങ്ങളിലെ ഭാവാഭിനയത്തിനെ ഓർമിപ്പിച്ചു. സംഭവം കളറായി. എന്നെ കെട്ടിയില്ലെങ്കിലും അവളുടെ ജീവിതത്തിൽ എന്നെ മറക്കില്ല ന്ന് ഉറപ്പാ.. എന്തായാലും ആന്റി വേറെ വെള്ളം സെറ്റാക്കി തന്നു, എനിക്ക് ഉറപ്പായിരുന്നു അതിൽ ഒരു കുഞ്ഞി കരട് പോലും കാണില്ലെന്ന്. ശരിക്കും ഒരു പാവം അമ്മ.
കുട്ടിയും പാവമാണേ (അങ്ങനെ പറയാൻ പറഞ്ഞു).

അങ്ങനെ കാര്യങ്ങൾ ഒക്കെ കളറായി.
ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി. ഇറങ്ങാൻ നേരമാണ് ജാഡയ്ക്ക് ഇട്ട ഷൂസ് പണി തന്നത്. തല്ലിക്കേറ്റണ്ടേ സാനം. വെണ്ടാർന്നു. അന്നവിടന്ന് ഷൂസിന്റെ വള്ളിയും
കുറച്ചുനാളുകൾക്കു ശേഷം കുട്ടീടെ കഴുത്തിലു ഒരു താലിയും കെട്ടിയിട്ടാ ഞാൻ പൊന്നേ.

കല്യാണത്തിന്റെ രണ്ടീസം മുന്നാര്ന്നു ഫോട്ടോഗ്രാഫർ അൽ-വണ്ടിന്റെ കല്യാണം.
അവ്ടെ നമ്മ്‌ടെ ചങ്ക് അജിയും ഉണ്ടാർന്നു. അവനൊരു കാര്യം പറഞ്ഞു.
“അളിയാ. കല്യാണത്തിന്റെ അന്ന് നീ ഒരു ടെൻഷനും എടുക്കണ്ടാട്ടാ. കാര്യങ്ങളൊക്കെ ഏട്ടനും അച്ഛനും നോക്കിക്കോളും. നീ മാക്സിമം എൻജോയ് ചെയ്യാ. ഒന്നും മിസ്സാക്കരുത്ട്ടാ”
അതൊരു ഒന്നൊന്നര ഉപദേശം ആർന്നൂട്ടാ.
പറയാം..

Design a site like this with WordPress.com
Get started