പകലിന്റെ വേഷമഴിച്ചുവെച്ച്
കൈതണ്ട തലയണയിൽ തലവെച്ചു
തീരത്തെ മണലിൽ കാതോർപ്പോഴാണ്
ഞാൻ ഒരു സത്യം മനസ്സിലാക്കിയത്..
പരസ്പരം ഭ്രാന്തമായി പ്രണയിക്കുന്ന രണ്ടുപേർ..രണ്ടേ രണ്ടുപേർ മാത്രമേയുള്ളൂ.
തിരയും തീരവും.
എപ്പോഴും തൊട്ടുരുമ്മി
കിന്നാരം ചൊല്ലി
ഒരിക്കലും തീരാത്ത പ്രണയം…
തന്റെ പ്രണയം ചൊല്ലിയ കാമുകനെ നോക്കി കുണുങ്ങിചിരിച്ചു
പാദസരം കിലുക്കി ഓടിയകലുന്ന കാമുകിയാണോ ഈ തിരകൾ??
ഇവരുടെ കുഞ്ഞു സൗന്ദര്യപിണക്കങ്ങളാണോ കലങ്ങിമറഞ്ഞ തിരകൾ??
കലുഷിതമായ സർവ്വനാശിയായ തിരകൾ പ്രണയത്തിന്റെ തോൽവിയും??
ഒരു ഗുണ്ട് പൊട്ടിയ കഥ
നമ്മ്ള് കാക്കാത്തുരുത്തിക്കാർക്ക് രണ്ട് കാര്യം പ്രധാനാണ്. ഒന്ന് തിരാത്തെ പൂയം, രണ്ട് ചേലൂർ പള്ളിയിലെ പെരുന്നാള്. രണ്ടും നമ്മ്ള് അടിപൊളിയായിട്ടു ആഘോഷിക്കും. കാവടിയും ശിങ്കാരിമേളവും തകിലും ആനയുമൊക്കെയാണ് പൂയത്തിന്റെ പൊളികള്.
ബാൻഡ് സെറ്റും അമ്പ് പ്രദക്ഷിണവും മുറ്റത്തെ അലങ്കരിച്ച വാഴപിണ്ടിയും പടക്കം പൊട്ടിക്കലുമൊക്കെയാണ് പെരുന്നാളിന്റെ പൊളികള്.


ഒരു പെരുന്നാളിന് ഒരു ഗുണ്ട് പൊട്ടിയ കഥയാണ് ഇത്. ഗുണ്ടെന്നു പറഞ്ഞാൽ നല്ല അസ്സല് ഗുണ്ട്. പൊട്ടുന്ന ശബ്ദം കേട്ടാൽ കാത് പൊട്ടിപോണ സൈസ് ഗുണ്ട്.


നമ്മ്‌ടെ നായകൻ അന്ന് വള്ളി നിക്കർ ഇട്ടു നടക്കണ കാലം. പോരാത്തേന് നല്ല കുരുത്തക്കേടും. അവന്റെ സ്വഭാവത്തിന് വഴിയേ പോണ ആർക്കും ഒന്ന് കൊടുക്കാൻ തോന്നും. അമ്മാതിരി തല തെറിച്ച ചെക്കൻ.
പെരുന്നാളിന് അമ്പ് പ്രദക്ഷിണം ഓരോ വീടുകളിൽ നിന്ന് ഇറങ്ങുമ്പോളും പടക്കം പൊട്ടിക്കും. അത് അടുത്ത വീട്ടുകാർക്ക് ഒരു സിഗ്നൽ ആണ്.
‘ഇവ്ടത്തെ കഴിഞ്ഞൂട്ടാ.. ഇനി അങ്ങോട്ടാ, സാധനങ്ങളൊക്കെ സെറ്റ് ആക്കിക്കോ’.
നായകന്റെ വീട്ടിലെ അമ്പ് കഴിഞ്ഞു മൂപ്പരാൻ അമ്പിന്റെ കൂടെ അങ്ങ് ഇറങ്ങി. എല്ലാ വീടുകളിലും കയറി ഇറങ്ങി അവിടെ പടക്കമൊക്കെ പൊട്ടിച്ചു മൂപ്പരാൻ അങ്ങനെ അടിച്ചു പൊളിച്ചു നടക്കാണ്. സ്കൂളിന്റെ അവിടെ എത്തിയപ്പോ കുറച്ചു പടക്കം പൊട്ടിച്ചു, കൂട്ടത്തിൽ കുറച്ചു ഗുണ്ടും.
ആരും കാണാത്ത ഒന്ന് നമ്മ്‌ടെ നായകൻ മാത്രം കണ്ടു.
‘ദേ ഒരു ഗുണ്ട് പൊട്ടാതെ കിടക്കുന്നു’
മറ്റാരും കാണുന്നേനു മുന്നേ മൂപ്പരാൻ അതെടുത്തു നിക്കറിന്റെ കീശയിലിട്ടു. ചുളുവിന് ഒരു ഗുണ്ട് കിട്ടിയതല്ലേ ചെക്കൻ ഭയങ്കര ഹാപ്പിയായി.
‘ഈ ഗുണ്ട് ഞാൻ ആർക്കും തരൂല്ലെടാ, വീട്ടിൽ കൊണ്ടോയി ഒറ്റയ്ക്ക് പൊട്ടിക്കും’
ചെറ്യേ ചെക്കനല്ലേ, പറഞ്ഞിട്ട് കാര്യമില്ല.
ഓടി ചാടി വീട്ടിലേക്കു പോയി മൂപ്പരാൻ. പൊട്ടിച്ചിട്ടു പൊട്ടാത്ത ഗുണ്ടാണെന്നുള്ളതൊക്കെ മൂപ്പര് മറന്നു.

ഓട്ടത്തിന്റെ ഇടയിൽ ഏതോ ഒരു ഉൾവിളിയിൽ ചെക്കൻ കീശയിലെ ഗുണ്ട് പുറത്തെടുത്തൊന്നു നോക്കി.
ഗുണ്ടിന്റെ തിരി കത്തി ഏകദേശം തീരാനായിരുന്നു ന്ന്. ഇനി ഇപ്പോ അകത്തെ വെടിമരുന്ന് മാത്രേ പൊട്ടാനുണ്ടാർന്നുള്ളൂ…
പിന്നെ എല്ലാം ശടപടെ ന്ന് ആയിരുന്നു. കീശയിലിരുന്നു പോട്ടേണ്ട ഗുണ്ട് കാർന്നവന്മാർ ചെയ്ത കുരുത്തം കൊണ്ട് കയ്യിലിരുന്ന് പൊട്ടി. വിരല് ഒരെണ്ണം തൂങ്ങിയാടി. അതെങ്ങാനും നിക്കറിന്റെ കീശയിലിരുന്നു പൊട്ടിയിരുന്നെങ്കിൽ.. ഓഹ്.. ആലോചിക്കാൻ വയ്യ.. വിരലിനു പകരം വേറെ പലതും..
അവിടന്ന് ആരൊക്കെയോ ചേർന്ന് ചെക്കനെ ആശുപത്രിയിൽ കൊണ്ടോയി. പിന്നെ വിരലിനു എന്തൊക്കെയോ സർജറിയൊക്കെ ചെയ്ത് പയ്യൻ തിരിച്ച് വീട്ടിലെത്തി.
ഈ സംഭവത്തിന് മുന്നുവരെ മൊട്ടോപ്പി (തലയിൽ മുടിയില്ലാരുന്നേ) വിളിച്ചിരുന്നവരൊക്കെ വിളി ഗുണ്ട് ന്ന് ആക്കി.
ഇപ്പോളും കാണാം കർത്താവിന്റെ പകുതി മടക്കിയ വിരലുപോലെ ഗുണ്ടിന്റെയും വിരല് വളഞ്ഞു നില്ക്കുന്നത്.
ചായ
പറയുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഓര്‍ത്തുവച്ചതാണു ഞാന്‍
കണ്മുന്നില്‍ വന്ന നേരം പറയുവാനാകാതെ വാക്കുകള്‍ തേടിയലഞ്ഞു ഞാന്‍
ഇറ്റിറ്റുവീഴുന്ന വിയര്‍പ്പുതുള്ളികളും വിറയാര്‍ന്ന ചെഞ്ചുണ്ടുകളും പറയാതെ പറയുന്നു നിന്‍ദാഹം
ഒന്നും പറയാതെ അപ്പോഴും വാക്കുകള്‍ തേടി ഞാന്‍ അലയവേ,
വാരിപ്പുണര്‍ന്നു നീയെന്‍ അധരം നുകരവേ
പാതി അടഞ്ഞ ആ മിഴികളിലെ തീക്ഷ്‌ണമാം കനല്‍ അറിയുന്നു ഞാന്‍
എന്തിനോ വേണ്ടി കേഴുന്നു നീയെന്‍ മുന്‍പില്‍
ഒരിറ്റു സ്നേഹമാണതെന്നു ഞാന്‍ അറിഞ്ഞു
സുന്ദരമാം സ്വപ്നത്തിനറുതിതന്നതു ആവി പറക്കുന്ന ചായ…
Spirit of Himalayas – 1
Honeymoon

കല്യാണം തീരുമാനിച്ച കാര്യവും കല്യാണദിവസത്തെ വിശേഷങ്ങളും മുന്നേ പറഞ്ഞുവല്ലോ. അതിലും രസകരമായ കാര്യമാണ് കല്യാണത്തിന് മുന്നേയുള്ള ഹണിമൂൺ പ്ലാനിങ്. പ്രത്യേകിച്ചൊരു ഐഡിയ ഇല്ലായിരുന്നുവെങ്കിലും ഒരു വെറൈറ്റി സംഭവമാക്കണമെന്നു അതിയായ ആഗ്രഹം ഉണ്ടാർന്ന് ട്ടോ. എല്ലാരേയും പോലെ ഞാനും ഗൂഗിളിൽ ഒരുപാടു തിരഞ്ഞു. കുളു-മണാലി, ഗോവ, മാലി, സിങ്കപ്പൂർ അങ്ങനെ കുറേ പാക്കേജുകൾ കണ്ടു. പക്ഷേ ഒന്നിലും ഒരു വ്യത്യസ്തത കണ്ടില്ല. കെട്ടാൻ പോവുന്ന കൊച്ചിന്റെ കോളേജിൽ നിന്ന് എല്ലാരേയും മലേഷ്യയിലേക്ക് ടൂർ കൊണ്ടുപോയപ്പോൾ എന്തുകൊണ്ടോ ഓൾക്ക് മാത്രം പോവാൻ പറ്റിയില്ല. അതുകൊണ്ട് ഓൾക്ക് ഹണിമൂൺ മലേഷ്യയിലേക്ക് പോയാൽ കൊള്ളാമെന്നുണ്ട്.
മനസ്സില്ലാമനസ്സോടെ ഞാനും ഓക്കേ പറഞ്ഞു.

അങ്ങനെ മലേഷ്യൻ പ്ലാനിംഗ് നടന്നുകൊണ്ടിരിക്കുമ്പോളാണ് ഷഫീഖ് വിളിക്കുന്നത്.
‘അളിയോ. നമ്മൾ ഓഗസ്റ്റിൽ ഒരു ലേഹ് ലഡാക് ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. നീ വരുന്നോ?’
ഷഫീഖ് നമ്മുടെ ഗ്യാങിലെ ഒരു പ്രമുഖ റൈഡർ ആണ് ട്ടാ.
ഒരുപാടു നാളായുള്ള ആഗ്രഹമാണ് ഹിമാലയത്തിൽ ഒരു ബൈക്ക് റൈഡ്. ഒരുപാട് നാളെന്നു പറയുമ്പോൾ, അത്ര അധികമൊന്നും ആയില്ല. ബൈക്ക് ഓടിക്കാൻ പഠിച്ചിട്ടേ 5-6 കൊല്ലമേ ആയിട്ടുള്ളൂ ട്ടോ. ബൈക്ക് ഓടിച്ചു പഠിച്ചു തുടങ്ങിയ സമയത്തു തന്നെയാണ് ഞങ്ങളുടെ ബാച്ചിൽ മഹിന്ദ്രയിൽ ജോയിൻ ചെയ്ത കുറച്ചുപേർ ചേർന്ന് ലേഹ് ലഡാക് പോയത്. അന്ന് കാറിലാണ് പോയത്. അന്നു തുടങ്ങിയ ആഗ്രഹം ആണ് അവിടെയൊരു ബൈക്ക് റൈഡ്.
ഷഫീഖിന്റെ ചോദ്യത്തിന് ‘ആടാ, ഞാനും ഉണ്ട് ‘ എന്നല്ലാതെ വേറെയൊന്നും എനിക്ക് പറയാൻ ഇല്ലാരുന്നു. അന്ന് വൈകുന്നേരം ഞാനും ഷഫീഖും ഐറിസ് കോർട്ടിലെ തറയിൽ ഇരുന്നു വിശദമായി സംസാരിച്ചു. ഷഫീഖും ഹാരിസും വരുന്നുണ്ട്.
പെട്ടെന്നാണ് എന്റെ ഹണിമൂൺ പ്ലാൻ ഓർമ്മവന്നത്.
‘അളിയാ, മലേഷ്യയിലേക്ക് ഹണിമൂൺ പോവാനാണ് ഇപ്പോഴത്തെ പ്ലാൻ. അതിനു നല്ലൊരു തുക പൊട്ടും, അത് കഴിഞ്ഞു ഇതും കൂടിയാവുമ്പോൾ ജെട്ടി കീറും മോനേ’.
‘ടാ, ഞാനും ഹാരിസും ഭാര്യമാരേം കൊണ്ടാണ് പോവാനുദ്ദേശിക്കുന്നത്. നിനക്ക് മലേഷ്യയിലേക്ക് പോവണമെന്ന് നിർബന്ധമില്ലെങ്കിൽ, ഹണിമൂൺ ലഡാക്കിലാക്കിയാലോ?’
സ്ഥിരം ചിരിയോടെയാണ് അവനത് ചോദിച്ചത്.
ആശയം എനിക്കിഷ്ടപ്പെട്ടു. എനിക്ക് മാത്രം ഇഷ്ടപ്പെട്ടിട്ടു കാര്യമില്ലല്ലോ, ഓൾക്കും കൂടി ഇഷ്ടാവണ്ടേ. ഓളാണെങ്കിൽ മലേഷ്യ ന്ന് പറഞ്ഞു ത്രില്ലടിച്ചു ഇരിപ്പാണ്. ആകെയുള്ള പ്രതീക്ഷ ഓൾക്ക് ബൈക്ക് റൈഡ് ഇഷ്ടമാണെന്നുള്ളതാണ്.
‘എടാ, ഞാനേ ഓളോടും കൂടി ഒന്ന് സംസാരിക്കട്ടെ. എന്നിട്ടു നമുക്ക് തീരുമാനിക്കാം’
തിരിച്ചു റൂമിൽ വന്നു ഫുഡ് ഉണ്ടാകുമ്പോഴും കഴിക്കുമ്പോഴുമൊക്കെ ഓളെ എങ്ങനെ മലേഷ്യയിൽ ന്ന് ലഡാക്കിലേക്കു വഴി തിരിച്ചുവിടാമെന്നുള്ള ചിന്തയായിരുന്നു. ഇതൊരു ഗോൾഡൻ അവസരമാണെന്ന് എനിക്കറിയാമായിരുന്നു. കൂടെ രണ്ട് പെൺപിള്ളേരുള്ളതു ഓൾക്കും ഒരു കൂട്ടാവും.
പതിവുപോലെ നട്ടപാതിരാക്ക് ഓൾടെ കാൾ വന്നു. എന്നത്തേയും പോലെ അന്ന് ഞാൻ ഉറങ്ങിയില്ല.(ബാക്കിയുള്ള ദിവസങ്ങളിൽ ഫോൺ വിളി തുടങ്ങി ഒരു 10മിനിറ്റിൽ ഞാൻ ഉറങ്ങാറാണ് പതിവ്). ഫുൾ എനർജിയിൽ ആണ് അന്ന് ഞാൻ സംസാരിച്ചത്. അപ്പോഴേ ഓൾക്ക് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിക്കാണണം.
ഞാൻ നേരെ ഓളോട് ചോദിച്ചു
‘എല്ലാരേയും പോലെ ഫ്ലൈറ്റിൽ കേറി മലേഷ്യക്ക് ഹണിമൂൺ പോണോ അതോ ലെജന്റ്സിനെ പോലെ ബൈക്കിൽ ഹിമാലയത്തിലേക്ക് പോണോ? ‘

ഓള് ശരിക്കും നല്ല രീതിയിൽ ഞെട്ടി. ഇങ്ങനെയൊക്കെ ചോദിക്കുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ബൈക്ക് റൈഡിനോടുള്ള ഇഷ്ടം കാരണം ഓൾക്കു നൂറുവട്ടം സമ്മതം.
ഷഫീഖിന്റേയും ഹാരിസിന്റേം ഭാര്യമാർ കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ ഒന്നൂടെ സമ്മതം.
അങ്ങനെ മലേഷ്യയിലേക്ക് പോവേണ്ട ഫ്ലൈറ്റ് മാറി ഹിമാലയത്തിലേക്കുള്ള ബൈക്ക് ആയി.
രണ്ട് വീട്ടിലും ഈ പ്ലാനിനെ പറ്റി ഒരക്ഷരം മിണ്ടരുതെന്നു ഓളെ ഓർമ്മിപ്പിച്ചിട്ടാണ് അന്ന് ഫോൺ വെച്ചത്. വേറെ ഒന്നുമല്ല, വീട്ടുകാരൊക്കെ അറിഞ്ഞാൽ കല്യാണം വരെ ചിലപ്പോ മുടങ്ങും. അപ്പോൾ തന്നെ ഷഫീഖിന് മെസ്സേജ് അയച്ചു
‘അളിയാ.. എല്ലാം സെറ്റ്.. ഓളെ മലേഷ്യക്ക് പിന്നെ കൊണ്ടുപോയാൽ മതി. ഹണിമൂൺ ലഡാക്കിൽ മതിയെന്ന് ‘
തുടരും..
ഒരു പായസം ഉണ്ടാക്കിയ കഥ
കുട്ടിക്കാലത്തെ ഞങ്ങളുടെ ഗ്യാങ് ലീഡർ ജോബി ചേട്ടനാണ്. പ്രായത്തിൽ മൂത്തതും മൂപ്പര് തന്നെ. കൂടെ ഞാനും ഏട്ടനും രഞ്ജിത്തും ഒപ്പനും തക്കുവും കുടുവും കണ്ണനും എല്ലാരും കാണും. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഓരോ തരം കളികളിൽ ഏർപ്പെട്ടിരുന്നത്.
അക്കാലത്തെ ഞങ്ങളുടെ കളിസ്ഥലം എപ്പോഴും വേലിക്കെട്ടിലെ വീടാണ്. പഴയ കാലത്തെ ഒരു തറവാടായിരുന്നു വേലിക്കെട്ടിലെ വീട്. തറവാടെന്ന് പറയുമ്പോൾ സിനിമയിൽ കാണുന്ന വരിക്കാശ്ശേരി മന പോലത്തെ സെറ്റപ്പ് ഒന്നുമല്ലാട്ടോ. നല്ല കാടകണ്ണൻ കല്ല് കുമ്മായം കൂട്ടി പണിത, ഓലമേഞ്ഞ ഒരു കുഞ്ഞി വീട്. മൂന്നുചുറ്റും ഇറയമുള്ള ഒരു കിടിലൻ വീട്. മഴക്കാലത്തു ആ ചുറ്റുവട്ടത്തു താമസിച്ചിരുന്നവരെല്ലാരും അഴ കെട്ടി തുണി ഉണക്കാനിടുന്നതും വേലിക്കെട്ടിലെ വീട്ടിൽ തന്നെ. സായാഹ്നങ്ങളിൽ ചുറ്റുവട്ടത്തെ ആളുകൾ സൊറ പറഞ്ഞിരുന്നതും ഇവിടെയിരുന്നു തന്നെ.

ആ മുറ്റത്താണ് ഞങ്ങൾ കളിക്കുന്നതും തല്ലുകൂടുന്നതുമെല്ലാം. അത്തിപ്പാറ, കിളിമാസ്സ്, പളുങ്ക് കളി, തൊട്ടാപൊട്ടൻ, ആകാശവും ഭൂമിയും, ഒളിച്ചുപ്രാന്തി, കുറ്റിയും കോലും അങ്ങനെയുള്ള നാടൻ കളികളും ക്രിക്കറ്റ് പോലുള്ള പരിഷ്കൃത കളികളും കണ്ടതാണ് വേലികെട്ടിലെ മുറ്റം.



കളികളുടെ കൂടെ വേലിക്കെട്ടിലെ പറമ്പിലുള്ള മാങ്ങയും കശുമാങ്ങയുമൊക്കെ ഞങ്ങൾ പറച്ചു തിന്നുമായിരുന്നു. കശുമാങ്ങ തിന്നിട്ടു കശുനണ്ടി ചുമരിലെ തുളയിലൂടെ അകത്തേക്ക് ഇട്ടുവെക്കണം. മകന്റെ വീട്ടിൽ താമസിക്കുന്ന വേലിക്കെട്ടിലെ അമ്മൂമ്മ എല്ലാ ദിവസവും വടിയും കുത്തിപ്പിടിച്ചു വേലിക്കെട്ടിലേക്കു വരും. അമ്മൂമ്മ വന്നു വീടൊക്കെ ഒന്ന് നോക്കി അകത്തുകയറി കശുനണ്ടി എല്ലാം പെറുക്കി ഒരു കവറിലിട്ടു കൊണ്ടുപോവും. ഇടയ്ക്കു ഞങ്ങൾ അമ്മൂമ്മയെ പറ്റിക്കും. എങ്ങനെയാണെന്നോ.10 കശുമാങ്ങ പൊട്ടിച്ചുകഴിച്ച് അഞ്ചോ ആറോ കശുനണ്ടിയേ അകത്തേക്ക് ഇടുള്ളൂ. ബാക്കി നമ്മൾ മുക്കും. മുക്കിയ കശുനണ്ടി ഉണക്കി സൂക്ഷിച്ചുവെക്കും. ചിലപ്പോൾ സ്പോട്ടിൽ ചുട്ടു തിന്നും. നമ്മൾതന്നെ ചുട്ടു ചൂടോടെ തിന്നുന്ന കശുനണ്ടിയുടെ രുചി, കടയിൽ നിന്ന് വാങ്ങി കഴിക്കുന്ന കശുനണ്ടിക്കൊന്നും കിട്ടില്ല.



പലതരത്തിലുള്ള കളികളെ കൂടാതെ ഞങ്ങളുടെ വേറൊരു ഭ്രാന്തായിരുന്നു ഇടയ്ക്കിടയ്ക്ക് പായസം ഉണ്ടാക്കുക എന്നത്. നല്ല നാളികേരവും ശർക്കരയും കശുനണ്ടിയും ഉണക്കമുന്തിരിയും ഒക്കെയിട്ട് ഒരു സ്പെഷ്യൽ അരിപ്പായസം. പായസം ഉണ്ടാക്കാൻ തീരുമാനിച്ചാൽ പിന്നെ ചേരുവകൾ സംഘടിപ്പിക്കാനുള്ള നെട്ടോട്ടമായിരിക്കും.
പാത്രം, ചട്ടുകം, അരി, ശർക്കര എല്ലാം വേണം.

പാത്രവും ചട്ടുകവും അമ്മയുടെ കാലുപിടിച്ചു ഞാനും ഏട്ടനും സെറ്റ് ആക്കും. തെങ്ങുകളുടെ നടുക്ക് നിൽക്കുന്നതുകൊണ്ടു നാളികേരം സംഘടിപ്പിക്കുന്നത് നമുക്കൊരു പ്രശ്നമേയല്ലായിരുന്നു. പ്രത്യേകിച്ച് തെങ്ങിൽ കയറാനറിയുന്ന മിടുക്കന്മാർ ഞങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ളപ്പോൾ. അരി മിക്കവാറും എടുക്കുന്നത് ഒപ്പന്റെ വീട്ടിൽ നിന്നാണ്. അതിനു രണ്ട് കാരണം ഉണ്ട്ട്ടോ. ഒന്ന്, അരി കിട്ടും. രണ്ട്, അവന്റെ അമ്മ അരിയുടെ ഇടയിൽ കൊറേ പൈസ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. ശർക്കരയും പായസം മിക്‌സും വാങ്ങിക്കാൻ കാശുവേണമല്ലോ. ഒരുപാടു പൈസയൊന്നും ഞങ്ങൾ അവിടെ നിന്നെടുക്കാറില്ല. പായസം മിക്സ് വാങ്ങാനുള്ള അഞ്ചു രൂപയും, ശർക്കര വാങ്ങാൻ 10രൂപയും.


അരിയെടുത്തു കഴിഞ്ഞാൽ ഞങ്ങൾ രണ്ട് ടീമായി പിരിയും. ഒരു ടീം അരിയും കൊണ്ട് വേലിക്കെട്ടിലെ മുറ്റത്തേക്ക് പോവും. അരി കഴുകി വൃത്തിയാക്കലും നാളികേരം ചെരുകി വെക്കുന്നതും അടുപ്പ് സെറ്റാക്കുന്നതും വിറകു സംഘടിപ്പിക്കുന്നതുമൊക്കെ ഇവരുടെ ഡ്യൂട്ടിയാണ്. തെങ്ങിന്റെ പട്ടയും ഓലക്കൊടിയും കൊഴിഞ്ചിലും ഒക്കെയാണ് വിറക്. അതും സംഘടിപ്പിക്കാൻ ബുദ്ധിമുട്ടില്ല. രണ്ടാമത്തെ ടീം സുകുമാരൻ മാമന്റെ കടയിൽ പോയി ശർക്കരയും പായസം മിക്‌സും വാങ്ങും. അവിടെ കിട്ടിയില്ലെങ്കിൽ നേരെ കിഴക്കേ തെരുവിലെ സുബ്രമണ്യപ്പാപ്പന്റെ കടയിൽ പോയി വാങ്ങണം. നേരത്തെ അമ്മൂമ്മയെ പറ്റിച്ചു എടുത്തു വെച്ചിരുന്ന കശുനണ്ടിയെടുത്തു ചുട്ടു സെറ്റ് ആക്കും.

അങ്ങനെ ചേരുവകൾ എല്ലാം സെറ്റായി. ഇനി ആണ് മെയിൻ സാധനം സംഘടിപ്പിക്കേണ്ടത്. അരി വേവിക്കാനുള്ള വെള്ളം. കുടിവെള്ളത്തിന് അത്രേം ബുദ്ധിമുട്ടിയിരുന്നു നമ്മുടെ നാട്ടുകാര്. ആരോ പറയുന്നത് കേട്ടിട്ടുണ്ട്. ‘കാക്കാത്തുരുത്തിക്കാരോട് നിങ്ങൾക്ക് വേണമെങ്കിൽ ജീവൻ ചോദിക്കാം, അവരത് സന്തോഷത്തോടെ തരും. പക്ഷേ, ഒരു കുടം നല്ല വെള്ളം ചോദിക്കരുത്, അവരത് തന്നെന്നു വരില്ല’
നട്ടപ്പാതിരക്കും നട്ടുച്ചക്കും വരി നിന്നാണേ ഞങ്ങളുടെ അമ്മമാര് വെള്ളം കൊണ്ടുവരുന്നത്. ചിലപ്പോൾ പഞ്ചായത്ത് പൈപ്പിൽ വെള്ളം വന്നില്ലെങ്കിൽ ബസ് സ്റ്റോപ്പിന്റെ അവിടെയുള്ള വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം കൊണ്ടുവരണം. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് വെള്ളം കൊണ്ടുവരുന്നവരോട് പോയി പിള്ളേർക്ക് പായസം വെക്കാൻ വെള്ളം തരുമോ ന്ന് ചോദിച്ചാലുള്ള അവസ്ഥ ഒന്ന് ഊഹിക്കാമല്ലോ. എന്നാലും അമ്മമാരുടെ കാലുപിടിച്ചു വെള്ളവും സംഘടിപ്പിക്കും.

എല്ലാം വേലിക്കെട്ടിലെ മുറ്റത്തെത്തിയാൽ പിന്നെ ജോബി ചേട്ടൻ പാചകം ഏറ്റെടുക്കും. ഞങ്ങൾ പിള്ളേർ അവിടെ പായസം റെഡിയാവുന്നതും നോക്കി ഇരിക്കും. ആ ഗ്യാപ്പിൽ എല്ലാരും വീട്ടിൽ പോയി പായസം കഴിക്കാനുള്ള പാത്രങ്ങൾ എടുത്തോണ്ട് വരും. പാത്രമൊക്കെ കഴുകി വൃത്തിയാക്കി പായസ കലത്തിലേക്കു കണ്ണും നട്ടിരിക്കും.
അരി വേവിക്കലും അതിലേക്കു ചെരുകി വെച്ചിരിക്കുന്ന നാളികേരം ചേർക്കുന്നതും ശർക്കര പൊടിച്ചുചേർക്കുന്നതും കശുനണ്ടിയും ഉണക്കമുന്തിരിയും ഏലക്ക പൊടിച്ചതുമെല്ലാം ചേർക്കുന്നതും ഞങ്ങളിങ്ങനെ നോക്കിയിരിക്കും.

പായസം റെഡി ആവുമ്പോൾ ജോബി ചേട്ടൻ തന്നെ എല്ലാവർക്കും പാത്രത്തിലേക്ക് പകർത്തി തരും. നല്ല ചൂടുപായസം. ആർക്കും പരാതിയില്ലാതെ എല്ലാവർക്കും കൃത്യമായി ഏട്ടൻ വീതിച്ചുതരും.
കിട്ടുന്ന പായസത്തിൽ നിന്നു കുറച്ചു എല്ലാരുടെയും കൂടെ അവിടെ തന്നെയിരുന്നു കഴിച്ച് കുറച്ചു മിച്ചം വെക്കും. അത് നേരെ വീട്ടിലേക്കു കൊണ്ടുപോവും, അമ്മയ്ക്കും അച്ഛനും കൊടുക്കാൻ. അവരാണെങ്കിൽ കുറച്ചു ടേസ്റ്റ് നോക്കി ഞങ്ങൾക്ക് തന്നെ തരും. ‘നന്നായിട്ടുണ്ട്, നിങ്ങൾ കഴിച്ചോളൂ ട്ടോ’ ന്നു പറഞ്ഞു തലയിൽ ഒന്ന് തലോടി പായസം ഞങ്ങൾക്കുതന്നെ തരും. പായസം പിന്നേം കിട്ടിയ സന്തോഷത്തിൽ ഞങ്ങളത് പെട്ടെന്ന് കാലിയാക്കും.
പായസം ഉണ്ടാക്കിയ പാത്രങ്ങളും കഴിച്ച പാത്രങ്ങളും എടുത്ത് അമ്മയുടെ കയ്യിൽ കഴുകാൻ കൊടുക്കുമ്പോൾ അമ്മയുടെ ഒരു ചോദ്യമുണ്ട്, ‘പായസം ഉണ്ടാക്കി കഴിച്ചാൽ മാത്രം പോരാ, പാത്രങ്ങളും കൂടി കഴുകി വെക്കണം ട്ടോ’. നമ്മള് ചെറുതായിയൊന്നു ചിരിച്ചു കേൾക്കാതെപോലെ സ്കൂട്ടാവും. പാവം അമ്മ..
എല്ലാം മാറി. വേലിക്കെട്ടിലെ തറവാട് വീട് പൊളിച്ചു അവിടെ ഒരു കോൺക്രീറ്റ് വീട് വന്നു, മാവ് വെട്ടി, ഞങ്ങളും ജോബിച്ചേട്ടനും അവിടെ നിന്ന് മാറിപ്പോയി, കുടുവും കണ്ണനും ആയിടെ തന്നെ അവരുടെ അമ്മയുടെ നാടായ കോഴിക്കോടേക്ക് പോയി. കശുമാവ് മാത്രം ഇപ്പോഴും ഉണ്ട്, പോയ കാലത്തിന്റെ ഓർമ്മക്കായ്.
കാലമിത്ര കഴിഞ്ഞിട്ടും ഒരുപാട് പായസങ്ങൾ കഴിച്ചിട്ടും അന്നത്തെ ആ അരിപ്പായസത്തിന്റെ രുചി ദേ ഇപ്പോഴും നാവിലും മനസ്സിലുമുണ്ട്.
വരും തലമുറയ്ക്ക് നഷ്ടമാവുന്ന രുചി.
കനോലി കനാൽ
എന്റെ ഗ്രാമം. അതെന്നും സുഖമുള്ളൊരു വികാരമാണ്. പിച്ചവെച്ചു നടന്ന മണ്ണ്. പരസ്പരം തല്ലുകൂടിയും പന്തുകളിച്ചും ഞങ്ങൾ വളർന്ന നാട്. ഞാനും ചേട്ടനും രഞ്ജിത്തും ഒപ്പനും സനുവും പിന്റുവും ഇക്കാക്കയും വളർന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം.
ഓലമടൽ വെട്ടിയുണ്ടാക്കിയ ബാറ്റും തുണിയുടെ ശീലകൾ തുന്നിയുണ്ടാക്കിയ പന്തും കൊണ്ടുള്ള ക്രിക്കറ്റ് കളിക്കുള്ള ഗ്രൗണ്ട് വഞ്ചിക്കുളത്തിന്റെ അടുത്തുള്ള തെങ്ങിൻ തോപ്പായിരുന്നു, ഞങ്ങളുടെ സ്വന്തം ലോർഡ്‌സ്. സത്യം പറഞ്ഞാൽ ആ വഞ്ചിക്കുളത്തിൽ ഞാനിതുവരെ വഞ്ചിയൊന്നും കണ്ടിട്ടില്ല്യാട്ടോ. ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് ആ കുളം. ഈ കുളത്തിന്റെ അരികു പിടിച്ചു പടിഞ്ഞാറോട്ടു കുറച്ചു നടന്നാൽ കനോലി കനാൽ കാണാം. അധികമൊന്നും ഇല്ല നടക്കാൻ. ഈ കനാലിന്റെ തെക്കേ അറ്റം എവിടെയാണെന്നോ വടക്കേ അറ്റം എവിടെയാണെന്നോ എനിക്കറിഞ്ഞൂടാ. ഗൂഗിൾ തപ്പിയാൽ കിട്ടുമായിരിക്കും. ഇതുവരെ അതിനു തുനിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എന്തെന്നാൽ കനോലി കനാൽ ഞങ്ങളുടെയാണെന്നു വിശ്വസിക്കാൻ ആണെനിക്കിഷ്ടം. തെക്ക് കൊടുങ്ങല്ലൂർ ക്ഷേത്രവും വടക്കു തൃപ്രയാർ ക്ഷേത്രവും കനോലി കനാലിന്റെ തീരത്തുതന്നെയാണ്. കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ പോവുകയാണെങ്കിൽ ഞങ്ങൾ പുഴയെന്നു വിളിക്കുന്ന കനോലി കനാലിന്റെ ഭംഗി ശരിക്കും ആസ്വദിക്കാം.

കനാലിൽ വേനൽക്കാലം ആയാൽ നല്ല ഉപ്പുവെള്ളം ആയിരിക്കും. ഈ ഉപ്പുവെള്ളം ഞങ്ങൾക്ക് സുപരിചതമാണ്. വേനൽ അവധിക്കു രാവിലെതന്നെ കളിക്കാൻ പറമ്പിലേക്കിറങ്ങും. ഞങ്ങളുടെ പന്ത് ഈ വഞ്ചിക്കുളത്തിലോ അടുത്തുള്ള തോട്ടിലോ എപ്പോളും പോവും. അതെടുക്കാൻ ഈ ഉപ്പുവെള്ളത്തിൽ ഇറങ്ങുമ്പോൾ എങ്ങനെയെങ്കിലുമൊക്കെ ഇത്തിരി വെള്ളം വായിൽ പോവും. അതുമാത്രമല്ല കനാലിൽ ഉപ്പുവെള്ളം ആയാൽ നേർ തോട്ടിലും ഉപ്പുവെള്ളം കേറും. പിന്നെ തോട്ടിലെ ചണ്ടിയും കൊഴുപ്പയുമെല്ലാം ഉണങ്ങിപോവും. ഉപ്പായാൽ പിന്നെയാരും തോട്ടിലെ വെള്ളത്തിൽ തുണികൾ അലക്കില്ല.
ഞങ്ങളുടെ ഗ്രാമവും കനോലികനാലും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് അച്ഛൻ എപ്പോഴും പറയും.
ഒരു കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെ നാളികേരം – കയർ – നെല്ല് വ്യവസായങ്ങളുടെ പുറംലോകവുമായുള്ള വാണിജ്യബന്ധങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് ഈ കനോലികനാലും അതിലൂടെ തലങ്ങും വിലങ്ങും ഒഴുകി നീങ്ങിക്കൊണ്ടിരുന്നു കെട്ടുവഞ്ചികളും ആയിരുന്നത്രേ. ഈ ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്ന കെട്ടുവഞ്ചികൾക്കു കുരുത്തക്കേട് കാണിക്കുന്ന ഒരു കുഞ്ഞി കാറ്റുപോലും ഭീഷണിയായിരുന്നത്രെ. കാരണം വഞ്ചി നിറയെ ചരക്കു കയറ്റിയാണ് അവ ഒഴുകിയിരുന്നത്. പലപ്പോഴും കോരിച്ചൊരിയുന്ന മഴയത്തു ജീവൻ പണയം വെച്ചാണ് ഈ വഞ്ചികൾ തുഴഞ്ഞിരുന്നതെന്നാണ് അനുഭവസ്ഥർ പറയുന്നത്.

ഗ്രാമത്തിന്റെ മറ്റൊരു പ്രത്യേകത വളരെ രസകരമാണ്. മൂന്നുഭാഗവും വെള്ളവും ഒരു ഭാഗത്തു മാത്രം കരയുമാണ്. രണ്ട് ഭാഗത്തു കനോലികനാലും, ഒരു ഭാഗത്തു ഷൺമുഗം കനാലും. അതിനാൽ തന്നെ ഓരോ കാലവർഷവും തുലാവർഷവും ഞങ്ങളുടെ ഗ്രാമത്തിലുള്ളവർക്കു ദുരിതമാണ്. ഓരോ മഴയ്ക്കും ഞങ്ങൾക്ക് വെള്ളപ്പൊക്കം പതിവാണ്. ഗ്രാമത്തിലുള്ളവരുടെ അവസ്ഥയിൽ വിഷമമുണ്ടെങ്കിലും അവിടത്തെ സ്കൂളിൽ പഠിച്ചിരുന്ന ഞാനടക്കമുള്ള എല്ലാ കുട്ട്യോൾക്കും ഉള്ളിൽ ഇത്തിരി സന്തോഷമായിരുന്നു. എന്താ കാര്യമെന്ന് വെച്ചാൽ, മഴപെയ്തു വെള്ളം കേറി തുടങ്ങിയാൽ ഞങ്ങളുടെ സ്കൂൾ ദുരിതാശ്വാസ ക്യാമ്പാവും. കനാലിന്റെ തീരത്തു താമസിച്ചിരുന്നവർ കോഴികളെയും താറാവുകളെയും ആടിനെയും കോഴിയേയുമെല്ലാം കൂട്ടി സ്കൂളിൽ താമസമാവും. വെള്ളം ഇറങ്ങിയിട്ടേ പിന്നെ അവർ വീടുകളിലേക്ക് മടങ്ങൂ. അതുവരെ സ്കൂൾ ഉണ്ടാവില്ല. ഈയൊരു അവസ്ഥ എന്റെ ചെറുപ്പത്തിലേ മാറി തുടങ്ങിയിരുന്നു.
വെള്ളം കേറിയാൽ എല്ലായിടത്തും വഞ്ചികൾ ആയിരിക്കും. തോടുകളിലും പറമ്പിലും ഒക്കെ പുതിയ ട്രാൻസ്‌പോർട് മോഡ്. വഞ്ചി. ഞങ്ങൾ പിള്ളേരെ അധികം പുറത്തോട്ടൊന്നും വിടില്ല. പാമ്പുകളുണ്ടാവും വെള്ളത്തിൽ.
എന്നാലും മഴവെള്ളത്തിൽ കൂടി പാഞ്ഞുപോവുന്ന നീർക്കോലികളും പൂച്ചുട്ടികളുമൊക്കെ പ്രത്യേക സുഖമുള്ള കാഴ്ചകളാണ്. വെള്ളത്തിലേക്ക് നമ്മൾ തുപ്പിയിട്ടാൽ ഈ പൂച്ചുട്ടികൾ പെട്ടെന്ന് വന്നു തുപ്പൽ വെട്ടിയിട്ടു പോവും. അത് കാണുമ്പോൾ അറിയാതെ ഒരു ചിരിയും സന്തോഷവും ആണ്.

വേനൽ അവധിക്കാലത്ത് ഞങ്ങൾ എല്ലാരും കൂടി മൂന്നാലു മണിക്കൂർ നീരാട്ടിനു പോയികൊണ്ടിരുന്നതും ഇതേ കനാലിലാണ്. രാവിലെ എട്ടുമണിക്ക് സോപ്പും തോർത്തും എടുത്തു ഇറങ്ങും. തലമൂത്ത ഗുണ്ട് ജോബിയാണ് നേതാവ്. പുഴയിൽ ചെന്നാൽ എല്ലാർക്കും വട്ടായപോലെയാണ്. എന്തൊക്കെയോ കാണിച്ചുകൂട്ടും. കൂട്ടത്തിൽ ചെറുതായിരുന്ന നീന്തൽ അറിയാത്ത ഞാനെപ്പോഴും ആഴം കുറഞ്ഞ ഭാഗത്തെ ഇറങ്ങാറുള്ളൂ. ചിലർ പുഴയുടെ അക്കരേയ്ക്ക് നീന്തി പോവും. ഒപ്പൻ ഊളിയിടാൻ മിടുക്കനാണ്. അവൻ ഈ കരയിൽ നിന്ന് ഊളിയിട്ടാൽ അപ്പുറത്തെ കരയിലെത്തിയിട്ടേ ചിലപ്പോൾ പൊന്തി വരുള്ളൂ. വെള്ളത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന തെങ്ങുകളുടെ മുകളിലേക്കു എല്ലാരും നടന്നാണ് കയറുക. എന്നിട്ടു വരിവരിയായി വെള്ളത്തിലേക്ക് ചാടും. അന്നത്തെ കല്യാണങ്ങളുടെ സ്ഥിരം ഔട്ട്ഡോർ ലൊക്കേഷൻ ആയിരുന്നു ഈ കടവ്. കാണാൻ നല്ല ചേലാണ് ഞങ്ങളുടെ പുഴയും തീരവും. അതുകൊണ്ട് തന്നെ ഒരുപാടു കല്യാണ ആൽബങ്ങളിൽ ഞങ്ങളൊക്കെ അഭിനയിച്ചിട്ടുണ്ട്.
പിന്നെ ഏപ്രിൽ മെയ് മാസങ്ങളിൽ കോതറ കെട്ട് തുറന്നുവിടുന്ന സമയങ്ങളിൽ പുഴയിലെ വെള്ളത്തിൽ ഉപ്പുണ്ടാവില്ല. അല്ലാതെ ഉപ്പുവെള്ളത്തിൽ 3-4മണിക്കൂർ കിടക്കാൻ തലയ്ക്കു ഓളം ഇല്ലെന്നാണ് കവി ഉദ്ദേശിച്ചത്.

നീരാട്ടിനു പോവുമ്പോൾ സുകുമാരൻ മാമന്റെ കടയിൽ നിന്ന് കൊള്ളിവറുത്തതും എരുമതുരുത്തിയുടെ വീട്ടിൽ നിന്ന് മോരും വാങ്ങും. മോരിൽ ഇടാനുള്ള ഉപ്പു കടവിൽ സ്റ്റോക്ക് കാണും. മോരും കൊള്ളിവറുത്തതും. വല്ലാത്തൊരു കോമ്പിനേഷൻ ആണുട്ടോ. ഇതും കഴിച്ച് പുഴയിലെ തൊട്ടാപൊട്ടൻ കളിയുമൊക്കെ കഴിഞ്ഞു തിരികെ വീട്ടിലെത്തുമ്പോൾ 12മണിയെങ്കിലും ആവും.
കുഞ്ഞിക്കൂനൻ സിനിമയിൽ ദിലീപ് മലക്കം മറിയുന്നത് കണ്ടിട്ടില്ലേ. അതിൽ ഡോക്ടറേറ്റ് എടുത്തവരാണ് ഞങ്ങളുടെ കൂട്ടത്തിൽ പലരും. മലക്കം മറിഞ്ഞു ചാടുന്ന അവരിൽ പലരും പിന്നെ പൊന്തുന്നത് അക്കരെ ആയിരിക്കും. എന്റെ നീന്താനുള്ള പേടി മാറ്റാൻ ഇവരെല്ലാം കുറേ ശ്രമിച്ചതാണ്. ഞാൻ കുറേ പുഴവെള്ളം കുടിച്ചത് മെച്ചം. ഒരു തവണയെങ്കിലും നീന്തി അക്കരെ പോവണമെന്ന് ഇന്നും എന്റെ വല്ല്യേ ഒരു ആഗ്രഹമാണ്.

ഡിസംബർ മാസത്തിലെ തണുപ്പിൽ മണ്ഡലകാല വൃതമെടുത്തു അച്ഛനും ഏട്ടനും ശബരിമലക്ക് പോകുമായിരുന്നു. എന്തുകൊണ്ടോ കുഞ്ഞി ആയിരുന്ന എന്നെ കൊണ്ടുപോയിരുന്നില്ല ശബരിമലക്ക്. എല്ലാ ദിവസവും അച്ഛനും ഏട്ടനും കുളിക്കാൻ പുഴയിൽ പോവും. അതും വെളുപ്പിന് 4-5മണിക്ക്. ഏറ്റവും വലിയ ക്രൂരത എന്നെയും പൊക്കിയെടുത്ത് കുളിപ്പിക്കാൻ കൊണ്ടുപോവുന്നതാണ്. എന്ത് ദുഷ്ടന്മാരാണല്ലേ. സംഭവം അതിക്രൂരമാണെങ്കിലും പുഴയിൽ കുളിച്ചുകേറി വരുമ്പോൾ കിട്ടുന്ന ഒരു സുഖവും ഉന്മേഷവും , അത് പറഞ്ഞറിയിക്കാൻ പറ്റില്ല്യാട്ടോ.

പതുക്കെ എല്ലാം മായുകയാണ്, അല്ലെങ്കിൽ ജീവിതം മായ്ക്കുകയാണ്. സ്ഥിരം കുളിച്ചിരുന്ന കടവിൽ കാട്ടുചെടികൾ വളർന്നു പന്തലിച്ചിരിക്കുന്നു. സ്കൂൾ ജീവിതം കഴിയുന്നതുവരെ ഞങ്ങൾ അവിടെ സ്ഥിരം പോയിരുന്നു കുളിക്കാൻ. അത് കഴിഞ്ഞു ഓരോരുത്തരും ഓരോ വഴിക്ക്.
ഞാനടക്കം നാട് വിട്ടുപോയവരെല്ലാം ഒരു നാൾ അങ്ങോട്ട് തിരിച്ചുചെല്ലും. അതുപക്ഷേ, നസീർ സിനിമയിൽ കാണുന്നതുപോലെ അംബാസഡർ കാറിൽ ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ പാട്ടും വെച്ച് റോഡരികിലെ തെങ്ങുകളോട് കിന്നാരം പറഞ്ഞുകൊണ്ടാവണമെന്നില്ല. ഇപ്പോഴേ നിറയെ കെട്ടിടങ്ങളാണവിടെ. ഭാവിയിൽ എന്താകുമെന്നറിയില്ല.
ഇന്നും മാറാത്ത ഭംഗി, അത് ഞങ്ങളുടെ പുഴയാണ്,
മഴക്കാലത്ത് ആരോടോ ഉള്ള ദേഷ്യം തീർക്കാനെന്ന പോലെ കുത്തിയൊലിച്ചുപായുന്ന പുഴയുടെ വശ്യതയാണ്.

ഈ പുഴയിലെ ഓർമകളിൽ ഒന്ന് നീന്തിതുടിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.
ഇനിയൊരു മഴക്കാലം, അതിലെ വെള്ളപ്പൊക്കത്തിൽ വഞ്ചിയിൽ കയറി പറമ്പിലൂടെയൊക്കെ ഒന്ന് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..
പഴയപോലെ തുപ്പലിട്ടു പൂച്ചുട്ടിയെ കളിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..
നീ
ഓരോ ജനലിലൂടെയും
ഞാൻ കാണുന്നത്
ഓരോ പുതിയ നീയായിരുന്നു.
ഓരോ നിന്നിലും കണ്ടത്
ഞാനെന്ന കണ്ണാടിയെയാണ്.
ഞാനൊന്നടയുമ്പോൾ
ഒരായിരം തവണ ഉടയുന്ന
നീയായിരുന്നു അതിലെല്ലാം.
ആയിരം ചില്ലുകഷ്ണങ്ങളിലും
വീണ്ടും ആയിരം പുതിയ നീ.
ഏട്ടൻ
ആരോടായാലും ബെസ്റ്റ് ഫ്രണ്ട്‌സ് ആരാന്നു ചോദിച്ചാൽ എണ്ണിപ്പറയുവാൻ എളുപ്പമായിരിക്കും അല്ലേ. എന്നോട് ചോദിച്ചാലും വല്ല്യേ വ്യത്യാസമൊന്നും ഇല്ല. ആദ്യത്തെ രണ്ടുപേരുകൾ വളരെ എളുപ്പമാണ്. ഒന്ന് അച്ഛൻ, അടുത്തത് ഏട്ടൻ. അച്ഛൻ പണ്ട് ഭയങ്കര ജാഡയായിരുന്നു, ഇപ്പോൾ ഭയങ്കര മച്ചാ മച്ചാ ആണ്.
ഏട്ടനും പണ്ട് കുറച്ചൊക്കെ ജാഡയായിരുന്നു. ‘ചേട്ടൻ’ ന്ന് വിളിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയതാ മച്ചാൻ. ഞാനാരാ മോൻ. എനിക്ക് തോന്നാതെ ഇതുവരെ ഞാനവനെ ചേട്ടാ ന്ന് വിളിച്ചിട്ടില്ല.
ഇതിന്റെ പേരിൽ അച്ഛന്റെയും അമ്മയുടെയും കുറേ അടിയും ഞാൻ വാങ്ങിയിട്ടുണ്ട്. ഒരു ഉപകാരവും ഉണ്ടായില്ലെന്ന് മാത്രം.
ചെറുപ്പത്തിൽ ദിവസേനെ ഒരു പത്തു തവണയെങ്കിലും അടിയുണ്ടാക്കിയില്ലെങ്കിൽ ഞങ്ങൾക്ക് രാത്രിയിൽ ഉറക്കം വരില്ലാരുന്നു. ഓരോ അടിക്കും മൂപ്പരാണ് കാരണം ഉണ്ടാക്കുന്നത്. പിൽക്കാലത്തു ഏട്ടൻ തന്നെ ഈ കുറ്റസമ്മതം നടത്തിയതാണ്. അമ്മയാണ് ഓരോ വഴക്കും അവസാനിപ്പിക്കുന്നത്, അത് മിക്കവാറും എന്റെ തുട അടിച്ചു പൊട്ടിച്ചിട്ടായിരിക്കും. ഏട്ടൻ നല്ല ഓട്ടക്കാരനായതുകാരണം അവൻ ഓടി രക്ഷപെടും.
അച്ഛൻ ജോലി ചെയ്തിരുന്ന സ്കൂളിൽ തന്നെയാണ് ഏട്ടൻ പഠിച്ചത്. അവിടത്തെ ജോലിക്കാർക്ക് ഇടയിൽ എന്ത് പാർട്ടി നടന്നാലും അച്ഛന്റെ മകൻ എന്ന നിലക്ക് ഏട്ടനും ഒരു ക്ഷണം കിട്ടും. ചിലപ്പോൾ സമൂസ, ചിലപ്പോൾ കട്ലറ്റ്, പഫ്സ് ഭീകര പാർട്ടി ആണെങ്കിൽ മസാലദോശയും വടയും. ഇങ്ങനെ പാർട്ടി നടക്കുമ്പോൾ ഏട്ടനെ സ്കൂൾ ഓഫീസിലേക്ക് വിളിപ്പിക്കുകയും അന്നത്തെ സ്പെഷ്യൽ അവനു കൊടുക്കുകയും ചെയ്യും. അപ്പോഴാണ് ഏട്ടന്റെ മാസ്സ് ഡയലോഗ് വരുക.
“അതേ ടീച്ചറേ, എനിക്കേ വീട്ടിലൊരു അനിയനും കൂടി ഉണ്ട്, അവനും കൂടിയുള്ളത് വേണം”
അവിടെയുള്ളവരൊക്കെ അവന്റെ ഡയലോഗ് കേട്ടു ചിരിക്കുന്നതൊന്നും മൂപ്പരാന് ഒരു പ്രശ്നമേയല്ലാരുന്നു. ‘എനിക്ക് സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും കിട്ടിയാൽ അതെന്റെ അനിയനും കൂടി കിട്ടണമെന്ന നിഷ്കളങ്കമായ സ്നേഹം’.
നിഷ്കളങ്കമെന്നു മുഴുവനായിട്ടു പറയാൻ പറ്റോ ന്ന് അറിയില്ല. എനിക്കുള്ള പങ്കും കൂടി അവിടന്ന് വാങ്ങാതെ അവൻ പോരൂല്ല. പിന്നീട് ഞാനും ആ സ്‌കൂളിൽ ചേർന്നപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് പോയിരുന്നാണ് സ്പെഷ്യൽ കഴിക്ക്യാ.
ആദ്യായിട്ട് സ്‌കൂളിലേക്ക് പോയത് ഏട്ടന്റെ കൈ പിടിച്ചല്ല, അമ്മയുടെ കൈ പിടിച്ചാണ്. പക്ഷേ അന്നുച്ചക്ക് ചോറുണ്ണാൻ പോയതും തിരിച്ചു സ്‌കൂളിലേക്ക് വന്നതും വൈകുന്നേരം നാലുമണിക്ക് ബെല്ലടിച്ചപ്പോൾ തിരികെ വീട്ടിലേക്കു പോയതുമെല്ലാം ഏട്ടന്റെ കൈ പിടിച്ചാണ്. അതും നല്ല മഴയത്ത്. പോവുന്ന വഴിയിലൊക്കെ വെള്ളം കെട്ടി നിൽക്കുന്നുണ്ടാവും. ലൂണാറിന്റെ വള്ളിചെരുപ്പുമിട്ടു വെള്ളം തട്ടിത്തെറിപ്പിച്ചു കളിക്കാൻ പഠിപ്പിച്ചതേ ഏട്ടനാണ്. എന്റെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനു വേറൊരു കുട്ടിയെ കുടവെച്ച് അടിച്ചോടിച്ചതും ഏട്ടൻ തന്നെ. അന്ന് കുട വളഞ്ഞതിനു അമ്മയുടെ കയ്യിൽ ന്ന് അടികിട്ടിയതും ഏട്ടന് തന്നെ.
കുട്ടിക്കാലത്തു ക്രിക്കറ്റ് കളിയായിരുന്നു മെയിൻ. കൂട്ടത്തിൽ പോല്ല കളിക്കും ആകാശവും ഭൂമിയും കളിക്കും. ഒരിക്കൽ ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ എന്തോ കാര്യത്തിന് കൂട്ടുകാരിലൊരാൾ എന്നെ ഒന്ന് തോണ്ടി. എനിക്ക് വേദനിച്ചു ന്ന് കണ്ട ഏട്ടൻ സ്റ്റമ്പ് എടുത്താണ് ആ കൂട്ടുകാരനെ അടിച്ചത്. കൂടെ ഞാൻ ബാറ്റ് കൊണ്ടും കൊടുത്തു. ഒരു രസം. അന്ന് എന്തിനാണ് ആ വഴക്കുണ്ടായതെന്നു ഇപ്പോഴും എനിക്ക് ഓർമയില്ല.
കൊടുങ്ങല്ലൂർ താലപ്പൊലിക്ക് ഞങ്ങളെ എല്ലാവരേയും അച്ഛൻ കൊണ്ടുപോവാറുണ്ട്. വീട്ടിൽ ന്ന് പോരുമ്പോഴേ അമ്മയുടെ നിർദേശങ്ങൾ കിട്ടും. കാവിൽ പലതും കാണും, അത് വേണം, ഇത് വേണം ന്ന് പറഞ്ഞു വാശി പിടിക്കരുത്. അച്ഛന്റെ കയ്യിൽ അന്നൊരുപക്ഷേ അതിനുള്ള പൈസ ഇല്ലാതിരുന്നിരിക്കണം. രണ്ടുമണിക്കുള്ള ജിബിൻ ബസിൽ കേറിയാൽ നേരെ അമ്പലനടയിൽ ഇറങ്ങാം. പലതരം കളിപ്പാട്ടങ്ങൾ, കരിമ്പ്, പലതരത്തിലുള്ള ഭക്ഷണങ്ങൾ, മരണകിണർ എല്ലാം ഉണ്ടാവും താലപ്പൊലിക്കാവില്. എല്ലാം കണ്ടു നടക്കും. ഓരോന്ന് കാണുമ്പോൾ ഏട്ടൻ അമ്മയുടെ കൈ പിടിച്ചുവലിക്കും. അച്ഛനോട് പറഞ്ഞാൽ വഴക്കുപറയുമോ എന്നാലോച്ചിട്ടാവണം അമ്മ അത് കണ്ടില്ലെന്നു നടിക്കും. എന്തൊക്കെ പറഞ്ഞാലും പോരാൻ നേരം അച്ഛൻ എന്തെങ്കിലും കളിപ്പാട്ടം വാങ്ങി തരും, അതും ഒരേ പോലെയുള്ള രണ്ടെണ്ണം. കൂടെ കരിമ്പും. ഏട്ടൻ ആശിച്ചതല്ല കിട്ടിയതെങ്കിലും മൂപ്പര് വൻ ഹാപ്പിയാവും അപ്പൊ. അവന്റെ സന്തോഷത്തിനു വല്ല്യേ ആയുസ്സുണ്ടാവാറില്ല. എന്റെ കളിപ്പാട്ടം ഞാൻ പെട്ടെന്ന് കേടാക്കും. എന്നിട്ടു കിടന്നു കരയും. ‘അവൻ ഇളയതല്ലേ ശ്യാമൂ, ഇതവന് കൊടുക്കാം’ ന്ന് പറഞ്ഞു അമ്മയാവും എനിക്ക് അവന്റെ കളിപ്പാട്ടം എടുത്തുതരുന്നത്. എന്റെ സന്തോഷം അവന്റെ ദുഖത്തിലാണ് അവസാനിക്കാറുള്ളത്. ദുഷ്ടൻ ഞാൻ. കുറച്ചൊന്നു മുതിർന്നപ്പോൾ ഏട്ടന്റെ കൂടെയേ താലപ്പൊലിക്ക് പോവാറുള്ളൂ.
സ്കൂളുകളിൽ എനിക്ക് ഏറ്റവും കൂടുതൽ പണി തന്നിട്ടുള്ളതും ഏട്ടൻ ആണ്. മൂപ്പര് സ്കൂളിൽ ഭയങ്കര പാവവും പഠിപ്പിയും ആയിരുന്നു. എന്റെ കഷ്ടകാലത്തിനു അവൻ പഠിച്ച ക്‌ളാസ്സുകളിൽ തന്നെയാണ് ഞാൻ ചെന്നുപ്പെട്ടത്. അതും അതേ ക്ലാസ് ടീച്ചർമാരുടെ ശിക്ഷണത്തിൽ. ചേട്ടൻ സംസ്കൃതം ലാംഗ്വേജ് എടുത്തതുകൊണ്ടു ഞാനും സംസ്കൃതം എടുത്തു. എന്താന്നറിയില്ല ക്‌ളാസ്സിലെ ഏറ്റവും വികൃതിയായ എന്നോട് എല്ലാ ടീച്ചർമാരും പറഞ്ഞിട്ടുണ്ട് ‘നിന്റെ ചേട്ടൻ എന്ത് പാവാർന്നു ശരണേ, നീ എന്താ ഇങ്ങനെ ആയിപോയത്?”.
അന്നേരം ക്‌ളാസ്സിലെ ബാക്കി കുട്ട്യോളെല്ലാം കൂടി ഒരു ചിരിയുണ്ട്. അപ്പോഴെങ്ങാനും ഏട്ടനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അമ്മച്ചിയാണേ ഞാനവന്റെ തലമണ്ട അടിച്ചു ഓട്ടയാക്കിയേനെ.
ഏട്ടൻ സ്കൂളിൽ നിന്നോ ഐടിഐ യിൽ നിന്നോ ഒരു ടൂർ പോലും പോയിട്ടില്ല. ഞാൻ ഡിപ്ലോമ കഴിഞ്ഞു ബി ടെക്കിന് ചേർന്നപ്പോഴേക്കും അവൻ ഖത്തറിൽ ജോലിക്കു പോയി തുടങ്ങി. ഞാൻ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നപ്പോൾ ഏട്ടൻ പറഞ്ഞത് ഒരേ ഒരു കാര്യമാണ്
“എടാ, നമ്മ്‌ടെ വീട്ടിലെ അവസ്ഥയൊക്കെ നന്നായിട്ടു നിനക്കറിയാല്ലോ. നന്നായിട്ടു പഠിച്ചോളൂ, പഠിക്കുന്ന സമയത്തു പൈസ ഇല്ലാത്തോണ്ട് നീ ഒന്നും വേണ്ടാന്ന് വെക്കരുത്, എല്ലാത്തിനും അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട, എന്നോട് പറഞ്ഞാൽ മതി. ക്യാമ്പസ് ലൈഫ് ശരിക്കും എൻജോയ് ചെയ്തോളു, ടൂർ ഒന്നും മിസ്സ് ആക്കരുത്.”
ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപൊളിച്ചു ടൂർ പോവാൻ പറ്റാത്ത ഏട്ടന്റെ വിഷമം എനിക്ക് മനസ്സിലാവുമായിരുന്നു.
അധികം വൈകാതെ നമ്മൾ ഒരു കിടിലൻ ട്രിപ്പ് പോയിരിക്കുമെടാ ചേട്ടാ. കൊറോണ ഒന്ന് കഴിയട്ടെ.
മൂക്കിലെ ദശയും പാലത്തിന്റെ വളവും കാരണം തുടർച്ചയായി ജലദോഷവും മൂക്കടപ്പും എല്ലാം കൊണ്ടു ബുദ്ധിമുട്ടിയിരുന്നു ഞാൻ. അതൊക്കെ ശരിയാക്കിയെടുക്കാൻ ഒരു ചെറിയ സർജറി വേണമെന്ന് തീരുമാനിക്കുന്നത് ഒരു സെമസ്റ്റർ വെക്കേഷനിൽ ആണ്. ഓപ്പറേഷന്റെ അന്ന് അമ്മയെ വിളിച്ചിട്ട് ഏട്ടൻ വൻ കരച്ചിലായിരുന്നുവെന്നു പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് ചിരിയായിരുന്നു. ഈ അമ്മ അവിടെ തീയേറ്ററിന്റെ മുന്നിലിരുന്നു കരച്ചിൽ തന്നെയായിരുന്നുവെന്ന് എന്നോട് പറഞ്ഞത് ഏട്ടനും.
പിന്നീട് ഒരിക്കൽ നാട്ടിൽ വന്നപ്പോളാണ് ഏടത്തിയമ്മയുടെ കാര്യം ഏട്ടൻ വീട്ടിൽ അവതരിപ്പിച്ചത്. ഹെവി പ്രണയം ആയിരുന്നേ. തുടക്കം തൊട്ടേ എന്റെ കട്ട സപ്പോർട്ട് ഉണ്ടാർന്നു. പെൺകുട്ടികൾ ഇല്ലാതിരുന്ന ഞങ്ങളുടെ വീട്ടിലേക്കു കയറിവന്ന പെൺതരിയാർന്നു ഏട്ടത്തിയമ്മ. എന്നെക്കാളും കഷ്ടിച്ച് ഒരു വയസ്സിനു മൂത്തതാണ് ഏട്ടത്തിയമ്മ. എങ്കിലും അമ്മയുടെ കർശന നിർദേശമുണ്ടാരുന്നു ഏട്ടത്തി ന്നു തന്നെ വിളിക്കണമെന്ന്. ഏട്ടത്തി വന്നതിൽ പിന്നെ ബെസ്റ്റ് ഫ്രണ്ട്സിന്റെ എണ്ണം ഒന്ന് കൂടി. തല്ലുകൂടാനും കോളേജിലെ വിശേഷങ്ങൾ പറയാനും എല്ലാം ഒരു ബെസ്റ്റ് ഫ്രെണ്ട് തന്നെയായിരുന്നു ഏട്ടത്തിയമ്മ.
അവരുടെ കല്യാണം വിളി എന്റെയും കൂട്ടുകാരുടെയും ചുമതലയിൽ ആയിരുന്നു. രാവിലെ ബൈക്കിൽ കല്യാണക്കുറിയുമായി ഇറങ്ങും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൂടെ തുടങ്ങും മഴ. ഈ മഴ അവരുടെ കല്യാണത്തിന്റെ തലേന്ന് വരെ ഉണ്ടായിരുന്നു. എന്റെ വിഷമം അതിലൊന്നും അല്ല. കല്യാണം കഴിഞ്ഞു ഏട്ടനും ഏടത്തിയും കറങ്ങാൻ ഇറങ്ങുമ്പോൾ മഴ പോയിട്ട് കാറ്റുപോലും ഇല്ലാരുന്നു.
ഈ ഏട്ടനും ഏട്ടത്തിയമ്മയും ചേർന്നാണ് എന്റെ കല്യാണം തുടക്കം മുതൽ ഗംഭീരമാക്കിയത്. ഒന്നിനും ഒരു കുറവും വരുത്താതെ അവരത് ഭംഗിയാക്കി. എന്നെക്കാളും അത് എൻജോയ് ചെയ്തതും അവര് തന്നെ.
ഇതൊക്കെ ഇപ്പോൾ പറയാൻ കാരണമുണ്ട്.
ഇന്നാണ് ഏട്ടന്റെ പിറന്നാൾ.
ഇന്നാണ് എട്ടന്റേം ഏട്ടത്തിയുടേം വിവാഹവാർഷികവും.
ഏട്ടനും ഏട്ടത്തിക്കും എല്ലാവിധ ആശംസകളും നേരുന്നു.
Wishing you a Very Happy Birthday etta.🥰
Wishing ettan and Ettathiyamme a Very Happy Wedding Anniversary🥰🥰🥰


നിമ്മി… ഹാപ്പി ജനിച്ചീസം.
ആഴത്തിലുള്ള സൗഹൃദങ്ങൾ രൂപപ്പെട്ട സമയം തൊട്ടു കൂടെ കൂടിയതാണ് ദേ ദിവൾ. ഏകദേശം 17-18 കൊല്ലം മുന്ന്, HDP യിലെ ക്‌ളാസ് മുറികൾ നൽകിയ കിടിലം സൗഹൃദങ്ങളിൽ ദി ബെസ്റ്റ് സൗഹൃദം.
ഇന്നിപ്പോ ആ സുഹൃത്തിന്റെ പിറന്നാൾ. നാളെ ബെർത്തഡേയും.
പത്താം ക്ലാസ് കഴിഞ്ഞതിൽ പിന്നെ കാര്യായ്ട്ട് കോൺടാക്ട് ഇല്ലാതിരുന്ന ലവളെ പിന്നേം കാണുന്നത് തണ്ടെല്ലുളുക്കി വീട്ടിൽ കിടക്കുമ്പോളാണ്. അവിടന്ന് പിന്നെ അങ്ങോട്ട് കൂടെ തന്നെയുണ്ട്.
എടീ, പോടീ, എടാ, പോടാ, പേട്ടക്കാടീ, മൂട്ടക്കാടീ ഇങ്ങനെ ഒക്കെയാണ് വിളികൾ. വേറെയും ഉണ്ട്, ഇവിടെ പറയുന്നില്ലന്നെയുള്ളൂ.
‘പോടീ പട്ടി’ ന്ന് വിളിച്ചാൽ
ഉറപ്പായും ‘നീ പോടാ പട്ടി’ ന്ന് പ്രതീക്ഷിക്കാം.
മുൻവിധികളില്ലാതെ എന്നെ കേൾക്കുന്ന, എന്റെ സന്തോഷങ്ങളെ, എന്റെ ദുഖങ്ങളെ ചുമ്മാ ഇരുന്നു കേൾക്കുന്ന എന്റെ നല്ല കൂട്ടുകാരി.
എന്റെ നേട്ടങ്ങളെ എന്നെക്കാളും ആഘോഷിക്കുന്ന, എന്റെ കഴിവുകളിൽ എന്നെക്കാളും വിശ്വാസമുള്ള എന്റെ കൂട്ടുകാരി.
എപ്പോളോ ഒരിക്കൽ ‘നിനക്ക് ഇട്ടിട്ടു പൊക്കൂടെടീ’ ന്ന് ചോദിച്ചപ്പോ ‘അതെങ്ങനെ പോവാനാടാ, നീയെന്റെ ചങ്ക് കൂട്ടുകാരനല്ലേ, ചത്താലും പോവൂല്ലടാ പട്ടി’ എന്ന് മറുപടി പറഞ്ഞവൾ.
ചീരുവിന്റെ കല്യാണനിശ്ചയത്തിന് മഞ്ഞപിത്തം കാരണം എന്നെ മര്യാദക്ക് ഭക്ഷണം കഴിക്കാൻ സമ്മതിക്കാഞ്ഞവൾ. സ്നേഹം കൊണ്ടാണ്.
നവ്യ ബേക്കറിയിലെ ബർഗറിലും ഫലൂഡയിലും കയ്യിട്ടു വാരിയവൾ.
ഒരിക്കൽ എന്നോട് മാത്രമായി പറഞ്ഞൊരു കാര്യം കൂട്ടുകാരുടെ മുന്നിൽ അറിയാതെ പറഞ്ഞപ്പോൾ, ‘അത്രേം അടുപ്പമുണ്ടായിട്ടു നീ ഇത് പറഞ്ഞല്ലോ അച്ചൂ. ഒരിക്കലും ഞാനിതു പ്രതീക്ഷിച്ചില്ലെടാ’ ന്ന് പറഞ്ഞു വിഷമിച്ചവൾ.
വിഷമിച്ചു ഞാൻ മിണ്ടാതിരുന്നാൽ ‘എന്തെടാ അച്ചൂ, എന്താ നീ മിണ്ടാത്തത്, എന്തെങ്കിലും പ്രശ്നമുണ്ടോ’ ന്ന് ചോദിച്ചു വരുന്നവൾ.
ഞാൻ പരീക്ഷകൾക്ക് പോവുമ്പോൾ മുടങ്ങാതെ എനിക്കുവേണ്ടി പ്രാർഥിക്കുന്നവൾ.
പരീക്ഷകൾക്ക് മാർക്ക് കുറഞ്ഞാൽ ഒരു കൂടെ പിറപ്പിന്റെ അധികാരത്തോടെ എന്നെ വഴക്കു പറയുന്നവൾ.
എന്റെ പിറന്നാൾ (ഫേസ്ബുക്കിൽ കാണുന്ന date of birth അല്ല, മലയാളം മാസവും നാളും) ഓർത്തുവെച്ച് മുടങ്ങാതെ എന്നെ വിളിച്ചു ആശംസകൾ അറിയിക്കുന്നവൾ.
വീട്ടുകാരല്ലാതെ സ്നേഹത്തോടെ അച്ചൂ ന്ന് വിളിക്കുന്ന എന്റെ ചുരുക്കം ചില സുഹൃത്തുക്കളിൽ പ്രധാനി.
ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ ഒരുപാടുണ്ട്.
ആ എന്റെ കൂട്ടുകാരിക്ക്, നിമ്മിക്ക് ഒരു കിടിലൻ പിറന്നാൾ ആശംസോള് ട്ടാ..
Happie Birthday Bibee
കൂടെ പിറക്കാതെ കൂടപ്പിറപ്പിന്റെ സ്ഥാനവും കരുതലും സ്നേഹവും തരുന്ന ചിലര് മ്മ്‌ടെ ജീവിതത്തിലേക്ക് എങ്ങനെയോ എപ്പോഴോ കയറി വരും. ചിലര് കുറച്ചു നാളത്തേക്ക് ആയിരിക്കും മ്മ്‌ടെ ജീവിതത്തിൽ ഉണ്ടാവുക, മറ്റു ചിലര് വർഷങ്ങളോളം മ്മ്‌ടെ കൂടെ ഒരു വിളിയകലെ കാണും.
എന്റെ ജീവിതത്തിലും അങ്ങനെ കുറച്ചുപേര് വന്നുപോയിട്ടുണ്ട്, ചിലര് പോവാതെയും ഉണ്ട്. അങ്ങനെ ഒരുത്തനാണ് ദേ ദിവൻ. ബിബിൻ ജോസഫ്. നമ്മളെല്ലാവരും ബിബി ന്നാ വിളിക്ക്യാറ്. വീട്ടിലെ പേര് ഷിന്റോ. സ്വദേശം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിന് അടുത്തുള്ള തോട്ടുവ.
ആ. അതന്നെ.
നിങ്ങളുദ്ദേശിച്ച അതേ സാധനം. ബീഫും അപ്പവും കപ്പയും ജീവനെപോലെ കാണുന്ന ഒന്നാന്തരം ഒരു കോട്ടയം അച്ചായൻ. ‘എന്ത് പറ്റി ടാ’ ന്ന് ചോദിച്ചാൽ ‘ഓഹ്, എന്നാ പറയാനാന്നേ, അമ്മച്ചീടെ ആടിന് ദീനമാന്നേ’ അങ്ങിനെ വരും മറുപടി.
ഇന്നവന്റെ പിറന്നാളാണ്. അപ്പൊ പിന്നെ എന്തെങ്കിലും എഴുതിയില്ലെങ്കിൽ മോശമല്ലേ.
ചെക്കൻ പൊളിയാണ്. ഏതു നട്ടപാതിരാക്ക് വിളിച്ച് ‘ഇങ്ങനെ ഒരു കാര്യമുണ്ടെടാ, എന്താ ചെയ്യണ്ടതെന്നു ഒരു ഐഡിയയും ഇല്ല’ അത്രേം പറഞ്ഞാൽ മതി. അവിടന്ന് കുറേ ചോദ്യങ്ങൾ വരും, കാര്യങ്ങൾ മനസ്സിലാക്കി കൃത്യമായ മറുപടികൾ കിട്ടും. അതിലെല്ലാത്തിനും ഞാൻ ചെവി കൊടുക്കാറില്ല. അതൊക്കെ ഞാൻ ചെയ്തിരുന്നെങ്കിൽ, അമ്മയാണെ സത്യം, പണ്ടേ ഞാൻ നന്നായേനെ.
ഇവനെ ഞാൻ ആദ്യായിട്ട് കാണുന്നത് 2012ഓഗസ്റ്റിലാണ്. അങ്ങ് നാസിക്കിൽ വെച്ച്. മഹീന്ദ്രയിൽ ജോയിൻ ചെയ്യുന്ന സമയം. ഞങ്ങളൊക്കെ പഞ്ചവടി എന്ന നോർമൽ ഹോട്ടലിൽ താമസിച്ചപ്പോൾ, അവിടെയുള്ള ഏതോ ഒരു വല്ല്യേ ഹോട്ടലിൽ (ജുപിറ്റർ ന്നോ മറ്റൊ ആണ് പേര് ) താമസിക്കുന്നതിന്റെ അഹങ്കാരം അവന്റെ മുഖത്ത് എഴുതിവെച്ചിരുന്നു. ചുമ്മാ വെറും ജാഡ.
അവിടത്തെ ട്രെയിനിങ് കഴിഞ്ഞു ഒരു തിരുവോണ നാളിൽ ട്രെയിനിങിനായി മുംബൈയിലെ പ്ലാന്റിലേക്കുള്ള യാത്രയിൽ ഒന്നുകൂടെ വിശദമായിട്ടു അവനെ പരിചയപെട്ടു. മുംബൈയിലെ ഗസ്റ്റ് ഹൗസിൽ അവനായിരുന്നു എന്റെ റൂംമേറ്റ്.
നല്ല മഴക്കാലം ആയിരുന്നു.
ഒരു ദിവസം പുറത്തെവിടെയോ പോയി തിരിച്ചു വന്നു റൂമിൽ കയറിയ ഞാൻ ശരിക്കും ഞെട്ടി. പുറത്തു നല്ല കോരിച്ചൊരിയുന്ന മഴ, അകത്തു എസി 16ഡിഗ്രിയിൽ സെറ്റ് ചെയ്തുവെച്ചിരിക്കുന്നു, കട്ടിലിൽ മൂടിപുതച്ചു കിടക്കുന്ന ബിബി.
“അളിയാ, നിനക്ക് വട്ടായാ?” തണുത്തുവിറച്ചാണ് ഞാൻ ചോദിച്ചത്.
“ഏയ്. ചുമ്മാ ഒരു ആഗ്രഹം”
“വല്ലാത്ത ആഗ്രഹം തന്നെ അളിയോ”
*******************************
അവിടത്തെ ട്രെയിനിങ് കഴിഞ്ഞു ബേസ് ലൊക്കേഷൻ ആയ ചെന്നൈയിൽ വന്നപ്പോളേക്കും ഏകദേശം സെപ്റ്റംബർ പകുതിയായി. ഞാൻ വേറെ കുറച്ചുപേരോടൊപ്പം കമ്പനിക്കു അടുത്തുള്ള ഒരു ഫ്ലാറ്റിലും ബിബി വേറെ ചിലരോടൊപ്പം ‘ബ്രാഹ്മണൻ’ ആയി കുറച്ചകലെ ഒരു വീട്ടിലും ആണ് താമസിച്ചത്. അവർ വാടകക്കെടുത്ത വീട് ബ്രാഹ്മണന്മാർക്കു മാത്രേ കൊടുക്കുള്ളു, നോൺ-വെജ് കഴിക്കാനേ പാടില്ല അങ്ങനെ ഒക്കെയായിരുന്നത്രെ കണ്ടീഷൻസ്. അങ്ങനെ ബിബിൻ ജോസഫ്, ബിബിൻ ജോസഫ് നമ്പൂതിരിയായി.
മുട്ടയും ചിക്കനും മീനുമൊക്കെ യഥേഷ്ടം അവിടെ ആ വീട്ടിൽ പാചകം ചെയ്യപ്പെട്ടിരുന്നുവെന്നു സ്ഥിതീരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്.
*******************************
MRVയിലെ ട്രെയിനിങിന്റെ ആദ്യത്തെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ ഒരു ഗാങ് ഉണ്ടാക്കി. ഞാൻ, ബിബിൻ, അഞ്ജലി. അഞ്ജലിയും ബിബിയും ഒരേ കോളേജിൽ നിന്നും ഞാനും അഞ്ജലിയും ഒരേ സ്ഥലത്തുനിന്നും ആണ്. ട്രെയിനിങ് മഹാ സംഭവം തന്നെയായിരുന്നു. സുഖമായിട്ടു ഇരുന്നു ഉറങ്ങാൻ പറ്റുന്ന സ്ഥലം നോക്കി കണ്ടുപിടിക്കുന്നത് അഞ്ജലിയാണ്. അവൾ ഉറങ്ങുമ്പോൾ ഞാനും ബിബിയും അവളുടെ കൈയിലെ തൊലി പിച്ചി പൊട്ടിക്കും. അങ്ങനെ ആ ഓഡിറ്റോറിയത്തിൽ ഞങ്ങളുടെ സൗഹൃദം വളർന്നു.
ചെന്നൈയിൽ വന്നു ഒരു വർഷത്തിനുള്ളിൽ ഒരുപാടു കാര്യങ്ങൾ സംഭവിച്ചു.
വീക്കെൻഡ്‌സിൽ മായാജാലിൽ പോയി സിനിമ കാണുക, ബീച്ചിൽ പോവുക, ഷോപ്പിംഗിനു പോവുക… ഏറ്റവും കഠിനം അഞ്ജലിയുടെ കൂടെ ഷൂ വാങ്ങാൻ പോവുന്നതാണ്. 4സൈസ് ഉള്ള ഷൂ വേണമെന്നു പറഞ്ഞാൽ കടക്കാരെവിടെപ്പോയി കൊണ്ടുവരാനാ.
ഇടയിൽ അവനു ചിക്കൻപോക്സ് വന്നു, അപ്പയുടെ മരണം. എല്ലാം കൊണ്ടും ആദ്യത്തെ ഒരു വർഷം സംഭവബഹുലമായിരുന്നു.
ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഞാനും ബ്രാഹ്മണനായി അവരുടെ വീട്ടിലേക്കു മാറി. അധികം താമസിയാതെ ഞങ്ങളെല്ലാവരും അവിടന്ന് റെയിൽവേ സ്റ്റേഷന്റെ അടുത്തേക്ക് മാറി. അവിടെ 3വർഷം ഞങ്ങൾ താമസിച്ചു. അതിനിടയിൽ ഞാൻ ബൈക്ക് വാങ്ങി. ഞങ്ങൾ ഓഫീസിലേക്ക് ബൈക്കിൽ പോയി തുടങ്ങി. ഇടയ്ക്കു ഓഫീസിൽ നിന്ന് തിരിച്ചുവരുമ്പോൾ ലേറ്റ് ആവും.
“അളിയാ, നല്ല tired ആണ്, ഇടയ്ക്കു ഉറങ്ങി പോവാൻ ചാൻസ് ഉണ്ട്, ഇടയ്ക്കെന്നെ ഒന്ന് തട്ടി വിളിച്ചേക്കണേ”
ഞാനൊരു സേഫ്റ്റിക്കു പറയുന്നതാ.
പിന്നെ പറയണോ ഒരു 5മിനിട്ടിലും അവനെന്റെ തോളിൽ തട്ടി ചോദിക്കും
“ടാ ഉറങ്ങുവല്ലല്ലോ അല്ലേ”
ഇടയ്ക്കു അവൻ പോത്തേരിയിലെ kdfc കോഫി ഷോപ്പിൽ നിർത്താൻ പറയും. നല്ല സ്ട്രോങ്ങ് കോഫി വാങ്ങിത്തരും.
“ഉറങ്ങില്ലല്ലോ അല്ലേ?”
കോഫി കുടിച്ചു ഒന്നൂടെ ഉറപ്പ് വരുത്തിയിട്ടേ പിന്നെ ബൈക്ക് യാത്രയുള്ളൂ.
ഒരു വെള്ളിയാഴ്ച. ഓഫീസ് കഴിഞ്ഞു PVR ഗ്രാൻഡ് Galadaയിൽ രാത്രി 10 30ന്റെ ഷോയ്ക്ക് ആണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ആഴ്ച മുഴുവൻ ബാറ്ററി, സ്റ്റാർട്ടർ മോട്ടോർ എന്നിവ ചുവന്നു ക്ഷീണിതനായ ബിബി, സിനിമ കഴിഞ്ഞു തിരിച്ചു വരുന്ന വഴി ബൈക്കിന്റെ പിന്നിലിരുന്നു സുഖമായി ഉറങ്ങി. പിന്നിലിരുന്നു എന്തോ ആടുന്നത് പോലെ തോന്നിയപ്പോഴാണ് ഞാനവനെ ഒന്ന് തട്ടിനോക്കിയത്. ഉറക്കത്തിനിടയിൽ ആര് അറിയാൻ. ബൈക്ക് നിർത്തി നല്ല നാല് വഴക്ക് പറഞ്ഞിട്ടാണ് ബാക്കിയുള്ള ദൂരം ഞാൻ ബൈക്ക് ഓടിച്ചത്.
രാത്രി നേരം. വിജനമായ ഹൈവേ. നല്ല സ്പീഡിൽ ബൈക്ക് ഓടിക്കാമെന്നു പ്രതീക്ഷിച്ച ഞാൻ പിന്നെ പേടിച്ചു പേടിച്ചാണ് ബൈക്ക് ഓടിച്ചത്.
*******************************
അങ്ങിനെ ഇരിക്കെ ഒരുനാൾ രാവിലെ എന്റെ കാലൊടിയുന്നത്.
ഒടി ന്നു പറഞ്ഞാൽ അത്ര വല്ല്യേ ഒടിയൊന്നുമല്ല. പക്ഷേ ഒടിഞ്ഞത് നല്ല സ്ഥാനത്തായിപ്പോയി. കാലിന്റെ ആങ്കിളിൽ തന്നെ. നടക്കാൻ പറ്റാത്ത അവസ്ഥ. ആശുപത്രിയിൽ നിന്ന് പ്ലാസ്റ്ററിട്ട കാലുമായി വന്ന എന്നെ പൊക്കിയെടുത്തു മൂന്നാം നിലയിലേക്ക് എത്തിച്ചത് അവനായിരുന്നു. പിറ്റേ ദിവസം രാവിലെ അതുപോലെ പൊക്കിയെടുത്തു താഴെയിറക്കി കാറ് വിളിച്ചു എന്റെ ചേച്ചിയുടെ വീട്ടിൽ കൊണ്ടാക്കിയതും അവൻ. അഞ്ജലിയുടെ കയ്യിൽ നിന്ന് കുത്തി നടക്കാനുള്ള ഊന്നുവടി വാങ്ങികൊണ്ടുതന്നതും അവൻ.
*******************************
ഒരുനാൾ ‘അശോക് ലെയ്ലാൻഡിലെ ഇന്റർവ്യൂ ക്ലിയർ ചെയ്തു, MRV വിടുകയാണ് അളിയാ’ ന്നു പറഞ്ഞപ്പോ, എന്തോ ആദ്യം ഒരു വിഷമമാണ് തോന്നിയത്. ഓഫീസിലെ നല്ലൊരു കൂട്ടാണ് പോവുന്നത്. ഓഫീസിലെ മാത്രമല്ല വീട്ടിലെയും. അവൻ ഓഫീസിൽ പോയി വരാൻ എളുപ്പത്തിനുവേണ്ടി താംബരത്തിലേക്കു താമസം മാറുകയാണ്.
അവനു പിന്നാലെ മനുവും ബാംഗ്ലൂരിലേക്ക് മാറി. ഞാനും രോഹിതും മാത്രം.
താംബരത്തിലെ വീട്ടിലേക്കു അവൻ അമ്മച്ചിയേം അനിയത്തിയേം കൊണ്ടുവന്നു. അമ്മച്ചി വന്നതിൽ പിന്നെ എത്ര വീക്കെൻഡ്‌സിൽ ഞങ്ങളവിടെ ഭക്ഷണം കഴിക്കാൻ പോയതെന്ന് ഒരു പിടിയുമില്ല. നോൺ വെജ് കഴിക്കാത്ത എനിക്ക് എന്തെങ്കിലുമൊക്കെ സ്പെഷ്യലും അമ്മച്ചി ഉണ്ടാക്കി വെക്കാറുണ്ട്.
*******************************
MTech ന്റെ പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്ന ഒരു വെളുപ്പാൻ കാലം. പെട്ടെന്ന് ഫോണിലൊരു കോൾ കണ്ടു ഞാനൊന്നു ഞെട്ടി. ബാംഗ്ലൂരിൽ ബെൻസിന്റെ ഇന്റർവ്യൂവിനു പോയ ബിബി.
ഫോണെടുത്തു ‘എന്തെടാ ബിബി ഈ നേരത്തു?’ മറുപടി അവന്റെ വലിയ കരച്ചിലായിരുന്നു.
ഞാനാകെ പേടിച്ചു.
“അളിയാ. നീ കരയാതെ കാര്യം പറയ്”
അവന്റെ സർട്ടിഫിക്കറ്റുകൾ വെച്ച ബാഗ് നഷ്ടപ്പെട്ടുവെന്ന് അവൻ ഇങ്ങനെയോ പറഞ്ഞൊപ്പിച്ചു. അവന്റെ മുഖത്ത് എന്തോ സ്പ്രേ അടിച്ചു മയക്കിക്കിടത്തിയാണ് ബാഗ് എടുത്തതത്രേ. എന്താ ചെയ്യാന്ന് അറിയാതെ നില്കുകയാണവൻ.
“ഡാ, നീ അവിടെ നില്ക്ക്. ഞാൻ അടുത്ത ലോക്കൽ ട്രെയിൻ പിടിച്ചു അങ്ങോട്ട് വരാം”
ഓടിപോയി ലോക്കൽ ട്രെയിൻ പിടിച്ചു. ട്രെയ്‌നിലിരുന്നുകൊണ്ടുതന്നെ റയിൽവേയിൽ ജോലി ചെയ്യുന്ന അറിയുന്ന എല്ലാവരെയും വിളിച്ച് എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചു. അവർ പറഞ്ഞുതന്നത് ബിബിയോടും പറഞ്ഞു.
കോടമ്പാക്കം എത്തിയപ്പോൾ അവന്റെ അടുത്ത കോൾ. ഇത്തവണ കരച്ചിൽ ഇല്ല. ചിരിയാണ്.
“അളിയാ. ബാഗ് കിട്ടി ട്ടാ. പാർക്ക് സ്റ്റേഷനിലെ ട്രാക്കിൽ ഒരുത്തൻ ബാഗ് എറിയുന്നത് കണ്ടിട്ട് ഒരു പാസഞ്ചർ അതെടുത്തു നോക്കി. ഡയറിയിൽ കണ്ട നമ്പറിൽ ആ പാസഞ്ചർ വിളിച്ച് പറഞ്ഞതാ”
“അല്ല അളിയാ. ആ ബാഗിൽ നിന്റെ സർട്ടിഫിക്കറ്റ് അല്ലാതെ വേറെ ഒന്നും ഇല്ലാരുന്നോ?”
“ഇല്ലെടാ. അതില് പിന്നെ എന്റെ ഒരു ജോഡി ഡ്രസ്സ് മാത്രേ ഉണ്ടാർന്നുള്ളൂ, പേഴ്സ് എന്റെ പാന്റിന്റെ പോക്കറ്റിലാ വെച്ചേ.”
“ഫുദ്ധിമാനേ, എന്തായാലും ഞാനിപ്പോ കോടമ്പാക്കം എത്തി. ഒരു പത്തു മിനിട്ട്. ഞാൻ അങ്ങോട്ട് വരാം”
പാർക്ക് സ്റ്റേഷനിൽ ചെന്നപ്പോൾ ദേ 32പല്ലും കാട്ടി ഇളിച്ചു നില്കുന്നു ലവൻ.
*******************************
ആ സമയത്ത് ആണെന്റെ കല്യാണം നിശ്ചയിച്ചത്. ഇവിടത്തെ വീട് സെറ്റ് ആക്കാൻ എന്റെ കൂടെ ഓടിനടന്നത് മുഴുവൻ ബിബി തന്നെയാ. പെട്ടി വാങ്ങുന്നു, കിടക്ക വാങ്ങുന്നു, വേറൊരു കൂട്ടുകാരന്റെ വീട്ടിൽ നിന്ന് സോഫ സെറ്റ് വാങ്ങുന്നു, അവന്റെ വീട്ടിലെ റെഫ്രിഡ്ജറേറ്റർ എടുത്തു തരുന്നു (ഇതിന്റെ പൈസ ഞാൻ തരാം ട്ടോ), അതെല്ലാം പോക്കിയെടുത്തു ഫ്ലാറ്റിൽ കൊണ്ടു വെക്കുന്നു. ഓടി നടന്നു എല്ലാം സെറ്റ് ആക്കി തന്നു അവൻ, അതും അവന്റെ ക്രെഡിറ്റ് കാർഡ് ഉരച്ചിട്ടു..
*******************************
കഥകൾ ഇനിയും ഒരുപാടുണ്ട്.
എഴുതാൻ തുടങ്ങിയാൽ ഇന്ന് തീരില്ല. പെട്ടെന്ന് മനസ്സിലേക്കോടിയെത്തുന്ന കുറച്ചു കഥകൾ കൂടി ഉണ്ട് പിന്നീടൊരിക്കൽ എഴുതാം.
ഇപ്പോൾ നിർത്തുന്നു കൂടെപിറക്കാത്ത കൂടപ്പിറപ്പേ. ഒരിക്കൽ കൂടി ഒരു കിടിലൻ ജനിച്ചീസം നേരുന്നു.