ഒരു കൂട്ടുകറി കഥ..

വീണ്ടും കാക്കാത്തുരുത്തിയിലെ ഒരു കുട്ടിക്കാല ഓർമ്മകുറിപ്പ്

ഇത് കൂട്ടുകറി ഉണ്ടാക്കിയ കഥയല്ല. കൂട്ടുകറി കഴിച്ച കഥയാണ്.

കാക്കാത്തുരുത്തിക്കാരുടെ ജീവിതത്തിൽ മാറ്റിനിർത്താൻ കഴിയാത്ത മറ്റൊരു കാര്യമാണ് കുറ്റിലക്കടവ് ആശുപത്രി. മാരകമല്ലാത്ത എന്ത് അസുഖത്തിനും നമ്മുടെ കുറ്റിലക്കടവ് ആശുപത്രിയിൽ ചികിത്സയുണ്ട്. തൊണ്ണൂറുകളിലെ സിനിമയിൽ ഒക്കെ കാണുന്നതുപോലത്തെ ഒരു ടിപ്പിക്കൽ സർക്കാർ ആശുപത്രി. രാവിലെ മാത്രമാണ് ഒ.പി ഉള്ളത്. അതിനാൽ രാവിലെ നല്ല തിരക്കായിരിക്കും. ഉച്ചക്ക് ശേഷം എമർജൻസിയായി വരുന്നവരെ ചികിൽസിക്കാൻ ഒരു ഡ്യൂട്ടി ഡോക്ടർ കാണും. മൂപ്പര് മിക്കവാറും അവരുടെ ക്വാർട്ടേഴ്‌സിൽ ആയിരിക്കും, എന്തെങ്കിലും എമർജൻസി കേസ് വന്നാൽ ഒരു നേഴ്സ് ഓടിപോയി ഡോക്ടറെ വിളിച്ചു കൊണ്ടുവരും. സ്കൂൾ പ്രവൃത്തി ദിവസമാണെങ്കിൽ യൂണിഫോമിട്ടു പോയാൽ നീണ്ട ക്യൂവിൽ നിക്കാതെ വേഗം ഡോക്ടറെ കണ്ടു വീടുപിടിക്കാൻ പറ്റും. ആ കാലത്തു കുട്ടികളെ ഡോക്ടറെ കാണിക്കാൻ പോവുമ്പോൾ അമ്മമാരുടെ സ്ഥിരം പരിപാടി ആയിരുന്നു കുട്ടികളോട് യൂണിഫോമിട്ട് വരാൻ പറയുന്നത്. കുറച്ചു കൂടി വിശ്വാസത വരാൻ സ്കൂൾ ബാഗും എടുത്തു വരാൻ പറയുന്ന അമ്മമാരും ഉണ്ട് ട്ടാ. ഡോക്ടറെ കണ്ടിട്ടുവേണം കുട്ടിക്ക് ക്ലാസ്സിൽ കേറാൻ. ആശുപത്രിയിലെ മറ്റൊരു രസകരമായ കാര്യം ഇൻജെക്ഷൻ ആണ്. ഇൻജെക്ഷൻ എടുക്കണമെങ്കിൽ കൂടെ ഒരാൾ വേണമെന്ന് നിർബന്ധം ആണ്. ഇൻജെക്ഷൻ ആവശ്യമുള്ള, കൂട്ടിനു ആരും വരാത്ത രോഗികൾ ആശുപത്രി പരിസരം മൊത്തം ഒന്നു തിരയും., ഏതെങ്കിലും ഒരു പരിചയക്കാരനെ കിട്ടുമോ എന്ന് നോക്കി. പിന്നെ ആ പരിചയക്കാരൻ കൂട്ട് വന്ന ആളാവും, ഇൻജെക്ഷനും കിട്ടും.

ആശുപത്രിയിലേക്കുള്ള യാത്ര പ്രിയപ്പെട്ടതാവുന്നതിനു പ്രധാനമായും രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു.
ഒന്ന് – കാക്കാത്തുരുത്തി പുഴയ്ക്ക് കുറുകെയുള്ള വഞ്ചിയിലൂടെയുള്ള യാത്ര. രാജുചേട്ടന്റെ വാർത്തമാനവും കേട്ട് ഒരു ചെറിയ വഞ്ചി യാത്ര. ഞങ്ങളുടെ കുട്ടിക്കാലത്തു പുഴയ്ക്ക് കുറുകെ നടപ്പാലം ഇല്ലായിരുന്നു.
രണ്ട് – ഡോക്ടറെ കണ്ടു മരുന്നും വാങ്ങി തിരിച്ചു വരുമ്പോൾ പുല്ലാനി സ്റ്റോർസിൽ നിന്നും അമ്മ വാങ്ങി തരുന്ന സർബത്ത്. ഇതൊക്കെ ഉണ്ടെങ്കിലും ആശുപത്രിയിൽ ഇൻജെക്ഷൻ വല്ലോം ചെയ്യോന്നുള്ള പേടി എല്ലായ്‌പോഴും ഞങ്ങളെ അലട്ടിയിരുന്നു.

കുട്ടിക്കാലത്തു എനിക്കും ചേട്ടനും രോഗപ്രതിരോധശേഷി താരതമ്യേനേ കുറവായിരുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്ക് കുറ്റിലക്കടവിലേക്കു യാത്ര പതിവായിരുന്നു.

‘എങ്ങനെ അസുഖം വരാതിരിക്കും, ഏതു നേരവും പടിഞ്ഞാറെ പറമ്പിൽ പൊടിയിലും ചളിയിലും kകിടന്നു മറിഞ്ഞു കളിയല്ലേ’
ഞങ്ങൾക്ക് അസുഖം വരുന്നതിനെ കുറിച്ച് ഇതായിരുന്നു അമ്മയുടെ ഭാഷ്യം. ചിലപ്പോൾ ശരിയായിരിക്കും. സ്കൂൾ വിട്ടാൽ ബാറ്റും ബോളും എടുത്തു അപ്പൊ ഇറങ്ങും പറമ്പിലേക്ക്. പൊടിയും തോട്ടിലെ ചളിയും എല്ലാം കൂടി നല്ല പരുവത്തിലാണ് തിരിച്ചു വീട്ടിൽ കയറുന്നത്. കയറുകയല്ല, മിക്കവാറും ദിവസങ്ങളിൽ അമ്മ പറമ്പിൽ നിന്ന് ഞങ്ങളെ അടിച്ചു ഓടിക്കുകയാണ് പതിവ്.

ഏതോ ഒരു ശനിയാഴ്ച ചേട്ടന് വയ്യാതെ അമ്മ അവനെയും കൊണ്ട് കുറ്റിലക്കടവ് ആശുപത്രിയിലേക്ക് പോയപ്പോൾ എന്നെ പദ്മിനി അമ്മായിയുടെ വീട്ടിൽ നിർത്തി. പദ്മുമ്മായി ഞങ്ങൾ വിളിക്കുക. രക്ത ബന്ധമൊന്നും ഉണ്ടായിട്ടല്ല അമ്മായി എന്നൊക്കെ വിളിക്കുന്നത്. അച്ഛനും അമ്മയും ഇങ്ങനെ ആണ് ഞങ്ങളെ പഠിപ്പിച്ചത്. അയൽവക്കത്തെ വീട്ടിലുള്ളവരും നമുക്കു വേണ്ടപ്പെട്ടവരാണ്, അവരെ മാമൻ, അമ്മായി എന്നേ വിളിക്കാവൂ.
തൊട്ടടുത്ത വീടുകളിൽ കുട്ടികളെ നിർത്തി അത്യാവശ്യം കാര്യങ്ങൾക്കു പുറത്തു പോവുന്നതൊക്കെ നാട്ടിൻപുറങ്ങളിൽ പതിവാണ്. ഞങ്ങൾ വളരെ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ അയൽവക്കത്തെ വീടുകളിൽ ഏല്പിച്ചിട്ടാണ് അമ്മ കുളിക്കാൻ പോയിരുന്നത് പോലും.

എന്നെ ആശുപത്രിയിൽ കൊണ്ടുപോവുമ്പോൾ അമ്മക്ക് എളുപ്പമാണ്, ചേട്ടനെ അടുത്തുള്ള ഏത് വീട്ടിൽ വേണമെങ്കിലും ആക്കാം. അവൻ ആരുടെ കൂടെ ആയാലും നിൽക്കും. പക്ഷേ ഞാൻ അങ്ങനെ ആയിരുന്നില്ല, സീന ചേച്ചിയുടെ അടുത്തോ സുമി ചേച്ചിയുടെ അടുത്തോ മാത്രേ ഞാൻ നിൽക്കുള്ളൂ. പദ്മുമ്മാമ്മായിയുടെ മകൾ ആണ് സുമി ചേച്ചി. മണി അമ്മായിയുടെ മകൾ ആണ് സീന ചേച്ചി. വീടിന്റെയടുത്തുള്ള ബാക്കി ചേച്ചിമാരൊക്കെ പറയും
‘ഓഹ്, അച്ചു വല്ല്യേ പുള്ളിയല്ലേ. അവൻ വെളുത്ത, കാണാൻ ഭംഗിയുള്ളവരുടെ കൂടെയേ നിൽക്കൂ’
സംഭവം ശരിയായിരുന്നിരിക്കാം, സുമിചേച്ചിയും സീനചേച്ചിയും വെളുത്തതാണ്.

രാവിലത്തെ ഭക്ഷണം കഴിപ്പിച്ചിട്ടാണ് അമ്മ എന്നെ സുമിചേച്ചിയുടെ അടുത്തു ആക്കിയത്. കഞ്ഞി കുടിക്കുന്ന ശീലമില്ലാത്തതുകൊണ്ട് ഇനിയിപ്പോ ഉച്ചക്കു ചോറുണ്ടാൽ മതി. അപ്പോഴേക്കും ഡോക്ടറെ കണ്ടു തിരിച്ചു വരാം എന്നായിരിക്കണം അമ്മയുടെ പ്രതീക്ഷ.

ഉച്ച ആവാറായിട്ടും അമ്മയെയും ചേട്ടനെയും കാണാതായപ്പോൾ എന്റെ മനസ്സിലാകെ അങ്കലാപ്പായി. അത് ഒരിക്കലും ചേട്ടന്റെ അസുഖത്തെ പറ്റിയോ അവനു അസുഖം കൂടിയിട്ട് അവിടെ അഡ്മിറ്റ്‌ ആക്കിയോ എന്നൊന്നും ആലോചിച്ചിട്ടല്ല. മറിച്ച് ഉച്ചക്കത്തെ ഭക്ഷണത്തെ കുറിച്ച് ആലോചിച്ചായിരുന്നു. ചോറ് അമ്മ രാവിലെ തന്നെ ഉണ്ടാക്കി വെക്കും. കറികൾ ഉണ്ടാക്കുന്നത് ഉച്ചയോടടുക്കുമ്പോൾ ആണ്. ഇനിയിപ്പോ അമ്മ തിരികെ വന്നു ഭക്ഷണം ഒക്കെ ഉണ്ടാക്കി ഏതുനേരത്തു ചോറുണ്ണുമോ ആവോ.
ഇടയ്ക്കു സുമിചചേച്ചി എന്നോട് ചോദിക്കുന്നുണ്ടായിരുന്നു
‘അച്ചൂ., വിശക്കുന്നുണ്ടോ നിനക്ക്? ഉണ്ടെങ്കിൽ പറയണം ട്ടോ.’
ഞാൻ ആണെങ്കിൽ ‘വിശക്കുന്നില്ല ചേച്ചി, അമ്മ വന്നിട്ട് വീട്ടിൽ പോയി കഴിക്കാം.’ എന്നും പറഞ്ഞു ഇരിപ്പാണ്.

12 മണി കഴിഞ്ഞപ്പോൾ സുമിചേച്ചിയും പദ്മുമ്മായിയും ഉച്ചക്കുള്ള കറി ഉണ്ടാക്കാൻ തുടങ്ങി. ഒരു തട്ടിക്കൂട്ട് കൂട്ടുകറി ആണെന്ന് എനിക്ക് മനസിലായി. രണ്ടു മൂന്നു ദിവസം മുന്ന് വാങ്ങിയ സാമ്പാർ കഷ്ണത്തിലെ ബാക്കി വന്ന ക്യാരറ്റും ബീറ്റ്‌റൂട്ടും ഉരുളകിഴങ്ങും പോലത്തെ സാധങ്ങൾ എല്ലാം കൂടി ഉണ്ടാക്കുന്ന ഒരു കൂട്ടുകറി ആണ് സംഭവം. കൂട്ടുകറി എന്ന് പറയാൻ പറ്റില്ല, ഒരു കൂട്ടു ഉപ്പേരി.
സംഭവം ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രത്യേക ചന്തം ഉണ്ടായിരുന്നു. ഓരോ പച്ചക്കറിയും എടുത്തു കുനുകുനെ അരിഞ്ഞു സുമിചേച്ചി. വിറകടുപ്പിൽ ഓലക്കൊടിയും പട്ടയും വെച്ചു കത്തിച്ചു ചീനച്ചട്ടിയിൽ നല്ല വെളിച്ചെണ്ണ ഒഴിച്ച്, ചതച്ച ചെറിയ ഉള്ളിയും കുത്തിചതച്ച ഉണക്കമുളകും ഇട്ടു മൂപ്പിച്ചു, അതിലേക്കു കുറച്ചു മസാലപൊടികളും ചേർത്ത് മൂപ്പിച്ചു, അതിലേക്കു അരിഞ്ഞുവെച്ച പച്ചക്കറികളും ചേർത്ത് ഇളക്കി, ആവശ്യത്തിന് ഉപ്പും ഇട്ടു മൂടി വെച്ചു വേവിച്ചെടുത്ത കൂട്ടുകറി അഥവാ കൂട്ടു ഉപ്പേരി.

15 – 20 മിനിറ്റ്. സംഭവം റെഡി. അടുക്കളയിൽ ആകെ വിറകടുപ്പിൽ നിന്ന് വരുന്ന പുകയുടെ മണത്തിനും മുകളിലായിരുന്നു നമ്മുടെ കൂട്ടുകറിയുടെ വാസന..
എന്റെ പൊന്നൂ..
വായിൽ വെള്ളമൂറിയിട്ട് കപ്പൽ ഓടിക്കാമെന്നുള്ള അവസ്ഥ ആയി.. ഞാനാകെ ധർമ്മസങ്കടത്തിലും.

അമ്മ വന്നിട്ട് വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞെങ്കിലും കൂട്ടുകറി കണ്ടിട്ട് അതും കൂട്ടി ചോറുണ്ണാതിരിക്കാനും തോന്നുന്നില്ല. ഭക്ഷണം വേണമെന്ന് അങ്ങോട്ട്‌ ചോദിക്കാൻ എന്റെ അഭിമാനം അനുവദിക്കുന്നുമില്ല.
എന്റെ മനസ്സറിഞ്ഞപോലെ സുമിചചേച്ചി ചോദിച്ചു.

‘അച്ചൂ., വിശക്കുന്നുണ്ടെങ്കിൽ കുറച്ചു ചോറുണ്ണാം ട്ടോ. കുറച്ചു കഴിച്ചാൽ മതി. ബാക്കി അമ്മ വരുമ്പോൾ വീട്ടിൽ പോയി കഴിച്ചോ’.

സുമിചേച്ചിയുടെ ചോദ്യം കേട്ടതും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഈ രോഗി ഇച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്.., ആ ഒരു ലൈനായിരുന്നു കാര്യങ്ങൾ.
എന്റെ മനസ്സിൽ നിറഞ്ഞു വന്ന സന്തോഷവും സമാധാനവും തീർച്ചയായും എന്റെ മുഖത്ത് പ്രതിഫലിച്ചിരിക്കാം. മുഖത്ത് ഒരു ചിരിയും വന്നിരിക്കാം. തികച്ചും സ്വാഭാവികം.
എന്റെ ചിരിയിൽ നിന്ന് കാര്യം മനസ്സിലായ സുമിചേച്ചി വേഗം ഒരു പാത്രം കഴുകി എടുത്തു കുറച്ചു ചോറും സൈഡിൽ കുറച്ചു കൂട്ടുകറിയും വിളമ്പിതന്നു. നല്ല ചൂട് കറിയും ചോറും കൂടി കുഴച്ചു കഴിക്കാൻ വല്ലാത്ത ഒരു സ്വാദായിരുന്നു. ശരിക്കും ആസ്വദിച്ചു കഴിച്ചു വന്നപ്പോഴേക്കും ചോറ് കഴിഞ്ഞുപോയി. ഞാൻ ചോദിക്കുന്നതിനു മുന്നേ തന്നെ സുമിചേച്ചി എനിക്ക് കുറച്ചുകൂടെ ചോറും കൂട്ടുകറിയും വിളമ്പിതന്നു. ഒന്നും മിണ്ടാതെ ഞാൻ അത് മുഴുവനും കഴിച്ചു തീർത്തു, പാത്രവും വടിച്ചു വൃത്തിയാക്കി കൊടുത്തു.
കൈ കഴുകി തിരികെ അടുക്കളയിലേക്ക് കയറിയ എന്നെ ചേർത്തുപിടിച്ചു എന്റെ തലയിൽ തലോടികൊണ്ട് സുമിചേച്ചി പറഞ്ഞു.
‘ഞാൻ നിന്റെ ചേച്ചിയല്ലേ, വിശക്കുന്നെണ്ടെങ്കിൽ നിനക്കെന്നോട് പറഞ്ഞൂടെ അച്ചൂ.. വെറുതെ വിശന്നു ഇരിക്കണായിരുന്നോ..’
മറുപടി പറയാൻ വാക്കുകൾക്ക് വേണ്ടി തിരയുകയായിരുന്നു എന്റെ മനസ്സ്.
സുമിച്ചേച്ചിയുടെ സ്നേഹം ആണോ ആ കൂട്ടുകറിയുടെ സ്വാദാണോ മുന്നിൽ.. ഒന്നും പറയാൻ പറ്റിയില്ല എനിക്ക്. കുറച്ചു നേരം ചേച്ചിയോട് ചേർന്ന് നിന്നു. കുറച്ചു കഴിഞ്ഞു ചേച്ചിയും അമ്മായിയും പാത്രം എടുത്ത് ചോറ് കഴിക്കാൻ ഇരുന്നു.

അവർ രണ്ടുപേരും കഴിച്ചു പാത്രം കഴുകിവെച്ചു അകത്തേക്ക് വന്നപ്പോഴേക്കും കയ്യിൽ ഒരു കെട്ട് മരുന്നുമായി അമ്മയും ചേട്ടനും വന്നു. വീട്ടിൽ ചെന്നു അമ്മ ഉണ്ടാക്കി തന്ന ഭക്ഷണം ഞാനും ചേട്ടനും കൂടി ഇരുന്നു കഴിച്ചു.

ഇന്നും ആ കൂട്ടുകറിയുടെ അല്ലെങ്കിൽ കൂട്ടു ഉപ്പേരിയുടെ സ്വാദ് എന്റെ നാവിൽ ഉണ്ട്, പല പല വിഭവങ്ങൾ കഴിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും അന്നത്തെ പോലൊരു കൂട്ടു ഉപ്പേരി കഴിക്കാൻ പിന്നീടോരിക്കലും ഭാഗ്യം കിട്ടിയിട്ടില്ല.
വിറകടുപ്പിന്റെ പുകയും കരിയുമുള്ള അടുക്കളയിൽ സുമിചചേച്ചിയുടെ ഉണ്ടാക്കി തരുന്ന ആ കൂട്ടുകറിയുടെ സ്വാദ്.. ആ സ്നേഹം..

ചൂരൽകഷായം..

“അച്ചൂ.. ഒരുപാടു ആവുന്നുണ്ട് നിന്റെ കുരുത്തക്കേട്..
അച്ഛൻ വരുമ്പോൾ നല്ല ചൂരൽ കഷായം കിട്ടും ട്ടാ നിനക്ക് “

അമ്മയുടെ വായിൽ നിന്നു ഈ ഒരു ഡയലോഗ് കേൾക്കാത്ത ഒരു ദിവസം പോലും എന്റെ കുട്ടിക്കാലത്തു ഉണ്ടായിരുന്നിട്ടില്ല.
എന്റെ മാത്രം അല്ല, എന്റെ കൂട്ടത്തിലെ എല്ലാരുടേം അവസ്ഥ ഇതൊക്കെ തന്നെ ആയിരുന്നു..

ചില ദിവസങ്ങളിൽ നേരം വെളുത്ത് പല്ല് തേക്കാൻ മടി കാണിക്കുന്നതിനു തുടങ്ങും അമ്മയുടെ വക ചൂരൽകഷായം. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ രാവിലെ ചായയും കുടിച്ചു ബോളും തെങ്ങിന്റെ പട്ട വെട്ടിയുണ്ടാക്കിയ MRF ബാറ്റും എടുത്തു പടിഞ്ഞാറേ പറമ്പിലേക്ക് ഇറങ്ങും. ഉച്ചക്ക് സൂര്യൻ തലയ്ക്കു മുകളിൽ വന്നു ഞങ്ങളെ കരിച്ചു കളഞ്ഞാലും നമ്മൾ പറമ്പിൽ നിന്ന് കേറൂല്ല. അപ്പോഴാവും അമ്മയുടെ വരവ്. വരുന്ന വഴി ഏതെങ്കിലും ശീമക്കൊന്നയുടെ വടിയോ നീരോലിയുടെ വണ്ണം കുറഞ്ഞ വള്ളി പോലത്തെ വടിയോ ഒടിച്ചത് കാണും അമ്മയുടെ കൈയിൽ. കളിയിൽ മുഴുകിയിരിക്കുന്ന ഞങ്ങളിൽ ആർക്കെങ്കിലും ആദ്യത്തെ അടി കിട്ടുമ്പോഴായിരിക്കും അമ്മ വന്നത് അറിയുക. എനിക്കാണ് അടി കിട്ടുന്നതെങ്കിൽ ചേട്ടൻ കണ്ടം വഴി ഓടി വീട്ടിലെത്തും, ചേട്ടനാണ് അടി കിട്ടുന്നതെങ്കിൽ ഞാൻ കണ്ടം വഴി ഓടി വീട്ടിലെത്തും. ഓട്ടം ഒക്കെ വെറുതെയാണ്, വീട്ടിലെത്തിയാൽ അമ്മയുടെ കയ്യിൽന്ന് ബാലൻസ് ചെയ്യാനുള്ള അടി കിട്ടും.
കുളിയൊക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു ഉച്ചക്ക് 2-2:30 ആവുമ്പോൾ പിന്നേം പറമ്പിലേക്ക്… നേരം സന്ധ്യയായാൽ അമ്മയുടെ വടി – അടി – ഞങ്ങളുടെ ഓട്ടം സീൻ റിപീറ്റ്.

500ന്റെയും 1000ന്റെയും നോട്ടുകൾ വളരെ അപൂർവ്വമായി മാത്രം കണ്ടിരുന്ന സമയത്തു കിഴക്കേ തെരുവിൽ താമസിക്കുന്ന ഒരു ചേട്ടന് കൊടുക്കാനായി അച്ഛൻ എന്റെയും ചേട്ടന്റെയും കൈവശം ഒരു 500 രൂപയുടെ നോട്ട് തന്നുവിട്ടു. അത് ഞാനാണോ ചേട്ടനാണോ പോക്കറ്റിൽ ഇട്ടതെന്നു ഓർമ്മയില്ല. ഞങ്ങളത് പോക്കറ്റിലിട്ടു പാട്ടുംപാടി പറമ്പിലെ ചെടിയോടും പുല്ലിനോടുമൊക്കെ കഥയും പറഞ്ഞു ആ ചേട്ടന്റെ വീട്ടിലെത്തിയപ്പോൾ പോക്കറ്റിൽ കാശ് കാണുന്നില്ല. അപ്പോൾ തന്നെ തിരികെ വന്നു പോയ വഴിയിലൊക്കെ തപ്പി നോക്കി. 500ന്റെ നോട്ട് അല്ലേ. കിട്ടിയാൽ ആരെങ്കിലും തിരിച്ചുതരോ. അന്നൊക്കെ 500 രൂപ ഉണ്ടെങ്കിൽ ഒരു കുടുംബത്തിന് ഒരാഴ്ച്ച സമൃധിയായി അടിച്ചുപൊളിക്കാനുള്ള പൈസ ആയി. ഏറെനേരം തപ്പിയിട്ടും കാശു കിട്ടാതായതോടെ ഞങ്ങൾ തിരിച്ചു വീട്ടിലേക്കു പോയി. ഒരു കാര്യം മാത്രം ഉറപ്പായിരുന്നു, അച്ഛന്റേന്നും അമ്മടേന്നും ചൂരൽ കഷായം കണക്കിന് കിട്ടും.
വീട്ടിൽ ചെന്നപ്പോൾ അച്ഛൻ പുറത്തെവിടെയോ പോയിരിക്കുവാണ്. അമ്മയോട് കാര്യം പറഞ്ഞപ്പോൾ അമ്മയുടെ വക ഒരു റൗണ്ട് കിട്ടി. അമ്മയ്ക്കു പേടി അച്ഛൻ വന്നിട്ട് എന്താ ചെയ്യാൻ പോവുന്നതെന്ന് ആലോചിച്ചിട്ടായിരുന്നു. അമ്മയുടെ കയ്യിൽന്ന് കിട്ടിയതിന്റെ ക്ഷീണം മാറിവന്നപ്പോഴാണ് അച്ഛൻ വന്നത്. ഞങ്ങൾ രണ്ടുപേരും അച്ഛന്റെ മുന്നിൽ കുറ്റവാളികളെ പോലെ ഹാജരായി. കാര്യം അവതരിപ്പിക്കാൻ അമ്മയും സഹായിച്ചു. അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടായില്ല. കാര്യം കേട്ടു കലി കയറി അച്ഛൻ നേരെ അലമാരയുടെ മുകളിൽ ഇരുന്ന ചൂരലെടുത്തു ഞങ്ങളെ രണ്ടുപേരെയും ചറപറ തല്ലി. ഇടയ്ക്കു അമ്മ വട്ടം കയറി നിന്ന് തടയാൻ ഒരു വൃഥാ ശ്രമം നടത്തി. ഞങ്ങളെ അടിച്ച രണ്ടു അടി മിസ്സ്‌ ആയി അമ്മക്ക് കിട്ടിയത് മെച്ചം. അച്ഛന്റെ ദേഷ്യം ഒന്ന് കുറഞ്ഞപ്പോൾ ഞങ്ങളെയും കൂട്ടി ഞങ്ങൾ പോയ വഴിയിൽ കൂടി ഒന്നൂടെ പോയി കാശു തിരഞ്ഞു നോക്കി. പോവുന്ന വഴി മുഴുവൻ അച്ഛൻ ഞങ്ങളെ എന്തൊക്കെയോ പറയുന്നുണ്ട്. അച്ഛനെ പറഞ്ഞിട്ട് കാര്യമില്ല. ആ 500 രൂപയുടെ വില അത് സമ്പാദിച്ച അച്ഛന് മാത്രമേ ശരിക്കറിയുള്ളൂ. കുറേ തിരഞ്ഞെങ്കിലും ആ കാശ് കിട്ടിയില്ല.

കഥാപ്രസംഗത്തിന്റെ കാര്യം മുന്ന് പറഞ്ഞിട്ടുണ്ടല്ലോ. ആ ദിവസങ്ങളിൽ മര്യാദക്ക് കഥ പഠിക്കാത്തതിന്റെയും അവതരിപ്പിക്കാത്തതിന്റെയും പേരിൽ എന്നും രാവിലെ എന്റെ പുറം ചെണ്ടപ്പുറം ആകുമായിരുന്നു. അന്നും അമ്മ അച്ഛനെ തടയാൻ വൃഥാ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പരാജയം ആയിരുന്നു ഫലം.

അപ്പുറത്തെ വീടുകളിലെ മാവിലും കശുമാവിലും കല്ലെറിഞ്ഞതിനും ആ കല്ല് വീണ് വീടുകളിലെ ഓട് പൊട്ടിച്ചതിനും വീട്ടിൽ പറയാതെ ചേട്ടന്മാരുടെ ക്രിക്കറ്റ്‌ മാച്ച് കാണാൻ ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള ഗ്രൗണ്ടിൽ പോയതിനും ഇന്ത്യയുടെ ക്രിക്കറ്റ്‌ മാച്ച് കാണാൻ വടക്കുംമുറിയിലെ പവിത്രൻ വല്യച്ഛന്റെ കടയിൽ പോയതിനും അയല്പക്കത്തെ പിള്ളേരോട് വഴക്കുകൂടി മണ്ണിൽ കിടന്നു മറിഞ്ഞു ഷർട്ടിലും ട്രൗസറിലുമൊക്കെ അഴുക്കാക്കിയതിനുമൊക്കെ കിട്ടിയ തല്ലിനു കയ്യും കണക്കുമില്ല.

ഇതിലുമെല്ലാമുപരി ഞങ്ങൾക്ക് അടി കിട്ടിയിട്ടുള്ളത് ഞങ്ങൾ ചേട്ടനും അനിയനും കൂടിയുള്ള വഴക്കിനു ആണ്. ചേട്ടന് ആണെങ്കിൽ ഞാൻ അവനെ ചേട്ടാ ന്ന് വിളിക്കണം. കുമ്പളങ്ങി നൈറ്റ്സിലെ എന്ത് പ്രഹസനം ആണ് സജി സീൻ. എനിക്കാനാണെങ്കിൽ ചേട്ടാ ന്ന് വിളിക്കാൻ തോന്നിയാലേ വിളിക്കൂ. ഞാൻ കൂടുതലും നീ, ടാ, പോടാ, പോടാ പട്ടി, അങ്ങനെയൊക്കെയാണ് അവനെ അഭിസംബോധന ചെയ്തിരുന്നത്. ഇതിന്റെ പേരിൽ ആയിരുന്നു ഞങ്ങൾ മാക്സിമം വഴക്ക് കൂടിയിരുന്നത്. ഈ വഴക്കുകളുടെയെല്ലാം അവസാനം അമ്മയുടെയോ അച്ഛന്റെയോ കയ്യിൽ നിന്ന് കിട്ടുന്ന ചൂരൽ കഷായം തന്നെയായിരുന്നു. അമ്മ ആണ് അടിക്കുന്നതെങ്കിൽ ചേട്ടൻ വീടിനു ചുറ്റും ഓടും, ഞാൻ നിന്ന് തല്ലുകൊള്ളും. ചേട്ടന്റെ ഓട്ടം കഴിഞ്ഞു വരുമ്പോഴേക്കും അമ്മയുടെ ദേഷ്യമൊക്കെ മാറി മൂഡ് മാറിയിട്ടുണ്ടാവും, അവൻ എസ്‌കേപ്പ്. അച്ഛൻ ആണ് അടിക്കുന്നതെങ്കിൽ ഒരുപാടു ഓടാൻ ഒന്നും നിൽക്കില്ല, രണ്ടുപേരും ചുമ്മാ നിന്നങ്ങു തല്ലുകൊള്ളും. അമ്മയെ പോലെ അല്ല അച്ഛൻ ഓടിച്ചിട്ട്‌ പിടിച്ചു അടിക്കും ന്ന് ചേട്ടന് നല്ല ബോധ്യം ഉണ്ടായിരുന്നു.

മാസത്തിൽ ഒരു പുതിയ ചൂരൽ എങ്കിലും അച്ഛന് വാങ്ങേണ്ടി വന്നിരുന്നു. ഞങ്ങളെ അടിച്ചടിച്ചു ചൂരൽ പൊളിഞ്ഞു പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ മാസവും അതായിരുന്നില്ല കാരണം. എന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് അടി കൊള്ളുന്നതെന്നു എനിക്ക് തോന്നിയാൽ ഞാൻ പിന്നെ മുറിവേറ്റ സിംഹമാവും. മുറിവേറ്റ സിംഹത്തിന്റെ ഗർജനമൊന്നും ഉണ്ടാവാറില്ലെങ്കിലും ചൂരലിനോട് ആണ് ഞാനെന്റെ ദേഷ്യം കാണിക്കുക. ഒന്നുകിൽ എവിടെയെങ്കിലും ഒളിപ്പിച്ചുവെക്കും. അല്ലെങ്കിൽ ഒടിച്ചു നുറുക്കി തെങ്ങിന്റെ ചുവട്ടിലിടും. ഒരു മുറിയും അടുക്കളയും മാത്രമുണ്ടയിരുന്ന ഞങ്ങളുടെ പഴയവീട്ടിലെ അലമാരയുടെ പിന്നിലും കട്ടിലിന്റെ മൂലയ്ക്കും അടുക്കളയിലെ വിറകിന്റെ ഇടയിലും ഒളിപ്പിച്ചു വെച്ചിരുന്ന ചൂരൽ എത്രത്തോളം സുരക്ഷിതമാണെന്നതിൽ എന്റെ കുഞ്ഞുമനസ്സിന് ഒരു സംശയവും ഇല്ലായിരുന്നു, ആ ചൂരൽ തന്നെ എടുത്തു അച്ഛന്റെയോ അമ്മയുടെയോ കയ്യിൽ നിന്ന് അടി കിട്ടുന്നിടത്തോളം..

ചൂരൽ ഒടിച്ചു നുറുക്കി കളയുന്നതൊന്നും അച്ഛനും അമ്മക്കും ഒരു പ്രശ്നമേ അല്ലായിരുന്നു. വിറകടുപ്പിലിട്ട് കത്തിക്കാൻ വെട്ടി വെച്ചിരുന്ന തെങ്ങിന്റെ പട്ട, ശീമാക്കൊന്നയുടെ പത്തൽ, നീരോലിയുടെ ചൂരൽ പോലത്തെ വടി, ഒന്നും കിട്ടിയില്ലെങ്കിൽ ചട്ടുകം, അമ്മയുടെ സ്വന്തം കൈ എല്ലാം ഞങ്ങളെ തല്ലാനുള്ള ആയുധങ്ങൾ ആയിരുന്നു. ശരിക്കും വെറൈറ്റി സംഭവം കണ്ടെത്തിയത് അച്ഛനായിരുന്നു. തേങ്ങോലയുടെ തുമ്പു വീട്ടിയെടുത്തിട്ട്, ആ ഓല മുഴുവൻ കളഞ്ഞു ഈർക്കിൽ മാത്രമാക്കും. കണ്ടാൽ നമ്മ്‌ടെ ഇന്ദ്രദേവന്റെ വജ്രായുധം പോലെയിരിക്കും. അത് വെച്ചു ഒരടി കിട്ടിയാൽ ഒരു 20-25 ഈർക്കിൽ വെച്ചു അടി കിട്ടിയ ഫീലായിരിക്കും. ശരിക്കും പുളഞ്ഞു പോവും.

കടയിൽ പോയി സാധങ്ങൾ വാങ്ങാൻ പറയുമ്പോൾ ഞാനും ചേട്ടനും മിണ്ടാതിരിക്കും. അമ്മ രണ്ടാമത് പറയുമ്പോൾ ‘നീ പോയി വാങ്ങ്’ എന്ന് ചേട്ടൻ എന്നോട് പറയും, ‘അതെന്താ നിനക്ക് പോയി വാങ്ങിയാൽ’ എന്നാവും ഞാൻ. അവിടെ അടുത്ത വഴക്കു തുടങ്ങും. പതിവുപോലെ അമ്മയുടെ കയ്യിൽന്ന് കണക്കിന് വാങ്ങിക്കും ഞങ്ങൾ.

സ്കൂളിൽ വെച്ചു എന്ത് കുരുത്തക്കേട് കാണിച്ചാലും അതപ്പോൾ തന്നെ അച്ഛനറിയും. കാരണം മൂപ്പര് ആ സ്കൂളിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. സ്കൂളിൽ നിന്ന് ടീച്ചർമാരുടെ കയ്യിൽന്ന് കിട്ടുന്നത് പോരാതെ വീട്ടിൽ വന്നു അതേ കാരണത്തിനു അച്ഛന്റെന്നും കിട്ടും. ഈ കലാപരിപാടി കൂടുതലും എന്റെ പുറത്തായിരുന്നു. ചേട്ടൻ സ്കൂളിൽ പാവം ആയിരുന്നു. ഞങ്ങൾ അച്ഛന്റെ സ്കൂളിൽ തന്നെ പഠിച്ചു അവിടെ അലമ്പുണ്ടാക്കുന്നത് അച്ഛന് ശരിക്കും മോശമായിരുന്നു. അത് മനസ്സിലാക്കാനുള്ള ബോധം ഇല്ലാരുന്നു അന്ന്. അത് അന്ന് മനസ്സിലായിരുന്നെങ്കിൽ സ്കൂളിലെ പല മനോഹര നിമിഷങ്ങളും നഷ്ടമായേനേ.

ചെറുപ്പത്തിൽ തല്ലു കിട്ടാൻ ഇഷ്ടം പോലെ കാരണങ്ങൾ ആയിരുന്നു. തല്ലുകിട്ടാതിരിക്കാൻ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ. പഠനത്തിലെയും ബാക്കി പരിപാടികളിലെയും മികവ്. എത്രയൊക്കെ കുരുത്തക്കേട് സ്കൂളിൽ കാണിച്ചാലും പഠനത്തിന്റെ കാര്യത്തിൽ ഒരു കുറവ് ഉണ്ടായിട്ടില്ല. പി ടി എ മീറ്റിംഗിന് വരുമ്പോൾ അച്ഛനും അമ്മയ്ക്കും കുരുത്തകേടിന്റെ കഥകൾ കുറേ കേൾക്കേണ്ടിവന്നാലും മക്കളുടെ പഠനമികവിന്റെ കാര്യം ടീച്ചർമാർ പറയുമ്പോൾ ഒരു സന്തോഷമാണ്. ദൈവം സഹായിച്ചു സ്കൂളിൽ പോവാൻ മടി കാണിച്ചതിനും പഠിക്കാത്തതിനും മാത്രം അച്ഛനും അമ്മയ്ക്കും ഞങ്ങളെ തല്ലേണ്ടി വന്നിട്ടില്ല.

ചെറുപ്പത്തിലലെ കുസൃതിയൊക്കെ കഴിഞ്ഞു അച്ഛനും അമ്മയും ഞങ്ങളുടെ ചങ്ക്‌സായി. നമ്മളുടെ എന്തു കാര്യവും ഷെയർ ചെയ്യാവുന്ന കൂട്ടുകാരായി. അച്ഛന്റെ താടി വടിച്ചു ആ റോയൽ അച്ഛൻ ലുക്കൊക്കെ പോയി.

പിന്നീടൊരിക്കൽ അച്ഛൻ അച്ഛന്റെ ഒരു സുഹൃത്തിനോട് പറയുന്നത് ഞാൻ യാദൃശ്ചികമായി കേൾക്കാനിടയായി.
“എന്റെ പിള്ളേരെ ഞാനെന്തോരം ആണെടോ തല്ലിയിട്ടുള്ളത്, എങ്ങനെയൊക്കെയാ തല്ലിയിട്ടുള്ളത്, എന്തിനൊക്കെയാ തല്ലിയിട്ടുള്ളത്.
ഒരിക്കൽ പോലും അവരോടു സ്നേഹമായിട്ട് ഒന്ന് പെരുമാറിയിട്ട് പോലുമില്ല”

ഒരു ദീർഘാശ്വാസം എടുത്തു അച്ഛൻ തുടർന്നു.

“സാരില്ല്യ, ഞാൻ തല്ലിയതുകൊണ്ട് അവർക്കു മോശം ഒന്നും സംഭവിച്ചിട്ടില്ലല്ലോ.. നല്ലതല്ലേ വന്നിട്ടുള്ളൂ അവർക്കു.
അവര് നന്നാവാൻ വേണ്ടിയല്ലേ. അവർക്കത് മനസ്സിലായികാണുമല്ലേ “

ഇടക്കെപ്പോഴോ ആ ശബ്ദം ഒന്നിടറുന്നത് ഞാനറിഞ്ഞു.
ആ കൺകളിൽ ഒരിറ്റു നനവ് വന്നിരിക്കാം.
ഉള്ളൊന്നു പിടഞ്ഞിരിക്കാം.
ഹൃദയത്തിന്റെ കൂടെ കൈകളും ഒന്നു വിറച്ചിരിക്കാം.

എന്നാലും ഞങ്ങൾക്കറിയാം..
ഞങ്ങളെ അച്ഛനും അമ്മയും ഓരോ തവണ അടിക്കുമ്പോഴും അവരുടെ നെഞ്ചിൽ എത്ര ആഴത്തിൽ വേദനിച്ചിട്ടുണ്ടാവുമെന്ന്.
എന്റെ മക്കൾക്കു ഒരുപാടു വേദനിക്കരുതേ എന്നൊരു പ്രാർത്ഥനയുണ്ടായിട്ടുണ്ടാവും എന്ന്.
അവരെ പറ്റി പുറത്താരും മോശം പറയാത്തരുതേ എന്ന്.

ആ രാത്രി… ഞാനും അവനും..

“ഒരുപക്ഷേ കാക്കാത്തുരുത്തിക്കാർ നിങ്ങൾക്കായി ജീവൻ നൽകിയേക്കും, പക്ഷെ, ഒരു കുടം നല്ല വെള്ളം തരില്ല”

കാക്കാത്തുരുത്തിയിലെ വെള്ളത്തിന്റെ പ്രശ്നം പല കാലഘട്ടത്തിലും പല ഉദ്യോഗസ്ഥരും പല രാഷ്ട്രീയക്കാരും ചർച്ച ആക്കിയിട്ടുണ്ടെന്നുള്ളത് എല്ലാവർക്കും അറിയുന്നതാണ്.
അത് ഞാൻ മുന്നും ഇവിടെ പറഞ്ഞിട്ടുള്ളതാണ്. അതിലൊക്കെ ഒരു പരിധി വരെ സൊല്യൂഷൻസ് കണ്ടെത്താൻ അധികാരികൾക്കും ജനപ്രതിനിധികൾക്കും കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വളരെ നല്ലൊരു നേട്ടമാണ്. രാഷ്ട്രീയക്കാരെ ഇത്രേം സുഖിപ്പിച്ചാൽ മതിയല്ലോ അല്ലേ.

എന്റെ കുട്ടിക്കാലത്തു കുടിവെള്ളം വളരെ വലിയൊരു പ്രശ്നമായിരുന്നു. സ്കൂളിന്റെ അടുത്തുള്ള പൈപ്പിൽ വെള്ളം വരുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ആയിരിക്കും. വെള്ളം വരുന്ന ദിവസം രാവിലെ തന്നെ പൈപ്പിന്റെ ചുവട്ടിൽ വരിവരിയായി കുടങ്ങൾ നിരന്നിട്ടുണ്ടാവും. ഓരോ കുടവും ഓരോ വീട്ടിൽ നിന്നായിരിക്കും. അടിസ്ഥാനമായി പറയുവാണെങ്കിൽ FCFS (First Come First Serve).
മാനേജ്മെന്റ് തത്വങ്ങളൊന്നും അറിഞ്ഞിട്ടില്ലെങ്കിലും പണ്ട് തന്നെ ഇതൊക്കെ നമ്മുടെ കാക്കാത്തുരുത്തിക്കാർ ഉപയോഗിച്ചു പോന്നിരുന്നു.

വെള്ളം എത്ര നേരം വരുമെന്ന് വാട്ടർ അതോറിറ്റിയിലെ മാമൻമാർക്കും ദൈവത്തിനും മാത്രമേ അറിയുള്ളൂ. അതുകൊണ്ട് തന്നെ
എല്ലാവർക്കും വെള്ളം കിട്ടുമെന്ന് ഉറപ്പുവരുത്താനും കാക്കാത്തുരുത്തിക്കാർക്ക് സൊല്യൂഷൻ ഉണ്ടായിരുന്നു. പൈപ്പിൻ ചുവട്ടിലെ ലൈൻ അനുസരിച്ചു എല്ലാ വീട്ടുകാരും രണ്ടു കുടം വെള്ളം പിടിക്കുക.
ലൈനിലെ അവസാനത്തെ വീട്ടുകാരും വെള്ളം പിടിച്ചു കഴിഞ്ഞാൽ വീണ്ടും ആദ്യത്തെ വീട്ടുകാർക്ക് വെള്ളം കിട്ടും. പൈപ്പിൽ വെള്ളം നിൽക്കുന്നതുവരെ ഈ പ്രക്രിയ തുടർന്നു കൊണ്ടേയിരിക്കും. എല്ലാം വീട്ടുകാർക്കും ഒരേ പോലെ വെള്ളം കിട്ടുകയും ചെയ്യും ലൈനിലെ ആദ്യത്തെ 2-3 വീട്ടുകാർക്ക് മിക്കപ്പോഴും ലോട്ടറി ആയി രണ്ടു കുടം വെള്ളം അധികം കിട്ടുകയും ചെയ്യും. വെള്ളം നിൽക്കാറാവുമ്പോൾ ലൈനിൽ പിന്നിലുള്ളവരുടെ മുഖത്ത് സങ്കടം നിഴലിക്കും., പിന്നെ കിട്ടിയ വെള്ളത്തിന്റെ സന്തോഷത്തിൽ കാലി കുടവുമായി വീട്ടിലേക്കു പോവും.

ഈ പൈപ്പിന് ചുവട്ടിൽ പലപ്പോഴും വാക്കുതർക്കങ്ങൾ ഉണ്ടാവാറുണ്ട്. വെള്ളം കിട്ടാനുള്ള ആഗ്രഹത്തിന്റെ ഫലമായാണ് ഈ വാക്കുതർക്കങ്ങൾ എന്ന് എല്ലാവർക്കും അറിയാം. അതിനാൽ തന്നെ ഈ വാക്കുതർക്കങ്ങളൊക്കെ പൈപ്പിൻ ചുവട്ടിൽ തന്നെ തീരും.

വെള്ളം വരുന്ന സമയത്തിന് ഒരു കൃത്യമായ ക്രമം ഇല്ലായിരുന്നു. ചിലപ്പോൾ അതിരാവിലെ, ചിലപ്പോൾ നട്ടുച്ചക്ക്, ചിലപ്പോൾ രാത്രി. വെള്ളം അത്രയ്ക്ക് അത്യാവശ്യമായതിനാൽ ആരെങ്കിലുമൊക്കെ എപ്പോഴും വെള്ളം വരുന്നത് നോക്കിക്കൊണ്ടിരിക്കും. വെള്ളം അത്യാവശ്യമാണെങ്കിലും ആരും സ്വാർത്ഥരായി ചിന്തിക്കാറില്ല എന്നുള്ളത് ഒരു സത്യമാണ്. വെള്ളം വന്നുവെന്ന് ആദ്യം ആരറിഞ്ഞാലും അത് എത്രയും പെട്ടെന്ന് എല്ലാവരെയും അയാൾ അറിയിക്കും.

“ഷീലേ, വെള്ളം വന്നിട്ടുണ്ട് ട്ടാ”

അയൽവക്കത്തെ ശോഭമ്മായിയോ മണിയമ്മായിയോ വിളിച്ചു പറയുന്നത് കേട്ടാൽ അമ്മ കുടങ്ങളും കൊണ്ട് ഓരോട്ടമാണ് പൈപ്പിൻ ചുവട്ടിലേക്കു..
അങ്ങനെ ഒരു ഓട്ടം നടന്നത് ഒരു സന്ധ്യയിൽ ആയിരുന്നു. വെള്ളം വന്നത് ഒരു സന്ധ്യയിൽ ആയിരുന്നു ന്ന് ചുരുക്കം. അന്ന് വെള്ളം വന്നത് നല്ല സ്പീഡിൽ ആണ്. കുറെ നേരം വരുകയും ചെയ്തു. വീട്ടിലെ പാത്രങ്ങൾ ഓരോന്നായി നിറഞ്ഞു.
സന്ധ്യ കഴിഞ്ഞു ഇരുട്ടി രാത്രിയാവാൻ തുടങ്ങി. ഞങ്ങൾ കുട്ടികളെ വീട്ടിലിരുത്തി അച്ഛനും അമ്മയുടെ അടുത്തേക്ക് പോയി. കുറേ തവണ അമ്മ വെള്ളം നിറച്ച കുടങ്ങളുമായി വീട്ടിൽ വന്നു പാത്രങ്ങളിൽ ഒഴിച്ച് തിരിച്ചു പോയി. ഒരു തവണ അമ്മ വന്നു പോയി 5മിനിറ്റ് കഴിഞ്ഞു ഞാനും പൈപ്പിൻ ചുവട്ടിലേക്കിറങ്ങി.
വല്ല്യേ പേടിയൊന്നും കൂടാതെയാണ് വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ, പുറത്തെ ഇരുട്ട് കണ്ടപ്പോൾ ഉള്ളിൽ ചെറിയ ഒരു പേടി തോന്നിയെങ്കിലും അതൊക്കെ വെറും തോന്നലാണെന്നു മനസ്സിനെ ബോധിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ മുന്നോട്ടു നടന്നു. തോടിന് കുറുകെയുള്ള പാലം കടന്നപ്പോഴേക്കും വീടുകളിൽ നിന്നുള്ള വെളിച്ചം കാണാതായിരുന്നു. എങ്ങും ഇരുട്ട്. സിനിമയിലൊക്കെ പറയുന്നപോലത്തെ കൂറ്റാകൂരിരുട്ട്. എന്നെ പേടിപ്പിക്കാൻ ആയിട്ടു ഏതോ വീട്ടിൽ നിന്നൊരു പട്ടിയുടെ ഓരിയിടലും. എന്നിട്ടും ഞാൻ ധൈര്യം സംഭരിച്ചു രണ്ടു മൂന്നു അടി കൂടി വെച്ചു. അപ്പോഴതാ തെങ്ങിന്റെ ചുവട്ടിൽ ആരോ ഇരുന്നു എന്നെ തന്നെ നോക്കുന്നു. ഞാനൊന്നു ഞെട്ടി. ഒരടി കൂടി മുന്നിലേക്ക്‌ വെച്ചു ഒന്നൂടെ സൂക്ഷിച്ചു നോക്കി. അവിടെ ഇരിക്കുന്ന ആ രൂപത്തിന്റെ തലയിലെ കൊമ്പുകൾ ആടുന്നു. കൈയിലെ ചിറകുകളും ആടുന്നു.

എന്റമ്മോ. ഇത് പ്രേതം തന്നെ.

എന്റെ കുഞ്ഞുമനസ്സ് ഉറപ്പിച്ചു. മുന്നോട്ട് ഓടണോ അതോ തിരിഞ്ഞു വീട്ടിലേക്കു ഓടണോ. ഒന്നും തിരിഞ്ഞില്ല. മുന്നോട്ടു ഓടിയാൽ പ്രേതം എന്നെ പിടിക്കുമെന്ന് കാര്യത്തിൽ ഒരു സംശയവും ഇല്ല. പിന്നോട്ട് ഓടി വീട്ടിൽ കേറാമെന്നു കരുതി തിരിഞ്ഞു നോക്കിയപ്പോൾ മൊത്തം ഇരുട്ട്. എന്റെ പേടി കാരണം കണ്ണ് അടിച്ചു പോയതാണോ ന്ന് അറിഞ്ഞൂടാ, ഒന്നും കാണാൻ പറ്റുന്നില്ല.

എന്റെ കാര്യം ഒരു തീരുമാനമായിയെന്നു എനിക്ക് മനസ്സിലായി. ഇനിയിപ്പോ ഒന്നും ചെയ്യാൻ ഇല്ല. ജീവന്റെ അവസാനം ആണ് മുന്നിൽ. ആ ഒരു ചിന്ത മനസ്സിലേക്ക് വന്നതും അറിയാതെ എന്റെ ചെറിയ വായിൽ വല്ല്യേ കരച്ചിൽ തന്നെ വന്നു. ഒന്നും നോക്കിയില്ല നല്ല ഉറക്കെ തന്നെ കരഞ്ഞു

“അയ്യോ.. ഓടിവരണേ. എന്നെ പ്രേതം പിടിക്കാൻ വരുന്നേ.. രക്ഷിക്കണേ..”

ഞാൻ കുഞ്ഞായിരുന്നെങ്കിലും എന്റെ കരച്ചിൽ നല്ല ഉറക്കെയായിരുന്നതുകൊണ്ട് അതങ്ങ് പൈപ്പിൻ ചുവട്ടിലെ എല്ലാവരുടെയും കാതിലുമെത്തി. അമ്മയ്ക്ക് കൂട്ട് പോയ അച്ഛൻ ആണ് ആദ്യം ഓടിവന്നത്. വന്ന ഉടനെ അച്ഛനെന്നെ കോരിയെടുത്തു തോളിലിട്ടു. പിന്നാലെ വന്ന അമ്മ എന്നേക്കാൾ ഉറക്കെ കരയാൻ തുടങ്ങി. കൂടെ വന്ന കാക്കാത്തുരുത്തിക്കാർക്ക് അപ്പോൾ കുടിവെള്ളത്തിന്റ ചിന്തയേ ഇല്ലായിരുന്നു. എനിക്കെന്തു പറ്റിയെന്ന സങ്കടമായിരുന്നു എല്ലാവർക്കും.

അച്ഛൻ പതിയെ എന്നെ താഴെ നിർത്തി എന്നോട് ചോദിച്ചു.

“എന്താ അച്ചൂ, എന്താ പറ്റ്യേ? എന്തിനാ മോൻ കരഞ്ഞേ?”

ഏന്തി ഏന്തി കരഞ്ഞുകൊണ്ട് ഞാൻ കാര്യം പറഞ്ഞു.

കാര്യം കേട്ടപ്പോൾ ഞാൻ നന്നായി പേടിച്ചിട്ടുണ്ടെന്നു അച്ഛന് മനസ്സിലായി.

“പ്രേതം ഒന്നും ഇല്ല അച്ചു” എന്നെ സമാധാനിപ്പിക്കാനായി അച്ഛനും ഓടികൂടിയവരും ഒരേപോലെ പറഞ്ഞു.

ഞാനുണ്ടോ സമ്മതിക്കുന്നു
“ഇല്ല ഇല്ല, ഞാൻ കണ്ടതാ.. ആ തെങ്ങിന്റെ ചുവട്ടിൽ ഇരിക്കുന്നത്.”

“അങ്ങനെ ആണോ. എന്നാൽ പിന്നെ എന്റെ മോനെ പിടിക്കാൻ വന്ന പ്രേതത്തിനെ കണ്ടിട്ട് തന്നെ കാര്യം. വാ അച്ചൂ. നമുക്കു നോക്കിയിട്ട് വരാം”
എന്നും പറഞ്ഞു അച്ഛൻ എന്റെ കയ്യിൽ പിടിച്ചു നേരെ ആ തെങ്ങിന്റെ ചുവട്ടിലേക്കു നടന്നു. അപ്പോളേക്കും വടക്കേ വീട്ടിലെ സുധാകരൻ മാമൻ ടോർച്ചുമായി വന്നു. തെങ്ങിനടുത്തു എത്തിയപ്പോൾ അച്ഛൻ മാമന്റെ കയ്യിൽ നിന്ന് ടോർച് വാങ്ങി തെങ്ങിന്റെ ചുവട്ടിലേക്കു ടോർച്ചടിച്ചു. അവിടെ കണ്ട കാഴ്ച ശരിക്കും എന്നെ ഞെട്ടിച്ചു.

സിദ്ധാർത്ഥൻ വല്യച്ഛന്റേം വിമലമ്മായിയുടേം സ്ഥലങ്ങൾ വേർതിരിക്കാൻ വെച്ച ഒരു അതിർത്തി കല്ല്. അതിന്റെ പുറകിൽ വളർന്നു നിൽക്കുന്ന കുറച്ചു ചെടികൾ. ഇതെല്ലാം ചേർന്നാണ് എന്റെ സങ്കല്പത്തിലെ പ്രേതം രൂപപ്പെട്ടത്.

അച്ഛൻ ഇത് പറഞ്ഞു മനസ്സിലാക്കി തന്നു. ആ കല്ലിനെ തൊട്ട് നോക്കി, പ്രേതം അല്ല എന്ന് എന്നെ മനസ്സിലാക്കിക്കാനും എന്റെ മനസ്സിൽ നിന്ന് ഈ പേടിമാറിയെന്നു ഉറപ്പു വരുത്താനും അച്ഛൻ മറന്നില്ല.

അപ്പോഴാണ് കാക്കാത്തുരുത്തിക്കാർക്ക് പൈപ്പിൻ ചുവടിനെയും കുടിവെള്ളത്തിനെയും ഒക്കെ ഓർമ്മ വന്നത്. എല്ലാവരും പിന്നെ പൈപ്പിൻ ചുവട്ടിലേക്കു ഒരു ഓട്ടം ആയിരുന്നു.

പേടിയൊക്കെ പോയെങ്കിലും അച്ഛന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു ഞാനും പൈപ്പിൻ ചുവട്ടിലേക്കു നടന്നു.
നടക്കുന്നതിനിടയിൽ ഞാനൊന്നു തിരിഞ്ഞു നോക്കി.
ദേ.. പിന്നേം പ്രേതം അവിടെ തന്നെ നിൽക്കുന്നു.
ഹ ഹ.
അതിർത്തികല്ല് ആണെന്നറിഞ്ഞുകൊണ്ട് ഞാൻ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു പറഞ്ഞു. “പോടാ”…

59 ഇരട്ടി

ഇന്നലത്തെ 59 മിസ്സ്ഡ് കോളുകൾ കണ്ടൊരുപാട് ദേഷ്യപ്പെട്ടാണവൾ വിളിച്ചത്..
കടുത്ത സ്വരത്തിലവൾ ചോദിച്ചു..
‘നിനക്കെന്താ വട്ടാണോ?’

‘അതെ, നീയെനിക്കിപ്പോൾ ഒരു തരം വട്ടാണ്’
പതിഞ്ഞ സ്വരത്തിലവൻ പറഞ്ഞു.

പിന്നെയും ഒരുപാട് പറഞ്ഞവൾ.
ഇനി അവനെ വിളിക്കില്ലെന്നുപോലും..
എങ്കിലുമവനുറപ്പായിരുന്നു അവൾക്കതിനാവില്ലെന്നു, അവനും..

പത്തു മിനിറ്റ് കഴിയുന്നതിനുമുന്നേ അവളുടെ മെസ്സേജ് വന്നു.

‘ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീയോ?’

‘നിന്നെക്കാൾ 59 ഇരട്ടി’ 🥰🥰

നാം.. നമ്മൾ.. നമ്മുടെ പ്രണയം..

ഇന്നലെയും ഒരുപാട് വഴക്കിട്ടു നമ്മൾ.
ആ ദേഷ്യത്തിലും കണ്ടു കത്തിനിൽക്കും നിൻ പ്രണയം.
മനം നിറഞ്ഞൊഴുകുന്ന പ്രണയം.

പ്രണയം നമ്മെ സ്വാർത്ഥരാക്കുന്നു.
ആരോ പറഞ്ഞതെത്ര സത്യം.
ഇന്നും നീയെന്നോട് ചോദിച്ചു
‘പിരിയുവാനല്ലേ നാം സ്നേഹിക്കുന്നത്?
അകലുവാനല്ലേ നാം അടുക്കുന്നത്?’

ഒരു ദീർഘനിശ്വാസത്തോടെ അല്ലെന്നു പറഞ്ഞു ഞാൻ.
ആണെന്നറിഞ്ഞുകൊണ്ട്..
വഞ്ചനയാണെന്നറിഞ്ഞുകൊണ്ട്..
എന്തോ.. അങ്ങനെ പറയുവനാണെനിക്ക് തോന്നിയത്.

അതറിയാമെങ്കിലും തെല്ലൊന്നാശ്വസിച്ചു നീ.
എന്നെ വിഷമിപ്പിക്കാതിരിക്കാനാവാം..
സ്വയം വിഷമിക്കാതിരിക്കാനുമാവാം..

എങ്കിലും ഒന്ന് പറയട്ടെ.
നിന്നിലലിഞ്ഞു ചേരാൻ
വെമ്പൽ കൊള്ളുന്നൊരു ഹൃദയമുണ്ടെനിക്ക്.
നിനക്കായി മാത്രം തുടിക്കുന്ന ഹൃദയം…

ഒരു സബ് അർബൻ തീവണ്ടി യാത്ര..

വീണ്ടും ഒരു ഞായറാഴ്ച..
എന്താണെന്നറിയില്ല, അവർ തമ്മിലുള്ള കണ്ടുമുട്ടലുകൾക്കും ഞായറാഴ്ചകൾക്കും എന്തോ ഒരു ബന്ധമുണ്ട്.
അവർ തമ്മിൽ ആദ്യം കണ്ടതും ഒരു ഞായറാഴ്ച ആയിരുന്നു, അതുകഴിഞ്ഞു ഒരു റിപ്പബ്ലിക് ദിനതലേന്ന് സാന്തോം ബീച്ചിൽ വെച്ചു കണ്ടതും പിന്നീടങ്ങോട്ട് അണ്ണാനഗറിലെ ടവർ പാർക്കിലെ എണ്ണിയാലൊടുങ്ങാത്ത കൂടിക്കാഴ്ചകളും ഞായറാഴ്ചകളിൽ ആയിരുന്നു.
ജയകൃഷ്ണനും ക്ലാരയും മഴയും പോലെ അവർക്കിടയിൽ ഞായറാഴ്ചകൾ എന്തോ ഒരു പ്രത്യേകത കൊണ്ടുവന്നിരുന്നു.

ഫെബ്രുവരി 14. പ്രണയിതാക്കളുടെ ദിനം. മുന്നത്തെ ആമുഖം കണ്ടു അവർ പ്രണയിതാക്കളാണെന്ന് തെറ്റിദ്ധരിക്കണ്ടാ ട്ടോ. ഈ ഫെബ്രുവരി 14ഉം അവരുടെ സൗഹൃദവും തമ്മിൽ യാതൊരു ബന്ധവുമില്ല. അവരൊരിക്കലും വാലാന്റൈൻസ് ആയിരുന്നില്ല. പക്ഷേ അവർ തമ്മിലൊരു പ്രത്യേക ആത്മബന്ധം ഉണ്ടായിരുന്നു.

അഖിലലോക ബാച്‌ലേഴ്സിനെ സംബന്ധിച്ച് ഞായറാചകൾ വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ. ആ ആഴ്ചയിലെ മുഴുവൻ മുഷിഞ്ഞു നാറിയ തുണികൾ അലക്കണം, അടുക്കളയിലെ എണ്ണിയാലൊടുങ്ങാത്ത പാത്രങ്ങൾ കഴുകണം. ഒരു കുക്കർ, ഒരു ഫ്രൈ പാൻ, 4 പ്ലേറ്റ്, 2 കറി പാത്രം… ഇവയൊക്കെയാണ് ഈ പറഞ്ഞ എണ്ണിയാലൊടുങ്ങാത്ത പാത്രങ്ങൾ..

ഇതിന്റെ ഇടയിൽ കൂടിയാണ് വരാന്ത്യങ്ങളിലെ ക്രിക്കറ്റ്‌ കളിയും ഉണ്ടാവുക. അവനും വ്യത്യസ്തനായിരുന്നില്ല. അന്ന് രാവിലെ തുണിയെല്ലാം സോപ്പ് വെള്ളത്തിൽ ഇട്ടുവെച്ചിട്ടു മൂപ്പര് ക്രിക്കറ്റ്‌ കളിക്കാൻ 6:25 ന്റെ സബ് അർബൻ ട്രെയിൻ പിടിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തി.
ഫെബ്രുവരി 14ന്റെ സബ് അർബൻ ട്രെയിൻ യാത്ര തുടങ്ങുന്നത് അവിടെയാണ്. 6:25 ന്റെ ട്രെയിൻ വന്നപ്പോൾ ഇത്തിരി വൈകിയെങ്കിലും ഒരുപാടു കഷ്ടപ്പെടാതെ തന്നെ ഇരിക്കാൻ സീറ്റ്‌ കിട്ടി. ആയിടെയായി അവനിത്തിരി വായനശീലമൊക്കെ ഉണ്ട്. ട്രെയിനിൽ കയറി ഇരുന്നപാടെ മാധവികുട്ടിയുടെ എന്റെ കഥ എടുത്തു വായന തുടങ്ങി. പുസ്തകവായനയിൽ മുഴുകിയിരുന്ന അവൻ പ്രത്യേകിച്ചൊന്നും ശ്രദ്ധിച്ചില്ല. സ്റ്റേഷനുകൾ ഓരോന്നായി കഴിഞ്ഞതും, ആളുകൾ കയറിയതും, ഇറങ്ങിയതും, സമൂസയും ചോളപൊരിയും വിൽക്കാൻ ആളുകൾ വന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു പോയതും അടുത്തിരുന്ന തമിഴ് പെണ്ണുങ്ങൾ തമാശ പറഞ്ഞു ഉറക്കെ ചിരിച്ചതും ഒന്നും അവൻ അറിഞ്ഞില്ല. 25 മിനുട്ടുകൾക്ക് അപ്പുറം പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ആ യാത്ര മറ്റൊരു റെയിൽവേ സ്റ്റേഷനിൽ അവസാനിച്ചു.

കളിയൊക്കെ കഴിഞ്ഞു വന്നു കുളിച്ചു ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾ വിളിച്ചത്. രാവിലെ IES ന്റെ ക്ലാസിനു പോയ അവളുടെ വിളി ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.

“എന്താ മാഷേ ക്ലാസ്സിൽ പോയിട്ട് ക്ലാസ്സില്ലേ?” അവൻ ചോദിച്ചു.

“ഓഹ്. ഉണ്ടായിരുന്നു ന്നേ. ബോറിങ് ക്ലാസ്സാണ്. ഞാൻ ഉച്ചക്ക് ശേഷം കേറണില്ല്യാ” മറുതലക്കൽ അവളുടെ മറുപടി.

സാധാരണ ക്ലാസ്സിലേക്കെന്നു പറഞ്ഞുപോയാൽ ഇടംവലം തിരിയാത്ത ആളാണ്, ദേ.. ഇപ്പോൾ ബോറടിച്ചു ന്ന് പറഞ്ഞു വിളിച്ചേക്കണേ.
ഇനി ഇപ്പൊ വല്ല കാക്കയും മലർന്നു പറക്കുന്നുണ്ടോ ഈശ്വരാ.. അവൻ മനസ്സിൽ പറഞ്ഞു

“ആഹാ. അതിപ്പോ നന്നായില്ലോ. എന്താ ഇപ്പൊ ഇങ്ങനെ മോളേ?”

“അതൊന്നും എനിക്കറിയില്ല. നീ പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ ഇരിക്കുവല്ലേ? നീ വാ. നമുക്കൊന്ന് കാണാം.”

“എന്നാ ശരി. കാണാം “.

അവർ തമ്മിൽ കാണണം എന്ന് ഞായറാഴ്ചയിലെ ആ അദൃശ്യശക്തി തീരുമാനിച്ചതാവാം.

പെട്ടെന്ന് ഭക്ഷണം കഴിച്ചു 14:25 ന്റെ (റെയിൽവേ ടൈം ആണേ) ട്രെയിൻ പിടിക്കാൻ അവൻ വേഗം റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. ബീച് സ്റ്റേഷൻ വരെയുള്ള റിട്ടേൺ അടക്കമുള്ള ടിക്കറ്റ് ആണ് എടുത്തത്. അവളെ കണ്ടാൽ എന്തായാലും ഒരു പ്ലാൻ സെറ്റ് ആവുമെന്ന് ഉറപ്പാണ്. അപ്പോൾ റിട്ടേൺ ടിക്കറ്റ് ഉള്ളത് നല്ലതാണ്. അവനിതൊക്കെ ഇപ്പൊ ശീലമായിരിക്കുന്നു. അവൾ താമ്പരം സ്റ്റേഷനിലേക്ക് വരാമെന്നു പറഞ്ഞതനുസരിച്ചവൻ ആദ്യം താമ്പരം സ്റ്റേഷനിൽ ഇറങ്ങി. അവളുടെ തീരുമാനങ്ങൾ എല്ലാം പെട്ടെന്ന് ആണ്. മീറ്റിംഗ് പോയിന്റ് താമ്പരം സ്റ്റേഷന് പകരം മീനമ്പാക്കം ആക്കി. പിന്നീടവൻ അടുത്ത സബ് അർബൻ ട്രെയിൻ പിടിച്ചു മീനമ്പാക്കം സ്റ്റേഷനിൽ ചെന്നു. താരതമ്യേനേ തിരക്ക് വളരെ കുറഞ്ഞ ഒരു സ്റ്റേഷൻ ആണ് മീനമ്പാക്കം. തമ്മിൽ കാണുവാനും സംസാരിക്കുവാനും ഇതുപോലെയുള്ള സ്ഥലങ്ങൾ ആയിരുന്നു എന്നും അവർക്കിഷ്ടം.

മീനമ്പാക്കം സ്റ്റേഷനിലിറങ്ങി ഒരുപാടൊന്നും അവനു അവളെ തിരയേണ്ടി വന്നില്ല. അവൻ വന്ന ട്രെയിൻ നിന്ന പ്ലാറ്റ്ഫോമിന്റെ വശത്തുതന്നെ സ്റ്റീലിന്റെ കാത്തിരിപ്പ് കസേരയിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. എത്ര തിരക്കിനിടയിലും ഒരു മുടിയിഴ കണ്ടാൽ പോലും അവളെ തിരിച്ചറിയാൻ അവനിപ്പോൾ കഴിയുമായിരുന്നു. നേരത്തെ പറഞ്ഞ ആത്മബന്ധത്തിന്റെ തുടർച്ചയാണിതും.

അവളിരുന്ന സ്റ്റീൽ കസേരയിൽ അവളോട്‌ ചേർന്നവനിരുന്നെങ്കിലും അവർക്കിടയിൽ അവളുടെ ബാഗ് ശ്വാസം മുട്ടിയിരിക്കുന്നുണ്ടായിരുന്നു. സന്തതസഹചാരി ആയിരുന്ന പ്യൂമ ബാഗ് അന്ന് മാത്രം അവന്റെ കയ്യിൽ കണ്ടില്ല. സബ് അർബൻ ട്രെയിനിലെ യാത്രകൾക്ക് എപ്പോഴും ആ ബാഗും അതിലൊരു പുസ്തകവും അവന്റെ കൂട്ടിനു ഉണ്ടാവാറുള്ളതാണ്. അന്നവൻ എന്തുകൊണ്ടോ അവയെ ഒഴിവാക്കിയിരുന്നു.
അരികിലിരുന്ന അവളുടെ കഥ പറയുന്ന കണ്ണുകളിലേക്കും കവിത മൊഴിയുന്ന മുടിയിഴകളിലേക്കും ഒരുപാടുനേരം നോക്കിയിരുന്നവൻ. ആ കണ്ണുകളും മുടിയിഴകളും എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് അവനു പലപ്പോഴും മനസ്സിലായിരുന്നില്ല.
തന്നെ നോക്കിയിരുന്ന അവനോടു അവൾ ചോദിച്ചു.

“അല്ല മാഷേ, ഇങ്ങനെ നോക്കിയിരിക്കാൻ ആണോ പ്ലാൻ? നമുക്കെങ്ങോട്ടെങ്കിലും പോയാലോ? പ്ലാൻ പറ മോനേ.”

ഒരു വെളിപാടുണ്ടായപോലെ അവൻ പറഞ്ഞു
“എന്നാ വാ, നമുക്ക് ബീച്ചിൽ പോവാം”
15:20 ന്റെ (വീണ്ടും റെയിൽവേ ടൈം) സബ് അർബൻ ട്രെയിൻ വന്നപ്പോൾ അതിൽ കയറി അവർ ബീച് സ്റ്റേഷൻ ലക്ഷ്യമാക്കി യാത്രാതിരിച്ചു. അത്യാവശ്യം നല്ലപോലെ തിരക്കുണ്ടായിട്ടും കേറിയപാടെ അവൾക്കു സീറ്റ്‌ കിട്ടി. കിട്ടിയ സീറ്റിൽ ചാടിക്കയറി ഇരുന്നിട്ടു അവൾ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. രണ്ടു സ്റ്റേഷൻ കഴിഞ്ഞപ്പോൾ അവളുടെ അടുത്തിരുന്ന തമിഴൻ എഴുന്നേറ്റു പോയി. ആ സീറ്റ് പെട്ടെന്നുതന്നെ അവൻ സ്വന്തമാക്കി. നേരത്തെ അവർക്കിടയിൽ ഇരുന്നു ശ്വാസം മുട്ടിയ ബാഗ് ഇപ്പോൾ അവളുടെ മടിയിൽ ആണ് സ്ഥാനം പിടിച്ചത്.
അവളെന്തോ ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു അവനെന്തൊക്കെയോ പറഞ്ഞു. അതങ്ങനെയാണ്, അവനെ ദേഷ്യം പിടിപ്പിക്കുക എന്നതു അവൾക്കൊരു വിനോദമാണ്. നിമിഷങ്ങൾക്കുള്ളിൽ രണ്ടുപേരും രണ്ടു ദിശയിലേക്ക് നോക്കിയിരുപ്പായി. അവൻ ജനൽകമ്പികൾക്കിടയിലൂടെ പുറത്തെ കാഴ്ചകളും അവൾ ട്രെയിനിലെ കാഴ്ചകളും നോക്കിയിരുപ്പായി. കുറേനേരം അവർക്കിടയിൽ ട്രെയിനിന്റെ മോട്ടോർ ശബ്ദവും, ഹോണടിയും, ആൾക്കാരുടെ ഉച്ചത്തിലുള്ള സംസാരവും മാത്രം ആയിരുന്നു., കൂടെ ഒരു വലിയ മൗനവും. രണ്ടുപേർക്കും ഈ മൗനം സഹിക്കാൻ കഴിയുന്നില്ലായിരുന്നു. ഏകദേശം ഒരേ സമയത്തുതന്നെ രണ്ടുപേരും “I am sorry” എന്ന് പരസ്പരം മെസ്സേജ് അയച്ചു..

അതുകണ്ടവൾ അവനോടു ചോദിച്ചു

“നിനക്ക് വിഷമം ആയോടാ? സോറി ഡാ”

അതോടെ തീർന്നു പിണക്കവും ദേഷ്യവും. പിന്നെ പഴയപോലെ അവർ സംസാരവും ചിരിയും കളിയും തുടർന്നു.

ആ സബ് അർബൻ യാത്ര അവസാനിച്ചത് ബീച്ച് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. അവിടത്തെയൊരു സ്റ്റാളിൽ നിന്ന് അമൂൽ കൂൾ വാങ്ങി കുടിച്ചു കൂളായി ഏതോ ഒരു പ്ലാറ്റ്ഫോമിലൂടെ നടന്നവർ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ലൈറ്റ്ഹൗസ് സ്റ്റേഷനിലേക്ക് രണ്ടു ടിക്കറ്റ് എടുത്തു.

വേളച്ചേരി പോവുന്ന ട്രൈനുകൾ വരുന്ന പ്ലാറ്റ്ഫോം 6 ലെ ബെഞ്ചിലിരുന്നപ്പോൾ അവളുടെ ആ ബാഗ് അവർക്കിടയിലിരുന്നു വീണ്ടും വീർപ്പുമുട്ടി കൊണ്ടിരുന്നു. 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആ പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വന്നു നിന്നു. വളരെ ചെറിയ ദൂരമെങ്കിലും, അവളോട്‌ സംസാരിച്ച്, അവളുടെ കണ്ണുകളിലെ കുസൃതികളെ ആസ്വദിച്ച്, മുടിയിഴകളിലെ കവിത ആസ്വദിച്ചിരുന്നത് കാരണം പുറംലോകത്തിലെ സംഭവങ്ങളൊന്നും അവൻ അറിഞ്ഞതേയില്ല. ബീച്ച് – വേളച്ചേരി സബ് അർബൻ ട്രൈനുകൾ മുഴുവൻ സമയവും മേൽപാതയിലൂടെ ആണ് പോവുന്നത്. ഓരോ സ്റ്റേഷനിലെത്തുമ്പോഴും തമിഴ് പയ്യൻമാർ വാതിലിൽ നിന്ന് വെറുതെ ഒച്ചയുണ്ടാക്കികൊണ്ടേയിരുന്നു. അതുമാത്രമാണവൻ ഇത്തിരി എങ്കിലും ശ്രദ്ധിച്ചത്.

കുറേനേരം കടൽക്കരയിലിരുന്നു സംസാരിച്ചതിനുശേഷം അവർ പിരിഞ്ഞു. അവൾ ലൈറ്റ്ഹൗസിൽ നിന്ന് ബസ്സിലാണ് വല്യമ്മയുടെ സ്ഥലത്തേക്ക് പോയത്. അവൻ തിരിച്ചു ബീച്ച് സ്റ്റേഷനിലേക്ക് പോയി.

19:20ന്റെ ചെങ്കൽപേട്ട് ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടുന്നതും അവൻ ലൈറ്റ്ഹൗസിൽ നിന്നുവന്ന ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് വന്നു നിന്നതും ഒരുമിച്ചായിരുന്നു. ചെങ്കൽപേട്ട് ട്രെയിൻ പോവുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ അവനു കഴിഞ്ഞുള്ളു. അതുകൊണ്ടുതന്നെ 19:40 ന്റെ അടുത്ത ചെങ്കൽപേട്ട് ട്രെയിൻ വരുന്നതുവരെ അവനവിടെ പ്ലാറ്റ്ഫോമിൽ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇടയ്ക്കവിടത്തെ സ്റ്റാളിൽ നിന്നൊരു കാപ്പിയും വാങ്ങിക്കുടിച്ചു സമയത്തെ കൊല്ലുകയായിരുന്നു അവൻ. ലോകത്തിലെ ഏറ്റവും മോശം ചായയും കാപ്പിയും കിട്ടുന്നത് റെയിൽവേ സ്റ്റേഷനുകളിലും ട്രൈനുകളിലും ആണെന്ന് ഒരിക്കൽ കൂടി വേദനയോടവൻ മനസ്സിലാക്കി.

വായിക്കാൻ ആണെങ്കിൽ പുസ്തകവും ഇല്ല, സംസാരിക്കാൻ ആണെങ്കിൽ അവളുമില്ല. 20 മിനിറ്റ് ഏകദേശം 20വർഷങ്ങൾ ആണെന്നാണവനു തോന്നിയത്.

19:40 ആയപ്പോൾ ചെങ്കൽപേട്ട് പോവുന്ന ട്രെയിൻ വന്നു നിന്നപ്പോൾ അവനും ഒരു സാധാരണ മനുഷ്യനെപോലെ വേഗം തന്നെ സീറ്റ്‌ പിടിക്കാനുള്ള തത്രപ്പാടിലായി. ആ തിരക്കിനിടയിൽ ജനലിലൂടെ സ്വന്തം ഹാൻഡ്‌ബാഗ് വെച്ചു സീറ്റ്‌ പിടിക്കുന്ന ഒരു തമിഴ് സ്ത്രീയെയും, തൂവാലയിട്ട് സീറ്റ്‌ ബുക്ക്‌ ചെയ്യുന്ന ഒരു തമിഴനെയും അവൻ ശ്രദ്ധിച്ചിരുന്നു. മനുഷ്യന്റെ ഓരോരോ രീതികൾ. സ്വന്തം സീറ്റ്‌ ഉറപ്പിക്കുന്നതിനിടയിലും അവന്റെ ഉള്ളിൽ ബാക്കിയുള്ളവരെ കുറിച്ചൊരു പുച്ഛം ജനിച്ചു. ഒരു വലിയ തമിഴ് കുടുംബം സീറ്റ്‌ പിടിച്ചത് രസകരമായ ഒരു കാഴ്ച തന്നെയായിരുന്നു. കുടുംബത്തിലെ കാർന്നവരെന്നു തോന്നിക്കുന്നയാൾ രണ്ടു വലിയ ബാഗുമായിയാണ് ട്രെയിനിൽ കയറിയത്. മൂപ്പരാണെങ്കിൽ ആ രണ്ടു ബാഗുകളും തൂവാലയും അതുകൂടാതെ അയാളുടെ രണ്ടു കയ്യും വെച്ച് ആകെ ആറോളം സീറ്റാണ് പിടിച്ചത്. പിന്നാലെ കയറിയ സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു വലിയ സംഘം തങ്ങൾക്കായി മുൻകൂട്ടി റിസർവ് ചെയ്ത വെച്ച സീറ്റുകളിൽ ആസനസ്തരായി. പതിവുപോലെ അവർ ഉറക്കെയുള്ള തമാശപറച്ചിലുകളും പൊട്ടിച്ചിരികളും തുടങ്ങി. ആദ്യമൊക്കെ ഒരു കൗതുകം തോന്നിയെങ്കിലും കുറച്ചു സമയം കടന്നുപോയതോടെ അവരുടെ ഉച്ചത്തിലുള്ള സംസാരം അവനെ തികച്ചും അലോസരപ്പെടുത്തിയിരുന്നു.

തീവണ്ടിയിൽ കയറിയ കാര്യവും സീറ്റ്‌ കിട്ടിയ കാര്യവും ട്രെയിൻ പുറപ്പെട്ട കാര്യവും അവൾക്കു മെസ്സേജ് അയച്ചതും അവന്റെ ഫോൺ ഓഫ്‌ ആയതും ഒരുമിച്ചായിരുന്നു.

ഫോണും കൂടി ഓഫായപ്പോൾ അവൻ ചുറ്റുമുള്ള ലോകത്തിലേക്കു പൂർണ്ണമായും ശ്രദ്ധ കൊടുത്തു തുടങ്ങി. നേരത്തെ പറഞ്ഞ തമിഴ് കുടുംബത്തിലെ കുട്ട്യോള് അവരുടെ കയ്യിലെ പീപ്പിയും മറ്റു കളിപ്പാട്ടങ്ങളും ഒക്കെ നിരത്തിവെച്ച് കളി തുടങ്ങി. ഊതുമ്പോൾ കിളിയുടെ വലുപോലെ വലുതാവുന്ന ഒരു പീപ്പി ആയിരുന്നു ഏറ്റവും രസം. നേരത്തെ ബീച്ചിലിരുന്നു സംസാരിക്കുമ്പോൾ അവരുടെ മുന്നിലൂടെ ഇതുപോലെയുള്ള പീപ്പി വിൽക്കുന്ന പയ്യന്മാർ കുറേതവണ കടന്നുപോയിരുന്നു. ഒരുപക്ഷെ ഈ കുടുംബവും അവിടെ ബീച്ചിൽ ഉണ്ടായിരുന്നിരിക്കാം. ആ പീപ്പീ കാണാൻ മാത്രമേ നല്ലതായിരുന്നുള്ളൂ. അതിൽനിന്ന് വന്ന ശബ്ദം അവനെപ്പോലെ തന്നെ ആ കംപ്പാർട്മെന്റിലെ മറ്റുള്ളവരെയും അലോസരപ്പെടുത്തി. കുട്ടികൾ അതൊന്നും ശ്രദ്ധിക്കാതെ അവരുടെ കളിയിൽ മുഴുകി. അവർ നിർത്താതെ പീപ്പിയിൽ ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു. പീ…. പീ…. പീ…..

അവന്റെ തൊട്ടടുത്ത സീറ്റിൽ ഒരു കുഞ്ഞി തമിഴ് കുടുംബമായിരുന്നു. അച്ഛനും അമ്മയും ഒരു മകനും മകളും. അവരും ബീച്ചിൽനിന്ന് തിരികെ വരുന്നവരാണെന്നു തോന്നുന്നു, കാരണം ആ കുട്ടികളുടെ കയ്യിലും ഉണ്ടായിരുന്നു കുറച്ചു കളിപ്പാട്ടങ്ങൾ. മകന്റെ കയ്യിൽ ഒരു തോക്കും ഫോണും, മകളുടെ കയ്യിൽ ഒരു ബാർബി പോലത്തെ പാവയും, പിന്നെ രണ്ടുപേർക്കുമായി കുമിളകൾ ഉണ്ടാക്കുന്ന ഒരു കളിപ്പാട്ടവും. ആൺകുട്ടിയുടെ കയ്യിലുള്ള സ്മാർട്ട്‌ ഫോൺ പോലത്തെ കളിപ്പാട്ടത്തിലെ ഓരോ ബട്ടൺ അമർത്തുമ്പോഴും ഓരോ പാട്ടുകൾ വന്നുകൊണ്ടേയിരുന്നു. അവൻ ഓരോ ബട്ടണുകളിലും നിർത്താതെ അമർത്തികൊണ്ടിരുന്നു. പെൺകുട്ടിയാണെങ്കിൽ തന്റെ പാവയെ മുറുക്കിപിടിച്ചു സഹോദരന്റെ കയ്യിലിരിക്കുന്ന ഫോണിലേക്ക് കൊതിയോടെ നോക്കിയിരുന്നു.

ഇടയ്ക്കിടെ രണ്ടു പേരും കുറച്ചു കുമിളകൾ ഉണ്ടാക്കി വായുവിലേക്കു വിട്ടു. ഇടയ്ക്കു ഒന്നുരണ്ടു കുമിളകൾ അവന്റെ മുഖത്താണ് വന്നു ഇടിച്ചു പൊട്ടിയത്. അതുകണ്ടപ്പോൾ അച്ഛൻ അവരെ വഴക്കുപറഞ്ഞുകൊണ്ട് അത് വാങ്ങിവെച്ചു. കുട്ടികളെ പോലെത്തന്നെ അവനിലും അതൊരു വിഷമുണ്ടാക്കി.
കാലമേറെ കഴിഞ്ഞിട്ടും ആൺകുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുടെയും പെൺകുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുടെയും കാര്യത്തിൽ ഒരു മാറ്റവുമില്ല. വരും കാലങ്ങളിലെങ്കിലും ഒരു മാറ്റം വരുമെന്നവൻ പ്രതീക്ഷിച്ചു. എന്തൊക്കെയാണെങ്കിലും കുട്ടികൾക്ക് കളിപ്പാട്ടമായി തോക്കുകൾ വാങ്ങികൊടുക്കുന്നത് എന്തുകൊണ്ടോ അവനിഷ്ടമല്ലായിരുന്നു.

അവൻ ചുറ്റിലും കണ്ണോടിച്ചുകൊണ്ടിരുന്നു. അവന്റെ കണ്ണുകൾ ഉടക്കിനിന്നത് ഒരു ദമ്പതികളിലായിരുന്നു. കണ്ടാൽ തന്നെ അറിയാം അവർക്കത്യാവശ്യം പ്രായമുണ്ടെന്ന്. നല്ല ഭംഗിയുള്ള ഒരു പട്ടുസാരിയാണ് ഭാര്യയുടെ വേഷം, വൃത്തിയായി ടക് ഇൻ ചെയ്ത ഷർട്ടും പാന്റും ആണ് ഭർത്താവിന്റെ വേഷം. ഒരുപക്ഷേ എന്തെങ്കിലും ചികിത്സക്കായി പട്ടണത്തിലേക്കു വന്നു മടങ്ങുന്നവരോ അല്ലെങ്കിൽ വാരാന്ത്യത്തിൽ പട്ടണത്തിലുള്ള മക്കളെയും കൊച്ചുമക്കളെയും കണ്ടു മടങ്ങുന്നവരോ ആയിരിക്കാം. പാർക്ക്‌ സ്റ്റേഷനിലെത്തിയപ്പോഴേക്കും ആ അമ്മക്ക് സീറ്റ്‌ കിട്ടി. ഭർത്താവ് അപ്പോഴും ഭാര്യയുടെ അടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. എഗ്മോർ സ്റ്റേഷനിലെത്തിയപ്പോഴേക്കും അദ്ദേഹത്തിനും സീറ്റ്‌ കിട്ടി. അതുപക്ഷേ ഭാര്യയുടെ അടുത്തായിരുന്നില്ല. തനിക്കു സീറ്റ്‌ കിട്ടിയെന്നു അദ്ദേഹം സ്വന്തം ഭാര്യയെ അറിയിച്ചതും കിട്ടിയ സീറ്റിൽ ശരിക്കും ഇരിക്കാൻ സാധിക്കുന്നുണ്ടോ എന്ന് ഭാര്യയുടെ ചോദ്യവും ശരിയയായി ഇരിക്കാൻ പറ്റുന്നുണ്ടെന്നുള്ള അദ്ദേഹത്തിന്റെ മറുപടിയും ആത്മാവിനെ വളരെയധികം സ്പർശിക്കുന്നതായിരുന്നു. ഈ ചോദ്യോത്തരങ്ങൾക്കൊന്നും ഒരു വാക്കിന്റെ പോലും സഹായം വേണ്ടിവന്നില്ല എന്നത് അവനെ വല്ലാതെ ആകർഷിച്ചു.

എഗ്മോർ സ്റ്റേഷൻ വിട്ട ഉടനെ അനൗൺസ്‌മെന്റ് വന്നു
‘ചേരും ഇടം ചെങ്കൽപേട്ട്, അടുത്ത നിലയം ചെട്ട്പേട്ട്’
‘Destination Chengalpatu, next station Chetpat’
‘ചെങ്കൽപേട്ട് ജാനേവാലി ഇസ് ട്രെയിൻ കി അഗലാ സ്റ്റേഷൻ ചെട്ട്പേട്ട് ഹെ’
മൂന്നുഭാഷകളിലുമായി അനൗൺസ്‌മെന്റ് തകൃതിയായി നടന്നുകൊണ്ടിരുന്നു.

സഹയാത്രികരായ ആളുകൾ പലരും.., അല്ല, ബഹുഭൂരിഭാഗം ആളുകളും അവരുടെ സ്മാർട്ട്ഫോണുകളിൽ കുത്തികളിക്കുകയാണ്.
‘എന്റെ ഫോൺ ഓഫായതുകൊണ്ട് മാത്രമല്ലേ ഞാൻ ഫോണിൽ മുഴുകിയിരിക്കാത്തത് ‘ അവൻ ഓർത്തു.
അവന്റെ എതിരെയുള്ള സീറ്റിലിരിക്കുന്നുണ്ടായിരുന്നയാൾ subway surfers ഇൽ മുഴുകിയിരിരുന്നു. സർഫർ ഓടുന്നതിനനുസരിച്ചു മൂപ്പരും അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നത് കണ്ടപ്പോഴവനു ചിരിയടക്കാനായില്ല. മൂപ്പരുടെ കണ്ണsചില്ലിൽ നോക്കിയിരുന്നു അവനും കുറച്ചുനേരം ആ കളി ആസ്വദിച്ചു.

മൂപ്പരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരും നല്ല ഉറക്കത്തിലായിരുന്നു. ഒരുത്തൻ രണ്ടാമന്റെ തോളിൽ ചാരികിടന്നുറങ്ങുന്നു.

അടുത്ത സ്റ്റേഷൻ കോടമ്പാക്കം ആണെന്നുള്ള അറിയിപ്പ് കേട്ടപ്പോൾ അവന്റെ മനസ്സിലാകെ ഒരു കുളിരു തോന്നി. ഒരു കാലത്തു മലയാളം സിനിമയുടെ ഈറ്റില്ലമായിരുന്നു കോടമ്പാക്കം. സത്യനും നസീറും ജയനും ലാലേട്ടനും മമ്മുക്കയും ഒക്കെ ഒരുപാടുനാൾ താമസിച്ച സ്ഥലമാണ്. ഏകദേശം ഒരു വർഷം മുൻപ് ഇവിടെയുള്ള ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ വാരാന്ത്യങ്ങൾ ചിലവഴിച്ചിരുന്നതവന്റെ ഓർമ്മയിൽ വന്നു. വെള്ളിയാഴ്ച രാത്രികളിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽ വന്നാൽ പിന്നെ തിങ്കളാഴ്ച രാവിലെയാണ് മടക്കം. ശനിയാഴ്ച വൈകുന്നേരം അണ്ണാനഗറിലെ ക്ലാസ്സിൽ പോയി തിരികെ വരുമ്പോൾ അവളെ മൈലാപൂരിലെ വല്യമ്മയുടെ വീട്ടിൽ ഇറക്കിവിടും. ചിലപ്പോൾ അവിടെ നിന്ന് രാത്രി ഭക്ഷണം കഴിച്ചു തിരിച്ചു വരും. ഞായറാഴ്ച രാവിലെ റെയിൽവേ സ്റ്റേഷന് തൊട്ടരികെയുള്ള വിനായക ഹോട്ടലിൽ കയറി ചൂട് ഇഡ്ഡലിയും വടയും കഴിച്ചു മൈലാപ്പൂരിൽ നിന്ന് അവളെയും കൂട്ടി ക്ലാസ്സിലേക്ക് പോവും. ക്ലാസ് കഴിഞ്ഞു അവളെയും കൂട്ടി അണ്ണാ ടവർ പാർക്കിൽ പോകുക പതിവായിരുന്നു. പവനായി ശവമായ ടവർ ഒക്കെ കണ്ടു അവിടെ വരുന്നവരുടെ വായ്നോക്കൽ ആണ് മെയിൻ. ആ കാര്യത്തിൽ രണ്ടുപേരും കട്ടയ്ക്ക് കട്ട ആയിരുന്നു. അവളെ ഹോസ്റ്റലിൽ വിട്ടു തിരികെ ഫ്ലാറ്റിൽ വന്നു കിടന്നുറങ്ങും. ചില രാത്രികളിൽ സുഹൃത്തിന്റെ കൂടെ ബൈക്കുമെടുത്തു കറങ്ങാൻ പോവും, ചിലപ്പോൾ സിനിമക്ക് പോവും.

ഓർമ്മകളിലേക്ക് ഊളിയിട്ട അവന്റെ മനസ്സിനെ പിടിച്ചു നിർത്തിയതു അടുത്ത സ്റ്റേഷൻ മാമ്പലം ആണെന്നുള്ള അന്നൗൺസ്‌മെന്റ് ആണ്. ചെന്നൈയുടെ ഷോപ്പിംഗ് ഹബ്ബാണ് ടി.നഗർ, അവിടേക്കുള്ള റയിൽവേ സ്റ്റേഷനാണ് മാമ്പലം. അവിടെ എപ്പോഴും തിരക്കാണ്. ഒരു 2-3 തൃശ്ശൂർ പൂരം നടത്താനുള്ള ആളുകൾ എപ്പോഴും കാണും. ട്രെയിൻ നിർത്തിയതും വലിയ ഒച്ചപ്പാടുണ്ടാക്കി ഒരുപാടു ആളുകൾ കമ്പാർട്മെന്റിലേക്കു ഇടിച്ചുകയറിയതും ഒരുമിച്ചായിരുന്നു. ഞായറാഴ്ചകളിലെ വൈകുന്നേരത്തെ സബ് അർബൻ ട്രൈനുകൾ മാമ്പലം സ്റ്റേഷനിലെത്തിയാൽ ഇങ്ങനെ ആണെന്നു ചെന്നൈയിലെ ഓരോ നിവാസികളെപ്പോലെ അവനും അറിവുള്ളതാണ്.

ട്രെയിനിൽ കയറിയ ഭൂരിഭാഗം ആളുകളുടെ കയ്യിലും ശരവണ സ്റ്റോർസിന്റെ പല തരത്തിലുള്ള കവറുകൾ ഉണ്ടായിരുന്നത് അവൻ ശ്രദ്ധിച്ചു. ടി. നഗർ എന്നാൽ ശരവണ സ്റ്റോർസ് ആണ്. ടി. നഗറിൽ എവിടെ നിന്ന് നോക്കിയാലും ഏറ്റവും കുറഞ്ഞത് ഒരു ശരവണ സ്റ്റോർസെങ്കിലും കാണാം. രാവിന്റെ ഇരുട്ടിൽ പലവിധ വർണ്ണങ്ങളാൽ തിളങ്ങുകയായിരുന്നു ടി. നഗർ..

പതുക്കെ നീങ്ങിയ ട്രെയിൻ ചെന്നുനിന്നത് സൈദാപേട്ടിലായിരുന്നു. അവിടെ ആദ്യമേ അവന്റെ കണ്ണെത്തിയത് കറുപ്പും ചുവപ്പും കലർന്ന ഒരു ബോർഡായിരുന്നു. റോയൽ വിമൻസ് ഹോസ്റ്റൽ. ഒരു മാതിരി എല്ലാ റയിൽവേ സ്റ്റേഷനുകളുടെ അടുത്തും ഇവർക്ക് ഒരു ബ്രാഞ്ച് കാണും, റെയിൽവേ സ്റ്റേഷനിൽ നിന്നും കാണാവുന്ന രീതിയിൽ പരസ്യത്തിനായുള്ള ഒരു വല്ല്യേ ബോർഡും.

ഡിസംബറിലെ പതിവ് മഴയിൽ സൈദാപേട്ടിലെ കൂവ്വാറിലെ ജലനിരപ്പുയിരുന്നതും തീരത്തുള്ള കുടിലുകൾ തകരുന്നതും പതിവായിരുന്നു. ചെന്നൈയിലെ വെള്ളപൊക്കത്തിന്റെ ഭീകരതയും കൂവ്വാറിന്റെ തീരങ്ങളിലുള്ളവരുടെയും കാര്യങ്ങൾ ആലോചിച്ചു അവനെപ്പോഴോ ഉറങ്ങിപ്പോയി.

അടുത്ത സ്റ്റേഷൻ വണ്ടല്ലൂർ ആണെന്ന അന്നൗൺസ്‌മെന്റാണ് അവനെ ഉണർത്തിയത്. അപ്പോഴേക്കും ട്രെയിനിലെ തിരക്ക് നന്നേ കുറഞ്ഞിരുന്നു. ഉണർന്നപാടെ വിശാഖപട്ടണത്തിൽ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക മൂന്നാം T-20 മത്സരത്തിന്റെ വിവരങ്ങൾ അറിയാനുള്ള തിടുക്കത്തിൽ അവൻ തന്റെ മൊബൈൽ ഫോണെടുത്തു. ബാറ്ററി ചത്തുപോയ കാര്യം അവൻ ഓർത്തില്ല.
അവന്റെ സ്റ്റേഷനിൽ ഇറങ്ങി പെട്ടെന്നുതന്നെ തന്റെ വീട്ടിലെത്തിയ അവൻ ടിവി ഓണാക്കി മാച്ച് കാണാൻ തുടങ്ങി. ശ്രീലങ്കയുടെ ഇന്നിങ്സ് 83 റൺസിനു തീർന്നു. ഇന്ത്യൻ സ്പിന്നർമാര് അവരെ കറക്കി വീഴ്ത്തി എന്ന് പറയുകയാവും ശരി. ജയം ഉറപ്പിച്ച ഇന്ത്യയുടെ ബാറ്റിംഗ് കണ്ടിരുന്ന അവൻ വീണ്ടും ഉറങ്ങി പോയി.

അവളുമായി ചിലവഴിച്ച നല്ല നിമിഷങ്ങളെ ഓർത്തുകൊണ്ട് ..
അടുത്ത കൂടിക്കാഴ്ചക്കായി കാത്തിരുന്നുകൊണ്ട് …
തീവണ്ടിയാത്രയായിലെ ആളുകളുടെ പ്രവൃത്തികളെ കുറിച്ചാലോചിച്ചുകൊണ്ട്..
അടുത്ത തീവണ്ടിയാത്രക്കായി കാത്തിരുന്നുകൊണ്ട്…

ഓർമ്മകൾ

ആദ്യമായി കണ്ടപ്പോൾ അറിയില്ലായിരുന്നു നിന്നെ.

അറിയാതിരുന്ന നേരത്ത് അറിയണമെന്നു തോന്നി.

അറിഞ്ഞുതുടങ്ങിയപ്പോൾ ഇനിയുമേറെ അറിയുവാനുണ്ടെന്നു തോന്നി.

അറിഞ്ഞുകഴിഞ്ഞപ്പോളടുക്കണമെന്ന് തോന്നി.
അടുത്തപ്പോൾ അകലരുതെന്നും.

അകലാതിരിക്കാൻ കൂടുതലടുക്കാൻ ശ്രമിച്ചു.

എല്ലാം കഴിഞ്ഞു ഒറ്റക്കൊരു മൂലയിലിരുന്നു താലോലിക്കാൻ സുഖമുള്ള കുറെ ഓർമ്മകൾ.

ഓർമ്മകൾ മാത്രം…

കാൽപാടുകൾ

കാൽപാടുകളോരോന്നായി
തീരത്തെ മണലിനോട് പടവെട്ടി മുന്നേറുമ്പോൾ
എങ്ങിനെയെന്നറിയില്ല
പിന്നിലാക്കിയ കാൽപാടുകളദൃശ്യമാകുന്നു
ആരോ സ്വന്തമാക്കുന്നപോലെ
ആരോ പിന്തുടരുന്നത് പോലെ
ഏയ്‌.. അദൃശ്യസുന്ദരീ…
നടന്നെത്താൻ ദൂരമിനിയുമേറെ..
പിന്തുടർന്ന് തളരുമോ നീ???

സ്വപ്നം പോലൊരു യാത്ര..

അന്നൊരു ശനിയാഴ്ചയായിരുന്നു. അമ്മൂട്ടി ഗർഭിണി ആയതിൽ പിന്നെ യാത്രകൾ ഒന്നും തന്നെ ചെയ്യാറില്ലാരുന്നു. എപ്പോളും അമ്മൂട്ടിയുടെ കൂടെ തന്നെ ഇരിക്കും. അവളുടെ ഓരോ കാര്യങ്ങൾ നോക്കി കൂടുതൽ സമയം വീട്ടിൽ തന്നെയായിരുന്നു. അല്ലെങ്കിലും ഞാനല്ലാതെ വേറെ ആരാണ് അവളുടെ കാര്യങ്ങൾ നോക്കുക. വീട്ടുകാരെ വെറുപ്പിച്ചു എന്നോടുള്ള സ്നേഹത്തിലും വിശ്വാസത്തിലും അവളിറങ്ങിവന്ന അന്നുമുതൽ അവളുടെ വീട്ടുകാരോ എന്റെ വീട്ടുകാരോ ഞങ്ങളുടെ ഒരു കാര്യവും അന്വേഷിച്ചിട്ടില്ല. അവരെ അങ്ങോട്ട്‌ വിളിച്ചുനോക്കിയെങ്കിലും ഒന്ന് സംസാരിക്കാൻ പോലും ഇരു വീട്ടുകാരും കൂട്ടാക്കിയില്ല. തികച്ചും അപരിചിതമായ പൂനെയിലേക്ക് എന്റെ കൈയും പിടിച്ചുവന്നപ്പോൾ, സ്വന്തം അനിയത്തിയെ പോലെ അവളെ നോക്കാൻ അയൽപക്കത്തെ മറാത്തിക്കാരി ദീദി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഉണ്ണി വരുന്ന കാര്യം അറിഞ്ഞപ്പോൾ തൊട്ട് അമ്മ അടുത്തുവേണമെന്ന് അമ്മൂട്ടിക്ക് നല്ല ആഗ്രഹമുണ്ടെങ്കിലും അവൾ അതൊരിക്കലും എന്നോട് കാണിച്ചിട്ടില്ല. ഞാനും എന്റെ കഴിവിന്റെ പരമാവധി അവളുടെ സന്തോഷത്തിനായി ശ്രമിച്ചുകൊണ്ടിരുന്നു.

ഇന്നത്തെ ഈ യാത്ര ഒട്ടും ഒഴിവാക്കാൻ പറ്റാത്തതായിരുന്നു. മുംബൈയിൽ വർളിയിലെ ഓഫീസിലാണ് മീറ്റിംഗ്. ഉച്ചക്ക് 12മണിക്കു തീരേണ്ട  മീറ്റിംഗ് കഴിഞ്ഞപ്പോൾ 2മണിയായി. 4-5മണിക്കൂർ വണ്ടി ഓടിക്കണം മുംബൈയിൽ നിന്ന് പൂനെയിലേക്ക്.
മുംബൈ – പൂനെ എക്സ്പ്രസ്സ്‌ ഹൈവേ. അടിപൊളി റോഡ് ആണ്. പിന്നെ ആക്‌സിലറേറ്ററിൽ കാലമർത്തി പിടിച്ചാൽ ഒരു 4 മണിക്കൂർ കൊണ്ട് അങ്ങ് എത്താം.
മുംബൈയിലെ ട്രാഫിക്കിൽ നിന്ന് ഒരു കണക്കിന് രക്ഷപ്പെട്ട് എക്സ്പ്രസ്സ്‌ ഹൈവേയിൽ കയറിയപ്പോൾ ഏകദേശം 3മണി കഴിഞ്ഞു.
അമ്മൂട്ടിയെ വിളിച്ചു എക്സ്പ്രസ്സ്‌ ഹൈവേയിൽ കയറിയ കാര്യം പറഞ്ഞു. ഏകദേശം 7-7:30നു വീട്ടിലെത്തുമെന്നും. ദീദിയെയും വിളിച്ചു പറഞ്ഞു. 5:30ആവുമ്പോൾ അവർ അമ്മൂട്ടിയുടെ അടുത്തു ചെന്നിരിക്കണമെന്നും പറഞ്ഞേൽപ്പിച്ചു.

എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ കാർ പാഞ്ഞുപോയികൊണ്ടിരിക്കേ പതിയെ പഴയ കാര്യങ്ങളിലേക്ക് മനസ്സൊന്നു യാത്ര പോയി.

അമ്മൂട്ടി.
കോളേജിലെ തീപ്പൊരി പ്രാസംഗികനും ഇടതു വിദ്യാർഥി സംഘടനയുടെ നേതാവുമായിരുന്ന എന്നെ അവളെന്നു മുതലാണ് ശ്രദ്ധിച്ചു തുടങ്ങിയതെന്നറിയില്ല. എന്റെ ഒരു വർഷം ജൂനിയർ ആയിരുന്നു അമ്മിണികുട്ടി. ഒന്നുകൂടെ കൃത്യമായി പറഞ്ഞാൽ സഖാവ് അമ്മിണിക്കുട്ടി.
ഒരുപക്ഷെ ഞാൻ പങ്കെടുത്ത യോഗങ്ങളിലോ അതുമല്ലെങ്കിൽ കോളേജിലെ സമരങ്ങളിലോ അവളെന്നെ ശ്രദ്ധിച്ചിരിക്കാം.
ആ വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഫസ്റ്റ് ഇയർ മെക്കാനിക്കൽ ബാച്ചിന്റെ പ്രതിനിധി ആയി തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായത് മുതലാണ് ഞാനവളെ ശ്രദ്ധിച്ചുതുടങ്ങിയത്.
പറയുന്ന വാക്കുകളിലെ കണിശതയും മൂർച്ചയും സഹപാഠികളോടുള്ള സ്നേഹവും കരുതലും.
സഖാവ് അമ്മിണിക്കുട്ടിയെ പെട്ടെന്ന് തന്നെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി.

പ്രതീക്ഷിച്ചപോലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഫസ്റ്റ് ഇയർ മെക്കാനിക്കൽ പ്രതിനിധിയായി അമ്മിണിക്കുട്ടിയും സെക്കന്റ്‌ ഇയർ മെക്കാനിക്കൽ പ്രതിനിധിയായി ഞാനും തിരഞ്ഞെടുക്കപ്പെട്ടു.
ഞങ്ങൾ രണ്ടുപേരും പിന്നീടൊരുപാട് സമരങ്ങളിൽ, ഡിപ്പാർട്മെന്റ് തല പ്രവർത്തനങ്ങളിൽ, പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ, കോളേജ് യൂണിയൻ പ്രവർത്തനങ്ങളിൽ എല്ലാം ഒരുമിച്ചായിരുന്നു.
ക്രമേണ ഞങ്ങളുടെ ഇടയിലെ സൗഹൃദം വളർന്നു.
ആദ്യമൊക്കെ ഞാനവളെ അമ്മിക്കുട്ടി ന്ന് ആണ് വിളിച്ചിരുന്നത്. അത് കേൾക്കുമ്പോഴേ അവൾക്കു കലി കയറും. എത്രയൊക്കെ ദേഷ്യം പിടിച്ചാലും എന്നോടുള്ള ഒരു പ്രത്യേക അടുപ്പവും സഖാവേ എന്നുള്ള വിളിയിലെ സ്നേഹവും പതിയെ ഞാൻ തിരിച്ചറിഞ്ഞു. അമ്മിക്കുട്ടിയെന്ന വിളി ഞാനും അമ്മൂട്ടീ എന്നാക്കി.

ഒരിക്കൽ കോളേജ് യൂണിയനുമായി ബന്ധപ്പെട്ടു യൂണിവേഴ്സിറ്റിയിലേക്ക് പോവുമ്പോൾ ട്രെയിനിൽ വെച്ചാണ് ഞാൻ അമ്മൂട്ടിയോട് എന്റെ ഇഷ്ടം പറഞ്ഞത്.
ഞാൻ പതിയെ അവളെ വിളിച്ചു.
അമ്മൂട്ടി..
എന്തോ സഖാവേ..
ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ.?
സഖാവ് ചോദിക്ക്, സത്യം പറയണോ വേണ്ടയോ ന്ന് നമുക്ക് പിന്നീട് തീരുമാനിക്കാം..
അമ്മൂട്ടിക്ക് ഏകദേശം കാര്യം പിടികിട്ടി എന്നെനിക്ക് മനസ്സിലായി. അവളെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചോദിച്ചു.
നാളെ യൂണിവേഴ്സിറ്റിയിൽ കൊടുക്കാനുള്ള ലെറ്ററിൽ തിയ്യതി ഇട്ടാരുന്നോ?
അവളെന്നെ ഒന്ന് രൂക്ഷമായി നോക്കി.. എന്നിട്ട് ഒരു ചിരിയും.
തിയ്യതി ഇട്ടിട്ടുണ്ട് ല്ലോ. എന്തേ സഖാവിനു ഇപ്പൊ ഒരു സംശയം തോന്നാൻ?
ഞാനൊന്നും മിണ്ടിയില്ല.
ചെറിയ ഒരു ഇടവേളയ്ക്കു ശേഷം അവൾ ചോദിച്ചു.
അല്ല സഖാവേ, ഇത് തന്നെയാണോ സഖാവിന് എന്നോട് ചോദിക്കാൻ ഉള്ളത്?
അവളെ കളിപ്പിക്കാൻ പോയ ഞാൻ കിളിയായി.
അവൾ പിന്നെയും എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു.
അല്ല സഖാവേ, എന്താ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ..
ഒന്നൂല്ല അമ്മൂട്ട്യേ.. എനിക്കേ നിന്നോട് എന്തോ ഒരു പ്രത്യേക ഇഷ്ടം പോലെ. നിനക്ക് അങ്ങനെ എന്തെങ്കിലും എന്നോട് തോന്നിയിട്ടുണ്ടോ ന്ന് അറിയാൻ ആയിരുന്നു.
അവളുടെ മുഖത്തെ ഏതോ ഒരു കോണിൽ ഒരു ചെറുചിരി വന്നെങ്കിലും ഞാൻ കാണാതെ ഇരിക്കാൻ അവൾ പെട്ടെന്ന് മുഖം തിരിച്ചു.. വീണ്ടും എന്നെ നോക്കി അവൾ പറഞ്ഞു.
എനിക്കൊന്നും തോന്നിയിട്ടില്ല സഖാവേ. സഖാവിനു വെറുതെ ഓരോന്ന് തോന്നുന്നതാവും.
ഞാൻ ആകെ വല്ലാതായി. എങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ഞാൻ പറഞ്ഞു.
അപ്പൊ ഓക്കേ അമ്മൂട്ട്യേ. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടിയതാവും.
പെട്ടെന്നവൾ ചിരിക്കാൻ തുടങ്ങി.
എന്താ അമ്മൂട്ട്യേ, എന്തിനാ ഇപ്പൊ ഈ ചിരി.
ഒന്നൂല്ല്യ സഖാവേ..
ഒട്ടും പ്രതീക്ഷിക്കാതെ അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു. ചിരി നിർത്തി അവളെന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു.
സഖാവേ.. ഈ കൈ ഒരിക്കലും വിടാതെ ഇങ്ങനെ എന്നും ചേർത്തുപിക്കണേ..
അതും പറഞ്ഞവളെന്റെ തോളിലേക്ക് ചാഞ്ഞു.

പഠനം കഴിഞ്ഞു ജോലി കിട്ടിയിട്ടും അവളുടെ വീട്ടിലും എന്റെ വീട്ടിലും ഞങ്ങളുടെ ഇഷ്ടത്തെ അംഗീരിച്ചില്ലെന്നു മാത്രമല്ല, നല്ല എതിർപ്പും ഉണ്ടായിരുന്നു. ആ എതിർപ്പുകൾക്കിടയിലും അവളുടെ കൈ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു ജീവിതം തുടങ്ങിയതാണ്. നാട്ടിലെ ജോലി ഉപേക്ഷിച്ചു പൂനെയിൽ വന്നു, രണ്ടു പേരും ജോലിയും ജീവിതവും ആയി സന്തോഷത്തോടെ പോവുമ്പോഴാണ് ഏറ്റവും വലിയ സന്തോഷം ഞങ്ങളുടെ ഇടയിലേക്ക് വരാൻ പോവുന്ന കാര്യം അറിഞ്ഞത്..

ഓരോ കാര്യങ്ങൾ ആലോചിച്ചു ആക്‌സിലറേറ്ററിൽ കാൽ അമർന്നത് അറിഞ്ഞില്ല. കാറിന്റെ സ്പീഡ് കൂടികൊണ്ടിരുന്നു.

130.. 140.. 150.. 160..

പെട്ടെന്നാണ് ഒരു വലിയ ശബ്ദത്തോടെ വണ്ടിയൊന്ന് തലകീഴായി മറിഞ്ഞു റോഡിന്റെ സൈഡിലേക്ക് വീണത്. സീറ്റ്‌ ബെൽറ്റിട്ടിരുന്നതുകൊണ്ട് എയർബാഗുകൾ പ്രവർത്തിച്ചു. കാര്യമായിട്ട് ഒന്നും സംഭവിച്ചില്ലെന്ന് ആദ്യം തോന്നിയെങ്കിലും കയ്യും കാലും ഒന്നും അനങ്ങുന്നില്ല. ഒരു കണക്കിനു പുറത്തിറങ്ങി. ആ വഴിയേ പോയ വണ്ടികൾക്ക് മുഴുവൻ ഞാൻ കൈകാണിച്ചു. ആരും തന്നെ തിരിഞ്ഞുപോലും നോക്കുന്നില്ല

മുന്ന് കണ്ട സിനിമയിലെ രംഗങ്ങളൊക്കെ മനസ്സിലേക്ക് ഓടിവന്നു. ഇടിച്ചു കഴിഞ്ഞു വണ്ടിയിൽ ഉണ്ടായിരുന്ന നായകൻ മരിച്ചു, ആത്മാവ് ശരീരത്തിൽ നിന്ന് റിലീസ് ആയി പുറത്തു വന്നുനോക്കുമ്പോൾ ആണ് നായകൻ അറിയുന്നത് “ഞാൻ മരിച്ചിരിക്കുന്നു, അതാ എന്റെ ശവശരീരം കിടക്കുന്നു”.

ഈശ്വരാ..
ഇനി ശരിക്കും ഞാൻ മരിച്ചു എന്റെ ആത്മാവാണോ മറ്റുള്ള വണ്ടികൾക്കു കൈ കാണിക്കുന്നത്??
എന്തായാലും ഞാനൊന്നു കാറിനകത്തു നോക്കാൻ തീരുമാനിച്ചു. മുടന്തി നടന്ന ആ 10മീറ്റർ ദൂരം 100കിലോമീറ്റർ പോലെയാണെനിക്കു തോന്നിയത്. എത്ര നടന്നിട്ടും എത്താത്തതുപോലെ.
ഒരു വിധം ഞാൻ കാറിന്റെ അടുത്തെത്തി. എത്രയൊക്കെ ധൈര്യം സംഭരിക്കാനുള്ള ശ്രമം നടത്തിയിട്ടും കാറിന്റെ ഉള്ളിലേക്ക് നോക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയില്ല. പിന്നെ സകല ദൈവങ്ങളേം മനസ്സിൽ വിചാരിച്ചു ഞാൻ കാറിന്റെ അകത്തേക്ക് നോക്കി. എന്റെ തന്നെ കൈയും കാലും തലയും പൊട്ടിയതിൽ നിന്നുള്ള ചോര അവിടെയിവിടെയായി കണ്ടു. പേടിയോടെ ഞാനെന്റെ ശവശരീരം ആ കാറിനകത്തു തിരഞ്ഞു.
ഭാഗ്യം..
കാറിനകത്തു എന്റെ ശവശരീരം ഇല്ല..
ഞാൻ മരിച്ചിട്ടില്ല..
ശ്വാസം നേരെയായതുപോലെ.

ഫോണെടുത്തു അമ്മൂട്ടിയെ വിളിച്ചു.
അമ്മൂട്ടിയെ.. എന്തെടുക്കാ നീയ്യ്?
ഇതെവിടെയാ സഖാവേ.. എത്ര നേരായി കാത്തിരിക്കുന്നു.
ഇച്ചിരി വൈകും ട്ടോ.. കാറിന്റെ ടയർ ഒന്ന് പഞ്ചറായി.
അത് ശരിയാക്കിയിട്ടു രാത്രിക്ക് മുന്നേ അങ്ങോട്ട്‌ എത്താം ട്ടോ. നീ കഴിച്ചു കിടന്നോളു. പിന്നെ ദീദിയോട് ഞാൻ വന്നിട്ട് പോവാമെന്ന് പറയു..
ശരി സഖാവേ. എന്തെങ്കിലും കഴിക്കണേ..

അപ്പോഴേക്കും ദൈവദൂതനെ പോലെ ഒരാൾ കാർ നിർത്തി  എന്താ പറ്റിയെ എന്നും എന്തെങ്കിലും സഹായം വേണോ എന്നും ചോദിച്ചു.
ആ മനുഷ്യൻ എന്നെയും കൂട്ടി തൊട്ടടുത്ത ഹോസ്പിറ്റലിൽ പോയി മുറിവുകളിലെല്ലാം മരുന്ന് വെച്ചു, കയ്യിന്റെ എക്സ്റേ എടുത്തു. ചെറിയ ഒരു ഒടിവ്. പ്ലാസ്റ്റർ ഇട്ടു അയാളുടെ കൂടെ എന്നെയും പൂനെയിലേക്ക് കൂട്ടി.
ഏകദേശം 11 മണി കഴിഞ്ഞു വീട്ടിലെത്താൻ.

പ്രതീക്ഷിച്ചപോലെ തന്നെ അമ്മൂട്ടീ ഉറങ്ങാതെ കാത്തിരിക്കുകയാണ്. എന്റെ കയ്യിലെ പ്ലാസ്റ്ററും മുറിവുകളിലെ  കെട്ടും എല്ലാം കൂടി കണ്ടപ്പോൾ അമ്മൂട്ടീ ഓടിവന്നു എന്നെ പിടിച്ചു, കരച്ചിലായി. പതിയെ അവളെ സമാധാനിപ്പിച്ചു അവളോട്‌ നടന്ന കാര്യങ്ങളും എനിക്കുണ്ടായ തോന്നലുകളും ഒക്കെ പറഞ്ഞപ്പോൾ അമ്മൂട്ടിയുടെ കരച്ചിലൊക്കെ മാറി സമാധാനമായി.
അമ്മൂട്ടീ പതിയെ പറഞ്ഞു നമ്മുടെ കുഞ്ഞിന് ദൈവാധീനം ഉള്ളതുകൊണ്ടാണ് സഖാവിനു ഒന്നും പറ്റാതെ സുരക്ഷിതനായി ഇവിടെ എത്തിയത്.

ഞാൻ ഒന്ന് ഞെട്ടി, അറിയാതെ വായിൽ നിന്ന് വന്നു
“സഖാവേ…” എന്റെ വിളിയുടെ അർത്ഥം മനസ്സിലായ
അമ്മൂട്ടിയുടെ വലിയ ചിരിയായിരുന്നു അവിടെ..
കൂടെ ഞാനും.
ഞങ്ങളുടെ ചിരി കണ്ടു കാര്യം മനസ്സിലായില്ലെങ്കിലും ദീദിയും ചിരിച്ചു.

What is Happiness?

ഓരോ കാലത്തും ഓരോന്നായിരുന്നു സന്തോഷം തന്നിരുന്നത്..

വളരെ കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ കൈയിൽ നിന്ന് കിട്ടിയിരുന്ന ചോറുരുളകളിൽ ആയിരുന്നു സന്തോഷം..

പറമ്പിലെ മഴവെള്ളത്തിൽ ടൈറ്റാനിക് കപ്പലുകൾ ഉണ്ടാക്കി ഒഴുക്കി വിട്ടതിൽ എന്റേതായ സന്തോഷം..

ഇത്തിരി കൂടെ വലുതായി സ്കൂളിൽ പോയി തുടങ്ങിയപ്പോൾ ലൈറ്റ് കത്തുന്ന, ചവുട്ടുമ്പോൾ മ്യൂസിക് വരുന്ന ഷൂസ് മാമൻ വാങ്ങി തന്നപ്പോൾ ആയിരുന്നു സന്തോഷം..

അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും കൂടെ അമ്പലത്തിലെ ഉത്സവത്തിന് പോയി അവിടത്തെ മഞ്ഞ ബൾബ് കത്തുന്ന കടകളിൽ നിന്ന് ഏതെങ്കിലും ഒരു കളിപ്പാട്ടം അച്ഛൻ വാങ്ങിത്തരുമ്പോൾ ബാല്യത്തിലെ ഏറ്റവും വലിയ സന്തോഷം..

യു പി സ്കൂളിൽ എത്തിയപ്പോൾ, ഉച്ചക്ക് കിട്ടുന്ന ചൂടുപറക്കുന്ന കഞ്ഞിയിലും ചെറുപയറിലും അത് സ്നേഹത്തോടെ വിളമ്പി തരുന്ന വിനത ടീച്ചറിലും ആയിരുന്നു സന്തോഷം..

ക്ലാസ്സ്‌ ലീഡറായി ടീച്ചറില്ലാത്ത പീരീഡിൽ സംസാരിക്കുന്ന കുട്ട്യോൾടെ പേരുകൾ എഴുതുമ്പോൾ ഒരു നേതാവിന്റെ സന്തോഷം..

ഏഴാം ക്ലാസ്സിലെ വല്യേ വെക്കേഷന് ഏട്ടന്റെ സൈക്കിലെടുത്തു സൈക്കിൾ ചവുട്ടി പഠിച്ചപ്പോൾ വേറെ ഒരു സന്തോഷം..

അതേ അവധിക്കു രാവിലെ മുതൽ വൈകുന്നേരം വരെ പടിഞ്ഞാറേ പറമ്പിൽ ക്രിക്കറ്റ്‌ കളിച്ചത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം..

ഹൈസ്‌കൂളിലേക്ക് ആദ്യമായി ചേട്ടന്റെ കൂടെ സൈക്കിളിന്റെ മുന്നിലിരുന്നു പോയപ്പോൾ പുതിയൊരു ലോകം കിട്ടിയ സന്തോഷം..

ഒൻപതിൽ പഠിക്കുമ്പോൾ ഒറ്റയ്ക്ക് സൈക്കിളിൽ സ്കൂളിലേക്കു പോയതും കൂട്ടുകാരെ എല്ലാം വഴിയിൽ വെച്ച് കണ്ടുമുട്ടിയതും ഒരുമിച്ചു സ്കൂളിലേക്ക് പോയതും സന്തോഷത്തിന്റെ വേറൊരു തലം..

പത്തിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ ബെസ്റ്റ് ഫ്രണ്ട്സിന്റെ കൂടെ ആൽത്തറയിലിരുന്നു സൊറ പറഞ്ഞത് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം..

ഏട്ടന്റെയും കൂട്ടുകാരുടെയും കൂടെ സൈക്കിളിൽ രാത്രി കൂടൽമാണിക്ക്യം അമ്പലത്തിൽ ഉത്സവത്തിന് പോയതും ഐസ് ക്രീം കഴിച്ചതും യന്ത്ര ഊഞ്ഞാലിൽ കയറിയതും സന്തോഷത്തിന്റെ മറ്റൊരു തലം..

കോളേജിൽ എത്തിയപ്പോൾ ജയ ബേക്കറിയിലെ ചോക്ലേറ്റ് ഷേക്കും എഗ്ഗ് പഫ്സും കൗമാരത്തിന്റെ സന്തോഷം..

ജീവിതത്തിൽ ആദ്യമായി ഫ്രണ്ട്ഷിപ് ബാൻഡ് കിട്ടിയപ്പോൾ മുൻപൊരിക്കലും കിട്ടാത്ത ഒരു സന്തോഷം.. ഇന്നും ആ ഫ്രണ്ട്ഷിപ് ബാൻഡ് എടുത്തു നോക്കുന്നത് പോയകാലത്തിന്റെ സന്തോഷം..

ക്യാമ്പസ്‌ സിലക്ഷന് ഇരുന്നവരിൽ ഏറ്റവും കുറവ് മാർക്കുള്ളവനായിട്ടും സിലക്ഷൻ കിട്ടിയ നാല് പേരിൽ ഒരാൾ ആയപ്പോൾ വല്ലാത്തൊരു സന്തോഷം..

ആദ്യമായി ശമ്പളം കിട്ടിയപ്പോൾ സ്വയംപര്യാപ്തതയുടെ സന്തോഷം..

സ്വന്തമായി ഉണ്ടാക്കിയ പൈസ കൊണ്ട് ഒരു ബൈക്ക് വാങ്ങിയപ്പോൾ അഭിമാനത്തിന്റെ സന്തോഷം..

സഞ്ചാരം തുടങ്ങി പുതിയ സ്ഥലങ്ങളുമായും, പുതിയ സഹാരചര്യങ്ങളുമായും അടുത്തറിഞ്ഞപ്പോൾ സ്വയം കണ്ടെത്തിതുടങ്ങിയതിന്റെ സന്തോഷം..

വീട്ടുകാർ കണ്ടെത്തിയ ഒരാളെ കൂട്ടിയപ്പോൾ ജീവിതത്തിന്റെ പുതിയ സന്തോഷം..

സന്തോഷത്തിന്റെ അളവ്, വ്യാപ്തി എല്ലാം അനുനിമിഷം മാറികൊണ്ടിരിക്കുന്നു..

എല്ലാവർക്കും സന്തോഷം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..

സന്തോഷത്തിന്റെ കൂടെ ചെറുതും വലുതുമായ ദുഖങ്ങളും കൂടി ഉണ്ടാവേണ്ടത് അത്യാവശ്യമാണ്..

That makes life more meaningful.

Design a site like this with WordPress.com
Get started