കുട്ടിക്കാലത്തെ പ്രഭാതങ്ങൾ മനസ്സിലിപ്പോഴും ഒരു കുളിരാണ്. രാവിലെ അമ്മ വന്നു വിളിച്ചെഴുന്നേല്പിക്കും. മിക്കവാറും ദിവസങ്ങളിൽ ഉറക്കത്തിൽ തന്നെ മൂത്രമൊഴിച്ചു ട്രൗസർ നനഞ്ഞിരിപ്പുണ്ടാകും.
“എന്റെ പൊന്നു മോനേ. നിനക്ക് മൂത്രമൊഴിക്കാൻ മുട്ടുമ്പോൾ എണീറ്റ് എന്നെ വിളിച്ചൂടെ?”
തിരികെ ഒരു വളിഞ്ഞ ചിരി കൊടുത്തു നിൽക്കുന്ന എന്നെ അമ്മ തന്നെ പല്ല് തേക്കാൻ കൊണ്ട് നിർത്തും. കൂട്ടത്തിൽ ട്രൗസർ ഊരി കളയും. കറ പിടിച്ച അലുമിനിയത്തിന്റെ ആ ഉമിക്കരി പാത്രത്തിന്റെ അടപ്പ് തുറന്നു ഒരു നുള്ള് ഉമിക്കരി എന്റെ ഇടം കയ്യിലേക്ക് ഇട്ടു തരും. ഉമിക്കരി കൊണ്ട് പല്ല് തേക്കുന്ന ഒരു സുഖം ഒരു ആക്റ്റീവ് സാൾട്ട് ടൂത്ത്‌പേസ്റ്റിനും തരാൻ പറ്റില്ല. ഉമിക്കരി കഴിഞ്ഞാൽ അന്നത്തെ ലക്ഷ്വറി കെ പി നമ്പൂതിരീസ്സ് ന്റെ പൽപൊടി ആയിരുന്നു. ബ്രഷ് ഉപയോഗിക്കാൻ ആഗ്രഹം വന്ന സമയത്തു ഞങ്ങൾ ബ്രഷിൽ ഈ പൽപൊടി ഇട്ടു ആശ തീർക്കുമായിരുന്നു. അന്നും ടൂത്ത്‌പേസ്റ്റൊക്കെ ആഡംബരം തന്നെയായിരുന്നു. ഉമിക്കരി എടുത്തു തന്നു അമ്മയുടെ അടുത്ത പണി കോഴികളെ തുറന്നുവിടലാണ്. മുറ്റത്ത് അമ്മ ഇട്ടു കൊടുത്ത അരിമണികൾ കൊത്തിതിന്നുന്ന തള്ളകോഴിയേയും കുഞ്ഞുങ്ങളെയും നോക്കി നിന്ന് ഉമിക്കേരികൊണ്ടുള്ള പല്ലുതേപ്പ് ഒരു രസം തന്നെയായിരുന്നു.
പല്ലുതേപ്പ് കഴിഞ്ഞു വരുമ്പോളേക്കും ആവി പറക്കുന്ന പുട്ടോ അടയോ നൂലപ്പമോ വെള്ളേപ്പമോ എന്തെങ്കിലും ഒന്ന് റെഡി ആയിരിക്കും. ഞാനും ഏട്ടനും കൂടി ആസ്വദിച്ചു കഴിച്ച് കൊണ്ടിരിക്കയെയാവും മീൻ വിൽക്കുന്ന ഇക്ക വരുന്നത്.
താളത്തിലുള്ള ഒരു കൂവൽ ആണ് ഇക്കയുടെ വരവിന്റെ ലക്ഷണം. വേഗം പ്ലേറ്റ് കാലിയാക്കി ഞങ്ങളും മീൻ നോക്കാൻ ഓടും.
അമ്മയാണ് മീനിന്റെ ക്വാളിറ്റി ഇൻസ്‌പെക്ടർ, അച്ഛൻ പർച്ചേസിങ് ഓഫീസറും.
മീൻക്കാരുടെ സ്ഥിരം പല്ലവിയാണ് ഇക്കാക്ക്.
“നല്ല പെടക്കണ മീനാന്ന്, രാവിലെ കടലിൽ ന്ന് കൊണ്ടന്നെയുള്ളൂ, അരക്കിലോ ചാള വാങ്ങിക്കോളീ മാഷേ”
അച്ഛനപ്പോൾ അമ്മയെ ഒന്നുനോക്കും
അമ്മ ഓക്കെ ആണെന്ന് പറഞ്ഞാൽ പൊതുവെ പിശുക്കനായ അച്ഛൻ പറയും
“പത്തുരൂപക്കു ചാള എടുത്തോ ഇക്കാ”
വലിയൊരു കച്ചവടം പ്രതീക്ഷിച്ച ഇക്കായുടെ മുഖം കാണുമ്പോൾ വിഷമം തോന്നും.
പത്തുരൂപക്കുള്ള ചാള മൺചട്ടിയിൽ വാങ്ങി അമ്മയും അച്ഛനും തിരിച്ചു പോരുമ്പോളും ഞങ്ങൾ കുട്ടികൾ ഇക്കാനെ തന്നെ നോക്കി നിൽക്കും.
ഞങ്ങളുടെ നോട്ടത്തിന്റെ കാര്യം മനസ്സിലാക്കി ഇക്കാ ഞങ്ങൾക്ക് ഓരോ ചെറിയ ഐസിന്റെ കഷ്ണങ്ങൾ തരും. അത് കയ്യിലിട്ടു സന്തോഷത്തോടെ ഞങ്ങൾ തെങ്ങിന്റെ ആ പാലത്തിലൂടെ വീട്ടിലേക്കു നടക്കും. വീടെത്തുമ്പോളേക്കും ആ കുഞ്ഞീ ഐസ് കഷ്ണങ്ങൾ വെള്ളം ആയിട്ടുണ്ടാവും. ഇതെന്താ ഇങ്ങനെ വെള്ളം ആവുന്നതെന്നു വലിയ ക്ലാസ്സിൽ പഠിച്ചിരുന്ന ഏട്ടനാണ് എനിക്ക് പറഞ്ഞുതന്നത്. ഏട്ടന്റെ ശാസ്ത്രീയമായ അറിവിൽ ഞാൻ അന്നേറെ അഭിമാനം കൊണ്ടു.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് വീട്ടിൽ മീൻ വാങ്ങുക. അയൽവക്കത്തെ ചില വീടുകളിൽ എന്നും മീൻ വാങ്ങുന്നവരുണ്ട്.
ഒരു ദിവസം മീൻക്കാരൻ വരാൻ താമസിച്ചു. അടുക്കളയിൽ എന്തോ പണിയിലായിരുന്ന അമ്മ ഇക്കയുടെ കൂവൽ കേട്ടില്ല. രണ്ട് മൂന്ന് വട്ടം മീനേ മീനേ ന്ന് ഉറക്കെ വിളിച്ചു ആരേം കാണാഞ്ഞിട്ട് ഇക്ക തിരിച്ചു പോവാനൊരുങ്ങി. ഏട്ടനാണ് മീൻക്കാരൻ തിരിച്ചുപോവാണെന്നു അമ്മയോട് പറഞ്ഞത്.
“മീൻക്കാരനോട് നിൽക്കാൻ പറയെടാ”
പെട്ടെന്ന് പുറത്തേക്കോടിയ ഞാൻ ഇക്കയെ വിളിച്ചത് ‘ടാ’ എന്നായിപ്പോയി.
അങ്ങനെ വിളിക്കുന്നത് തെറ്റാണെന്ന് അറിയാമായിരുന്നെങ്കിലും പെട്ടെന്ന് നാവിൽ അങ്ങനെയാ വന്നത്. ഞാൻ വിളിച്ചത് കേൾക്കാതെ ഇക്കാ വണ്ടിയുമെടുത്തു പോയി. പക്ഷേ എന്റെയാ ‘ടാ’ വിളി കേട്ടുകൊണ്ട് അച്ഛൻ അവിടെ ഇരിക്കുന്നത് ഞാൻ കണ്ടില്ലാരുന്നു.
അച്ഛൻ എന്നെ നോക്കി കണ്ണുരുട്ടി നിൽക്കുന്നു, ചെയ്ത തെറ്റിന്റെ കാഠിന്യം അറിയുന്നതുകൊണ്ടു പേടിച്ചു വിറച്ചു ഞാൻ അച്ഛന്റെ മുന്നിൽ നിൽക്കുന്നു.
“നീ എന്താ ഇക്കയെ വിളിച്ചത്?”
“ഞാൻ അറിയാതെ ‘ഡോ’ ന്ന് വിളിച്ചു പോയതാ അച്ഛാ”
എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അച്ഛന്റെ കയ്യിൽന്ന് കിട്ടാൻ പോവുന്ന ചൂരൽ കഷായത്തിന്റെ കാര്യമാലോചിച്ചപ്പോൾ അങ്ങനെ ഒരു നുണ പറയാൻ ആണ് എനിക്കപ്പോൾ തോന്നിയത്. ഞാൻ നുണ പറയുവാണെന്ന് അറിയുന്ന അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു.
“അച്ചൂ. ഒരിക്കലും നുണ പറയരുത്, മൂത്തവരെ ഒരിക്കലും നിന്ദിക്കരുത്, പ്രായത്തിൽ മൂത്തവരെ ഒരിക്കലും പേരോ, ടാ ന്നോ, ഡോ ന്നോ ഒന്നും വിളിക്കരുത്. മനസ്സിലായോ മോന്?”
അച്ഛന്റെ അടിക്കു പകരം കിട്ടിയത് സ്നേഹത്തോടെയുള്ള ആ വാക്കുകൾ ആയിരുന്നു.
അപ്പോഴാണെനിക്കതു ഓർമ്മ വന്നത്, അയൽവക്കത്തു വീടുകളിലെ ചേട്ടന്മാരേം ചേച്ചിമാരേം ഞാനും ഏട്ടനും മാമൻ, അമ്മായി എന്നാണ് വിളിച്ചിരുന്നത്. അച്ഛൻ അങ്ങനെയാണ് ഞങ്ങളെ ശീലിപ്പിച്ചിരുന്നത്.
എന്റെ മുഖത്തെ വിഷമം കൊണ്ട് അച്ഛൻ എന്നോട് കളിക്കാൻ പൊക്കോളാൻ പറഞ്ഞു.
ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ജീവിതത്തിൽ ആവർത്തിക്കില്ലെന്ന് ആ നിമിഷം മനസ്സിൽ ഉറപ്പിച്ചു ഞാൻ പറമ്പിലേക്ക് കളിക്കാൻ ഓടി.
ടാ.. ഡോ..