ടിവിയിൽ ഏതോ ഒരു പ്രാദേശിക ചാനലിൽ (പഞ്ചാബി ഭാഷ ആണ്) വാർത്ത കാണിച്ചുകൊണ്ടിരിക്കുന്നു.
വാഗാ അതിർത്തിയിൽ ബോംബ് സ്ഫോടനം ഉണ്ടായതാണെന്നും 54 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും മനസ്സിലാക്കിയെടുക്കുവാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. സ്ഫോടനം ഉണ്ടായതും കൊല്ലപ്പെട്ടവരും പാകിസ്ഥാനിലാണെന്ന് മനസിലായെങ്കിലും എവിടെയോ ഒരു വിഷമം. അത് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ ഓർത്തിട്ടാണോ അതോ റിസപ്ഷനിസ്റ്റ് പറഞ്ഞ വാക്കുകൾ കേട്ടിട്ടാണോ എന്ന് എനിക്ക് തീർച്ചയില്ല. മൂന്നു ദിവസത്തേക്ക് വാഗാ അതിർത്തിയിലെ പരേഡും അങ്ങോട്ടുള്ള പ്രവേശനവും നിർത്തിവെച്ചു. ഡൽഹിയിൽ നിന്ന് അമൃതസറിൽ എത്തിയപ്പോൾ “dream comes true” എന്ന് പറഞ്ഞ ഞാൻ ആ നിമിഷങ്ങളിൽ വിധിയെ ശപിക്കാനാഗ്രഹിച്ചു. യൂട്യൂബിൽ കണ്ട വാഗാ അതിർത്തിയിലെ പരേഡിന്റെ ദൃശ്യങ്ങൾ മനസ്സിലൂടെ ഒരു മിന്നലായി പാഞ്ഞു പോയി. റിസപ്ഷനിസ്റ്റ് ഞങ്ങൾക്ക് മുന്നിലേക്ക് “Attractions in Amritsar “ന്നു പറഞ്ഞ ഒരു travel guide വെച്ചു നീട്ടി. അതിൽ എനിക്ക് സുവർണക്ഷേത്രവും ജാലിയൻവാലാബാഗും മാത്രമേ ആകർഷകമായി തോന്നിയുള്ളൂ. എങ്കിലും ഒരു മുഴുവൻ ദിവസം ഞങ്ങളുടെ മുൻപിൽ ഉള്ളതുകൊണ്ട് പിറ്റേദിവസത്തെ യാത്രക്കായി ഞങ്ങൾ ഒരു ഓട്ടോ തരപ്പെടുത്താൻ റിസെപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. ഈ സ്ഫോടനം നടത്തിയ തീവ്രവാദികളെ എന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ അടിച്ചു തലമണ്ട പൊളിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്കപ്പോൾ. എന്തു ചെയ്യാനാ. ഭാഗ്യമില്ലാതായിപോയി, കാരണം അതൊരു ചാവേർ ആക്രമണമായിരുന്നു.
റിസപ്ഷനിലെ എഴുത്തു കുത്തുകൾ എല്ലാം കഴിഞ്ഞ് റൂമിലെത്തി വിഷമിച്ചു കിടക്കുമ്പോഴാണ് എന്തിനെയും നർമ്മത്തിൽ പൊതിയുന്ന പ്രദീപേട്ടന്റെ കമന്റ്.
“തന്ത്രപ്രധാനമായ രഹസ്യങ്ങളുമായി വാഗാ ബോർഡറിലെത്തിയ മഹീന്ദ്രയിലെ രണ്ടു യുവ എഞ്ചിനീയർമാരെ പാക് താലിബാൻ ഭീകരർ ബോംബ് വെച്ചു കൊല്ലാൻ ശ്രമിച്ചു. ഇന്ന് ഉണ്ടായ അതി ശക്തമായ ബോംബു സ്ഫോടനത്തിൽ 60 പാകിസ്താനികൾ കൊല്ലപ്പെട്ടു. അതി സാഹസികമായി രക്ഷപ്പെട്ട യുവ എഞ്ചിനീയർമാർക്ക് നാളെ ഗോൾഡൻ ടെംപിളിൽ വമ്പൻ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. ഇവർക്കെതിരെ ഉണ്ടായ വധശ്രമത്തിൽ പ്രധാനമന്ത്രി അപലപിക്കുകയും ശക്തമായി തിരിച്ചടിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു”
അല്പനേരത്തേക്ക് എല്ലാം മറന്നു ചിരിക്കാൻ ഇതു മതിയായിരുന്നു എനിക്ക്. ഫേസ്ബുക്കിൽ പോസ്റ്റിടാൻ വേണ്ടി ഇത് മലയാളത്തിൽ ടൈപ്പ് ചെയ്തതായിരുന്നു പക്ഷേ നെറ്റ്‌വർക്ക് ഭയങ്കര സ്പീഡായതുകൊണ്ട് ഒന്നും നടന്നില്ല. വെടിയൊച്ചകൾ പ്രതീക്ഷിച്ചു ഉറങ്ങാൻ കിടന്ന എന്നെ കാത്തിരുന്നത് പ്രദീപേട്ടന്റെ കൂർക്കം വലിയായിരുന്നു. രാവിന്റെ കടുപ്പവും തണുപ്പും കൂടുന്നതനുസരിച്ച് കൂർക്കംവലിയുടെ ശബ്‌ദവും കൂടി വന്നു. കൂർക്കംവലിയുടെ താരാട്ടിൽ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.