വിൻഡോ സീറ്റ് കിട്ടാത്തതുകൊണ്ട് ഞങ്ങൾക്ക് മിഡിൽ സീറ്റും aisle സീറ്റും ആണ് കിട്ടിയത്. വിൻഡോ സീറ്റിൽ നോക്കിയപ്പോൾ ഏതോ ഒരുത്തൻ ഇരിക്കുന്നുണ്ട്. മര്യാദയുടെ ഒരു പുഞ്ചിരി അയാൾക്കു സമ്മാനിച്ചു ഞാൻ മിഡിൽ സീറ്റിലിരുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ പുസ്തകമെടുത്തു ഞാൻ വായന തുടങ്ങി. അതിനിടയിൽ വിൻഡോ സീറ്റിലിരുന്ന മാന്യൻ ഫ്രെഷ് ആവാൻ വാഷ്‌റൂം പോവാണെമെന്നു പറഞ്ഞു. ഇംഗ്ലീഷിലാണ് പറഞ്ഞത്. കേട്ടപ്പോൾ ഒരു മംഗ്ലീഷ് ഫീൽ വന്നെങ്കിലും മൈൻഡ് ചെയ്തില്ല. ചിരിച്ചുകൊണ്ട് തന്നെ ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റു കൊടുത്തു. അപ്പോൾ തുടങ്ങി ഞങ്ങൾ അയാളെ മലയാളത്തിൽ ചെറിയ ശബ്ദത്തിൽ വഴക്കു പറയാൻ തുടങ്ങി. 3മണിക്കൂർ യാത്രയിൽ മ്മ്‌ടെ മാന്യൻ ഈ പരിപാടി രണ്ട് മൂന്ന് തവണ കൂടി ആവർത്തിച്ചു ഞങ്ങളുടെ വഴക്കുപറച്ചിലും. Typical മലയാളി സ്വഭാവം. ഡൽഹി എത്താറായപ്പോൾ ലൗഡ് സ്‌പീക്കറിലൂടെ ക്യാപ്റ്റന്റെ അന്നൗൺസ്‌മെന്റ് വന്നു. ഡൽഹി എത്താറായെന്നും അവിടത്തെ അപ്പോഴത്തെ താപനില എത്രയെന്നും അതിൽ വ്യക്തമായിരുന്നു.
ഇതൊക്കെ കഴിഞ്ഞു കുറച്ചുകൂടി കഴിഞ്ഞാണ് വിൻഡോ സീറ്റിലെ മാന്യൻ സ്വയം പരിചയപ്പെടുത്തിയത്
“എന്റെ പേര് സനിൽ, നിങ്ങൾ ഡൽഹിയിലാണോ ജോലി ചെയ്യുന്നത്?”
അയ്യോ.. മലയാളം.
മലയാളത്തിലുള്ള പരിചയപ്പെടുത്തൽ കേട്ട് ഞങ്ങൾ ശരിക്കും ഞെട്ടി. ഞെട്ടൽ മാത്രമല്ല നല്ല ചമ്മലും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പരിചയപ്പെടുത്തൽ കഴിഞ്ഞു ഡൽഹിയിൽ വിമാനം ലാൻഡ് ആവുന്നതുവരെ ഞാൻ കണ്ണ് തുറന്നേയില്ല. പൂച്ചയുടെ അതേ strategy. കണ്ണടച്ചാൽ നമ്മളെ പിന്നെ ആരും കാണൂല്ലല്ലോ.
ഏകദേശം 12:45 ആയി വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തപ്പോൾ. നേരെ മെട്രോ സ്റ്റേഷനിലേക്കുള്ള ഷട്ടിൽ ബസ് പിടിച്ചു, മുൻപ് 2-3തവണ അവിടെ പോയതുകാരണം അവിടത്തെ കാര്യങ്ങൾ നല്ല നിശ്ചയമായിരുന്നു. DMRCയുടെ എയർപോർട്ട് മെട്രോയിൽ കയറി ന്യൂ ഡൽഹി സ്റ്റേഷനിൽ എത്തി ബാഗുകളൊക്കെ അവിടത്തെ ക്ലോക് റൂമിൽ ഏല്പിച്ചു. ക്യാമറ മാത്രം എടുത്തു പുറത്തേക്കിറങ്ങി. ന്യൂ ഡൽഹി മെട്രോ സ്റ്റേഷനിൽ ഭയങ്കര തിരക്കാണ്, ബോംബയിലെ ലോക്കൽ ട്രെയിൻ പോലെയാണ് അവിടത്തെ മെട്രോ. എപ്പോളും തിരക്കാണ്. എയർപോർട്ട് മെട്രോയുടെ സ്റ്റേഷൻ താഴത്തെ നിലയിലാണ്. അവിടെ വലിയ തിരക്കില്ല, നല്ല വൃത്തിയുമാണ്.
പുറത്തേക്കിറങ്ങി CPയിലേക്കാണ് പോയത്. ദൂരെ നിന്ന് തന്നെ കാറ്റിൽ പാറി പറന്നു കളിക്കുന്ന വലിയ, തിളങ്ങുന്ന ത്രിവർണ്ണ പതാക കാണാം. വ്യത്യസ്ത ആംഗിളിൽ ആ പതാകയുടെ ഭംഗിയും പ്രൗഢിയും ക്യാമറയിൽ പകർത്താൻ ഞാൻ മറന്നില്ല. CPയിലെ തിരക്കേറിയ കച്ചവടതെരുവകളിലൂടെ ഞങ്ങൾ ചുമ്മാ തെക്കുവടക്ക് നടന്നു. വെറുതെ ഒരു rasam. ഒരു ജോഡി ഷൂസ് വാങ്ങണമെന്നു ഒരു ആഗ്രഹം ഉണ്ടാരുന്നു പക്ഷേ കുറഞ്ഞ വിലയിൽ ഒരുപാടു ഷൂസ് കണ്ടപ്പോൾ ഏതു വാങ്ങണമെന്ന് കൺഫ്യൂഷൻ ആയി. അവസാനം കയ്യും വീശി തിരിച്ചുപോന്നു. പോരുന്ന വഴിക്കു Mc-Donaldsയിൽ കേറി ഒരു വെജ് ബർഗർ മീലും കഴിച്ച് നേരെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവിടെ നിന്നാണ് അമിതസറിലേക്കുള്ള ട്രെയിൻ.
ന്യൂ ഡൽഹി – അമൃത്‌സർ ശതാബ്‌ദി ട്രെയിൻ 4:30ന് ആയിരുന്നു. ക്ലോക്ക് റൂമിൽ ചെന്ന് സാധന സാമഗ്രികൾ എല്ലാം എടുത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടത്തെ തിരക്കിലൂടെയും ഇടിച്ചു കയറി ഫ്ലാറ്റ്ഫോം 1 ലക്ഷ്യമാക്കി കുതിച്ചു. അവിടെയെത്തിയപ്പോഴേ ഈ ഗോതമ്പു മണി പോലത്തെ, ഗോതമ്പിന്റെ നിറമുള്ള ഒരു പ്രത്യേക തരം കാറ്റ് വീശി. 4:30ന് ട്രെയിൻ വന്നപ്പോഴേക്കും ആ കാറ്റിന്റെ ശക്തി കൂടി കൂടി വന്നു. ട്രെയിനിലെ കാറ്റ് ഇങ്ങിനെ ആണെങ്കിൽ അമൃത്‌സറിലെ കാറ്റിന് എന്തു ശക്തിയായിരിക്കും? അതൊക്കെ സ്വപ്‍നം കണ്ട് ശതാബ്‌ദിയിലെ എക്സിക്യൂട്ടീവ് ക്ലാസിലെ സീറ്റിൽ ഇരുന്നു. കയറി ഇരുന്നപ്പോഴെ ഒരു ചുവന്ന റോസാപ്പൂവ് നൽകിയാണ് ട്രെയിനിലെ സേവകർ നമ്മളെ സ്വീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും luxury കോച്ചുകളിൽ ഒന്നായിരുന്നു അത്. പതിയെ ട്രെയിൻ നീങ്ങിതുടങ്ങി. അധികം ശബ്ദമോ കോലാഹലങ്ങളോ ഒന്നുമില്ല ട്രെയിനിൽ. എല്ലാവരും അവരുടേതായ ലോകത്തിലാണ്. ചിലർ പുസ്തകം വായിക്കുന്നു, ചിലർ മൊബൈൽ ഫോണിൽ, ചിലർ ലാപ്ടോപ്പിൽ. ഞാനും മെലൂഹയിലെ പേജുകൾ വായിച്ചുതീർത്തുകൊണ്ടിരുന്നു.
ഡൽഹി നഗരത്തിന്റെ സുഖമുള്ള കാഴ്ചകൾ പതിയെ മങ്ങി തുടങ്ങി. ഇരുട്ടും വീണുതുടങ്ങി.